ആഗോളതാപനം

ഹരിതഗൃഹ വാതകങ്ങളുടെ ആധിക്യം മൂലം ഭൗമോപരിതലത്തിന്റെയും അന്തരീക്ഷത്തിന്റെയും താപനില വർധിക്കുന്ന പ്രതിഭാസമാണ് ആഗോള താപനം

ഉള്ളൂർ എസ്. പരമേശ്വരയ്യർ

മലയാള ഭാഷയിലെ പ്രമുഖ കവിയും പണ്ഡിതനുമായിരുന്ന മഹാകവി ഉള്ളൂർ എസ്സ്. പരമേശ്വരയ്യർ (1877 ജൂൺ 06 - 1949 ജൂൺ 15.) ചങ്ങനാശ്ശേരിയിലെ പെരുന്നയിൽ താമരശ്ശേരി ഇല്ലത്താണ് ജനിച്ചത്. തിരുവനന്തപുരം ഉള്ളൂർ സ്വദേശിയായ പിതാവ്സുബ്രഹ്മണ്യ അയ്യർ ചങ്ങനാശ്ശേരിയിൽ സ്കൂൾ അദ്ധ്യാപകനായിരുന്നു. അമ്മ ചങ്ങനാശേരി സ്വദേശിനിയായ ഭഗവതിയമ്മ. അദ്ദേഹം പെരുന്നയിൽ തന്നെയാണ് ബാല്യകാലം ചെലവഴിച്ചത്. അച്ഛന്റെ അകാലമരണത്തെത്തുടർന്ന് അമ്മയോടൊപ്പം അച്ഛന്റെ നാടായ ഉള്ളൂരിലേക്കു താമസം മാറി. ഉള്ളൂർ, കുമാരനാശാൻ, വള്ളത്തോൾ എന്നീ കവികൾ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ മലയാളകവിതയിൽ കാല്പനിക പ്രസ്ഥാനത്തിനു തുടക്കം കുറിച്ച് ശ്രദ്ധേയരായി. സാഹിത്യ ചരിത്രത്തിൽ ഇവർ കവിത്രയം എന്നറിയപ്പെടുന്നു. കവി എന്നതിനു പുറമേ സാഹിത്യചരിത്രകാരൻ, ഭാഷാഗവേഷകൻ, ഉദ്യോഗസ്ഥൻ എന്നീ നിലകളിൽ ഉള്ളൂർ പേരെടുത്തിരുന്നു. തിരുവിതാംകൂർ സർക്കാരിന്റെ ചീഫ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഒ.എൻ.വി. കുറുപ്പ്

മലയാളത്തിലെ പ്രശസ്ത കവിയായിരുന്നു ഒ.എൻ.വി കുറുപ്പ് (ജനനം: 27 മെയ് 1931, മരണം: 13 ഫെബ്രുവരി 2016). ഒ.എൻ.വി. എന്ന ചുരുക്കപേരിലും അറിയപ്പെടുന്നു. ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലു കുറുപ്പ് എന്നാണ് പൂർണ്ണനാമം. 1982 മുതൽ 1987 വരെ കേന്ദ്ര സാഹിത്യ അക്കാദമി അംഗമായിരുന്നു. കേരള കലാമണ്ഡലത്തിന്റെ ചെയർമാൻ സ്ഥാനവും ഒ.എൻ.വി വഹിച്ചിട്ടുണ്ട്. സാഹിത്യ രംഗത്തെ സംഭാവനകൾ പരിഗണിച്ച് 2007-ലെ ജ്ഞാനപീഠ പുരസ്കാരം ഇദ്ദേഹത്തിന് 2010-ൽ ലഭിച്ചു. പത്മശ്രീ (1998), പത്മവിഭൂഷൺ (2011) ബഹുമതികൾ നൽകി കേന്ദ്രസർക്കാർ ആദരിച്ചിട്ടുണ്ട്.. നിരവധി സിനിമകൾക്കും നാടകങ്ങൾക്കും ടെലിവിഷൻ സീരിയലുകൾക്കും നൃത്തശിൽപങ്ങൾക്കും ഗാനങ്ങൾ രചിച്ചിട്ടുണ്ട്‌. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് 2016 ഫെബ്രുവരി 13-ന് തിരുവനന്തപുരത്തുവച്ച്‌ അന്തരിച്ചു. മലയാളത്തിലെ ആധുനികകവിതയ്ക്കു ഭാവുകത്വപരമായ പൂർണ്ണത നൽകുന്നതിലും കവിതയെ സാധാരണജനങ്ങളിലെത്തിക്കുന്നതിനും മുന്നിൽ നിന്നവരിൽ പ്രമുഖനായിരുന്നു ഒ.എൻ.വി. സ്വയം ചൊല്ലി അവതരിപ്പിച്ച കവിതകൾ ആസ്വാദകർ ഇരുകയ്യുംനീട്ടി സ്വീകരിച്ചു.

