ദൈവശാസ്ത്രം

മതം അതിന്റെ സ്വാധീനം മതപരമായ സത്യങ്ങളുടെ സ്വഭാവം എന്നിവയെപ്പറ്റിയുള്ള യുക്തിപൂർവകവും വ്യവസ്ഥാപിതവുമായ പഠനമാണ് ദൈവശാസ്ത്രം[1]. പലപ്പോഴും ഇതു മതപഠനത്തിൽ നിന്നും വ്യത്യസ്തമാവാറുണ്ട്. ദൈവവും പ്രപഞ്ചവുമായുള്ള ബന്ധം, ദിവ്യമായ കാര്യങ്ങളുടെ അല്ലെങ്കിൽ മതപരമായ സത്യങ്ങളുടെ വസ്തുനിഷ്ഠമായ അപഗ്രഥനം, എന്നിവയാണ് ദൈവശാസ്ത്രത്തിന്റെ പ്രധാന പഠനമേഖലകൾ.

പദോല്പത്തി

ഇംഗ്ലീഷിലും മറ്റു പല യൂറോപ്യൻ ഭാഷകളിലും ദൈവശാസ്ത്രത്തിനു 'തിയോളജി' എന്ന പേരാണുള്ളത്. ഥെയോസ്, ലോഗോസ് എന്നീ പദങ്ങൾ ചേർന്നുണ്ടായ ഗ്രീക്കു ഭാഷയിലെ ഥെയോലോജിയ ലത്തീനിലേക്ക് കടന്ന് ഇംഗ്ലിഷിലും മറ്റും എത്തിയപ്പോൾ തിയോളജി ആയി മാറി. ഥെയോസ് എന്നാൽ ദേവൻ, ദൈവം, ഈശ്വരൻ എന്നൊക്കെയാണർത്ഥം. ലോഗോസിന് ശബ്ദം, വചനം എന്നുമൊക്കെയർത്ഥം. ദൈവത്തെപ്പറ്റിയുള്ള ചിന്തകളും അന്വേഷണങ്ങളും, യുക്തി വിചാരങ്ങളും, മറ്റും ദൈവശാസ്ത്രത്തിന്റെ പരിധിയിൽ വരുന്നു എന്നാണ് ഈ പേരിന്റെ സൂചന.

വിവിധ മതങ്ങളിൽ

പുരാതനകാലത്ത് മനുഷ്യന്റെ ദൈവാന്വേഷണം ആധുനികമായ അർത്ഥത്തിൽ ശാസ്ത്രീയമോ ചിട്ടപ്പെടുത്തിയതോ ആയിരുന്നില്ല. ദൈവ ചിന്ത ശാസ്ത്രീയമാക്കാൻ വഴിവെച്ചത് സോക്രട്ടീസും തുടർന്ന് പ്ലേറ്റോയുമാണു. അവർ പുരാതന ദൈവികകാഴ്ചപ്പാടുകളിലെ യുക്തിഹീനതകളെ ചോദ്യം ചെയ്തിരുന്നു. B.C.384-322ൽ ജീവിച്ചിരുന്ന അരിസ്റ്റോട്ടിലാണു ദൈവശാസ്ത്രത്തിൽ ശാസ്ത്രീയതയുടെ ആവശ്യം മനസ്സിലാക്കി പ്രവർത്തിച്ചിട്ടുള്ളത്. ഗണിതശാസ്ത്രം, പ്രകൃതി ശാസ്ത്രം, ദൈവ ശാസ്ത്രം എന്നീ മൂന്ന് ദാർശനീക വിഭാഗങ്ങളായിട്ടാണു തിയോളജി പ്രവർത്തിക്കുന്നത്. അരിസ്റ്റോട്ടിൽ ശാസ്ത്രങ്ങളുടെ ശാസ്ത്രമെന്നു പേരിട്ടു വിളിച്ച തിയോളജിയാണു പിൽക്കാലത്ത് മെറ്റാഫിസിക്സ് എന്നറിയപ്പെടുന്നത്. അദ്ദേഹം 12 ഗ്രന്ഥങ്ങളാണു അതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. സത്യാന്വേഷണചരിത്രവും, പ്രപഞ്ചജ്ഞാനവും, ശാസ്ത്രീയതയുടെ പ്രാധാന്യവും, മനുഷ്യചിന്തയേയും അറിവിനെയും ഭരിക്കുന്ന പൊതുനിയമത്തെയും അതിൽ എടുത്തുകാണിച്ചിട്ടുണ്ട്.

അരിസ്റ്റോട്ടിലിന്റെ അഭിപ്രായത്തിൽ, "മനുഷ്യന്റെ വിജ്ഞാന സൗഭാഗ്യതൃഷ്ണകളുടെ തുടക്കവും,അവസാനവും ദൈവമാണു. ദൈവത്തിൽ നിന്നും ലഭിക്കുന്ന പ്രത്യേക വെളിച്ചം ഒരു ജീവിയിൽ പ്രവേശിക്കുന്ന സംഭവമാണു മനുഷ്യനെ മനുഷ്യനാക്കുന്നതും, പ്രപഞ്ചത്തെപ്പറ്റിയുള്ള വസ്തുനിഷ്ഠമായ ജ്ഞാന സമ്പാദനത്തിനു സാധ്യത നൽകുന്നതും. ഈ വസ്തുതയാണു ധാർമ്മികജീവിതത്തിനുള്ള ആഹ്വാനവും അടിസ്ഥാനവും. മനുഷ്യ ജീവിതത്തിന്റെ അവിഭാജ്യഘടകമായ പ്രസ്തുത വെളിച്ചത്തിൽ ജീവിതത്തെ ക്രമീകരിക്കുമ്പോഴാണു നാം മനുഷ്യത്വത്തെ അംഗീകരിക്കുന്നതും, ജീവിതലക്ഷ്യത്തിലേക്ക് നീങ്ങുന്നതും".

തോമസ് അക്വിനാസിന്റെ(1225 -1274) കാഴ്ചപ്പാടിൽ രണ്ടുതരം തിയോളജിയാണുള്ളത്. ദാർശനികവും-വേദപരവും. ദൈവത്തെക്കുറിച്ചുള്ള അന്വേഷണത്വര അധികരിക്കുമ്പോഴാണു ദാർശനികത ഉടലെടുക്കുന്നത്. വ്യക്തികളുടെ അന്ത:സ്സത്ത അഥവാ വ്യക്തിത്വം അവർക്കു പുറമെ സ്വയം നിൽക്കുന്ന ഒരു വസ്തുവല്ല. അതേസമയം അതു വ്യക്തികൾക്കതീതമത്രേ. 'എൻസ് 'എന്ന് ലത്തീനിലും ബീയിങ് എന്ന് ഇംഗ്ലീഷിലും 'സത്' എന്ന് സംസ്കൃതത്തിലും 'ഉണ്ട്' എന്ന് മലയാളത്തിലും പറയുമ്പോൾ സംഭവിക്കുന്നത് സദ്ഭാവനാനുഭൂതിയുടെ പ്രകടനമാണു. ഇപ്രകാരം 'ഉണ്ട്' എന്ന് അജ്ഞാതവസ്തുവിനെ ഗ്രഹിച്ചശേഷമാണു എന്താണുള്ളതെന്നറിയാൻ മനസ്സ് നീങ്ങുക; അതാണു ജ്ഞാനം സദ്ഭാവനാനുഭൂതിയുടെ (അല്ലെങ്കിൽ സത്യാനുഭൂതിയുടെ) ഫലമാണെന്നാണ് അക്വിനാസിന്റെ മതം. അക്വിനാസിന്റെ കാഴ്ചപ്പാടിൽ ദൈവാസ്തിത്വജ്ഞാനത്തിലേക്ക് മനസ്സ് നീങ്ങുന്നത് പ്രധാനമായി മൂന്ന് മാർഗ്ഗങ്ങളിലൂടെയാണു. അവയിൽ ഒന്നാമത്തേത് സദ്ഭാവനാനുഭൂതിക്കും, സാരാംശദർശനത്തിനും പാത്രമായ മനുഷ്യന്റെ സാരാംശാപഗ്രഥനമാണു. മനുഷ്യനും പ്രകൃതിയിലെ ഒരു സൃഷ്ടിയാണു; പക്ഷേ, പ്രത്യേകതയുണ്ട്. ഒരു കാര്യം കണ്ടാൽ, കേട്ടാൽ ശ്രദ്ധിക്കാനും മനസ്സിലാക്കാനുമുള്ള (അവന് ദൈവം കൊടുത്ത) കഴിവ്. ദൈവത്തെ മനുഷ്യൻ അറിഞ്ഞുകൊണ്ടാണിരിക്കുന്നത്. ഈ അറിവ് വ്യക്തികൾ മനസ്സിലാക്കുന്നത്, പ്രപഞ്ചവസ്തുക്കളുമായുള്ള ദാർശനികവും ധാർമ്മികവും കലാപരവുമായ സമ്പർക്കത്തിൽ അനുഭവിച്ചറിയുന്ന ബുദ്ധികൊണ്ടാണ് അതിനാൽ ദൈവം മനുഷ്യാത്മാവിന്റെ ഉടമയാണെന്ന് അക്വിനാസ് വാദിക്കുന്നു.

