സ്വർണം

മൃദുവും തിളക്കമുള്ളതുമായ മഞ്ഞലോഹമാണ് സ്വർണ്ണം. വിലയേറിയ ലോഹമായ സ്വർണം, നാണയമായും, ആഭരണങ്ങളുടെ രൂപത്തിലും നൂറ്റാണ്ടുകളായി മനുഷ്യൻ ഉപയോഗിച്ചു പോരുന്നു. ചെറിയ കഷണങ്ങളും തരികളുമായി സ്വതന്ത്രാവസ്ഥയിൽത്തന്നെ പ്രകൃതിയിൽ ഈ ലോഹം കണ്ടുവരുന്നു. ലോഹങ്ങളിൽ വച്ച് ഏറ്റവും നന്നായി രൂപഭേദം വരുത്താവുന്ന ലോഹമാണിത് [1].

അന്താരാഷ്ട്ര നാണയനിധി, നിശ്ചിത അളവ് സ്വർണ്ണത്തിന്റെ വിലയാണ്‌ നാണയവിലയുടെ ആധാരമായി മുൻപ് കണക്കാക്കിയിരുന്നത്[2]. ഓക്സീകരണം മൂലമുള്ള നാശത്തെ ഫലപ്രദമായി ചെറുക്കുന്നതിനാൽ, ദന്തരോഗചികിത്സ, ഇലക്ട്രോണിക്സ് തുടങ്ങിയ വ്യവസായമേഖലകളിൽ ഈ ലോഹം വ്യാപകമായി ഉപയോഗിച്ചു വരുന്നു.

സംയോജകത സാധാരണയായി ഒന്നോ മൂന്നോ ആയ ഒരു സംക്രമണമൂലകമാണ് സ്വർണം. മിക്കവാറും രാസവസ്തുക്കളുമായി ഇത് രാസപ്രവർത്തനത്തിലേർപ്പെടുന്നില്ലെങ്കിലും ഫ്ലൂറിൻ, ക്ലോറിൻ, ബ്രോമിൻ, രാജദ്രാവകം[3], സയനൈഡ്[4] എന്നിവയുമായി പ്രവർത്തനത്തിലേർപ്പെടുന്നു. സ്വർണം രസത്തിലലിഞ്ഞ് സങ്കരമായ അമാൽഗം രൂപം കൊള്ളുന്നു. മറ്റു മിക്ക ലോഹങ്ങളേയും അലിയിക്കുന്ന നൈട്രിക് അമ്ലവുമായി സ്വർണ്ണം പ്രവർത്തനത്തിലേർപ്പെടുന്നില്ല എന്നതും ഇതിന്റെ ഒരു പ്രത്യേകതയാണ്. അതു കൊണ്ടുതന്നെ വസ്തുക്കളിലെ സ്വർണ്ണത്തിന്റെ സാന്നിധ്യം സ്ഥിരീകരിക്കുന്നതിന് നൈട്രിക് അമ്ലം കാലങ്ങളായി ഉപയോഗിച്ചു വരുന്നു. നൈട്രിക് അമ്ലം ഉപയോഗിച്ച് സ്വർണ്ണത്തിന്റെ ശുദ്ധത പരിശോധിക്കുന്നതാണ് ആസിഡ് ടെസ്റ്റ് എന്നറിയപ്പെടുന്നത്.

79 പ്ലാറ്റിനംസ്വർണ്ണംരസം
Ag

Au

Rg
[[File:{{{symbol}}}-TableImage.png|300px]]
പൊതു വിവരങ്ങൾ
പേര്, പ്രതീകം, അണുസംഖ്യ സ്വർണ്ണം, Au, 79
അണുഭാരം ഗ്രാം/മോൾ
ഗ്രൂപ്പ്,പിരീഡ്,ബ്ലോക്ക് {{{ഗ്രൂപ്പ്}}},{{{പിരീഡ്}}},{{{ബ്ലോക്ക്}}}
രൂപം {{{രൂപം}}}

ഗുണങ്ങൾ

സ്വർണത്തിന്റെ അണുസംഖ്യ 79-ഉം പ്രതീകം Au എന്നുമാണ്. ഔറം എന്ന ലത്തീൻ വാക്കിൽ നിന്നാണ് Au എന്ന പ്രതീകം ഉണ്ടായത്. ഏറ്റവും നന്നായി രൂപഭേദം വരുത്താൻ സാധിക്കുന്ന ലോഹമാണ് സ്വർണ്ണം. ഒരു ഗ്രാം സ്വർണ്ണം അടിച്ചു പരത്തി ഒരു ചതുരശ്രമീറ്റർ വിസ്തീർണ്ണമുള്ള ഒരു തകിടാക്കി മാറ്റാൻ സാധിക്കും. അതായത് 0.000013 സെന്റീമീറ്റർ വരെ ഇതിന്റെ കനം കുറക്കാൻ കഴിയും. അതു പോലെ വെറും 29 ഗ്രാം സ്വർണ്ണം ഉപയോഗിച്ച് 100 കിലോ മീറ്റർ നീളമുള്ള കമ്പിയുണ്ടാക്കാനും സാധിക്കും. [5]


സ്വർണത്തെ മറ്റു ലോഹങ്ങളുമായി ചേർത്ത് സങ്കരലോഹങ്ങളാക്കാം. ഇത്തരം സങ്കരങ്ങൾക്ക് ശുദ്ധസ്വർണത്തെ അപേക്ഷിച്ച് കൂടുതൽ കടുപ്പമുണ്ടായിരിക്കും[6]. ആകർഷകമായ നിറവും ഈ സങ്കരങ്ങളുടെ പ്രത്യേകതയാണ്.

സ്വർണത്തോടു കൂടി മറ്റു ലോഹങ്ങൾ ചേർക്കുമ്പോൾ സ്വർണത്തിന്റെ തനതു നിറമായ മഞ്ഞയോടൊപ്പം താഴെപ്പറയുന്ന നിറങ്ങൾ ചേർന്ന നിറമായിരിക്കും ലഭിക്കുക. ചെമ്പ് - റോസ്, ഇൻഡിയം - നീല, അലൂമിനിയം - പർപ്പിൾ, പ്ലാറ്റിനം, പലേഡിയം, നിക്കൽ - വെളുപ്പ്. വെള്ളിയുടേയും ബിസ്മത്തിന്റേയും പ്രകൃത്യാലുള്ള സങ്കരങ്ങൾക്ക് കറുപ്പ് നിറമാണ് ഉണ്ടായിരിക്കുക. വളരെ നേർത്ത പൊടിയാക്കിയാൽ സ്വർണവും മറ്റു ലോഹങ്ങളെപ്പോലെത്തന്നെ കറുത്ത നിറത്തിലായിരിക്കും.

Gold Medal, സ്വർണ്ണപതക്കം
സ്വർണ്ണപതക്കം

പ്രകൃതിദത്തമായ സ്വർണത്തിൽ 8 മുതൽ 10 വരെയോ അതിലധികമോ വെള്ളി അടങ്ങിയിരിക്കും. 20% - ൽ അധികം വെള്ളി അടങ്ങിയിരിക്കുന്ന സ്വർണത്തെയാണ് എലക്ട്രം എന്നു പറയുന്നത്. വെള്ളിയുടെ അളവ് കൂടുംതോറും നിറം കൂടുതൽ വെളുത്തു വരുകയും ആപേക്ഷികസാന്ദ്രത കുറയുകയും ചെയ്യുന്നു.

വൈദ്യുതിയുടേയും താപത്തിന്റേയും വളരെ നല്ല ഒരു ചാലകമാണ് സ്വർണ്ണം[4]. കൂടാതെ വായുവോ മറ്റു രാസവസ്തുക്കളോ ഇതിനെ ബാധിക്കുന്നുമില്ല. താപം, ഈർപ്പം, ഓക്സിജൻ തുടങ്ങിയവയുമായി വളരെ നേരീയ അളവിൽ മാത്രമേ ഈ ലോഹം പ്രവർത്തിക്കുന്നുള്ളൂ. സ്വർണ്ണത്തിന്റെ ഇത്തരം ഗുണങ്ങൾ, ആഭരണങ്ങൾ നാണയങ്ങൾ എന്നിവയുടെ നിർമ്മിതിക്ക് ഇതിനെ അനുയോജ്യമാക്കുന്നു.

ശുദ്ധസ്വർണം രുചിയില്ലാത്ത പദാർത്ഥമാണ്. (എല്ലാ ലോഹങ്ങളുടേയും രുചിക്ക കാരണം അതിന്റെ അയോണുകൾ ആണ്).

സ്വർണം സാന്ദ്രതയേറിയ ഒരു വസ്തുവാണ്. ഒരു ക്യുബിക് മീറ്റർ സ്വർണ്ണം 19300 കിലോഗ്രാം വരും. (കറുത്തീയത്തിന്റെ സാന്ദ്രത 11340 kg/m3-ഉം, ഏറ്റവും സാന്ദ്രതയേറിയ ലോഹമായ ഓസ്മിയത്തിന്റെ സാന്ദ്രത 22610 kg/m3-ഉം ആണ്[7])

1064° C താപനിലയിൽ സ്വർണം ഉരുകാൻ തുടങ്ങുന്നു. 2808° C ആണ് ഇതിന്റെ ക്വഥനാങ്കം. ഇതിന്റെ ആപേക്ഷികസാന്ദ്രത 19.3 -ഉം അണുഭാരം 196.97-ഉം ആണ്.