കുഞ്ചൻ നമ്പ്യാർ

പതിനെട്ടാം നൂറ്റാണ്ടിലെ (1705-1770) പ്രമുഖ മലയാളഭാഷാ കവിയാണ് കുഞ്ചൻ നമ്പ്യാർ. പ്രതിഭാസമ്പന്നനായ കവി എന്നതിനു പുറമേ തുള്ളൽ എന്ന നൃത്തകലാരൂപത്തിന്റെ ഉപജ്ഞാതാവെന്ന നിലയിലും പ്രസിദ്ധനായ നമ്പ്യാരുടെ കൃതികൾ മിക്കവയും തുള്ളൽ അവതരണങ്ങളിൽ ഉപയോഗിക്കാൻ വേണ്ടി എഴുതപ്പെട്ടവയാണ്. നർമ്മത്തിൽ പൊതിഞ്ഞ സാമൂഹ്യവിമർശനമാണ് അദ്ദേഹത്തിന്റെ കൃതികളുടെ മുഖമുദ്ര. മലയാളത്തിലെ ഹാസ്യകവികളിൽ അഗ്രഗണനീയനാണ് നമ്പ്യാർ.

കുമാരനാശാൻ

മലയാളകവിതയുടെ കാല്പനിക വസന്തത്തിനു തുടക്കം കുറിച്ച കവിയാണ്‌ എൻ. കുമാരനാശാൻ (ഏപ്രിൽ 12, 1873 - ജനുവരി 16, 1924). ആശാന്റെ കൃതികൾ കേരളീയ സാമൂഹികജീവിതത്തിൽ വമ്പിച്ച പരിവർത്തനങ്ങൾ വരുത്തുവാൻ സഹായകമായി. ആധുനിക കവിത്രയത്തിലൊരാളുമാണ് കുമാരനാശാൻ. ആശയ ഗംഭീരൻ, സ്നേഹ ഗായകൻ എന്നിവ അദ്ദേഹത്തിന്റെ വിശേഷണങ്ങളാണ്.