ദൈവജ്ഞാനത്തിലേക്കുള്ള രണ്ടാമത്തെ മാർഗ്ഗം, ഏതെങ്കിലും പ്രപഞ്ചവസ്തുവെക്കുറിച്ച് തിരിച്ചറിവിന്റെ ഫലമായിട്ടുളവാകുന്ന ജ്ഞാനമാണു. നമുക്ക് കണ്ടെത്താൻ കഴിയുന്ന സാരത്തിന്റെ അതിരും ഘടകങ്ങളും ദർശിക്കുന്ന ചിന്താശക്തിയും ദർശിതസാദ്ധ്യതയുടെ ലഭ്യതയാഗ്രഹിക്കുന്ന ഇച്ഛാശക്തിയും കർമ്മശേഷിയും ഉള്ള ഒരു ശക്തിക്കേ ഇത്രയും കൃത്യമായ ഒരു ഘടനക്ക് അർത്ഥവും യാഥാർഥ്യവും നൽകാൻ കഴിയൂ.അർത്ഥവും വ്യക്തതയും ഉള്ള സർവ്വത്തിന്റെയും സ്രഷ്ടാവെന്ന നിലയിലും ദൈവം അറിയപ്പെടുന്നു.

ദൈവാസ്ഥിത്വ ജ്ഞാനത്തിലേക്കുള്ള മൂന്നാമത്തെ മാർഗ്ഗത്തിലേക്ക് അഞ്ചു സമാന്തരപാതകൾ അക്വിനാസ് വിവരിക്കുന്നു. ഇവിടെ കണ്ണുകൊണ്ട് കാണാൻ കഴിയുന്നതും മനസ്സിലാക്കാൻ പറ്റുന്നതുമായ കാര്യങ്ങൾ. വസ്തുക്കളുടെ ചലനം, പരസ്പരകാര്യകാരണബന്ധം, ഉത്ഭവവും നാശവും, താരതമ്യ ഗുണവ്യത്യാസങ്ങൾ, ക്രമീകൃതാവസ്ഥ എന്നീ അഞ്ചു കാര്യങ്ങളാണവ. ദൈവാസ്തിത്വത്തെക്കുറിച്ചുള്ള അക്വിനാസിന്റെ ദർശനത്തിനു ഉപനിഷത്തുകളുടെ അടിസ്ഥാനവീക്ഷണ ഗതിയുമായി അടുപ്പം കാണാനാവും."ആസ്ഥൈ ഇതി ഏവ ഉപലബ്ദസ്യ തത്ത്വഭാവപ്രസീദതി" സർവ്വത്തിന്റേയും സ്രഷ്ടാവ്, പരിപാലകൻ എന്നീ നിലകളിൽ ദൈവാസ്ഥിത്വമാണു സർവ്വോപരി പ്രത്യക്ഷമാവുക. ദൈവത്തിന്റെ സ്വഭാവത്തെ കൂടുതൽ അറിയാൻ നമ്മുടെ ഇന്ദ്രിയങ്ങൾക്ക് ദൈവം കഴിവു തന്നിട്ടില്ല. ആ അറിവ് ലഭിക്കണമെങ്കിൽ മനുഷ്യബുദ്ധി വ്യക്തിക്കതീതമായിരിക്കണം.[2]

ഡോ.എസ്.രാധാകൃഷ്ണന്റെ അഭിപ്രായത്തിൽ ,ആധുനിക പോസിറ്റിവിസവും എക്സിസ്റ്റൻഷ്യലിസവും ആരോഗ്യകരമായ ഒരു ചിന്താവിപ്ലവവും മാത്രം പോരാ,മനുഷ്യജീവിതം ഉൾക്കൊള്ളുന്ന അടിസ്ഥാനപ്രമാണങ്ങളുടെ നവീനവ്യാഖ്യാനം ഒരത്യാവശ്യമാണു. വിശ്വാസത്തിന്റെയും ശാസ്ത്രത്തിന്റെയും വിരോധിയല്ലാത്ത ഒരു തിയോളജിക്കേ ആധുനികമനുഷ്യൻ അന്വേഷിക്കുന്നതും എന്നാൽ കണ്ടെത്താത്തതുമായ ആരോഗ്യാവസ്ഥ പുന:സ്ഥാപിക്കാൻ സാധിക്കൂ.[3]

മാർട്ടിൻ ലൂഥറിന്റെ സംഭാവനകൾ

ദൈവശാസ്ത്രത്തിൽ സമൂലമായ പരിവർത്തനങ്ങൾ വരുത്തിക്കൊണ്ടാണ് മാർട്ടിൻ ലൂഥർ പ്രൊട്ടസ്റ്റന്റ് മതപരിഷ്കരണം ആരംഭിച്ചത്. മധ്യകാലപണ്ഡിതന്മാരുടെ സ്കൊളാസ്റ്റിക് സമീപനത്തെയും (Scholasticism) ക്രിസ്തീയചിന്തയിൽ അരിസ്റ്റോട്ടിലിനു നൽകിയ സ്ഥാനത്തേയും ലൂഥർ എതിർത്തു. ബൈബിൾ ആവിഷ്കരിച്ചിരിക്കുന്ന രീതിയിലുള്ള രക്ഷയുടെ സന്ദേശത്തെയും ധാർമ്മികതയേയും അദ്ദേഹം ഉയർത്തിക്കാട്ടി. തത്ത്വശാസ്ത്രപരമായ കല്പനകൾക്ക് (Philosophical concept) അദ്ദേഹം വലിയ പ്രാധാന്യം നല്കിയില്ല. മനുഷ്യന്റെ രക്ഷകനായിട്ടാണ് ദൈവത്തെ മാർട്ടിൻ ലൂഥർ കണ്ടത്. ലൂഥറിന്റെ വിശ്വാസസംഹിത 'കുരിശിന്റെ ദൈവശാസ്ത്രം' എന്നും അറിയപ്പെടുന്നു. ദൈവത്തിന്റെ ആന്തരികസത്താവിജ്ഞാനീയം (Ontology) എന്ന് അതിനെ വിശേഷിപ്പിക്കുവാൻ പറ്റുകയില്ല. ആലങ്കാരികമായ പ്രതിരൂപബന്ധത്തിൽ നിന്നല്ല, പ്രത്യുത ബൈബിളിൽ നിന്നു ജീവൻ തേടുന്ന ദൈവശാസ്ത്രം ആയിരുന്നു അത്. ബൈബിളിലെ പുതിയ നിയമം പ്രസരിപ്പിക്കുന്ന കൃപയെ (Grace) ആശ്രയിക്കുന്ന ദൈവശാസ്ത്രമായും അതിനെ കരുതുന്നു. മേധാശക്തി ഉപയോഗിച്ചുകൊണ്ടുള്ള തത്ത്വസംഹിതാപരമായ പ്രതിപാദനങ്ങളല്ല ലൂഥറുടെ ആശയങ്ങൾ. 1536-ൽ ജോൺ കാൽവിൻ രചിച്ച ഇൻസ്റ്റിട്യൂട്സ് ഓഫ് ക്രിസ്റ്റ്യൻ റിലിജൻ എന്ന ഗ്രന്ഥത്തിൽ ബൈബിളിനാണ് പ്രാമുഖ്യം നല്കിയിരുന്നത്. 17-ആം ശതകമായപ്പോൾ ലൂഥറുടെ ആശയങ്ങൾ ഏറെക്കുറെ മധ്യകാലപണ്ഡിതരുടെ സ്കൊളാസ്റ്റിക് സമീപനത്തിനു സമാനമായിത്തീർന്നു. വിശ്വാസമെന്നാൽ ദൈവം തരുന്ന ദാനമാണ്. ദൈവത്തിനുവേണ്ടി സാരഥ്യം വഹിക്കുന്ന പരിശുദ്ധാത്മാവാണ് ദൈവം ആജ്ഞാപിക്കുന്നത് എന്താണെന്ന് നമുക്ക് മനസ്സിലാക്കിത്തരുന്നത്. ഈ വചനമാണ് ക്രൈസ്തവസഭയ്ക്കു രൂപംനല്കിയത്. സ്വിറ്റ്സർലാൻഡിലും ഹോളണ്ടിലും സ്കോട്ട്‍ലാൻഡിലും ഫ്രാൻസിലും ഉള്ള കാല്വിനിസ്റ്റ് സഭക്കാർ ദൈവത്തെക്കുറിച്ചുള്ള അന്തർഭാവമായ അറിവ് ആകാം എന്നു കരുതുന്നു.[4]