ഹാലൊജനുകൾ സ്വർണ്ണവുമായി രാസപ്രവർത്തനത്തിലേർപ്പെടുന്നു. നൈട്രിക് അമ്ലം, ഹൈഡ്രോക്ലോറിക് അമ്ലം എന്നിവയുടെ മിശ്രിതത്തിൽ ഉടലെടുക്കുന്ന ക്ലോറിൻ അയോണുകളാണ്‌, രാജദ്രാവകത്തിൽ സ്വർണ്ണം അലിയുന്നതിലുള്ള കാരണം[8].

സ്വർണത്തിന്റെ ഓക്സീകരണനിലകൾ ഓറസ് സംയുക്തങ്ങളിൽ (gold(I)) +1-ഉം ഓറിക് സംയുക്തങ്ങളിൽ (gold(III)) +3-ഉം ആണ്. ഓക്സീകരണനില +5 ആയ ഗോൾഡ് പെന്റാഫ്ലൂറൈഡ് (AuF5) എന്ന ഒരു സംയുക്തവും ഉണ്ട്.

ഗോൾഡ് പെന്റാഫ്ലൂറൈഡ് ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തിയേറിയ ഫ്ലൂറൈഡ് അയോൺ സ്വീകാരിയാണ്. AuF5 + F- → [AuF6]- + 10eV

ഓക്സീകരണനില -1 ആയ ഓറൈഡുകളും ഉണ്ട്. ഉദാ: CsAu (സീസിയം ഓറൈഡ്), RbAu (റൂബിഡിയം ഓറൈഡ്), (CH3)4NAu (ടെട്രാമീതൈലമോണിയം ഓറൈഡ്).

മറ്റൊരു ലോഹം നിരോക്സീകാരിയായി ചേർത്താൽ ഒരു ലായനിയിലെ സ്വർണ്ണത്തിന്റെ അയോണുകൾ നിരോക്സീകരിക്കുകയും സ്വർണം വേർതിരിയുകയും ചെയ്യും. നിരോക്സീകാരിയിയായി ചേർത്ത ലോഹം ഓക്സീകരിക്കപ്പെടുന്നു. സ്വർണം ഖരരൂപത്തിൽ ലായനിയിൽ അടിയുന്നു.

വിഷാംശം

ചെറിയ അളവിൽ സ്വർണ്ണം ശരീരത്തിനകത്തെത്തിയാൽ അത് വിഷമല്ല. എന്നാൽ കൂടിയ അളവിൽ സ്വർണ്ണമോ അതിന്റെ സംയുക്തങ്ങളോ ശരീരത്തിലെത്തുന്നത് ശരീരത്തിന്‌ ആപത്താണ്‌‍. ഘനലോഹങ്ങൾ കൊണ്ടുണ്ടാവുന്ന വിഷബാധക്ക് സാദൃശ്യമുള്ള ലക്ഷണങ്ങൾ പ്രകടമാകുന്നു.

ലഭ്യത

GoldNuggetUSGOV
പ്രകൃതിദത്തമായ സ്വതന്ത്രരൂപത്തിലുള്ള സ്വർണ്ണം

സ്വതന്ത്രരൂപത്തിലും ധാതു രൂപത്തിലും സ്വർണ്ണം പ്രകൃതിയിൽ കണ്ടുവരുന്നു. ഭൂവൽക്കത്തിൽ സുലഭമായ മൂലകങ്ങളുടെ പട്ടികയിൽ 75-ആം സ്ഥാനമാണ് സ്വർണ്ണത്തിനുള്ളത്. വ്യത്യസ്തമായ അളവിൽ വെള്ളിയുമായി കൂടിച്ചേർന്ന് എലക്ട്രം എന്ന രൂപത്തിലാണ് സ്വർണ്ണം മിക്കവാറും കണ്ടുവരുന്നത്.

GoldOreUSGOV
സ്വർണ്ണത്തിന്റെ അയിര്‌

70-ഓളം രാജ്യങ്ങൾ സ്വർണ്ണം ലോകത്ത് വ്യാവസായികാടിസ്ഥാനത്തിൽ ഉൽപ്പാദിപ്പിക്കുന്നുണ്ടെങ്കിലും ലോകവ്യാപകമായ ഉല്പാദനത്തിന്റെ മൂന്നിൽ രണ്ടു ഭാഗവും ദക്ഷിണാഫ്രിക്ക, ഐക്യനാടുകൾ, ഓസ്ട്രേലിയ, ചൈന, കാനഡ, റഷ്യ എന്നിവിടങ്ങളിൽ നിന്നാണ്. സ്വർണത്തിന്റെ ഏറ്റവും വലിയ ഉല്പാദകരായ ദക്ഷിണാഫ്രിക്ക 399 മെട്രിക് ടൺ സ്വർണം 2002-ൽ ഉൽപ്പാദിപ്പിച്ചു.

ടെല്യൂറിയം എന്ന മൂലകവുമായി രാസബന്ധത്തിലേർപ്പെട്ടാണ് സ്വർണ്ണവും വെള്ളിയും കാലവെറൈറ്റ് എന്ന ധാതുവിൽ കാണപ്പെടുന്നത്. കറുത്തീയം, ആന്റിമണി, സൾഫർ എന്നീ മൂലകങ്ങളുമായി ചേർന്ന അവസ്ഥയിലാണ് നാഗ്യാഗൈറ്റ് എന്ന ധാതുവിൽ സ്വർണ്ണം കാണപ്പെടുന്നത്. ഗോൾഡ് അമാൽഗം എന്ന രൂപത്തിൽ മെർക്കുറിയുമായി ലയിച്ച അവസ്ഥയിലും കാണുന്നുണ്ട്.

കടൽജലത്തിൽ 0.05 മുതൽ 2.5 പി.പി.എം. വരെ അളവിൽ സ്വർണ്ണം അടങ്ങിയിട്ടുണ്ട്. കടൽജലത്തിൽ ആകെ അടങ്ങിയിട്ടുള്ള സ്വർണ്ണത്തിന്റെ അളവ് 9 ബില്യൻ മെട്രിക് ടൺ ആണെങ്കിലും, ഇതിനെ വേർതിരിച്ചെടുക്കാനായി ഈ സ്വർണ്ണത്തിന്റെ വിലയേക്കാൾ അധികം തുക വേണ്ടിവരും.

ഖനനവും ശുദ്ധീകരണവും

Gold Pan
സ്വർണ്ണം അരിച്ചെടുക്കുന്നു

സ്വർണ്ണം അടങ്ങിയ ചരലിൽ നിന്നും വെള്ളം ഉപയോഗിച്ച് കഴുകി അരിച്ച് എടുക്കുന്ന രീതിയാണ് സ്വർണ്ണം വേർതിരിക്കുന്നതിനുള്ള ഏറ്റവും എളുപ്പവഴി. (ആഭരണങ്ങൾ നിർമ്മിക്കുമ്പോൾ നഷ്ടപ്പെടുന്ന സ്വർണ്ണം അരിച്ചെടുക്കുന്നതിന് സ്വർണ്ണപ്പണിക്കാരും മറ്റും ഈ രീതി ഉപയോഗിക്കുന്നു.)

സ്വർണ്ണം വേർതിരിച്ചെടുക്കുന്നതിനുള്ള ആധുനികരീതിയാണ് ഹൈഡ്രോളിക് ഖനനം. വെള്ളം ശക്തിയിൽ ചീറ്റിച്ചാണ് ഈ രീതിയിൽ സ്വർണ്ണം വേർതിരിച്ചെടുക്കുന്നത്. ഇത്തരത്തിൽ വേർതിരിച്ചെടുക്കുന്ന സ്വർണ്ണത്തെ സംയോജിപ്പിച്ച് ഉരുക്കുന്നത്തിനു രസം ഉപയോഗിക്കുന്നു. തീരെ ചെറിയ തരികളായ സ്വർണം രസത്തിൽ കുഴക്കുമ്പോൾ അവ ഒന്നിക്കുന്നു ഇതിനെ ചൂടാക്കുമ്പോൾ രസം ബഷ്പീകരിക്കുകയും സ്വർണം മാത്രമായി ഉരുക്കിയെടുക്കാനും കഴിയുന്നു. പിന്നീട് സ്വർണത്തെ വെള്ളി, ചെമ്പ് എന്നിവ ഉപയോഹിച്ചു നേർപ്പിച്ച ശേഷം ചെറിയ തരികലക്കി നൈട്രിക് ആസിഡിൽ ഇട്ടു ഒരു പ്രത്യേക അനുപാതത്തിൽ ചൂടാക്കുമ്പോൾ സ്വർണം മാത്രമായി വളരെ ചെറിയ തരികളായി ലെഭിക്കുന്നു ഇതിനെ ഉരുക്കിയെടുക്കുമ്പോൾ ശുദ്ധ സ്വർണം ലെഭിക്കുന്നു.

ചരിത്രം

ചരിത്രാതീത കാലം മുതൽക്കേ അറിയപ്പെട്ടിരുന്ന അമൂല്യലോഹമാണ്‌ സ്വർണ്ണം. ഒരുപക്ഷേ മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹവും ഇതുതന്നെയായിരിക്കണം. ബി.സി.ഇ. 2600 ലെ ഈജിപ്ഷ്യൻ ഹീറോഗ്ലിഫിക്സ് ലിഖിതങ്ങളിൽ ഈജിപ്തിൽ സ്വർണ്ണം സുലഭമായിരുന്നെന്ന് പരാമർശിക്കുന്നുണ്ട്. ചരിത്രം പരിശോധിച്ചാൽ ഈജിപ്തും നുബിയയുമാണ്‌ ലോകത്തിൽ ഏറ്റവുമധികം സ്വർണ്ണം ഉല്പ്പാദിപ്പിച്ചിരുന്ന മേഖലകൾ. ബൈബിളിലെ പഴയ നിയമത്തിൽ സ്വർണ്ണത്തെപ്പറ്റി പലവട്ടം പരാമർശിക്കുന്നുണ്ട്.

