ഭൂമിശാസ്ത്രനിർദ്ദേശാങ്കവ്യവസ്ഥ

ഭൂമിയിലെ സ്ഥലങ്ങളുടെ സ്ഥാനം സൂചിപ്പിക്കുന്നതിന്‌ ഉപയോഗിക്കുന്ന നിർദ്ദേശാങ്കവ്യവസ്ഥയാണു് ഭൂമിശാസ്ത്രനിർദ്ദേശാങ്കവ്യവസ്ഥ അഥവാ ജ്യോഗ്രഫിക് കോർഡിനേറ്റ് സിസ്റ്റം (Geographic Coordinate System). ഖഗോളനിർദ്ദേശാങ്കവ്യവസ്ഥകളിലെ ഒരു ഉപവിഭാഗമാണു് ഇതു്. ഒരു ത്രിമാന ഗോളീയ ഉപരിതലമാണ്‌ ഇതിൽ ഉപയോഗപ്പെടുത്തുന്നത്. ഭൂമിയിലെ വിവിധ പ്രദേശങ്ങൾക്കനുയോജ്യമായ തരത്തിൽ ഭൂപടങ്ങൾ നിർമ്മിക്കുന്നതിന്‌ പലതരത്തിലുള്ള ഭൂമിശാസ്ത്രനിർദ്ദേശാങ്കവ്യവസ്ഥ ഉപയോഗിക്കുന്നുണ്ട്.

ഘടകങ്ങൾ

ഒരു കോണീയ ഏകകം (Angular unit), ഒരു പ്രൈം മെറിഡിയൻ, ഒരു ഗോളാഭം ആധാരമാക്കിയുള്ള മാപ്പ് ഡാറ്റം എന്നിവയാണ്‌ ജി.സി.എസിന്റെ ഘടകങ്ങൾ. ഭൂപടം നിർമ്മിക്കേണ്ടുന്ന പ്രദേശത്തിനനുസരിച്ച്, തിരഞ്ഞെടുക്കുന്ന ഗോളാഭത്തിന്റെ രൂപത്തിന് (അതായത് മാപ്പ് ഡേറ്റത്തിന്) വ്യത്യാസമുണ്ടാകും. ഭൗമോപരിതലത്തിന്റെ മൊത്തത്തിലുള്ള ഭൂപടങ്ങൾ നിർമ്മിക്കുന്നതിന് ഇന്ന് സാർവ്വത്രികമായി ഉപയോഗിക്കുന്ന മാപ്പ് ഡേറ്റം ഡബ്ല്യൂ.ജി.എസ്. 84 ആണ്.

ഭൗമോപരിതലത്തിലെ ഒരു ബിന്ദുവിനെ കുറിക്കുന്നതിന്‌ രേഖാംശം(longitude), അക്ഷാംശം (latitude) എന്നീ അളവുകളാണ്‌ ഉപയോഗിക്കുന്നത്. ഭൗമകേന്ദ്രത്തിൽ നിന്ന് അതായത് ഉപയോഗിക്കുന്ന ഗോളാഭത്തിന്റെ കേന്ദ്രത്തിൽനിന്ന് പ്രസ്തുതബിന്ദുവിലേക്കുള്ള കോണളവുകളാണ്‌ രേഖാംശവും അക്ഷാംശവും. രേഖാംശവും അക്ഷാംശവും അളക്കുന്നത് പൊതുവേ ഡിഗ്രിയിലാണ്‌.

float

ഗോളീയരീതിയിൽ തിരശ്ചീനമായി സ്ഥിതി ചെയ്യുന്ന ഓരോ രേഖയിലേയും അക്ഷാംശം എല്ലായിടത്തും ഒന്നു തന്നെയായിരിക്കും. ഈ രേഖകൾ, കിഴക്കു-പടിഞ്ഞാറൻ രേഖകൾ, അക്ഷാംശരേഖകൾ, പാരലലുകൾ (parallels) തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നു. ലംബമായി സ്ഥിതി ചെയ്യുന്ന രേഖകളലോരോന്നിലും രേഖാംശം തുല്യമായിരിക്കും. ഇവയെ ലംബരേഖകൾ, വടക്കു-തെക്ക് രേഖകൾ, രേഖാംശരേഖകൾ, മെറിഡിയനുകൾ (meridians) തുടങ്ങിയ നാമങ്ങളിൽ അറിയപ്പെടുന്നു. ഈ രേഖകൾ ചേർന്നുണ്ടാകുന്ന ജാലിശൃംഖലയെ ഗ്രാറ്റിക്യൂൾ (graticule) എന്നും പറയ്പ്പെടുന്നു.