അവലംബം

  1. "theology". Wordnetweb.princeton.edu. ശേഖരിച്ചത് 2012-11-11.
  2. വിശ്വവിജ്ഞാനകോശം-ആറാം വാല്യം-നാഷണൽ ബുക്സ്റ്റാൾ കോട്ടയം 946ആം പേജ്
  3. വിശ്വവിജ്ഞാനകോശം-ആറാം വാല്യം-നാഷണൽ ബുക്സ്റ്റാൾ കോട്ടയം 954ആം പേജ്
  4. ദൈവശാസ്ത്രം - സർവവിജ്ഞാനകോശം

പുറത്തേക്കുള്ള കണ്ണികൾ

http://www.theology.ie http://ദൈവശാസ്ത്രം - സര്വ്വവിജ്ഞാനകോശം http://mal.sarva.gov.in/index.php? http://ദൈവശാസ്ത്രം - Sabhakosam Wiki

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ദൈവശാസ്ത്രം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
അത്രിത്വം

ത്രിയേകദൈവം അഥവാ ത്രിത്വം എന്ന ദൈവസങ്കല്പം പൂർണ്ണമായോ ഭാഗീകമായോ തിരസ്ക്കരിക്കുന്ന എല്ലാ ക്രിസ്തീയ വിശ്വാസങ്ങളെയും അത്രിത്വം (ഇംഗ്ലീഷ്:Nontrinitarianism) എന്ന പദം കൊണ്ടർത്ഥമാക്കുന്നു.

സാധാരണയായി അത്രിത്വവിശ്വാസികൾ അത്രിത്വം എന്ന വാക്ക് തങ്ങളെ തിരിച്ചറിയിക്കാൻ ഉപയോഗിക്കാറില്ല. പിതാവിനെയും, പുത്രനെയും, പരിശുദ്ധാത്മാവിനെയും കുറിച്ചുള്ള ആധുനിക അത്രിത്വവാദികളുടെ വീക്ഷണങ്ങളിൽ തന്നെ പരസ്പരവ്യത്യാസങ്ങളുണ്ട്.

ക്രിസ്തുവർഷം 325-ൽ ക്രൈസ്തവ സഭകൾ ത്രിത്വവിശ്വാസം ഔദ്യോഗികമായി നിർ‌വചിക്കപ്പെടുന്നതിന് മുമ്പുതന്നെ അഡോപ്‌ഷനിസം,മോണാർക്കിയനിസം, ആറിയനിസം തുടങ്ങി പലവിധ അത്രിത്വ ആശയങ്ങൾ നിലനിന്നിരുന്നു. പിന്നീട് പതിനൊന്ന്, പതിമൂന്ന്, പതിനെട്ട് നൂറ്റാണ്ടുകളിൽ അത്രിത്വതത്ത്വങ്ങൾ പുതുക്കപ്പെടുകയുണ്ടായി.

മുഖ്യധാരാക്രൈസ്തവ സഭകളുടെ എല്ലാം കേന്ദ്രവിശ്വാസം ത്രിത്വം ആണെങ്കിലും യഹോവയുടെ സാക്ഷികൾ, ലാറ്റർ ഡേ സെയിന്റ് മൂവ്മെന്റ്, ക്രിസ്റ്റാഡെൽഫിയൻസ്, യുണിറ്റേറിയൻസ് , വൺനസ്സ് പെന്തക്കൊസ്തൽ, ഇഗ്ളീസിയ നി ക്രിസ്റ്റോ തുടങ്ങിയ ന്യൂനപക്ഷ ക്രിസ്തീയ മതപ്രസ്ഥാനങ്ങളും, വിഭാഗങ്ങളും അത്രിത്വവിശ്വാസങ്ങൾ പിന്തുടരുന്നു.

അലക്സാണ്ട്രിയയിലെ സിറിൽ

അഞ്ചാം നൂറ്റാണ്ടിലെ ഒരു പ്രമുഖ ക്രിസ്തുമതനേതാവും ചിന്തകനും എഴുത്തുകാരനുമായിരുന്നു അലക്സാണ്ട്രിയായിലെ സിറിൽ (376-444). പൊതുവർഷം 412 മുതൽ 444 വരെ അദ്ദേഹം ഈജിപ്തിൽ അലക്സാണ്ട്രിയയിലെ പാത്രിയർക്കീസായിരുന്നു. റോമാസാമ്രാജ്യത്തിനുള്ളിൽ അലക്സാണ്ട്രിയ പ്രാധാന്യത്തിന്റെ ഔന്നത്തിലെത്തി നിൽക്കുമ്പോഴായിരുന്നു സിറിലിന്റെ വാഴ്ച. സഭാപിതാവും വേദപാരംഗതനുമായി (Doctor of the Church) എണ്ണപ്പെടുന്ന സിറിൽ ക്രൈസ്തവലോകത്തു നേടിയ യശസ്സ്, 'വിശ്വാസസ്തംഭം', "പിതാക്കന്മാരുടെ മുദ്ര" എന്നീ വിശേഷണങ്ങൾ പ്രതിഫലിപ്പിക്കുന്നു.

ആദ്യകാല സഭാപിതാക്കന്മാർ

സഭാപിതാക്കന്മാർ, അല്ലെങ്കിൽ ആദ്യകാലസഭാപിതാക്കന്മാർ ക്രൈസ്തവ സഭയുടെ ആദ്യകാലത്ത്, പ്രത്യേകിച്ച് ആദ്യ അഞ്ചു നൂറ്റാണ്ടുകളിൽ സഭയെ സ്വാധീനിച്ച ദൈവശാ‍സ്ത്രജ്ഞരും ലേഖകരുമായിരുന്നു. ഈ പദം പൊതുവേ സഭയിലെ പ്രബോധകരെയും ലേഖകരെയും സൂചിപ്പിക്കാ‍നാണ് ഉപയോഗിക്കുന്നത്, വിശുദ്ധരെ ആവണമെന്നില്ല. പല ആദ്യകാലസഭാപിതാക്കന്മാരുടെയും ലിഖിതങ്ങൾ കാനോനികമായി പരിഗണിക്കപ്പെട്ടിരുന്നെങ്കിലും പുതിയ നിയമ ഗ്രന്ഥകർത്താക്കളെ പൊതുവേ സഭാപിതാക്കന്മാരുടെ ഗണത്തിൽ പെടുത്തുന്നില്ല.

ലത്തീനിൽ എഴുതിയിരുന്നവർ ലാറ്റിൻ(സഭാ)പിതാക്കന്മാർ എന്നും ഗ്രീക്കിൽ എഴുതിയിരുന്നവർ ഗ്രീക്ക്(സഭാ)പിതാക്കന്മാരെന്നും അറിയപ്പെടുന്നു. പ്രസിദ്ധരായ ലാറ്റിൻ സഭാപിതാക്കന്മാർ തെർത്തുല്യൻ, വിശുദ്ധ ഗ്രിഗറി, ഹിപ്പോയിലെ ആഗസ്തീനോസ്, മിലാനിലെ വിശുദ്ധ അംബ്രോസ്, വിശുദ്ധ ജെറോം എന്നിവരാണ്; പ്രസിദ്ധരായ ഗ്രീക്ക് സഭാപിതാക്കന്മാർ ലിയോണിലെ വിശുദ്ധ ഐറേനിയസ്, ഒരിജൻ, അത്തനാസിയൂസ്, വിശുദ്ധ ജോൺ ക്രിസോസ്തോം, മൂന്നു കപ്പദോച്ചിയൻ പിതാക്കന്മാർ എന്നിവരാണ്.