സ്വർണ്ണത്തിന്റെ നിർമ്മാണചരിത്രം എട്രൂസ്കൻ, മിനോവൻ, അസ്സിറിയൻ, ഈജിപ്‌ഷ്യൻ സംസ്കാരങ്ങളുടെ കാലത്തോളം തന്നെ പഴക്കമുണ്ട്. നദീനിക്ഷേപതടങ്ങളിൽ നിന്നുള്ള മണലിനെയും ചരലിനേയും അരിച്ചെടുത്താണ് അക്കാലത്ത് സ്വർണ്ണം നിർമ്മിച്ചിരുന്നത്. പുരാതനകാലം മുതൽ ഇന്ത്യയിൽ മദ്ധ്യേഷ്യയിലും തെക്കൻ യുറൽ പർവ്വത പ്രദേശങ്ങളിലും കിഴക്കൻ മെഡിറ്ററേനിയൻ തീരങ്ങളിലും സ്വർണ്ണം നിർമ്മിച്ചു പോന്നിരുന്നു. സ്വർണ്ണം ആദ്യമായി കുഴിച്ചെടുത്ത് ഉപയോഗിച്ചത് ഇന്ത്യയിലാണ്‌[9].

പതിനാറാം നൂറ്റാണ്ടു മുതൽ സ്പെയിനിന്റെ ആധിപത്യത്തിലായിരുന്ന തെക്കേ അമേരിക്കയും മെക്സിക്കോയും ആയിരുന്നു സ്വർണ്ണത്തിന്റെ ഏറ്റവും വലിയ ഉൽപ്പാദകർ. പതിനാറാം നൂറ്റാണ്ടിലെ ലോകത്തെ ആകെ സ്വർണ്ണോൽപ്പാദനത്തിന്റെ 9 ശതമാനം മെക്സിക്കോയിൽ നിന്നായിരുന്നു. 1851 ഫെബ്രുവരിയിൽ ഓസ്ട്രേലിയയിൽ വൻ സ്വർണ്ണനിക്ഷേപങ്ങൾ കണ്ടെത്തി. പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതിയോടെ ലോകസ്വര്ണ്ണോല്പാദനത്തിന്റെ നല്ലൊരു ശതമാനം അമേരിക്കൻ ഐക്യനാടുകളിൽ നിന്നായിരുന്നു.

ഉപയോഗങ്ങൾ

പുരാതനകാലം മുതലേ അറിയപ്പെട്ടിരുന്നതും വളരെ വിലകൽപ്പിച്ചിരുന്നതുമായ ലോഹമാണിത്. ഭംഗി മാത്രമല്ല, തുരുമ്പെടുത്ത് നശിക്കുന്നതിൽ നിന്നുള്ള പ്രതിരോധവും, മറ്റു ലോഹങ്ങളെ അപേക്ഷിച്ച് ആഭരണങ്ങളും മറ്റും പണിയുന്നതിലുള്ള എളുപ്പവും സ്വർണ്ണം ശുദ്ധരൂപത്തിൽ തന്നെ പ്രകൃതിയിൽ ലഭ്യമാകുന്നു എന്നതും ഇതിന്റെ കാരണങ്ങളാണ്.

ഉൽപ്പാദിപ്പിക്കപ്പെടുന്ന സ്വർണ്ണത്തിന്റെ ഏറിയ പങ്കും ആഭരണങ്ങൾക്കായും നാണയങ്ങൾക്കായും ഉപയോഗിക്കുന്നു. ഇതിന് ലോഹത്തിന്റെ കടുപ്പം വർദ്ധിപ്പിക്കുന്നതിനായി മറ്റു ലോഹങ്ങളുമായി ചേർത്ത് സങ്കരമാക്കുന്നു. അന്താരാഷ്ട്രതലത്തിൽ വിവിധ നാണയങ്ങളുടെ വില നിശ്ചയിക്കുന്നതും പണം കൈമാറ്റം നടത്തിയിരുന്നതും മുൻപ് സ്വർണ്ണവിലയെ അടിസ്ഥാനപ്പെടുത്തിയായിരുന്നു[2].

Ammolite jewellery
വജ്രം പതിപ്പിച്ച 14 കാരറ്റ് ആഭരണം

ആഭരണങ്ങൾ

ആഭരണങ്ങളിലെ സ്വർണ്ണത്തിന്റെ അളവ് കാരറ്റ് (k) എന്ന തോതിലാണ് അളക്കുന്നത്. ശുദ്ധസ്വർണം 24 കാരറ്റാണ്. 22k, 18k, 14k, 10k എന്നിങ്ങനെ വിവിധ കാരറ്റുകളിലുള്ള സ്വർണ്ണാഭരണങ്ങൾ ലഭ്യമാണ്. കാരറ്റ് കുറയുന്തോറും അതിലെ സ്വർണ്ണത്തിന്റെ അളവ് കുറയുകയും കൂട്ടുലോഹങ്ങളായ വെള്ളി, ചെമ്പ് മുതലായവയുടെ അളവ് കൂടുകയും ചെയ്യുന്നു.

916 സ്വർണം എന്നറിയപ്പെടുന്നത്, 91.6% സ്വർണ്ണം അടങ്ങിയിരിക്കുന്ന സങ്കരമാണ്. 22k ആഭരണങ്ങളിലേയും 916 ലേയും സ്വർണ്ണത്തിന്റെ അളവ് തുല്യം തന്നെയാണ്.

14 കാരറ്റ് സ്വർണം പിച്ചളയുടെ അതേ നിറത്തിലുള്ളതായിരിക്കും. ബാഡ്ജുകളും മറ്റും നിർമ്മിക്കുന്നതിനാണ് ഇത് സാധാരണയായി ഉപയോഗിക്കാറുള്ളത്. 18 കാരറ്റ് സ്വർണ്ണത്തിൽ 25% ചെമ്പ് അടങ്ങിയിരിക്കും. ആഭരണങ്ങൾ നിർമ്മിക്കാൻ ഇത് ഉപയോഗിക്കാറുണ്ട്. വെള്ളി ചേർത്ത 18 കാരറ്റ് സ്വർണ്ണത്തിന് പച്ചകലർന്ന മഞ്ഞ നിറമായിരിക്കും.

നാണയങ്ങൾ

Aureus Septimius Severus-193-leg XIIII GMV
റോമൻ സ്വർണ്ണനാണയം

വിനിമയത്തിനായി 1526 മുതൽ 1930-കൾ വരെ ഉപയോഗിച്ചിരുന്ന നാണയങ്ങൾ 22 കാരറ്റ് സ്വർണ്ണത്തിലാണ് ഉണ്ടാക്കിയിരുന്നത്. ഇതിനെ ക്രൗൺ ഗോൾഡ് എന്നാണ് അറിയപ്പെടുന്നത്. ഇന്ന് ശേഖരണത്തിനും നിക്ഷേപത്തിനുമായി നിർമ്മിക്കുന്ന നാണയങ്ങൾ അത്ര കടുപ്പം ആവശ്യമില്ലാത്തതിനാൽ 24 കാരറ്റിലാണ് നിർമ്മിക്കുന്നത്.