ഇരുധ്രുവങ്ങൾക്കും മധ്യത്തിലായി നിലകൊള്ളുന്ന അക്ഷാംശരേഖയാണ്‌ മദ്ധ്യരേഖ അഥവാ ഭൂമദ്ധ്യരേഖ (equator). ഈ രേഖയുടെ അക്ഷാംശം 0 ഡിഗ്രിയാണ്‌.

0 ഡിഗ്രി രേഖാംശം കണക്കാക്കുന്ന രേഖയെയാണ്‌ പ്രൈം മെറിഡിയൻ എന്നു പറയുന്നത്. മിക്കവാറും ജ്യോഗ്രഫിക് കോഓർഡിനേറ്റ് സിസ്റ്റങ്ങളും ഇംഗ്ലണ്ടിലെ ഗ്രീനിച്ചിലൂടെ കടന്നു പോകുന്ന രേഖാംശരേഖയെയാണ്‌ പ്രൈം മെറിഡിയൻ ആയി കണക്കാക്കുന്നത്. ബേൺ, ബൊഗോട്ട, പാരീസ് തുടങ്ങിയ സ്ഥലങ്ങളിലൂടെ കടന്നു പോകുന്ന രേഖാംശരേഖകളെ പ്രൈം മെറിഡിയനായി കണക്കാക്കുന്ന ജി.സി.എസുകളും ചില രാജ്യങ്ങൾ ഉപയോഗിക്കുന്നുണ്ട്.

മദ്ധ്യരേഖയും, പ്രൈം മെറിഡിയനും കൂട്ടിമുട്ടുന്ന ബിന്ദുവാണ്‌ ഗ്രാറ്റിക്യൂളിന്റെ പ്രാരംഭബിന്ദു (origin). ഇവിടത്തെ അക്ഷാംശവും രേഖാംശവും (0,0) ആയിരിക്കും.

ഇതും കാണുക

ഖഗോളനിർദ്ദേശാങ്കങ്ങൾ

ഖഗോളനിർദ്ദേശാങ്കങ്ങൾ

ജ്യോതിശാസ്ത്രത്തിലും ഖഗോളബലതന്ത്രത്തിലും ഒരു ഖഗോളവസ്തുവിന്റെ സ്ഥാനം, അകലം എന്നിവ നിർണ്ണയിക്കുന്നതിനു് വ്യത്യസ്ത നിർദ്ദേശാങ്കസമ്പ്രദായങ്ങൾ ഉപയോഗിക്കുന്നു. ദൂരം ഉൾപ്പെടെ കണക്കിലെടുക്കാവുന്ന ത്രിമാനഭാവത്തിലുള്ള രീതികളും ദൂരത്തിനു് പ്രാധാന്യമില്ലാതെ, ദിശ മാത്രം പരിഗണിക്കുന്ന രീതികളും നിലവിലുണ്ടു്.

മുഖ്യമായും അഞ്ചുതരത്തിലുള്ള നിർദ്ദേശാങ്കരീതികളാണു് ഖഗോളശാസ്ത്രങ്ങളിൽ ഉപയോഗിക്കുന്നതു്. എല്ലാ രീതികളിലും ലംബമായോ തിരശ്ചീനമായോ ഒരു അടിസ്ഥാനതലവും ആ തലത്തിൽ നിന്നും അഭിലംബം(normal) ആയ രണ്ടു ധ്രുവബിന്ദുക്കളും ഉണ്ടായിരിക്കും.

നിർദ്ദേശാങ്കങ്ങളുടെ ചട്ടക്കൂടിന്റെ മൂലബിന്ദു (Origin) ഭൂമിയുടെ കേന്ദ്രമോ നിരീക്ഷകന്റെ സ്വന്തം സ്ഥാനമോ ആയിരിക്കാം. ധ്രുവങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന രേഖ അടിസ്ഥാനതലത്തിനു ലംബമായി കടന്നുപോകുന്നു.

ദിഗംശം

ഗോളനിർദ്ദേശാങ്കവ്യവസ്ഥകളിൽ, ഒരു നിശ്ചിതസ്ഥാനത്തുനിന്നും നോക്കുമ്പോൾ മറ്റൊരു സ്ഥാനത്തേക്കുള്ള തിരശ്ചീനമായ കോണീയ അകലത്തെയാണു് ദിഗംശം അഥവാ അസിമുത്ത്(azimuth) എന്നു പറയുന്നതു് . ഉദാഹരണത്തിനു്, ഭൂമിയിലെ ഒരു നിശ്ചിതസ്ഥാനത്തുനിന്നും ഒരു വസ്തുവിനെ നോക്കുന്ന ദിശ, ആ സ്ഥാനത്തുനിന്നും ഭൂമിയുടെ ഉത്തരധ്രുവത്തിലേക്കുള്ള ദിശയുമായി നിർണ്ണയിക്കുന്ന കോണളവ് ആ വസ്തുവിന്റെ ദിഗംശം ആകുന്നു.