സഭയുടെ ശൈശവദശയിലെ, പ്രത്യേകിച്ച് ക്രിസ്തുവിന്റെ അപ്പസ്തോലന്മാർക്ക് ശേഷം രണ്ടു തലമുറ വരെ ഉണ്ടായിരുന്ന സഭാപിതാക്കന്മാരെ, അപ്പസ്തോലിക പിതാക്കന്മാർ എന്നാണ്‌ സാധാരണയായി വിളിച്ചുപോരുന്നത്. പ്രസിദ്ധരായ അപ്പസ്തോലിക പിതാക്കൻമാർ റോമായിലെ വിശുദ്ധ ക്ലെമെന്റ്, അന്ത്യോഖ്യയിലെ വിശുദ്ധ ഇഗ്നേഷ്യസ്, സ്മിർണയിലെ പോളിക്കാർപ്പ് തുടങ്ങിയവരാണ്‌. ഡിഡാക്കെ, ഹെർമസിലെ ആട്ടിടയൻ തുടങ്ങിയ ലിഖിതങ്ങളുടെ രചയിതാക്കൾ ആരെന്ന് അജ്ഞാതമാണെങ്കിലും അവ അപ്പസ്തോലിക പിതാക്കന്മാരുടെ ലേഖനങ്ങളായാണ്‌ പൊതുവേ ഗണിക്കുന്നത്.

പിന്നീട് ഗ്രീക്ക് തത്ത്വചിന്തകന്മാരുടെ വിമർശനങ്ങൾക്കും മതപീഡനങ്ങൾക്കും എതിരേ ക്രിസ്തീയ വിശ്വാസം സം‌രക്ഷിക്കാൻ പടപൊരുതിയവരാണ് രക്തസാക്ഷിയായ വിശുദ്ധ ജസ്റ്റിൻ, താതിയൻ, ആതൻസിലെ അത്തെനാഗൊരാസ്, ഹെർമിയാസ്, തെർത്തുല്യൻ എന്നിവർ.

മരുഭൂമിയിലെ പിതാക്കന്മാർ ഈജിപ്തിലെ മരുഭൂമിയിൽ ജീവിച്ചിരുന്ന ആദ്യകാല സന്യസ്തരായിരുന്നു; ഇവർ അധികം ലേഖനങ്ങൾ എഴുതിയിരുന്നില്ലെങ്കിലും ഇവരുടെ സ്വാധീനം വളരെ വലുതായിരുന്നു. ശ്രേഷ്ഠനായ വിശുദ്ധ അന്തോനീസ്, വിശുദ്ധ പാച്ചോമിയസ് എന്നിവർ ഈ ഗണത്തിൽ പെടുന്നു. ഇവരുടെ പ്രഭാഷണ ശകലങ്ങളുടെ ഒരു വലിയ സമാഹാരമാണ്‌ Apophthegmata Patrum.

ഒരു ചെറിയ ശതമാനം സഭാപിതാക്കന്മാർ മറ്റു ഭാഷകളിലും എഴുതിയിരുന്നു: ഉദാഹരണത്തിന്‌ മാർ അപ്രേം സിറിയൻ ഭാഷയിൽ എഴുതിയിരുന്നെങ്കിലും അദ്ദേഹത്തിന്റെ ലേഖനങ്ങൾ ധാരാളമായി ലത്തീനിലേക്കും ഗ്രീക്കിലേക്കും വിവർത്തനം ചെയ്യപ്പെട്ടിരുന്നു.

റോമൻ കത്തോലിക്കാ സഭ, എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഡമാസ്കസിലെ വിശുദ്ധ യോഹന്നാനെ അവസാനത്തെ സഭാപിതാവായും അതോടൊപ്പം, തുടർന്നു വന്ന സ്കോളാസ്റ്റിക് കാലഘട്ടത്തിലെ ക്രിസ്തീയ ലേഖകരിൽ ആദ്യത്തെ ആളായും ഗണിക്കുന്നു. വിശുദ്ധ ബർണാർഡും(ക്രി.വ. 1090-1153) ചിലപ്പോൾ സഭാപിതാക്കന്മാരിൽ അവസാനത്തെയാൾ എന്നു വിശേഷിപ്പിക്കപ്പെടാറുണ്ട്.

പൗരസ്ത്യ ഓർത്തഡോക്സ് സഭയാകട്ടെ, സഭാപിതാക്കന്മാരുടെ കാലം അവസാനിച്ചിട്ടേയില്ല, അതു തുടർന്നുപോകുന്നതായി കരുതുകയും, പിൽക്കാലത്ത് സ്വാധീനം ചെലുത്തിയ വളരെയേറെ ലേഖകരെ ഈ ഗണത്തിൽ പെടുത്തുകയും ചെയ്യുന്നു.

ഇബ്നു റുഷ്ദ്

അന്തലുസിയനായ മുസ്‌ലിം ബഹുശാസ്ത്ര പണ്ഡിതനായിരുന്നു ഇബ്നു റുഷ്ദ് (അറബി: ابن رشد‎) (1126 ഏപ്രിൽ 14 –1198 ഡിസംബർ 10). പൂർണ്ണമായ നാമം അബുൽ വാഹിദ് മുഹമ്മദ് ഇബ്നു അഹ്മദ് ഇബ്നു റുഷ്ദ് (അറബി: أبو الوليد محمد بن احمد بن رشد‎). യൂറോപ്യൻ ലോകത്ത് അവിറോസ് (Averroes, ഉച്ചാരണം /əˈvɛroʊ.iːz/) എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇസ്‌ലാമിക തത്ത്വശാസ്ത്രം, ദൈവശാസ്ത്രം, കർമ്മശാസ്ത്രം എന്നിവയിലും മനഃശാസ്ത്രം, രാഷ്ട്രമീമാംസ, അറേബ്യൻ സംഗീത സിദ്ധാന്തം, വൈദ്യശാസ്ത്രം, ജ്യോതിശാസ്ത്രം, ഭൂമിശാസ്ത്രം, ഗണിതം, ഭൗതികശാസ്ത്രം, ഖഗോള യാന്ത്രികത (celestial mechanics) എന്നീ മേഖലകളിലുമെല്ലാം പണ്ഡിതനുമാണ് ഇദ്ദേഹം. അൽ-അന്തലുസിലെ (ആധുനിക സ്പെയിൻ) കൊർദോബയിൽ ജനിച്ച് മൊറോക്കോയിലെ മുറാകുഷിൽ അന്തരിച്ചു. ഇദ്ദേഹത്തിന്റെ സംഭാവനകൾ അവിറോയിസം എന്ന പേരിലാണ് അറിയപ്പെടുന്നത്. പശ്ചിമ യൂറോപ്പിലെ മതനിരപേക്ഷതയുടെ സ്ഥാപകനായും യൂറോപ്പിന്റെ ആത്മീയ പിതാക്കളിലൊരാളായും കണക്കാക്കപ്പെടുന്നു.

ഏകദൈവവിശ്വാസം

ഒരു ദൈവം മാത്രമേ ഉള്ളൂ എന്ന വിശ്വാസമാണ്‌ ദൈവശാസ്ത്രത്തിൽ ഏകദൈവവിശ്വാസം എന്നറിയപ്പെടുന്നത്. സെമിറ്റിക് മതങ്ങളായ ജൂതമതം, ക്രിസ്തുമതം, ഇസ്‌ലാം എന്നിവയുടെ വിശ്വാസസംഹിതയിൽ ഏകദൈവവിശ്വാസത്തിന്‌ പ്രധാന സ്ഥാനമുണ്ട്. ബഹുദൈവവിശ്വാസമാണ്‌ ഇതിന്‌ വിപരീതമായ വിശ്വാസം.

ഏകദൈവവിശ്വാസം പിൻതുടരുന്ന മതങ്ങൾ ഒരു ദൈവത്തിന്‌ ഒന്നിലധികം രൂപങ്ങൾ കൽപിച്ചേക്കാം. ഏകനായ ദൈവത്തിൽ വ്യതിരിക്തമായി പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നിങ്ങനെ മൂന്ന് ആളുകൾ അടങ്ങിയിരിക്കുന്നു എന്ന ക്രിസ്തുമതത്തിലെ ത്രിത്വവിശ്വാസം ഇതിന്‌ ഉദാഹരണമാണ്‌. എന്നാൽ ജൂതമതം, ഇസ്‌ലാം, യഹോവയുടെ സാക്ഷികൾ എന്നിവയിൽ ദൈവത്തിന്റെ എല്ലാ രീതിയിലുമുള്ള ഏകത്വം അടിസ്ഥാനപരമായുള്ളതാണ്‌.