കേരളം

ഇന്ത്യയുടെ തെക്കുപടിഞ്ഞാറെ അറ്റത്തുള്ള സംസ്ഥാനമാണ് കേരളം. (ഇംഗ്ലീഷിൽ: Kerala, ഹിന്ദി: केरल തമിഴ്: கேரளம், കന്നഡ:ಕೇರಳ). വടക്കൻ അക്ഷാംശം 8° 17' 30" നും 12° 47'40" ഇടയ്ക്കും കിഴക്കൻ രേഖാംശം 74° 27'47" നും 77° 37'12" നും ഇടയ്ക്കുമായി ഈ സംസ്ഥാനം സ്ഥിതി ചെയ്യുന്നു. കിഴക്ക് തമിഴ്‌നാട്, വടക്ക് കർണാടകം എന്നീ സംസ്ഥാനങ്ങളും പടിഞ്ഞാറ് അറബിക്കടലുമാണ് 11 മുതൽ 121 കിലോ മീറ്റർ വരെ വീതിയും 580 കിലോ മീറ്റർ നീളവുമുള്ള കേരളത്തിന്റെ അതിർത്തികൾ. മലയാളഭാഷ സംസാരിക്കുന്ന ജനങ്ങൾ താമസിക്കുന്ന ‌(ഇന്നത്തെ തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയും, തിരുനെൽവേലി ജില്ലയിലെ ചെങ്കോട്ട താലൂക്കിൻറെ കിഴക്കെ ഭാഗവും തെങ്കാശി താലൂക്കും ഒഴികെ) തിരുവിതാംകൂർ, പണ്ടത്തെ കൊച്ചി, പഴയ മദിരാശി സംസ്ഥാനത്തിലെ ഗൂഡല്ലൂർ താലുക്ക്, ടോപ്‌ സ്ലിപ്, ആനക്കെട്ടിക്ക് കിഴക്കുള്ള അട്ടപ്പാടി വനങ്ങൾ (ഇപ്പോൾ നീലഗിരി ജില്ല, കോയമ്പത്തൂർ ജില്ലയുടെ ഭാഗങ്ങൾ) ഒഴികെയുള്ള മലബാർ ജില്ല, അതേ സംസ്ഥാനത്തിലെ ദക്ഷിണ കന്നഡ ജില്ലയിലെ തുളുനാട് ഉൾപ്പെടുന്ന കാസർഗോഡ് താലൂക്ക് (ഇപ്പോൾ കാസർഗോഡ്‌ ജില്ല) എന്നീ പ്രദേശങ്ങൾ ചേർത്ത് 1956-ലാണ്‌ ഭാഷാടിസ്ഥാനത്തിൽ കേരള സംസ്ഥാനം രൂപവത്കരിച്ചത്.

ചന്ദ്രയാൻ-1

ഇന്ത്യയുടെ ആദ്യ ചന്ദ്രയാത്ര പേടകമാണ് ചന്ദ്രയാൻ 1. ചന്ദ്ര പര്യവേഷണങ്ങൾക്കായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഐ.എസ്.ആറ്.ഓ) 2008 ഒക്ടോബർ 22ന് കൃത്യം 6.22ന്‌‍ ചന്ദ്രനിലേയ്ക്ക്‌ അയച്ച യാത്രികരില്ലാത്ത യാന്ത്രികപേടകമാണ്‌ ചന്ദ്രയാൻ‍. ആയിരത്തോളം ഐ.എസ്.ആർ.ഓ. ശാസ്‌ത്രജ്ഞർ നാലുവർഷമായി ഈ പദ്ധതിക്കു പിന്നിൽ പ്രവർത്തിക്കുന്നു. ചന്ദ്രയാൻ പേടകം നിർമ്മിക്കാൻ ഏകദേശം 386 കോടി രൂപ ചെലവായിട്ടുണ്ട്. വിക്ഷേപണ സമയത്തു 1380 കിലോഗ്രാം ഭാരവും, ചന്ദ്രൻറെ ഭ്രമണപഥത്തിൽ എത്തുമ്പോൾ 675 കിലോഗ്രാം ഭാരവും ഉള്ള ചന്ദ്രയാൻ പേടകം ചന്ദ്രൻറെ 100 കി മീ അടുത്തുള്ള ഭ്രമണപഥത്തിലെത്തി ചന്ദ്രനെ വലംവെയ്ക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻററിൽ നിന്നാണ് ഇന്ത്യയുടെ ആദ്യ ചന്ദ്ര ദൌത്യവാഹനം വിക്ഷേപിച്ചത്. ചന്ദ്രയാൻ-1 ന്റെ പ്രഥമലക്ഷ്യം ചന്ദ്രന്റെ ഉപരിതലത്തിലെ രാസ, മൂലക ഭൗമശാസ്ത്രപരമായ പ്രത്യേകതകളെ വളരെ കൃത്യതയിൽ പഠിക്കുക എന്നതാണ്‌. ഇതു ചന്ദ്രനിലെ വിവിധ ശിലാഘടകങ്ങൾ തമ്മിലുള്ള ബന്ധത്തെക്കുറിച്ചു വിവരങ്ങൾ തരും എന്നു പ്രതീക്ഷിക്കുന്നു.