സാധാരണഗതിയിൽ ഉത്തരദിശയെ അടിസ്ഥാനമാക്കി പ്രദക്ഷിണദിശയിലാണ് അസിമുത്ത് അളക്കുന്നത്. അതുകൊണ്ട് ഈ രീതിയെ നോർത്ത് അസിമുത്ത് എന്നും പറയാറുണ്ട്. എന്നാൽ x അക്ഷത്തിൽ നിന്ന്, അതായത് കിഴക്കുദിക്കിൽ നിന്നിൽ അപ്രദക്ഷിണദിശയിൽ അസിമുത്ത് അളക്കുന്ന ശൈലിയുമുണ്ട്. ഇതിനെ പോളാർ രീതി എന്നുപറയുന്നു.

ഒരു തിരശ്ചീനതലത്തിലേക്കു് പ്രലംബനം (project) ചെയ്ത ദിശയെയാണു് ദിഗംശമായി പരിഗണിക്കുന്നതു്. ദിശയുടെ ഉന്നതി (altitude) ദിഗംശത്തിൽ കണക്കിലെടുക്കുന്നില്ല.

വാസ്തുവിദ്യ, നാവികശാസ്ത്രം, വ്യോമശാസ്ത്രം, ദൂരദർശിനികൾ, റേഡിയോ തരംഗങ്ങൾ ഉപയോഗിച്ചുള്ള ആശയവിനിമയം, ആന്റിനകൾ, ഉപഗ്രഹങ്ങൾ, ഭൂസ്ഥാനനിർണ്ണയം തുടങ്ങി ഖഗോളജ്യോതിശാസ്ത്രം വരെയുള്ള വ്യത്യസ്തമേഖലകളിൽ ദിഗംശം ഒരു പ്രധാന അളവായി ഉപയോഗിക്കുന്നുണ്ടു്.

ഭൂമിയിലെ വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നും നിരീക്ഷിക്കുമ്പോൾ ഒരേ വസ്തുവിന്റെ ദിഗംശം തന്നെ വ്യത്യസ്തമായിരിക്കും.

ഒരു നിരീക്ഷണബിന്ദുവിൽ നിന്നും ഒരു വസ്തുവിന്റെ ആപേക്ഷികസ്ഥാനം നിർണ്ണയിക്കാൻ ദിഗംശത്തിനോടൊപ്പം ഉപയോഗിക്കുന്ന മറ്റൊരു കോണളവാണു് ഉന്നതി. ദിഗംശം തിരശ്ചീനമായ കോണളവും ഉന്നതി ലംബമായ കോണളവുമാണു് നൽകുന്നതു്.

മിനിറ്റ്

സമയം അല്ലെങ്കിൽ കോണിന്റെ ഒരു ഏകകം ആണ് മിനിറ്റ്. ഒരു ഏകകം എന്ന നിലയിൽ, ഒരു മിനിറ്റ് എന്നത് ഒരു മണിക്കൂറിന്റെ അറുപതിൽ ഒരംശം എന്നോ അല്ലെങ്കിൽ 60 സെക്കന്റുകൾ എന്നോ പറയാം. അന്താരാഷ്ട്രസമയക്രമത്തിൽ, ഒരു മിനിറ്റ് നേരം എന്നത് ലീപ് സെക്കന്റുകളുടെ അനന്തരഫലമായി 61 സെക്കൻ്റുകളാവുന്ന അപൂർവ്വം സന്ദർഭങ്ങളുണ്ട് (നെഗറ്റീവ് ലീപ് സെക്കന്റ് ചേർക്കുന്നതിനുള്ള ഒരു സംവിധാനം ഉണ്ട്, ഇത് 59 സെക്കന്റ് മിനിറ്റിന് ഇടയാക്കും, എന്നാൽ ഈ സംവിധാനത്തിൽ ഇത് 40 വർഷങ്ങൾക്കപ്പുറം ഒരിക്കലും സംഭവിച്ചിട്ടില്ല). കോണിന്റെ ഒരു ഏകകം എന്ന നിലയിൽ ആർക്ക് മിനിറ്റ് ഒരു ഡിഗ്രിയുടെ അറുപതിൽ ഒരംശം എന്നോ അല്ലെങ്കിൽ 60 ആർക്ക് സെക്കന്റുകൾ എന്നോ പറയാം.

Circles of latitude / Meridians

ഇതരഭാഷകളിൽ

This page is based on a Wikipedia article written by authors (here).
Text is available under the CC BY-SA 3.0 license; additional terms may apply.
Images, videos and audio are available under their respective licenses.