ഓക്കമിലെ വില്യം

പതിനാലാം നൂറ്റാണ്ടിലെ (ജനനം: 1288-നടുത്ത്; മരണം 1348-നടുത്ത്) ഒരു ഇംഗ്ലീഷ് ഫ്രാൻസിസ്കൻ സന്യാസിയും സ്കൊളാസ്റ്റിക് ചിന്തകനും ആയിരുന്നു ഓക്കമിലെ വില്യം. ഇംഗ്ലണ്ടിലെ സറി പ്രവിശ്യയിലെ ഓക്കം ഗ്രാമമാണ് അദ്ദേഹത്തിന്റെ ജനനസ്ഥലമായി കരുതപ്പെടുന്നത്. ഓക്കമിന്റെ കത്തി എന്ന 'ചിന്താസാമഗ്രി'യുടെ പേരിലാണ് വില്യം ഇന്നു പ്രധാനമായും സ്മരിക്കപ്പെടുന്നതെങ്കിലും തർക്കശാസ്ത്രം, ഭൗതികശാസ്ത്രം, ദൈവശാസ്ത്രം എന്നീ വിഷയങ്ങളിൽ ശ്രദ്ധേയമായ മറ്റു സംഭാവനകളും അദ്ദേഹത്തിന്റേതായുണ്ട്. മദ്ധ്യകാല യൂറോപ്യൻ ചിന്തയിലെ അതികായന്മാരിൽ ഒരാളായി കരുതപ്പെടുന്ന അദ്ദേഹം പതിനാലാം നൂറ്റാണ്ടിലെ രാഷ്ട്രീയ-ദാർശനിക സംവാദങ്ങളിൽ നിർണ്ണായകമായ പങ്കു വഹിച്ചു. ദൈവികരഹസ്യങ്ങളുടെ അന്വേഷണത്തിൽ മനുഷ്യബുദ്ധിയ്ക്ക് ഭാഗികവിജയമെങ്കിലും കൈവരിക്കാനാകുമെന്ന വിശ്വാസത്തെ അദ്ദേഹം നിഷേധിച്ചു. രാഷ്ട്രമീമാസാസംബന്ധിയായ രചനകളിൽ വില്യം, പൗരോഹിത്യത്തിന്റെ രാഷ്ട്രീയാധികാരത്തേയും സഭയിൽ മാർപ്പാപ്പായുടെ പരമാധികാരത്തേയും വിമർശിച്ചു.

തത്ത്വചിന്തയിലും ദൈവശാസ്ത്രത്തിലും കാട്ടിയ മികവിന്റെ പേരിൽ വില്യം "അജയ്യനായ ഗുരു" (ഡോക്ടർ ഇൻവിൻസിബിലിസ്) എന്നു ബഹുമാനപൂർവം വിളിക്കപ്പെടുന്നു. 1309 മുതൽ 1321 വരെ ഓക്സ്ഫോർഡിൽ ദൈവശാസ്ത്രം പഠിച്ചെങ്കിലും അവിടെ മാസ്റ്റേഴ്സ് ബിരുദപഠനം പൂർത്തിയാക്കാതിരുന്ന വില്യമിനെ "സമ്പൂജ്യനായ പ്രാരംഭകൻ" (venerable inceptor) എന്നും വിളിക്കുക പതിവാണ്. തോമസ് അക്വീനാസിനും ജോൺ ഡൺസ് സ്കോട്ടസിനുമൊപ്പം വില്യം ഉത്തുംഗമദ്ധ്യയുഗത്തിലെ മൂന്നു പ്രമുഖ ചിന്തകന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്നു.

കത്തോലിക്കാസഭ

മാർപ്പാപ്പയുടെ നേതൃത്വത്തിൽ, ലോകത്തിലെ ഏറ്റവും വലിയ ക്രിസ്തീയ സഭാവിഭാഗമാണ് കത്തോലിക്കാസഭ. ആറു റീത്തുകളിലായി 24 വ്യക്തി സഭകൾ ചേർന്ന കൂട്ടായ്മയാണ് കത്തോലിക്കാ സഭ. ക്രിസ്തുമതത്തിലെ പ്രമുഖസ്ഥാനം വഹിക്കുന്ന ഈ സഭ, ലോകത്തിലെ തന്നെ ഏറ്റവും വലിയ സംഘടിത മതവിഭാഗവുമാണ്. 2013 -ലെ പൊന്തിഫിക്കൽ ആനുവാരിയോ അനുസരിച്ച് കത്തോലിക്കാ സഭയുടെ ആഗോള അംഗസംഖ്യ 1291368942(129.14 കോടി) അഥവാ ലോകത്തിന്റെ ആകെ ജനസംഖ്യയുടെ ആറിൽ ഒന്ന് ആയിരുന്നു.യേശുക്രിസ്തുവിനാൽ സ്ഥാപിതമായ ഏക വിശുദ്ധ സഭയാണിതെന്നും മെത്രാന്മാർ കൈവയ്പു വഴി തങ്ങൾക്ക് ലഭിക്കുന്ന അധികാരത്താൽ സത്യവിശ്വാസം തുടർന്നു പരിപാലിയ്ക്കുന്നുവെന്നും സഭയുടെ തലവനായ മാർപ്പാപ്പ വിശുദ്ധ പത്രോസിന്റെ പിൻഗാമിയാണെന്നും കത്തോലിക്ക സഭ പഠിപ്പിക്കുന്നു.

പാശ്ചാത്യ സഭയും മാർപ്പാപ്പയുടെ പരമാധികാരത്തെ അംഗീകരിയ്ക്കുന്ന ഇരുപത്തിമൂന്നു പൗരസ്ത്യ വ്യക്തിസഭകളും ചേർന്നതാണ് കത്തോലിക്കാ സഭ. ചിട്ടയായ ഭരണത്തിനും ശുശ്രൂഷയ്ക്കുമായി ഈ സഭ പല രൂപതകളായി വിഭജിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ഒരോ മെത്രാന്റെ കീഴിലുള്ള ഈ രൂപതകളുടെ സംഖ്യ 2005ന്റെ അവസാനം 2770 എത്തിയിരുന്നു.

ക്രിസ്തീയ കമ്മ്യൂണിസം

ക്രിസ്തീയ കമ്മ്യൂണിസം എന്നത് ക്രിസ്തുമത്ത്തിൽ അധിഷ്ഠിതമായ ഒരു സോഷ്യലിസ്റ്റ്ചിന്താഗതിയാണ്‌. ഇത് വേദപുസ്തകപർമായും രാഷ്ടീയപരവുമായ കാഴ്ച്ചപ്പാടിലൂടെയുള്ള ക്രിസ്തുവിന്റെ സാമൂഹ്യസമത്വത്തേപറ്റിയുള്ള പഠിപ്പിക്കലുകളാണ്‌.

ക്രിസ്തുവിജ്ഞാനീയം

ക്രൈസ്തവ ദൈവശാസ്ത്രത്തിൽ യേശുക്രിസ്തുവിനെപ്പറ്റിയുള്ള പഠനത്തെ, പ്രത്യേകിച്ച് ദൈവികതയും മാനുഷികതയും യേശുവിൽ എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു എന്നതിനെ സംബന്ധിച്ചുള്ള പഠനത്തെയാണ്‌ ക്രിസ്തുവിജ്ഞാനീയം എന്നു പറയുന്നത്. ക്രിസ്തുവിജ്ഞാനീയം ക്രിസ്തുവിന്റെ ജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലുപരി ദൈവികവും മാനുഷികവുമായ തലങ്ങൾ ഒരു വ്യക്തിയിൽ എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു എന്ന പഠനത്തിൽ കേന്ദ്രീകൃതമാണ്‌. ക്രിസ്തുവിജ്ഞാനീയത്തിൽ പ്രധാനമായും മൂന്നു ഉപ പഠനശാഖകളുണ്ട്. അവയോരോന്നും താഴെപ്പറയുന്ന തലങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നു.

അവതാരം

ഉയിർപ്പ്

രക്ഷാകരദൗത്യംക്രിസ്തുമതത്തിന്റെ ആദ്യകാലഘട്ടങ്ങളിൽ ക്രിസ്ത്യാനികൾ മൂന്നായി പിളർന്നത് ക്രിസ്തുവിജ്ഞാനീയത്തിൽനിന്നുരുത്തിരിഞ്ഞ വ്യത്യസ്ത വിശ്വാസങ്ങളെപ്രതിയായിരുന്നു.