ചന്ദ്രയാൻ-2

ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ ഏറ്റെടുത്ത് നിർമ്മിക്കാൻ തീരുമാനിച്ച രണ്ടാമത്തെ ചാന്ദ്രപര്യവേക്ഷണ ദൗത്യമാണ് ചന്ദ്രയാൻ-2 (സംസ്കൃതം: चन्द्रयान-२, വിവ: ചന്ദ്ര-യാനം pronunciation ). റോബോട്ടുകൾ കൂടി ഉൾപ്പെടുന്ന ഈ ദൗത്യത്തിന്റെ പ്രതീക്ഷിത ചെലവ് ഏകദേശം 1000 കോടി രൂപയാണ്. ഇന്ത്യയുടെ ചാന്ദ്രപേടകവും റഷ്യയുടെ ഒരു ലാന്ററും റോവറും അടങ്ങുന്ന ചന്ദ്രയാൻ 2 ജി.എസ്.എൽ.വി. മാർക്ക് III വിക്ഷേപണ വാഹനമുപയോഗിച്ച് ദൗത്യം പൂർത്തിയാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ചക്രങ്ങൾ ഘടിപ്പിച്ച റോവർ ചന്ദ്രോപരിതലത്തിലെ പാറലുടേയും മണ്ണിന്റേയും തത്സമയ രസതന്ത്രപഠനത്തിന് സഹായിക്കും. ഈ വിവരങ്ങൾ ചന്ദ്രയാൻ-2 പേടകത്തിന്റെ സഹായത്തോടെ ഭൂമിയിലേയ്ക്ക് അയയ്ക്കപ്പെടുകയും ചെയ്യും. ചന്ദ്രയാൻ 1-ന്റെ വിജയത്തിനു കാരണമായ ഡോ.മയിൽസ്വാമി അണ്ണാദുരൈയുടെ നേതൃത്വത്തിലുള്ള ദൗത്യസംഘമാണ് ചന്ദ്രയാൻ 2-നു വേണ്ടി പ്രവർത്തിക്കുന്നത്.ഐ.എസ്.ആർ.ഒ.യുടെ ചരിത്രത്തിലെ ഏറ്റവും സങ്കീർണമായ ദൗത്യമായാണ് ചന്ദ്രയാൻ-2 വിക്ഷേപണം അറിയപ്പെടുന്നത്. 3.8 ടണ്ണാണ് പേടകത്തിന്റെ ഭാരം. ദൗത്യം വിജയിച്ചാൽ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ പര്യവേക്ഷണപേടകമിറക്കുന്ന ആദ്യരാജ്യമാകും ഇന്ത്യ. ശ്രീഹരിക്കോട്ടയിൽ നിന്നുള്ള വിക്ഷേപണത്തിനു ശേഷം ഓർ‌ബിറ്റർ ചന്ദ്രനു 100 കിലോമീറ്റർ മുകളിലുള്ള ഭ്രമണപഥത്തിലെത്തും. തുടർന്ന് റോവർ ഉൾപ്പെടെയുള്ള ലാൻഡർ മൊഡ്യൂൾ വിട്ടുമാറി ചന്ദ്രോപരിതലത്തിലേക്കു പറന്നിറങ്ങും. ചന്ദ്രനിൽ എത്തിയശേഷം ലാൻഡറിൽ നിന്നു റോവർ വേർപെട്ട് ഉപരിതലത്തിലേക്കിറങ്ങി പര്യവേക്ഷണം നടത്തും. കഴിഞ്ഞ മെയ് മാസത്തിലാണ് വിക്ഷേപണം നടത്താൻ ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ ഇസ്രായേലിന്റെ പര്യവേക്ഷണമായ ഫാൽകൺ ദൗത്യം ചന്ദ്രനിൽ ഇടിച്ചിറങ്ങി പരാജയപ്പെട്ടിരുന്നു. ഈ പരാജയം വിലയിരുത്തി കൂടുതൽ പരീക്ഷണങ്ങളും പ്രതിസന്ധി നേരിടാനുള്ള മാർഗങ്ങളും പഠിച്ചതിന് ശേഷമാണ് ചന്ദ്രയാൻ-2 ദൗത്യത്തെ വിക്ഷേപിക്കാനൊരുങ്ങുന്നത്.