മറ്റ് ഉപയോഗങ്ങൾ

 • മദ്ധ്യകാലത്ത് സ്വർണ്ണം ആരോഗ്യദായകമായ ഔഷധമായി കണക്കാക്കിയിരുന്നു. ഇന്നും ഇന്ത്യയിൽ കുട്ടികൾക്ക് സ്വർണ്ണം ഔഷധമായി നൽകുന്നുണ്ട്. സ്വർണ്ണത്തിന്റെ ചില ലവണങ്ങൾക്കും റേഡിയോ ഐസോടോപ്പുകൾക്കും മാത്രമേ ഔഷധഗുണമുള്ളൂ. മൂലകസ്വർണ്ണം ശരീരത്തിൽ നിർവീര്യമായ ഒന്നാണ്. ശരീരത്തിനകത്തെ രാസവസ്തുക്കളുമായി അത് പ്രവർത്തനത്തിലേർപ്പെടുന്നില്ല.
 • സ്വർണത്തിന്റെ നേരിയ പാട (ഗോൾഡ് ലീഫ്) ഭക്ഷണം അലങ്കരിക്കാൻ ഉപയോഗിക്കാറുണ്ട്.
 • സ്വർണ്ണത്തിന്റെ സങ്കരങ്ങൾ ദന്തരോഗചികിൽസക്ക് ഉപയോഗിക്കുന്നു. സ്വർണ്ണം എളുപ്പത്തിൽ രൂപഭേദം വരുത്തിയെടുക്കാം എന്നതിനാൽ നിലവിലുള്ള പല്ലുകൾക്ക് യോജിച്ച രീതിയിൽ പുതിയ പല്ലുകൾ ഉണ്ടാക്കി വച്ചു പിടിപ്പിക്കാൻ എളുപ്പമാണ്‌.
 • സ്വർണ്ണനൂലും, നൂലിൽ സ്വർണ്ണം പിടിപ്പിച്ചും വസ്ത്രങ്ങളിൽ അലങ്കാരത്തിനായി ഉപയോഗിക്കുന്നു. (ഉദാഹരണം: കസവ്)
 • സ്ഫടികത്തിന്‌ നിറം കൊടുക്കാനായി ഉപയോഗിക്കുന്നു.
 • ഛായാഗ്രഹണമേഖല.
 • ഇലക്ട്രോണിക്സ്: ഉയർന്ന വൈദ്യുത ചാലകതയുള്ളതിനാൽ ഉയർന്ന ഊർജ്ജം ഉപയോഗിക്കുന്നയിടങ്ങളിൽ വൈദ്യുതവാഹിയായി സ്വർണ്ണം ഉപയോഗിക്കുന്നു. സ്വർണ്ണത്തെ അപേക്ഷിച്ച് വെള്ളിക്കും, ചെമ്പിനും ചാലകത കൂടുതലാണെങ്കിലും, തുരുമ്പെടുക്കലിൽ നിന്നുള്ള സ്വർണ്ണത്തിന്റെ പ്രതിരോധം ഇത്തരം ആവശ്യങ്ങൾക്ക് ഇതിനെ യോജിച്ചതാക്കുന്നു. ഇതേ കാരണം കൊണ്ടുതന്നെ ബാറ്ററികളും മറ്റും ഉപകരണവുമായി ചേർക്കുന്ന വൈദ്യുതബന്ധങ്ങളിൽ (കണക്റ്റർ) സ്വർണ്ണം പൂശി ഉപയോഗിക്കുന്നു.
 • മൽസരങ്ങൾക്ക് ഒന്നാംസ്ഥാനത്തെത്തുന്നവർക്കുള്ള പുരസ്കാരമായി സ്വർണ്ണമെഡലുകളും കപ്പുകളും നൽകുന്നു.
 • ദൃശ്യപ്രകാശത്തേയും ഇൻഫ്രാറെഡ് കിരണങ്ങളേയും സ്വർണ്ണം നന്നായി പ്രതിഫലിപ്പിക്കുന്നു. ഇൻഫ്രാറെഡ് കിരണങ്ങളിൽ നിന്നും സംരക്ഷണകവചമായി കൃത്രിമോപഗ്രഹങ്ങളിലും ശൂന്യാകാശയാത്രക്കാരുടെ വസ്ത്രങ്ങളിലും ഹെൽമെറ്റിന്റെ ഫേസ്പ്ലേറ്റുകളിലും സ്വർണം ഉപയോഗിക്കുന്നു.
 • സ്വർണ്ണം, പ്ലാറ്റിനം, പല്ലാഡിയം, നിക്കൽ, സിങ്ക് എന്നിവയുടെ സങ്കരമായ വൈറ്റ് ഗോൾഡ്, പ്ലാറ്റിനത്തിന്‌ പകരമായി പല മേഖലകളിലും ഉപയോഗിക്കുന്നു.
 • സ്വർണ്ണത്തിന്റേയും വെള്ളിയുടേയും സങ്കരമായ ഗ്രീൻ ഗോൾഡ് ആഭരണങ്ങൾക്കായി ഉപയോഗിക്കുന്നു.
 • ഉന്നത നിലവാരത്തിലുള്ള കോമ്പാക്റ്റ് ഡിസ്കുകളിൽ പ്രതിഫലനപാളിയായി സ്വർണ്ണം ഉപയോഗിക്കുന്നു.
 • 2.7 ദിവസം അർദ്ധായുസ്സുള്ള സ്വർണ്ണത്തിന്റെ ഐസോട്ടോപ്പായ ഗോൾഡ്-198, കാൻസർ പോലുള്ള രോഗങ്ങളുടെ ചികിൽസക്ക് ഉപയോഗിക്കുന്നു.
 • ഗോൾഡ് സയനൈഡും പൊട്ടാസ്യം സയനൈഡും (അല്ലെങ്കിൽ സോഡിയം സയനൈഡ്) ചേർന്ന മിശ്രിതമാണ്‌ മറ്റു ലോഹങ്ങളിൽ സ്വർണ്ണം പൂശുന്നതിനായി ഉപയോഗിക്കുന്നത്.

സംയുക്തങ്ങൾ

Gold(III) chloride solution
ഗോൾഡ് ക്ലോറൈഡ് ലായനി

ക്ലോറൈഡുകളും അയോഡൈഡുകളുമാണ് സ്വർണത്തിന്റെ പ്രധാന സംയുക്തങ്ങൾ

അവലംബം

 1. "Key properties of gold" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2007-06-18.
 2. 2.0 2.1 "Gold in the IMF" (ഭാഷ: ഇംഗ്ലീഷ്). 2007-04-01. ശേഖരിച്ചത് 2007-06-21.
 3. "Reaction of gold with the halogens, Reaction of gold with acids" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2007-06-18.
 4. 4.0 4.1 "Properties Of Gold" (ഭാഷ: ഇംഗ്ലീഷ്). വേൾഡ് ഗോൾഡ് കൗൺസിൽ. ശേഖരിച്ചത് 2007-06-18.
 5. എൻ‌കാർട്ട എൻസൈക്ലോപീഡിയ 2005
 6. "High-purity hardened gold alloy and a process of producing the same" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2007-06-19.
 7. Arblaster, J. W. (1995). "Osmium, the Densest Metal Known". Platinum Metals Review. 39 (4): 164.
 8. "aqua regia" (ഭാഷ: ഇംഗ്ലീഷ്). The Columbia Encyclopedia. ശേഖരിച്ചത് 2007-06-19.
 9. സുകുമാർ അഴീക്കോട് (1993). "4-ശാസ്ത്രവും കലയും". ഭാരതീയത. കോട്ടയം, കേരളം, ഇന്ത്യ: ഡി.സി. ബുക്സ്. p. 83. ISBN 81-7130-993-3.
ഉസൈൻ ബോൾട്ട്

ഉസൈൻ ബോൾട്ട് (ജനനം: ഓഗസ്റ്റ് 21, 1986) ഒരു ജമൈക്കൻ ഓട്ടക്കാരനാണ്. നിലവിലെ 100 മീറ്റർ ,200 മീറ്റർ ഒളിമ്പിക് ജേതാവ് ഇദ്ദേഹമാണ്. 100 മീറ്റർ ലോകറെക്കോർഡും (9.58 സെക്കന്റ്) 200 മീറ്റർ ലോകറെക്കോർഡും (19.19 സെക്കന്റ്) ഇപ്പോൾ ഇദ്ദേഹത്തിന്റെ പേരിലാണ്.1977നു ശേഷം 100 മീറ്ററിലേയും 200 മീറ്ററിലേയും ലോകറെക്കോർഡുകൾക്ക് ഉടമയായ ആദ്യ കായികതാരമാണ് ബോൾട്ട്. 4x100 മീറ്റർ റിലേയിലും അദ്ദേഹം ടീമംഗങ്ങളോടൊപ്പം റെക്കോർഡ് സൃഷ്ടിച്ചു. സ്പ്രിന്റിൽ 8 ഒളിംപിക് സ്വർണ മെഡലുകളും 11 ലോക ചാമ്പ്യൻഷിപ്പ് സ്വർണ മെഡലുകളും നേടുന്ന ആദ്യ കായിക താരമാണ് ബോൾട്ട്. തുടർച്ചയായ മൂന്നു ഒളിമ്പിക്സ് മത്സരങ്ങളിൽ 100 മീറ്ററിലും 200 മീറ്ററിലും സ്വർണം നേടിയ ആദ്യ താരവും ബോൾട്ട് തന്നെ (ട്രിപ്പിൾ ഡബിൾ). 4x100 മീറ്റർ റിലേയിലും തുടർച്ചയായി മൂന്നു ഒളിമ്പിക്സ് സ്വർണം നേടി ട്രിപ്പിൾ ട്രിപ്പിൾഎന്ന നേട്ടവും കൈവരിച്ചു. എന്നാൽ 2008-ൽ നടന്ന ഒളിമ്പിക്സിലെ 4×100 മീറ്റർ റിലേയിൽ നെസ്റ്റെ കാർട്ടർ ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. അത് കാരണം ആ ഇനത്തതിൽ ജമൈക്കൻ ടീമിനെ അയോഗ്യരാക്കി. അതോടെ ആ സ്വർണ മെഡൽ അദ്ദേഹത്തിന് നഷ്ടമായി.

2008 ബീജിംഗ് , 2012 ലണ്ടൻ, 2016 റിയോ ഒളിമ്പിക്സുകളിലായിരുന്നു ഈ നേട്ടങ്ങൾ.

നേട്ടങ്ങളുടെ വിശേഷണമായി മാധ്യമങ്ങൾ ഇദ്ദേഹത്തിന് "ലൈറ്റ്നിങ് ബോൾട്ട്" എന്ന വിളിപ്പേര് നേടിക്കൊടുത്തു.

മികച്ച പുരുഷ അത്‌ലറ്റിനുള്ള ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് അത്‌ലറ്റിക് ഫെഡറേഷന്റെ (ഐഎഎഎഫ്) അത്‌ലറ്റ്‌ ഓഫ് ദി ഇയർ ആയി തുടർച്ചയായി 4 തവണ (2009-2012) തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ ട്രാക്ക് & ഫീൽഡ് അത്ലറ്റ് ഓഫ് ദി ഇയർ അവാർഡിനും ലോറസ് സ്പോഴ്സ്മാൻ ഓഫ് ദി ഇയർ അവാർഡിനും (രണ്ട് തവണ) അദ്ദേഹം അർഹനായിട്ടുണ്ട്. ലോകം കണ്ട ഏറ്റവും മികച്ച അത്ലറ്റുകളിലൊന്നായി ഉസൈൻ ബോൾട്ടിനെ പരിഗണിക്കുന്നു.