ഡോക്ടറേറ്റ്

ഉന്നത വിദ്യാഭ്യാസമായ പി.എച്ച്.ഡി (Ph D) കരസ്ഥമാക്കിയ ആൾക്ക് നൽകുന്ന ബഹുമതിയാണ് ഡോക്ടർ എന്ന നാമം. ഡോക്ടർ ഓഫ് ഫിലോസഫി എന്നതിന്റെ ചുരുക്കപേരാണ് പി.എച്ച്.ഡി എന്നത്. തത്ത്വശാസ്ത്രത്തിൽ പ്രാവീണ്യം ഉള്ളയാൾ എന്നതിലുപരി, വിജ്ഞാനത്തോടു സ്നേഹമുള്ളവൻ എന്ന ഗ്രീക്ക് അർത്ഥമാണ് ഫിലോസഫി എന്നതുകൊണ്ട് വ്യാപകമായി ഉദ്ദേശിക്കുന്നത്. യൂറോപ്പിലാകമാനം, ദൈവശാസ്ത്രം, വൈദ്യശാസ്ത്രം, നിയമം എന്നിവ ഒഴികെയുള്ള എല്ലാ വിഷയങ്ങളും ഡോക്ടർ ഓഫ് ഫിലോസഫി എന്നു തന്നെയാണ് വിശേഷിപ്പിക്കാറ്..

തോമസ് ഹോബ്സ്

പതിനേഴാം നൂറ്റാണ്ടിലെ (ജനനം: 5 ഏപ്രിൽ 1588; മരണം 4 ഡിസംബർ 1679) ഇംഗ്ലീഷ് തത്ത്വചിന്തകനാണ് തോമസ് ഹോബസ്. രാഷ്ട്രമീമാസയുടെ രംഗത്ത് നൽകിയ സംഭാവനകളുടെ പേരിലാണ് അദ്ദേഹം മുഖ്യമായും അറിയപ്പെടുന്നത്. ഹോബ്സിന്റെ 1651-ൽ പ്രസിദ്ധീകരിച്ച ലെവിയാത്താൻ എന്ന കൃതി, പിൽക്കാലത്തെ പാശ്ചാത്യ രാഷ്ട്രീയദർശനത്തിന്റെ മുഴുവൻ ദിശ "സാമൂഹ്യഉടമ്പടി" എന്ന ആശയത്തിലേക്കു തിരിച്ചു വിട്ടു.രാജാവിന്റെ ഏകശാസനത്തിനു വേണ്ടി നിലകൊണ്ടതിനൊപ്പം ഹോബ്സ്, യൂറോപ്യൻ ഉദാരതാവാദത്തിന്റെ അടിസ്ഥാന സങ്കല്പങ്ങൾ വികസിപ്പിക്കുക കൂടി ചെയ്തു: വ്യക്തിയുടെ അവകാശങ്ങൾ; മനുഷ്യർക്കിടയിൽ സ്വഭാവത്താലെയുള്ള സമത്വം; രാഷ്ട്രീയവ്യവസ്ഥയുടെ കൃത്രിമസ്വഭാവം (ഈ ആശയമാണ് പിന്നീട് പൗരസമൂഹത്തേയും രാഷ്ട്രത്തേയും വേർതിരിച്ചു കാണുന്ന നിലപാടായി വികസിച്ചത്); വിഹിതമായ രാഷ്ട്രീയാധികാരങ്ങളെല്ലാം പ്രാതിനിധ്യസ്വഭാവവും ജനസമ്മതിയും ഉള്ളതായിരിക്കണം എന്ന ആശയം; നിയമത്തിൽ വ്യക്തമായി നിരോധിച്ചിട്ടില്ലാത്തതെല്ലാം ചെയ്യാൻ ജനങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട് എന്ന ഉദാരസമീപനം തുടങ്ങിയവ ഈ സങ്കല്പങ്ങളിൽ പെടുന്നു.രാഷ്ട്രമീമാംസയ്ക്കു പുറമേ, ചരിത്രം, ക്ഷേത്രഗണിതം, വാതകങ്ങളുടെ ഊർജ്ജതന്ത്രം, ദൈവശാസ്ത്രം, സന്മാർഗ്ഗശാസ്ത്രം, സാമാന്യദർശനം എന്നീ മേഖലകളിലും അദ്ദേഹത്തിന്റെ സംഭാവനകൾ ശ്രദ്ധേയമാണ്. സ്വാർത്ഥതയിൽ ഉറച്ച സഹകരണമാണ് മനുഷ്യന്റെ അടിസ്ഥാനസ്വഭാവം എന്ന ഹോബ്സിന്റെ കണ്ടെത്തൽ ദാർശനികമാനവശാസ്ത്രത്തിന് (Philosophical Anthropology) വലിയ മുതൽക്കൂട്ടായി. തത്ത്വചിന്തയിലെ ഭൗതികവാദത്തെയാണ് ഹോബ്സ് പ്രതിനിധാനം ചെയ്തത്.

ത്രിത്വം

മുഖ്യധാരാ ക്രൈസ്തവസഭകളുടെ ദൈവസങ്കല്പത്തിന്റെ കേന്ദ്രസിദ്ധാന്തമാണ് ത്രിത്വം. ഏകനായ ദൈവത്തിൽ, വ്യതിരിക്തമായി, പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നിങ്ങനെ മൂന്ന് ആളുകൾ അടങ്ങിയിരിക്കുന്നു എന്ന വിശ്വാസമാണ് ഈ സിദ്ധാന്തത്തിന്റെ കാതൽ.

ദൈവം

പ്രപഞ്ചത്തിലുള്ള എല്ലാത്തിന്റെയും സ്രഷ്ടാവും പരിപാലകനുമായി ഉണ്ടെന്നു വിശ്വസിക്കുന്ന ഒരു സങ്കൽപ്പത്തെയാണ്. ദൈവം എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. ഗോത്രകാലഘട്ടത്തിൽ മനുഷ്യന്റെ പ്രകൃതിയോടുള്ള ഭയത്തിൽ നിന്നുമാണ് ദൈവം എന്ന വിശ്വാസം ഉരുത്തിരിഞ്ഞത് എന്ന് കണക്കാക്കപ്പെടുന്നു. ഈശ്വരവിശ്വാസികൾ‌ ദൈവത്തെ മനുഷ്യ ബുദ്ധിയുടെ പരിമിതിയിൽ നിന്നുകൊണ്ട് പൂർണമായി നിർവചിക്കാനാകാത്ത നിത്യ സത്യമാണ് എന്നും, സർവ നന്മകളുടെയും പൂർണഭാവമാണ് എന്നും വിശ്വസിക്കപ്പെടുന്നു. എന്നാൽ ഭാരതത്തിൽ ഇതിൽ നിന്നും വ്യത്യസ്തമായി ഈശ്വരന് "തമോഗുണത്തിന്റെ" അടിസ്ഥാനത്തിൽ സംഹാരത്തിന്റെ മോശമായ വിശേഷണങ്ങളും നൽകി കാണാറുണ്ട്. ഓരോരുത്തരും അവരുടെ സാഹചര്യമനുസരിച്ചും പാരമ്പര്യമനുസരിച്ചും വ്യത്യസ്ത പേരുകൾ വിളിച്ചുവെങ്കിലും ശക്തി ഒന്നുതന്നെയാണെന്ന് ദൈവ വിശ്വാസികൾക്കിടയിൽ പൊതുവേ സമവായമുണ്ട് .

ചിലർ തങ്ങളുടെ നിസ്സഹായ അവസ്ഥയിലും മറ്റു ചിലർ സ്വർഗമോഹം, നരകഭയം, മോക്ഷം, പരമപദപ്രാപ്തി, നിർവാണം തുടങ്ങിയ സങ്കൽപ്പങ്ങൾക്ക് വേണ്ടിയും ദൈവത്തെ ആരാധിക്കാറുണ്ട്. കാണുന്നതിനപ്പുറം ഗ്രഹിക്കാൻ കഴിയാത്തവർ ദേവീദേവന്മാരുടെ രൂപ വൈഭവങ്ങളെ ആരാധിക്കുന്നതും ദൈവിക സാന്നിധ്യം അപേക്ഷിച്ച് കൊണ്ടാണ്. ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത ദൈവത്തെ അംഗീകരിക്കാനോ, മനുഷ്യശക്തിക്ക് അതീതമായി ഒരു ശക്തിയുണ്ടെന്ന് വിശ്വസിക്കാത്തവർ ദൈവം എന്ന പ്രാചീന ഗോത്ര സങ്കൽപ്പത്തെ ഒരു അന്ധവിശ്വാസമായി മാത്രം കാണുന്നു.