ചന്ദ്രൻ

ഭൂമിയുടെ ഒരേയൊരു പ്രകൃതിദത്ത ഉപഗ്രഹമാണ് ചന്ദ്രൻ.ഇംഗ്ലീഷ്: Moon, Luna. ഭൂമിയിൽ നിന്ന്‌ ശരാശരി 3,84,403 കിലോമീറ്റർ ദൂരെയാണ് ചന്ദ്രൻ സ്ഥിതി ചെയ്യുന്നത്‌; ഭൂമിയുടെ വ്യാസത്തിന്റെ ഏകദേശം മുപ്പത് മടങ്ങ് വരും ഈ ദൂരം. ഭൂമിയും ചന്ദ്രനുമടങ്ങുന്ന വ്യൂഹത്തിന്റെ പിണ്ഡ കേന്ദ്രം ഭൂമിയുടെ വ്യാസാർദ്ധത്തിന്റെ ഏകദേശം നാലിലൊന്നു വരുന്ന 1,700 കി.മീ ആഴത്തിൽ ഭൂമിയുടെ ഉപരിതലത്തിനു താഴെ സ്ഥിതിചെയ്യുന്നു. ഭൂമിക്ക് ചുറ്റും ഒരു തവണ പ്രദക്ഷിണം ചെയ്യാൻ ചന്ദ്രന് 27.3 ദിവസങ്ങൾ വേണം.3,474 കി.മീ. ആണ് ചന്ദ്രന്റെ വ്യാസം, ഇത് ഭൂമിയുടെ വ്യാസത്തിൽ നാലിലൊന്നിനെക്കാൾ അല്പം കൂടുതലാണ്. അതിനാൽ തന്നെ ചന്ദ്രന്റെ ഉപരിതല വിസ്തീർണ്ണം ഭൂമിയുടേതിന്റെ പത്തിലൊന്നിലും കുറവാണ് (ഇത് ഏകദേശം ഭൂമിയുടെ കരഭാഗങ്ങളുടെ മൊത്തം വിസ്തീർണ്ണത്തിന്റെ നാലിലൊന്ന് വരും - റഷ്യ, കാനഡ, അമേരിക്കൻ ഐക്യനാടുകൾ എന്നിവ ചേർന്നാലുള്ളത്ര വിസ്തീർണ്ണം). ഉപരിതലത്തിലെ ഗുരുത്വാകർഷണശക്തി ഭൂമിയുടെ ഉപരിതലത്തിൽ അനുഭവപ്പെടുന്നതിന്റെ പതിനേഴ് ശതമാനമാണ്. ചന്ദ്രന്റെ ഉപരിതലത്തിൽ തട്ടി പ്രതിഫലിക്കുന്ന സൂര്യപ്രകാശം ഭൂമിയിലെത്താൻ ഏകദേശം 1.3 സെക്കന്റുകൾ എടുക്കുന്നു. സൗരയൂഥത്തിലെ 8 ഗ്രഹങ്ങളുടെ സ്വാഭാവിക ഉപഗ്രഹങ്ങളിൽ വലിപ്പം കൊണ്ട്‌ ചന്ദ്രൻ അഞ്ചാം സ്ഥാനത്താണ്‌. ഭാരം കൊണ്ടും വ്യാസം കൊണ്ടും ഈ സ്ഥാനം ചന്ദ്രനു തന്നെ.

ചാന്ദ്രദിനം

മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമ്മയ്കായി ജൂലൈ 21 ചാന്ദ്രദിനമായി ആഘോഷിക്കുന്നു. അമേരിക്കക്കാരായ നീൽ ആംസ്ട്രോങ്ങ് എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ്, എന്നീ ബഹിരാകാശ സഞ്ചാരികൾ ചേർന്ന് അപ്പോളോ 11 എന്ന ബഹിരാകാശ വാഹനത്തിൽ 1969 ജൂലൈ 20 നാണ് ചന്ദ്രോപരിതലത്തിൽ എത്തിയത്. ജൂലൈ 21 ന് വാഹനത്തിൽ നിന്നും ചന്ദ്രനിലിറങ്ങി നടന്ന ആസ്ട്രോങ്ങ് ആദ്യമായി ചന്ദ്രോപരിതലത്തിൽ കാലുകുത്തിയ മനുഷ്യൻ എന്ന നേട്ടം കരസ്ഥമാക്കി. ചന്ദ്രനിൽ കാലുകുത്തിയ രണ്ടാമത്തെ വ്യക്തി എഡ്വിൻ ആൽഡ്രിനാണ്. മൈക്കൽ കോളിൻസ് അവരുടെ ഈഗിൾ എന്ന വാഹനം നിയന്ത്രിക്കുകയായിരുന്നു.