2013 ജൂലൈ മാസത്തിൽ റഷ്യയിലെ മോസ്കോയിൽ വെച്ച് നടന്ന ലോകചാമ്പ്യൻഷിപ്പിൽ മൂന്നു സ്വർണമെഡലുകൾ നേടിയതോടെ ലോകചാമ്പ്യൻഷിപ്പുകളിൽ ഏറ്റവും കൂടുതൽ മെഡലുകൾ നേടിയ താരം എന്ന പദവി അദ്ദേഹത്തിന് സ്വന്തമായിരുന്നു.

2015 ആഗസ്റ്റ് 29ന് ബൈജിംഗിൽ നടന്ന ലോക അത്‌ലറ്റിക്ക് ചാംപ്യൻഷിപ്പിൽ ട്രിപ്പിൾ സ്വർണം ലഭിച്ചു. 100 മീറ്ററിലും 200 മീറ്ററിലും സ്വർണ്ണം നേടിയ ബോൾട്ട് ,4x100 മീറ്റർ റിലേയിലും സ്വർണ്ണം നേടി.

മൂന്നു ലോകചാമ്പ്യൻഷിപ്പിൽ മത്സരങ്ങളിൽ 100 മീറ്ററിലും 200 മീറ്ററിലും സ്വർണം നേടിയ ബോൾട്ട് ട്രിപ്പിൾ ഡബിളും , 4 X 100 മീറ്റർ റിലേയിലും സ്വർണം നേടി ട്രിപ്പിൾ ട്രിപ്പിൾ എന്ന നേട്ടവും കൈവരിച്ചു. 2009 ലേയും 2013 ലേയും 2015 ലേയും ലോകചാമ്പ്യൻഷിപ്പുകളിലാ യിരുന്നു ഈ നേട്ടങ്ങൾ.2016ൽ ബ്രസീലിലെ റിയോ ഡി ജനീറോയിൽ വെച്ച് നടന്ന ഒളിമ്പിക്സിനു ശേഷം വിരമിച്ചു. 'അയാം ബോൾട്ട്' എന്നത് ബോൾട്ടിൻറെ കായിക ജീവിതവുമായി ബന്ധപ്പെട്ട് ബെൻജമിന് ടർണർ ഗേബ് ടർണർ എന്നിവർ ചേർന്ന് സംവിധാനം ചെയ്ത സിനിമയാണ്.

ഉസ്ബെക്കിസ്ഥാൻ

ഉസ്ബെക്കിസ്ഥാൻ (ഔദ്യോഗികമായി റിപ്പബ്ലിക് ഓഫ് ഉസ്ബെക്കിസ്ഥാൻ) മദ്ധ്യ ഏഷ്യയിലെ കരയാൽ ചുറ്റപ്പെട്ട ഒരു രാജ്യമാണ്. മുമ്പ് ഈ രാജ്യം സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു. 1991 ഡിസംബറിൽ സ്വതന്ത്ര രാജ്യമായി. പടിഞ്ഞാറും വടക്കും കസാഖിസ്ഥാൻ, കിഴക്ക് കിർഗിസ്ഥാൻ, തജാക്കിസ്ഥാൻ, തെക്ക് അഫ്ഗാനിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ എന്നിവയാണ് അതിരുകൾ. 2007 വരെയുള്ള കണക്കുകളനുസരിച്ച് 27,372,000 ആണ് ഇവിടുത്തെ ജനസംഖ്യ. പരുത്തി, സ്വർണം, യുറേനിയം, പ്രകൃതിവാതകം എന്നിവയുമായി ബന്ധപ്പെട്ട വ്യവസായങ്ങളിലാണ് രാജ്യത്തെ സമ്പദ്‌വ്യവസ്ഥ അടിസ്ഥാനപ്പെട്ടിരിക്കുന്നത്. ഉസ്ബെക്കിസ്ഥാനിലെ മനുഷ്യാവകാശ, സ്വാതന്ത്ര്യ നയങ്ങൾ പലപ്പോഴും അന്താരാഷ്ട്ര സംഘടനകളാൽ വിമർശിക്കപ്പെടാറുണ്ട്.

ഒളിമ്പിക്സ് 2012 (ലണ്ടൻ)

ജൂലൈ 27 മുതൽ ഓഗസ്റ്റ് 12 വരെ ഇംഗ്ലണ്ടിന്റെ തലസ്ഥാനമായ ലണ്ടനിൽ വെച്ച് 2012-ലെ ഒളിമ്പിക്സ് നടന്നു. എലിസബത്ത് രാജ്ഞിയാണ് മുപ്പതാമത് ഒളിമ്പിക്‌സ് ഉദ്ഘാടനം ചെയ്തത്. ഇതോടെ ഏറ്റവും കൂടൂതൽ തവണ ഒളിമ്പിക്സിന് ആഥിതേയത്വം വഹിക്കുന്ന നഗരമായി ലണ്ടൻ മാറി. വെൻലോക്, മാൻഡെവിൽ എന്ന രണ്ട് കാർട്ടൂൺ രൂപങ്ങളാണ് ഈ ഒളിമ്പിക്സിന്റെ ഭാഗ്യചിഹ്നം. . ബ്രസീലിലെ റയോ ഡി ജനീറോയിൽ 2016ലാണ് അടുത്ത ഒളിമ്പിക്സ് നടക്കുന്നത്.46 സ്വർണമുൾപ്പെടെ 104 മെഡലുമായി അമേരിക്ക ഒന്നാം സ്ഥാനം തിരിച്ച്പിടിച്ചു. ബെയ്ജിങ്ങിലെ ജേതാക്കളായ ചൈനയ്ക്ക് ഇവിടെ 38 സ്വർണമുൾപ്പെടെ 87 മെഡലുമായി രണ്ടാം സ്ഥാനമേ ലഭിച്ചുള്ളു. 29 സ്വർണവുമായി ആതിഥേയരായ ബ്രിട്ടൺ മൂന്നാം സ്ഥാനത്തെത്തി. 24 സ്വർണവുമായി റഷ്യ നാലാമതും. ദക്ഷിണകൊറിയ, ജർമനി, ഫ്രാൻസ്, ഇറ്റലി, ഹംഗറി, ഓസ്ടേലിയ എന്നിവരാണ് അഞ്ചുമുതൽ പത്തുവരെ സ്ഥാനങ്ങളിൽ. 2 വെള്ളിയും 4 വെങ്കലവുമുൾപ്പെടെ 6 മെഡലുകൾ നേടി ഇന്ത്യ 55-ാം സ്ഥാനത്തെത്തി.

കമ്മൽ

കാതുകളിൽ അണിയുന്ന ആഭരണമാണ് കമ്മൽ. പുരുഷന്മാരും സ്ത്രീകളും കമ്മൽ അണിയാറുണ്ടെങ്കിലും കൂടുതലും സ്ത്രീകളാണ് അണിയുന്നത്. രണ്ട് ചെവിയിലും ഒരുപോലെയുള്ള കമ്മലുകൾ ധരിക്കുന്നതാണ് കൂടുതൽ കാണുന്നതെങ്കിലും ഒറ്റ ചെവിയിലും കമ്മലുകൾ ധരിക്കാറുണ്ട്.

ഓരോ നാടിനും ഓരോ സംസ്കാരത്തിനും പ്രത്യേകതരം കമ്മലുകൾ പ്രചാരത്തിലുണ്ടായിരുന്നു. സാധാരണഗതിയിൽ കീഴ്‌കാതിൽ തുളച്ചാണ് കമ്മലുകളണിയുന്നത്. മേൽകാതിലും കാതിന്റെ വശങ്ങളിലും എന്നുവേണ്ട കാതിന്റെ എല്ലാഭാഗങ്ങളുമണിയുന്ന കമ്മലുകൾ നിലവിലുണ്ട്. സാധാരണയായി സ്വർണം, വെള്ളി, പ്ലാറ്റിനം, ചെമ്പ് മുതലായ ലോഹങ്ങൾ ഉപയോഗിച്ചുള്ള ലോഹക്കൂട്ടുകളിലാണ്‌ കമ്മലുകൾ നിർമ്മിക്കുന്നത്. പ്ലാസ്റ്റിക്കിലും തടിയിലും ഗ്ലാസിലും മറ്റും നിർമ്മിക്കപ്പെടുന്ന കമ്മലുകൾ സാധാരണയാണ്.

കറൻസി

ക്രയവിക്രയത്തിന് ഉപയോഗിക്കുന്ന നിശ്ചിതമൂല്യമുള്ള മാധ്യമമാണ് നാണയം. എളുപ്പം കൈമാറ്റം ചെയ്യാൻ കഴിയുന്നതും അലങ്കാരപ്പണികൾ ചെയ്യാൻ പറ്റുന്നതുമായ ശിലാ/ലോഹങ്ങളിലായിരുന്നു ആദ്യകാല നാണയങ്ങൾ നിർമിച്ചിരുന്നത്.