മതം എന്നാൽ അഭിപ്രായം എന്നാണ് അർത്ഥം. വിവിധ മതങ്ങൾ ദൈവത്തെ പറ്റി പല അഭിപ്രായങ്ങൾ ആണ് പറയുന്നത്. മതത്തിന്റെ ഭാഗമായിട്ടും അല്ലാതെയും ദൈവത്തെ കണക്കാക്കപ്പെടുന്നു. ഹൈന്ദവ വിശ്വാസത്തിൽ സാധാരണഗതിയിൽ "പരബ്രഹ്മം", "ഈശ്വരൻ", "ഓംകാരം" അഥവാ "പരമാത്മാവ്" എന്നത് ദൈവത്തെ കുറിക്കാനുപയോഗിക്കുന്ന പദമാണ്. ത്രിമൂർത്തികളും ത്രിദേവിമാരും പരബ്രഹ്മത്തിന്റെ മൂന്ന് ഗുണങ്ങളിൽ നിന്നും ഉണ്ടായവരാണ് എന്നാണ് ഹൈന്ദവ വിശ്വാസം. ഇവർ ഈശ്വരനെ തൂണിലും തുരുമ്പിലും വരെ കാണുന്നവരാണ്. വിശ്വദേവതാസങ്കൽപ്പം എന്നും പറയാം. ശൈവ-ശാക്തേയ- വൈഷ്ണവ മതങ്ങളുടെ ഒരു സങ്കലനമാണ് ഇന്നത്തെ ഹൈന്ദവ വിശ്വാസം എന്ന് പറയാം. വൈഷ്ണവർ "ആദിനാരായണൻ", ശാക്തേയർ "ആദിപരാശക്തി", ശൈവമതക്കാർ "പരമശിവൻ", ഗണപതേയ മതക്കാർ "വിഘ്നേശ്വരൻ" എന്നും ഈശ്വരനെ സംബോധന ചെയ്തിരുന്നു. മനുഷ്യനെയും ദൈവത്തെയും ഒന്നായി കാണുന്ന അദ്വൈത സങ്കൽപ്പവും ഇതിൽ കാണാം.

അറബിയിലെ അല്ലാഹു എന്ന പദം സെമിറ്റിക് മതമായ ഇസ്ലാമിന്റെ ദൈവ സംജ്ഞയായുപയോഗിക്കുന്നു. പ്രാചീന അറബ് ഗോത്ര സംസ്കാരത്തെ ഉൾക്കൊണ്ട ഒന്നാണിത്. സൃഷ്ടിയെയും സ്രഷ്ടാവിനെയും ഇവർ രണ്ടായി കാണുന്നു. യഹോവ എന്നും YHVH എന്ന ചതുരക്ഷരിയായും പുരാതന യഹൂദരും യഹോവയുടെ സാക്ഷികളും ദൈവത്തിനെ കുറിക്കുന്നു. അതേ പേരു തന്നെ ക്രിസ്തുമതാനുയായികളും ദൈവത്തിനെ കുറിക്കാൻ ഉപയോഗിക്കാറുണ്ട്. മറ്റൊരു സെമിറ്റിക് മതമായ ക്രിസ്തു മതത്തിൽ പൊതുവെ ദൈവത്തെ കുറിക്കാൻ "കർത്താവ്‌", "ക്രിസ്തു" അഥവാ "ദൈവം" (ഗ്രീക്കിൽ അഡൊനെയ്‌); "പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് (ത്രീത്വം)" തുടങ്ങിയ സ്ഥാനപ്പേരുകളാണ് ഉപയോഗിക്കുന്നത്. "ബോധം" ആണ് ബുദ്ധമതത്തിലെ ദൈവം. പൊതുവെ ബുദ്ധ-ജൈന മതങ്ങൾ നിരീശ്വരവാദ മതങ്ങൾ ആയും കണക്കാക്കപ്പെടാറുണ്ട്. പ്രാചീന ഭാരതത്തിൽ നിരീശ്വരവാദത്തിന് നിലനിൽപ്പുണ്ടായിരുന്നു. ചാർവാക മഹർഷിമാർ ഇതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഏകദൈവ-ബഹുദേവത- നിരീശ്വരവാദികളുടെ ഒരു കൂട്ടമായി ഹൈന്ദവ ധർമത്തെ പൊതുവെ കണക്കാക്കപ്പെടാറുണ്ട്. സമകാലീന മതങ്ങളിലെ അനാചാരങ്ങളെയും സ്ത്രീവിരുദ്ധതയെയും ആക്ഷേപഹാസ്യത്തിലൂടെ തുറന്നു കാട്ടുന്ന ഡിങ്കമതത്തിൽ "ഡിങ്കൻ" എന്നൊരു ദൈവത്തെയും അവതരിപ്പിക്കുന്നുണ്ട്. ഡിങ്കമതം ഒരു പുതിയ നിരീശ്വര-യുക്തിവാദ മതമാണ്.

പരിശുദ്ധാത്മാവ്

മുഖ്യധാരാ ക്രിസ്തുമതവിശ്വാസപ്രകാരം പരിശുദ്ധാത്മാവ് ഏകദൈവമായ പരിശുദ്ധ ത്രിത്വത്തിലെ ഒരു ആളത്വമാണ്‌; അതായത് പിതാവായ ദൈവത്തോടും പുത്രനായ ദൈവത്തോടും സംസർഗം പുലർത്തിക്കൊണ്ട് ദൈവത്തിന്റെ സ്വഭാവത്തിന്റെ ഭാഗമാണ്‌ പരിശുദ്ധാത്മാവ്. പരിശുദ്ധാത്മാവിനെ സംബന്ധിച്ച ക്രിസ്തീയ ദൈവശാസ്ത്രം, പ്ന്യൂമാറ്റോളജി, ത്രിത്വൈക ദൈവശാസ്ത്രത്തിൽ അവസാനമായി രൂപപ്പെട്ടതായതിനാൽ പരിശുദ്ധാത്മാവിനെസംബന്ധിച്ചുള്ള അവഗാഹത്തിനു പിതാവായ ദൈവത്തെയും പുത്രനായ ദൈവത്തെയും സംബന്ധിച്ചുള്ള അവഗാഹത്തെവച്ചുനോക്കുമ്പോൾ വളരെയേറെ വൈവിധ്യമുണ്ട്. ത്രിത്വൈക ദൈവശാസ്ത്രപ്രകാരം പരിശുദ്ധാത്മാവ് ദൈവത്തിലെ മൂന്നാമത്തെ ആളത്വമാണ്‌ - പിതാവായ ദൈവം ആദ്യത്തെയും പുത്രനായ ദൈവം രണ്ടാമത്തെയും ആളത്വവും.

ത്രിത്വത്തിലെ രണ്ടാമത്തെ ആളിൽനിന്നു വിഭിന്നമായി പരിശുദ്ധാത്മാവിനെ ഒരു മനുഷ്യാവതാരമായി ഒരിടത്തും പഠിപ്പിക്കുന്നില്ല, പിന്നെയോ ഒരു ആശ്വസിപ്പിക്കുന്നവനും സഹായദായകനും (പാറക്ലേത്ത) ആയാണ്‌. ഒരു ന്യുനപക്ഷ ക്രിസ്തിയ വിഭാഗം പരിശുദ്ധാത്മാവ് ഒരു വ്യക്തിയല്ല മറിച്ച് പിതാവിന്റെ പ്രവർത്തന നിരതമായ ശക്തിയായി കരുതുന്നു.

പിതാവായ ദൈവം

അനേക മതങ്ങളിൽ പരമാധികാരിയായ ദൈവത്തിന് പിതൃസ്ഥാനം കല്പിച്ചു നൽകിയിട്ടുണ്ട്. പല ബഹുദൈവവിശ്വാസങ്ങളിലും ഏറ്റവും ഉന്നതനായ ദൈവത്തെ “ദേവന്മാരുടെയും മനുഷ്യരുടെയും പിതാവ്” എന്ന് കരുതിയും പോരുന്നു. യഹൂദമതത്തിൽ യഹോവ സ്രഷ്‌ടാവും, നിയമദാതാവും, പരിപാലകനുമായതിനാൽ പിതാവായി അറിയപ്പെടുന്നു. ക്രിസ്തുമതത്തിൽ ഇതേ കാരണങ്ങളാൽത്തന്നെ ദൈവത്തെ പിതാവ് എന്ന് വിളിക്കുന്നു; മാത്രമല്ല, ക്രിസ്തു അനാവരണം ചെയ്ത പിതൃ-പുത്ര ബന്ധ രഹസ്യം മൂലവുമാണ്. അങ്ങനെ നോക്കുമ്പോൾ, പിതാവ് എന്ന സ്ഥാനം ഒരു ദൈവ വ്യക്തിത്വത്തിനു കല്പിച്ചു നൽകിയാൽ അതിന്റെ അർത്ഥം അദ്ദേഹം എന്തിന്റെ പരമാധികാരിയും സർവ്വശക്തനും പിതൃസ്ഥാനീയനും സംരക്ഷകനുമാണോ അവയുടെ ഉറവിടവുമാണെന്നതുമാണ്.