ചെറുശ്ശേരി

ക്രിസ്തുവർഷം 15-‌ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മലയാള കവിയാണ് ചെറുശ്ശേരി നമ്പൂതിരി(1375-1475).ഉത്തരകേരളത്തിൽ പഴയ കുറുമ്പ്രനാടു താലൂക്കിലെ വടകരയിൽ ചെറുശ്ശേരി ഇല്ലത്തിൽ ജനിച്ചു. അങ്ങനെ ഒരില്ലം ഇന്നില്ല. 18-ആം നൂറ്റാണ്ടിലുണ്ടായ മൈസൂർ

തുഞ്ചത്തെഴുത്തച്ഛൻ

ആധുനിക മലയാളഭാഷയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഭക്തകവിയാണ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ ( ഉച്ചാരണം). അദ്ദേഹം പതിനഞ്ചാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനും ഇടയിലായിരുന്നിരിക്കണം ജീവിച്ചിരുന്നത് എങ്കിലും പതിനാറാം നൂറ്റാണ്ടാണ് ഇദ്ദേഹത്തിന്റ് ജീവിത കാലഘട്ടം എന്ന് പൊതുവിൽ വിശ്വസിച്ചു പോരുന്നു. എഴുത്തച്ഛന്റെ യഥാർത്ഥ നാമം രാമാനുജൻ എന്നും കൃഷ്ണൻ എന്നും ചില വിദഗ്ദ്ധർ അഭിപ്രായപ്പെട്ടുകാണുന്നുണ്ട്. എഴുത്തച്ഛന്റെ യഥാർത്ഥ നാമം 'തുഞ്ചൻ'(ഏറ്റവും ഇളയ ആൾ എന്ന അർത്ഥത്തിൽ) എന്നായിരുന്നു എന്ന് തുഞ്ചൻപറമ്പ് (തുഞ്ചൻ + പറമ്പ്) എന്ന സ്ഥലനാമത്തെ അടിസ്ഥാനമാക്കി കെ.ബാലകൃഷ്ണ കുറുപ്പ് നിരീക്ഷിക്കുന്നു. ഇന്നത്തെ മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിൽ തൃക്കണ്ഡിയൂർ ശിവക്ഷേത്രത്തിനടുത്തുളള