18-19 നൂറ്റാണ്ടുവരെ നാണയമൂല്യം ആന്തരിക മൂല്യത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതായിരുന്നു. നാണയത്തിലെ ലോഹത്തിന് തുല്യമായ മൂല്യമായിരുന്നു നാണയ മൂല്യമായി കണക്കാക്കപ്പെട്ടത്. ലോഹമൂല്യം വ്യത്യാസപ്പെട്ടാൽ നാണയമൂല്യവും വ്യത്യാസപ്പെടുമായിരുന്നു. എന്നാൽ ആധുനിക നാണയങ്ങൾ മുഖമൂല്യം (അതിൽ പതിക്കുന്ന മൂല്യം) ഉള്ളവയാണ്. മുഖമൂല്യത്തിന് ആന്തരിക മൂല്യവുമായി യാതൊരു ബന്ധവുമില്ല. അതായത് അഞ്ചു രൂപ നാണയത്തിൽ അടങ്ങിയിരിക്കുന്ന ലോഹത്തിന്റെ മൂല്യം അഞ്ചു രൂപയെക്കാൾ കൂടുതലോ കുറവോ ആകാം. മൂല്യത്തിന്റെ അളവായി സ്വയമോ അതോ പ്രതിനിധിയായോ പ്രവർത്തിക്കുന്ന കൈമാറ്റ മാധ്യമമാണ് പണം. അതുകൊണ്ട് തന്നെ സ്വർണവും വെള്ളിയുമടങ്ങുന്ന നാണയങ്ങൾ പണമാണ്.

കെ.എം. ബീനാമോൾ

ഇന്ത്യയുടെ മുൻ രാജ്യാന്തര കായികതാരമാണ്‌ കലയത്തും കുഴി മാത്യൂസ് ബീനമോൾ എന്ന കെ.എം. ബീനമോൾ. പി.ടി ഉഷക്കും,ഷൈനി വിൽസണും ശേഷം ഒളിമ്പിക്സിൽ സെമി ഫൈനലിൽ എത്തിയ ഇന്ത്യൻ അത്‌ലറ്റ് ആണ്‌ ബീനമോൾ. 2002ലെ ബുസാൻ ഏഷ്യൻ ഗെയിംസിൽ രണ്ടു സ്വർണ മെഡലുകളും ഒരു വെള്ളി മെഡലും നേടി. 2000ലെയും 2004ലെയും ഒളിമ്പിക്സുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. ഇടുക്കി ജില്ലയിലെ പണിക്കൻകുടിയിലെ കൊമ്പൊടിഞ്ഞാൽ സ്വദേശിനി. ഇന്ത്യൻ റെയിൽവേ ഉദ്യോഗസ്ഥ.

ഖനനം

കൽക്കരി, അയിരുകൾ, എണ്ണ, പ്രകൃതി വാതകങ്ങൾ എന്നിവ ഭൂമിയിൽ നിന്നു എടുക്കുന്നതിനെ ഖനനം എന്നു പറയുന്നു. ആദ്യകാലങ്ങളിൽ കുഴിച്ചെടുക്കുകയായിരുന്നു രീതി. എന്നാൽ ഇക്കാലത്ത് കുഴിക്കാറില്ല, പകരം സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് മണ്ണ് തെറിപ്പിക്കുകയാണ് ചെയ്യുക. ഇന്നത്തെ ഖനനരീതിമൂലം വളരെ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഉദാഹരണത്തിന് സ്വർണഖനനം ഇതുമൂലം മണ്ണിലെ ഖനനം കഴിഞ്ഞാൽ അവിടം ഉപയോഗശൂന്യമാകും മാത്രമല്ല ഈ മണ്ണിൽ മെർക്കുറി പോലെ ധാരാളം വിഷ മൂലകങ്ങൾ ഉണ്ടാകും. ഇതിൽ നിന്ന് സ്വർണം വേർതിരിച്ചെടുക്കാൻ പൊട്ടാസ്യം സയനൈഡും സോഡിയം സയനൈഡും ചേർന്ന മിശ്രിതമാണ് ഉപയോഗിക്കുന്നത് ഇത് കൂനകൂട്ടിയിടുന്നത് ഏതെങ്കിലും നദിയിലായിരിക്കും. സയനൈഡ് നദിയിൽ കലർന്ന് വൻനാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്.

പല ഖനനങ്ങളും ഇതുപോലെ പാരിസ്ഥിതിക ദോഷം വരുത്തുന്നവയാണ്. അതിനാൽ പാരിസ്ഥിതിക സൗഹൃദമായ രീതിയിൽ ഖനനം നടത്താനുള്ള സാങ്കേതികവിദ്യ നാം കണ്ടെത്തേണ്ടിയിരിക്കുന്നു. എന്നാൽ പാരിസ്ഥിതിക പ്രശ്നം ഒഴിച്ചാൽ ഖനനരീതികൾ വികാസം പ്രാപിച്ചിട്ടുണ്ട് പെട്രോളിയം ഖനനം സമുദ്രതീരത്തും സമുദ്രത്തിലും നടത്തുന്നുണ്ട്. ഖനനരീതികൾ അത്രയ്ക്ക് വികാസം പ്രാപിച്ചുവെന്നർഥം.

ചിലങ്ക

നൃത്തം പോലെയുള്ള കലാപരിപാടികൾക്ക് കാൽവണ്ണയിൽ അണിയുന്ന ആഭരണമാണ് ചിലങ്ക (Ghungroo). നിറയെ മണികളോടുകൂടിയ ഇതു് പാദം ചലിപ്പിയ്ക്കുമ്പോൾ ഉയർന്ന ആവൃത്തിയിലുള്ള ശബ്ദം ഉണ്ടാക്കുന്നു. ഇന്ത്യൻ ക്ലാസിക്കൽ നൃത്തങ്ങളിൽ ചിലങ്ക നിർബന്ധമാണ്‌.

ചെമ്പ്

ചുവന്ന നിറത്തിലുള്ള ലോലമായ ഒരു ലോഹമൂലകമാണ് ചെമ്പ് അഥവാ താമ്രം (ഇംഗ്ലീഷ്: Copper). ഇതിന്റെ അണുസംഖ്യ 29ഉം പ്രതീകം Cu എന്നുമാണ്. ലാറ്റിൻ ഭാഷയിൽ ഇതിന്റെ പേരായ കുപ്രം (cuprum) എന്ന വാക്കിൽ നിന്നാണ് ആംഗലേയത്തിലുള്ള Copper എന്ന സംജ്ഞ നിലവിൽ വന്നത്. ചെമ്പ് നല്ല താപ വൈദ്യുത ചാലകമാണ്. അനേകം ലോഹസങ്കരങ്ങൾ നിർമ്മിക്കുന്നതിനും നിർമ്മാണപ്രവൃത്തികൾക്കും ഇത് ധാരാളമായി ഉപയോഗിക്കുന്നു.

മൃഗങ്ങളുടേയും ചെടികളുടേയും പോഷണത്തിന് അത്യാവശ്യമായ ഒരു ഘടകമാണ് ഇത്. മൃഗങ്ങളിൽ ചെമ്പ് പ്രധാനമായും കാണുന്നത് രക്തത്തിലാണ് എന്നാൽ ശരീരത്തിൽ ഇതിന്റെ അളവ് ഒരു പരിധി വിട്ട് വർദ്ധിക്കുന്നത് ഹാനികരവുമാണ്.

ജനുവരി 24

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 24 വർഷത്തിലെ 24-ആം ദിനമാണ്. വർഷാവസാനത്തിലേക്ക് 341 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 342).

ജൊഹാനസ്‌ബർഗ്

ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വലിയ നഗരമാണ് ജൊഹാനസ്ബർഗ്. രാജ്യത്തിലെ ഏറ്റവും സമ്പന്നമായ പ്രവിശ്യയായ ഗൗടെങിന്റെ തലസ്ഥാനവുമാണീ നഗരം. ലോകത്തിലെ ഏറ്റവും വലിയ 40 മെട്രൊപൊളിറ്റൻ പ്രദേശങ്ങകളിലൊന്ന്, ആഫ്രിക്കയിലെ രണ്ട് ആഗോള നഗരങ്ങളിലൊന്ന് (global cities) തുടങ്ങിയ പദവികളും ജൊഹാനസ്ബർഗിനുണ്ട്. ദക്ഷിണാഫ്രിക്കയുടെ മൂന്ന് തലസ്ഥാന നഗരങ്ങളിൽ ഉൾപ്പെടുന്നില്ലെങ്കിലും രാജ്യത്തെ പരമോന്നത നീതിന്യായ കോടതി ജൊഹാനസ്ബർഗിലാണ് സ്ഥിതി ചെയ്യുന്നത്.

സ്വർണം, വജ്രം എന്നിവയുടെ ഒരു വൻ സ്രോതസ്സാണ് ജൊഹാൻസബർഗ്. ആഫ്രിക്കയിലെ ഏറ്റവും വലുതും ഏറ്റവും തിരക്കേറിയതുമായ ഒ.ആർ. ടാംബോ അന്താരാഷ്ട്ര വിമാനത്താവളം ഇവിടെയാണുള്ളത്.

2007-ൽ നടന കണക്കെടുപ്പ് പ്രകാരം ജൊഹാനസ്ബർഗ് മുൻസിപ്പൽ നഗരത്തിലെ ജനസംഖ്യ 3,888,180 ആണ്. ഗ്രേറ്റർ ജൊഹാനസ്ബർഗ് മെട്രൊപൊളിറ്റൻ പ്രദേശത്തിലെ ജനസംഖ്യ 7,151,447 ആണ്. മുൻസിപ്പൽ നഗരത്തിന്റെ വിസ്തൃതി 1,645 ചതുരശ്ര കിലോമീറ്ററാണ്. മറ്റ് നഗരങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ ഉയർന്നതായതിനാൽ ഇവിടുത്തെ ജനസാന്ദ്രത ഇടത്തരമാണ് (2,364/ചതുരശ്ര കിലോമീറ്റർ).

തച്ചനാടൻ മൂപ്പന്മാർ

വയനാട് ജില്ലയിൽ കാണപ്പെടുന്ന ഒരു ആദിവാസി വർഗമാണ് തച്ചനാടൻ മൂപ്പൻ. തച്ചനാട് എന്ന സ്ഥലത്തുനിന്ന് വയനാട്ടിലേക്ക് കുടിയേറിയവരായതിനാലാണ് ഈ പേര് ലഭിച്ചതെന്ന് പറയപ്പെടുന്നു. ഇവരുടെ യഥാർത്ഥ പേര് കൂടന്മാർ എന്നാണെന്നും ഒരു അഭിപ്രായമുണ്ട്. പ്രാകൃതമായ മലയാളമാണ് ഇവരുടെ ഭാഷ. ഏകദേശം ആയിരത്തഞ്ഞൂറോളം അംഗങ്ങളുള്ള ഈ വർഗത്തെ സർക്കാറിന്റെ ആദിവാസിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.

ചാലിയാർ പുഴയിൽനിന്ന് സ്വർണം അരിച്ചെടുക്കുന്നവരായിരുന്നു കൂടന്മാർ. ഇവരിൽ തച്ചനാട് നിന്ന് പുറപ്പെട്ടവർ പിന്നീട് തച്ചനാടൻ മൂപ്പന്മാരായി. മുമ്പ് തേനും മറ്റ് വനവിഭവങ്ങളുമൊക്കെ ശേഖരിച്ചിരുന്ന ഇവർ ഇപ്പോൾ കർഷകത്തൊഴിലാളികളാണ്. അമ്പും വില്ലും ഉപയോഗിച്ച് വേട്ടയാടുന്ന പതിവും ഇവർക്കുണ്ട്.

കോഴിക്കോട്ടുനിന്നും വയനാട്ടിൽ കൂടിയും, നിലമ്പൂർ വഴിയും നീലഗിരിയ്ക്കു പോകുന്ന റോഡുകൾ സന്ധിക്കുന്ന നാടുകാണി ചുരത്തിന്നടുത്ത് തച്ചനാട് എന്ന പേരിൽ ഒരു സ്ഥലമുണ്ടെന്നും , ആ സ്ഥലത്തുനിന്ന് വന്നവരാണു തങ്ങളെന്നും, തച്ചനാടൻ മൂപ്പന്മാർ അവകാശപ്പെടുന്നു. നാടുകാണി ചുരത്തിൽ നിന്ന് ഒരു വഴിക്കിറങ്ങിയാൽ നിലമ്പൂരിൽ എത്തുമെന്നുള്ളതു കൊണ്ട് തച്ചനാട്ടു നിന്ന് പുറപ്പെട്ട ഒരു വിഭാഗം തച്ചനാടന്മാർ നിലമ്പൂർ ചുരം വഴി നിലമ്പൂരിലേക്ക് വന്നിരിക്കാം. നിലമ്പൂരിലെ ചാലിയാർ പുഴ യിൽ നിന്ന് സ്വർണ്ണം അരിച്ചെടുക്കുന്ന തൊഴിൽ കൊണ്ടു ജീവിതം കഴിച്ചു വന്ന ഒരു കൂട്ടമാളുകൾ കൂടന്മാരെന്ന പേരിൽ അറിയപ്പെട്ടു. ഈ കൂടന്മാരിലും വയനാട്ടിലെ തച്ചനാടന്മാരിലും പൊതുവായ ചില ആചാരങ്ങൾ കണ്ടുവരുന്നു. അതിനാൽ നാടുകാണി ചുരത്തിലെ തച്ചനാട്ടു നിന്ന് വന്ന കൂടന്മാരായിരുന്നു ഇവർ എന്ന് മനസ്സിലാക്കാം.

തച്ചനാടന്മാർ താമസിക്കുന്നത് മലയോരങ്ങളിലാണു. തൊട്ടുതൊട്ടുള്ള ചെറിയ ഉയരം കുറഞ്ഞ വീടുകൾ അവർ വൃത്തിയായി സൂക്ഷിക്കുന്നു. മതിലുകൾ മുളകൊണ്ട് ഉണ്ടാക്കുന്നു. ഇവർ കാർഷിക തൊഴിലാളികൾ കൂടിയാണു.

തിടമ്പു നൃത്തം

കേരളത്തിൽ കാസർഗോഡ്, കണ്ണൂർ,കോഴിക്കോട് തുടങ്ങിയ മലബാർ ഭാഗങ്ങളിൽ പ്രസിദ്ധിയാർജ്ജിച്ച പ്രധാനപ്പെട്ട ഒരു കലാരൂപമാണ് തിടമ്പു നൃത്തം. ക്ഷേത്രകലകളുടെ വിഭാഗത്തിൽ പെടുത്താവുന്ന ഒരു നൃത്തരൂപമാണ് ഇത്. 600വർഷങ്ങളിലേറേ പഴക്കം ഈ കലാരൂപം അവകാശപ്പെടുന്നു. പ്രധാനമായും കേരള ബ്രാഹ്മണരായ നമ്പൂതിരിമാരും, അമ്പലവാസി വിഭാഗക്കാരായ മാരാന്മാരും ആണ് അവതരിപ്പിക്കുന്നത്. നമ്പൂതിരിമാരുടെ സഹായികളായി നമ്പീശൻ, വാരിയർ, ഉണ്ണിത്തിരി സമുദായക്കാരും പങ്കുചേരുന്നു.

കണ്ണൂർ, കാസർകോട് ജില്ലകളിൽ പ്രചാരത്തിലുള്ള ഒരു ക്ഷേത്രനൃത്തകല. ക്ഷേത്രത്തിലെ ശീവേലിയോടനുബന്ധിച്ച് ദേവീദേവന്മാരുടെ വിഗ്രഹം (തിടമ്പ്) എഴുന്നള്ളിക്കുന്ന വേളയിൽ ഈ തിടമ്പ് തലയിലേറ്റി നൃത്തം വയ്ക്കുന്നതാണ് തിടമ്പുനൃത്തം. നമ്പൂതിരി സമുദായത്തിൽപ്പെട്ടവരാണ് ഇത് അവതരിപ്പിക്കുന്നത്. അപൂർവമായി എമ്പ്രാന്തിരിമാരും തുളു ബ്രാഹ്മണരും തിടമ്പുനൃത്തം ചെയ്യുന്നവരാണ്. പുരുഷന്മാരാണ് ഇത് അവതരിപ്പിക്കുന്നത്. തിടമ്പുനൃത്തം ചെയ്യുന്ന നമ്പൂതിരിക്കുപുറമേ ഏഴുവാദ്യക്കാരും രണ്ടു വിളക്കു പിടിക്കുന്നവരും ഉണ്ടായിരിക്കും. മാരാർ, പൊതുവാൾ എന്നീ സമുദായക്കാരാണ് വാദ്യക്കാർ. ക്ഷേത്രത്തിൽ പൂവും മാലയും ഒരുക്കുന്ന നമ്പീശൻ, പുഷ്പകൻ, വാര്യർ, ഷാരോടി, ഉണ്ണിത്തിരി എന്നീ സമുദായക്കാർക്കാണ് വിളക്കുപിടിക്കാനുള്ള അവകാശം. കുംഭം, മീനം എന്നീ മാസങ്ങളിലാണ് തിടമ്പുനൃത്തം അവതരിപ്പിക്കാറുള്ളത്. 'കൊട്ടിയുറച്ചിൽ' എന്ന ചടങ്ങോടുകൂടിയാണ് നൃത്തം ആരംഭിക്കുന്നത്. നൃത്തം ചെയ്യുമ്പോൾ നർത്തകൻ ഒരു കൈകൊണ്ട് തിടമ്പിന്റെ പീഠഭാഗം പിടിക്കുകയും മറ്റേക്കൈ മുഷ്ടി മുദ്രയിൽ ഉടക്കി നെഞ്ചിനോട് ചേർത്തുപിടിക്കുകയും ചെയ്യും. നൃത്തം ചെയ്തുകൊണ്ട് ക്ഷേത്രപ്രദക്ഷിണം ചെയ്യുന്നു. കൊട്ടിന്റെ താളത്തിനനുസരിച്ചാണ് നൃത്തം. താളം മുറുകുന്നതിനനുസരിച്ച് കലാശമെടുക്കും. അടന്ത, ചെമ്പട, പഞ്ചാരി എന്നീ താളങ്ങൾക്കുപുറമേ 'തകിലടി' എന്നൊരു താളവും തിടമ്പുനൃത്തത്തിലുണ്ട്. അലക്കിയ വസ്ത്രം തറ്റുടുക്കുന്നതുപോലെ ഞൊറിഞ്ഞുടുത്ത്, ഉത്തരീയവും ധരിക്കുന്നു. തലയിൽ ഉഷ്ണപീഠം എന്ന തലപ്പാവും അതിന്റെ വക്കിൽ സ്വർണം കൊണ്ടുള്ള നെറ്റിപ്പട്ടവും ഉണ്ടാകും. കാതിൽ കുണ്ഡലം, കഴുത്തിൽ മാല, കൈകളിൽ വള തുടങ്ങിയവ നർത്തകന്റെ വേഷവിധാനമാണ്. ചെണ്ട, വീക്കൻചെണ്ട, ഇലത്താളം, കുറുംകുഴൽ, ശംഖ് എന്നിവയാണ് തിടമ്പുനൃത്തത്തിലെ വാദ്യോപകരണങ്ങൾ.