മദർ തെരേസ

അൽബേനിയയിൽ ജനിച്ച് ഇന്ത്യ പ്രവർത്തന കേന്ദ്രമാക്കി ഉപവിപ്രവർത്തനങ്ങളിലൂടെ ലോകശ്രദ്ധ നേടിയ ക്രൈസ്തവ സന്യാസിനിയായിരുന്നു മദർ തെരേസ (യഥാർത്ഥ പേര്: Anjezë Gonxhe Bojaxhiu അന്യേസ (ആഗ്നസ്) ഗോൻജെ ബോയാജ്യൂ, ഓഗസ്റ്റ് 26, 1910 - സെപ്റ്റംബർ 5, 1997) മിഷണറീസ് ഓഫ് ചാരിറ്റി എന്ന കത്തോലിക്കാ സന്യാസിനീസഭ സ്ഥാപിച്ച് കൊൽക്കത്തയിലെ പാവപ്പെട്ടവരുടെയും അനാഥരുടെയും രോഗികളുടെയും ഇടയിൽ പ്രവർത്തിച്ച മദർ തെരേസയ്ക്ക് പ്രസ്തുത സേവനപ്രവർത്തനങ്ങളുടെ പേരിൽ 1979-ൽ സമാധാനത്തിനുള്ള നോബൽ പുരസ്കാരം നൽകപ്പെട്ടു. 2016 സെപ്റ്റംബർ 4-ന് മദർ തെരേസയെ ഫ്രാൻസിസ് മാർപ്പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു.ജന്മംകൊണ്ട് അൽബേനിയനും, പൗരത്വം കൊണ്ട് ഇന്ത്യനും, ജീവിതംകൊണ്ട് കത്തോലിക്കസന്യാസിനിയുമാണ് താനെന്ന് മദർ തെരേസ പറയുമായിരുന്നു. മദർ തെരേസയുടെ കീഴിൽ വളർന്ന മിഷണറീസ് ഓഫ് ചാരിറ്റി ഇതര രാജ്യങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചു. ഇപ്പോൾ 133 രാജ്യങ്ങളിലായി ഏതാണ്ട് 4,500 ഓളം സന്യാസിനിമാർ ഈ സംഘടനയുടെ പേരിൽ സന്നദ്ധപ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുന്നു. 45 വർഷത്തോളം ലോകത്തിലെ വിവിധയിടങ്ങളിലെ അശരണരരുടേയും, രോഗികളുടേയും, അനാഥരുടേയും ആശ്രയകേന്ദ്രമായിരുന്നു മദർ തെരേസ. 1970-കളോടെ ലോകമെങ്ങും അറിയപ്പെടുന്ന സാമൂഹികപ്രവർത്തകയായി അവർ മാറി. മരണ ശേഷം ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ കൊൽക്കത്തയിലെ വാഴ്ത്തപ്പെട്ട തെരേസ എന്ന പേരിൽ അവരെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു.

മലയാളം

ഇന്ത്യയിൽ പ്രധാനമായും കേരള സംസ്ഥാനത്തിലും ലക്ഷദ്വീപിലും പുതുച്ചേരിയുടെ ഭാഗമായ മയ്യഴിയിലും സംസാരിക്കപ്പെടുന്ന ഭാഷയാണ് മലയാളം. ഇതു ദ്രാവിഡ ഭാഷാ കുടുംബത്തിൽപ്പെടുന്നു. ഇന്ത്യയിൽ ശ്രേഷ്ഠഭാഷാ പദവി ലഭിക്കുന്ന അഞ്ചാമത്തെ ഭാഷയാണ് മലയാളം. 2013 മേയ് 23-നു ചേർന്ന കേന്ദ്രമന്ത്രിസഭായോഗമാണ് മലയാളത്തെ ശ്രേഷ്ഠഭാഷയായി അംഗീകരിച്ചത്

മലയാളം വിക്കിപീഡിയ

സ്വതന്ത്ര ഓൺലൈൻ വിജ്ഞാനകോശമായ വിക്കിപീഡിയയുടെ മലയാള ഭാഷാ പതിപ്പാണ് മലയാളം വിക്കിപീഡിയ . അറിവു പങ്കു വയ്ക്കുക, വിജ്ഞാനം സ്വതന്ത്രമാക്കുക എന്നീ ലക്ഷ്യങ്ങളോടെ ഉയർന്ന ഗുണമേന്മയുള്ള വിജ്ഞാനകോശം സൃഷ്ടിക്കണമെന്ന് ആഗ്രഹിക്കുന്ന പരസ്പരബഹുമാനവും, വിജ്ഞാനതൃഷ്ണയുമുള്ള ഓൺലൈൻ സമൂഹമാണ് മലയാളം വിക്കിപീഡിയയുടെ പിന്നിൽ പ്രവർത്തിക്കുന്നത്.