പലേഡിയം

അണുസംഖ്യ 46 ആയ മൂലകമാണ് പലേഡിയം. Pd ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. അപൂർവവും തിളക്കമുള്ളതും വെള്ളികലർന്ന വെള്ള നിറമുള്ളതുമായ ഒരു ലോഹമാണിത്. 1803-ൽ വില്യം ഹൈഡ് വൊളാസ്റ്റൺ എന്ന രസതന്ത്രജ്ഞനാണ് ഈ ലോഹം കണ്ടെത്തിയത്.

പലേഡിയം, പ്ലാറ്റിനം, റോഡിയം, റുഥെനിയം, ഇറിഡിയം, ഓസ്മിയം എന്നീ മൂലകങ്ങളാണ് പ്ലാറ്റിനം ഗ്രൂപ്പ് മൂലകങ്ങൾ (PGMs) എന്ന് അറിയപ്പെടുന്നത് . എല്ലാ പിഎംജികളും സമാന സ്വഭാവങ്ങൾ കാണിക്കുന്നുവെങ്കിലും പലേഡിയം അവയിൽ നിന്ന് അൽപം വ്യത്യാസം കാണിക്കുന്നു. ഇവയിൽ ഏറ്റവും താഴ്ന്ന ദ്രവണാങ്കവും സാന്ദ്രതയും പലാഡിയത്തിനാണ്. റൂം താപനിലയിലും അന്തരീക്ഷ മർദ്ദത്തിലും ആയിരിക്കുമ്പോൾ പലേഡിയത്തിന് അതിന്റെ വ്യാപ്തത്തിന്റെ 900 മടങ്ങ് ഹൈഡ്രജനെ വലിച്ചെടുക്കാനാകും. ഈ ലോഹം ക്ലാവ് പിടിക്കലിനെതിരെയും രാസപരമായ ദ്രവിക്കലിനെതിരെയും ഉയർന്ന താപത്തിനെതിരെയും പ്രതിരോധമുള്ളതും വൈദ്യുതപരമായി സ്ഥിരതയുള്ളതുമാണ്.

XPD, 964 എന്നിവയാണ് പലേഡിയത്തിന്റെ ഐഎസ്ഒ കറൻസി കോഡുകൾ. ഇത്തരം കോഡുള്ള നാല് ലോഹങ്ങളിൽ ഒന്നാണ് പലേഡിയം. സ്വർണം, വെള്ളി, പ്ലാറ്റിനം എന്നിവയാണ് മറ്റുള്ളവ.

പാദസരം

കുട്ടികളും സ്ത്രീകളും കാലിൽ അണിയുന്ന ഒരു ആഭരണമാണ് പാദസരം അഥവാ കൊലുസ്. വെള്ളി കൊണ്ടും സ്വർണ്ണം കൊണ്ടും ഉള്ള ആഭരണങ്ങളാണ് കൂടുതലായി ഉപയോഗിക്കപ്പെടുന്നത്. പാദസരത്തിൽ നടക്കുമ്പോൾ ശബ്ദമുണ്ടാക്കുവാനായി ചെറിയ മണികൾ ഘടിപ്പിക്കാറുണ്ട്. വെള്ളിയിലാണ് ശബ്ദോന്നതി ലഭ്യമാകുക എന്നതിനാൽ കൂടുതലായും ഇത്തരം മണികൾ ഉപയോഗിക്കുന്നത് വെള്ളി പാദസരങ്ങളിലാണ്. സ്വർണം, പ്ലാറ്റിനം, വൈറ്റ് ഗോൾഡ്‌, ഡയമണ്ട് പാദസരങ്ങളിലും കിലുങ്ങുന്ന മണികൾ ഉപയോഗിക്കാറുണ്ട് . മുപ്പതു രൂപ വില വരുന്ന ഫാൻസി പാദസരങ്ങൾ മുതൽ ലക്ഷങ്ങൾ വില വരുന്ന ഡയമണ്ട് കൊലുസുകൾ വരെ സ്ത്രീകൾ കാലിൽ അണിയുന്നു.

പ്ലാറ്റിനം

അണുസംഖ്യ 78 ആയ മൂലകമാണ് പ്ലാറ്റിനം. Pt ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. ആവർത്തനപ്പട്ടികയിലെ 10ആം ഗ്രൂപ്പിലാണ് ഇത് ഉൾപ്പെടുന്നത്. പ്ലാറ്റിനം ഭാരമേറിയതും അടിച്ച് പരത്താവുന്നതും ഡക്ടൈലും അമൂല്യവുമായ ഒരു സംക്രമണ മൂലകമാണ്. ചാരനിറം കലർന്ന വെള്ളനിറമാണിതിന്. നാശനത്തിനെതിരെ പ്രതിരോധമുള്ള ഒരു മൂലകമാണിത്. ചില നിക്കൽ, കോപ്പർ അയിരുകളിൽ പ്ലാറ്റിനം കാണപ്പെടുന്നു. പ്ലാറ്റിനം ബുല്യണിന്റെ ഐഎസ്ഒ കറൻസി കോഡ് XPT എന്നാണ്.

മോതിരം (ആഭരണം)

കൈവിരലുകളിൽ അണിയുന്ന ആഭരണമാണ് മോതിരം. സാധാരണയായി സ്വർണം, വെള്ളി, പ്ലാറ്റിനം, ചെമ്പ് മുതലായ ലോഹങ്ങൾ ഉപയോഗിച്ചുള്ള ലോഹക്കൂട്ടുകളിലാണ്‌ മോതിരങ്ങൾ നിർമ്മിക്കുന്നത്. പ്ലാസ്റ്റിക്കിലും തടിയിലും ഗ്ലാസിലും മറ്റും നിർമ്മിക്കപ്പെടുന്ന മോതിരങ്ങളും സാധാരണയാണ്. പുരുഷന്മാരും സ്ത്രീകളും മോതിരം അണിയാറുണ്ട്. മോതിരത്തിന് ആദിയും അവസാനവുമില്ല (അഗ്രമില്ലാത്തിനാൽ) എന്ൻ വിശ്വസിക്കപ്പെടുന്നതിനാൽ വിവാഹബന്ധത്തെ സൂചിപ്പിക്കാനായി മോതിരമാണ്‌ ഉപയോഗിച്ചുവരുന്നത്.

പരമ്പരാഗതമായി മോതിരം ധരിക്കുന്നത് ചെറുവിരലിനു തൊട്ടുള്ള മോതിരവിലിലാണ്‌. എങ്കിലും മറ്റേതുവിരലിലും മോതിരം ധരിക്കുന്നതിനും തടസ്സമില്ല.

വള

സാധാരണയായി സ്ത്രീകൾ കൈയ്യിലണിയുന്ന ഒരു ആഭരണമാണ് വള. സ്വർണ്ണം, വെള്ളി, പ്ലാറ്റിനം, സ്ഫടികം, പ്ലാസ്റ്റിക്ക്, മരം, റബർ, ഇരുമ്പ് തുടങ്ങിയവ കൊണ്ട് വള നിർമ്മിക്കാറുണ്ട്. സ്വർണം കൊണ്ടുള്ള ആഭരണങ്ങൾ ആർഭാടമായി കരുതപ്പെടുന്നു.

വെള്ളി

മൃദുവും, വെളുത്ത നിറത്തിലുള്ളതും, തിളക്കമേറിയതുമായ ഒരു ലോഹമാണ് വെള്ളി അഥവാ രജതം (ഇംഗ്ലീഷ്: Silver). ആവർത്തനപ്പട്ടികയിൽ സംക്രമണമൂലകങ്ങളുടെ കൂട്ടത്തിലാണ് ഇതിന്റെ സ്ഥാനം. വെള്ളിയുടെ ആറ്റോമിക സംഖ്യ 47 ആണ്. പ്രതീകം: Ag. എല്ലാ ലോഹങ്ങളിലും വച്ച് ഏറ്റവും കൂടുതൽ താപ വൈദ്യുത ചാലകത പ്രകടിപ്പിക്കുന്നത് വെള്ളിയാണ്. പ്രകൃതിയിൽ ഇത് ധാതു രൂപത്തിലും അല്ലാതെ സ്വതന്ത്രമായും ഇത് കാണപ്പെടുന്നു. നാണയങ്ങൾ, ആഭരണങ്ങൾ, കരണ്ടികൾ, പാത്രങ്ങൾ, കണ്ണാടികൾ എന്നിവയുടെ നിർമ്മാണത്തിനും ഛായഗ്രഹണമേഖലയിലും വെള്ളി ഉപയോഗിക്കുന്നു.

തരങ്ങൾ
നിർമാണം
അസംസ്കൃതവസ്തുക്കൾ
പ്രയോഗങ്ങൾ

ഇതരഭാഷകളിൽ

This page is based on a Wikipedia article written by authors (here).
Text is available under the CC BY-SA 3.0 license; additional terms may apply.
Images, videos and audio are available under their respective licenses.