മഹാത്മാ ഗാന്ധി

മോഹൻ‌ദാസ് കരംചന്ദ് ഗാന്ധി (ഗുജറാത്തി: મોહનદાસ કરમચંદ ગાંધી, ഹിന്ദി: मोहनदास करमचंद गांधी) അഥവാ മഹാത്മാ ഗാന്ധി (1869 ഒക്ടോബർ 2 - 1948 ജനുവരി 30) ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ നേതാവും വഴികാട്ടിയുമായിരുന്നു. ഇന്ത്യയുടെ "രാഷ്ട്രപിതാവ്" എന്ന് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു. അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും ഗാന്ധി ശ്രദ്ധേയനായി. മഹത്തായ ആത്മാവ് എന്നർത്ഥം വരുന്ന മഹാത്മാ, അച്ഛൻ എന്നർത്ഥംവരുന്ന ബാപ്പു എന്നീ നാമവിശേഷണങ്ങൾ ജനഹൃദയങ്ങളിൽ അദ്ദേഹത്തിനുള്ള സാന്നിധ്യം വ്യക്തമാക്കുന്നു. കേവലമൊരു രാഷ്ട്രീയ നേതാവ് എന്നതിനേക്കാൾ ദാർശനികനായും ഗാന്ധി ലോകമെമ്പാടും അറിയപ്പെടുന്നു.

വള്ളത്തോൾ നാരായണമേനോൻ

മലയാളത്തിലെ മഹാകവിയും , കേരള കലാമണ്ഡലത്തിന്റെ സ്ഥാപകനുമാണ് വള്ളത്തോൾ നാരായണമേനോൻ . ആധുനികമലയാള കവിത്രയത്തിൽ കാവ്യശൈലിയിലെ ശബ്ദസൗന്ദര്യം കൊണ്ടും, സർഗ്ഗാത്മകതകൊണ്ടും അനുഗൃഹീതനായ മഹാകവിയായിരുന്ന വള്ളത്തോൾ നാരായണമേനോൻ, തികഞ്ഞ മനുഷ്യസ്നേഹിയും, മതസൗഹാർദ്ദത്തിന്റെ വക്താവും ആയിരുന്നു. മലയാളഭാഷയെ ലോകത്തിനു മുമ്പിൽ ധൈര്യമായി അവതരിപ്പിക്കുകയും, മലയാളത്തിന്റെ തനത് കലയായ കഥകളിയെ പരിപോഷിപ്പിക്കുകയും, ലോകജനതക്കു മുമ്പിൽ സമർപ്പിക്കുകയും അതുവഴി മലയാളവും, കഥകളിയും അന്താരാഷ്ട്ര പ്രസിദ്ധി നേടുകയും ചെയ്തു. സ്വാതന്ത്ര്യലബ്ധിക്കായ് തൂലിക പടവാളാക്കി മാറ്റി ബ്രിട്ടീഷുകാർക്കെതിരെ സമരകാഹളം മുഴക്കുന്നതിന് ഭാരതജനതയെ ഒന്നടക്കം ആവേശഭരിതരാക്കുകയും മഹാത്മജിയുടെ ആദർശങ്ങളിൽ അടിയുറച്ചു വിശ്വസിക്കുകയും, ഗാന്ധിജിയെ ഗുരുനാഥനായി സ്വീകരിക്കുകയും ചെയ്ത മഹാനായിരുന്നു മഹാകവി വള്ളത്തോൾ.

വൈക്കം മുഹമ്മദ് ബഷീർ

മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്നു. ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിലും അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീർ (ജനനം: 21 ജനുവരി 1908 തലയോലപ്പറമ്പ്, വൈക്കം കോട്ടയം ജില്ല - മരണം: 5 ജൂലൈ 1994 ബേപ്പൂർ, കോഴിക്കോട്). 1982-ൽ ഇന്ത്യാ ഗവൺമെൻറ്‍ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. ആധുനിക മലയാളസാഹിത്യത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാൾ എന്ന് വിശേഷിപ്പിക്കപ്പെട്ടു.ജനകീയനായ എഴുത്തുകാരനായിരുന്നു ബ‍‍ഷീർ.

സുഗതകുമാരി

സുഗതകുമാരി മലയാളത്തിലെ പ്രശസ്ത കവയിത്രിയും കേരളത്തിന്റെ പ്രശ്നങ്ങളിൽ ശ്രദ്ധാലുവായ സാമൂഹിക, പാരിസ്ഥിതിക പ്രവർത്തകയുമാണ്.

മറ്റൊരു ഭാഷയിൽ വായിക്കുക