ബഹുദൈവവിശ്വാസം

ഒന്നിലധികം ദൈവങ്ങളിലോ ദേവതകളിലോ ഉള്ള വിശ്വാസവും ആരാധനയുമാണ് ബഹുദൈവവിശ്വാസം അഥവാ ബഹുദേവതാവിശ്വാസം എന്നറിയപ്പെടുന്നത്. ബഹുദൈവ/ബഹുദേവതാ വിശ്വാസത്തിൽ അടിസ്ഥിതമായ പുരാതനവും നിലവിലുള്ളതുമായ പല മതങ്ങളുണ്ട്. ഹിന്ദുമതം, ബുദ്ധമതം, ജൈനമതം, ഷിന്റൊ, പുരാതന ഗ്രീക്ക് ബഹുദേവതാ വിശ്വാസം, റോമൻ ബഹുദൈവ വിശ്വാസം, ജെർമാനിക് ബഹുദൈവ വിശ്വാസം, സ്ലാവിക് ബഹുദൈവ വിശ്വാസം, ചൈനീസ് നാട്ടുമതങ്ങൾ, നിയോപേഗൺ വിശ്വാസം, ആംഗ്ലോ-സാക്സൺ പേഗണിസം തുടങ്ങിയവ അതിൽ ഉൾപ്പെടുന്നു. സെമിറ്റിക്ക് മതങ്ങളിലെ ഏകദൈവ വിശ്വാസം ഇതിന്റെ വിപരീതമായ വിശ്വാസമാണ്.

ബഹുദൈവ വിശ്വാസികൾ എല്ലാ ദൈവങ്ങളേയും ദേവതകളെയും ഒരേപോലെ ആരാധിക്കണമെന്നില്ല. മോണോലാട്രിസ്റ്റുകൾ ഒരു പ്രത്യേക ദൈവത്തെ കൂടുതൽ ആരാധിക്കുന്നവരാണ്. കാഥെനോതീയിസ്റ്റുകൾ വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത ദൈവങ്ങളെയോ ദേവതകളെയോ ആരാധിക്കുന്നു. ശൈവമതക്കാർ പരമശിവൻ, വൈഷ്ണവർ നാരായണൻ, ശാക്തേയർ ഭഗവതി ആദിപരാശക്തി, ഗണപത്യ മതക്കാർ വിഘ്‌നേശ്വരൻ എന്നും ദൈവത്തെ വിളിച്ചു. ഇവയുടെ സങ്കലനമായ ഹിന്ദുമതത്തിൽ വിവിധ ദേവതാ സങ്കൽപ്പങ്ങളും ഉണ്ട്. എങ്കിലും ഈ ബഹുദേവതകൾ എല്ലാം തന്നെ ഏകനായ പരമാത്മാവിന്റെ ത്രിഗുണ ഭാവങ്ങൾ ആണെന്നാണ് പൊതുവായ ഹൈന്ദവ വിശ്വാസം.

യൊഹാൻ വുൾഫ്ഗാങ്ങ് വോൺ ഗോയ്‌ഥേ

യൊഹാൻ വുൾഫ്ഗാങ്ങ് വോൺ ഗോയ്ഥേ , (ജെർമ്മൻ: Johann Wolfgang von Goethe) IPA: [gøːtʰə], (ഓഗസ്റ്റ് 28 1749 – മാർച്ച് 22 1832) ഒരു ജെർമ്മൻ സകലകലാവല്ലഭൻ ആയിരുന്നു. ഗോയ്ഥെയുടെ സംഭാവനകൾ കവിത, നാടകം, സാഹിത്യം, ദൈവശാസ്ത്രം, ഹ്യുമാനിസം, ശാസ്ത്രം, ചിത്രകല എന്നീ രംഗങ്ങളിൽ പരന്നുകിടക്കുന്നു. ഗോയ്ഥെയുടെ ഏറ്റവും പ്രശസ്തമായ കൃതി രണ്ടു വാല്യങ്ങളായി പ്രസിദ്ധീകരിച്ച ഫൌസ്റ്റ് എന്ന നാടക കവിതയാണ്. ലോക സാഹിത്യത്തിലെ തന്നെ കൊടുമുടികളിലൊന്നായി ഈ കൃതി കരുതപ്പെടുന്നു ഗോയ്ഥെയുടെ മറ്റു പ്രശസ്ത സാഹിത്യ സംഭാവനകളിൽ അദ്ദേഹത്തിന്റെ നിരവധി കവിതകൾ, ആത്മീയ നോവൽ ((bildungsroman) ആയ വിൽഹെം മീസ്റ്റെർസ് അപ്പ്രെന്റിസ്ഷിപ്പ്, പല കുറിപ്പുകളുടെ രൂപത്തിൽ എഴുതിയ നോവൽ (Epistolary novel) ആയ ദ് സോറോസ് ഓഫ് യങ്ങ് വെർതെർ ആത്മകഥാസ്പർശിയായ നോവലായ എലെക്ടീവ് അഫിനിറ്റീസ് എന്നിവ ഉൾപ്പെടുന്നു.

18-ആം നൂറ്റാണ്ടിന്റെ അവസാനത്തിലും 19-ആം നൂറ്റാണ്ടിന്റെ ആദ്യപാദത്തിലുമുള്ള ജെർമ്മൻ സാഹിത്യത്തിലെയും വീമാർ ക്ലാസിസിസത്തിലെയും പ്രധാന നായകരിൽ ഒരാളായിരുന്നു ഗോയ്ഥെ. ബോധോദയം, ഭാവുകത്വം (സെന്റിമെന്റാലിറ്റി, "Empfindsamkeit"), സ്റ്റർം ആന്റ് ഡ്രാങ്ങ്, കാല്പനികതാ പ്രസ്ഥാനം എന്നിവയുമായി ഈ പ്രസ്ഥാനം ബന്ധപ്പെട്ടുകിടക്കുന്നു. ഫൌസ്റ്റ്, തിയറി ഓഫ് കളേഴ്സ് എന്നീ കൃതികളുടെ കർത്താവായ ഗോയ്ഥെ ഡാർവിനെ ചെടികളുടെ രൂപകരണത്തിലുള്ള തന്റെ ശ്രദ്ധകൊണ്ട് സ്വാധീനിച്ചു. ഗോയ്ഥെയുടെ സ്വാധീനം യൂറോപ്പിൽ മുഴുവൻ വ്യാപിച്ചു. തുടർന്നുള്ള നൂറ്റാണ്ടിൽ ഗോയ്ഥെയുടെ കൃതികൾ യൂറോപ്പിലെ സംഗീതം, നാടകം, കവിത, തത്വചിന്ത എന്നിവയുടെ പ്രധാന പ്രേരകശക്തി ആയിരുന്നു.

സ്കൊളാസ്റ്റിസിസം

മദ്ധ്യയുഗത്തിന്റെ അന്തിമനൂറ്റാണ്ടുകളിൽ, ക്രി.വ. 1100-നും 1500-നും ഇടയ്ക്ക്, "സ്കൊളാസ്റ്റിക്കുകൾ", "സ്കൂളുകാർ" എന്നൊക്കെ അറിയപ്പെട്ട അദ്ധ്യാപകരുടെ കീഴിൽ യൂറോപ്പിലെ സർ‌വകലാശാലകളിൽ പ്രചാരത്തിലിരുന്ന പഠനരീതിയാണ്‌ സ്കൊളാസ്റ്റിസിസം. വിദ്യാലയവുമായി ബന്ധപ്പെട്ടത് എന്നർത്ഥമുള്ള "സ്കൊളാസ്റ്റിക്കോസ്"(σχολαστικός) എന്ന ഗ്രീക്ക് വാക്കിനെ ആശ്രയിച്ചുനിൽക്കുന്ന "സ്കൊളാസ്റ്റിക്കസ്" എന്ന ലത്തീൻ പദത്തിൽ നിന്നാണ്‌ "സ്കൊളാസ്റ്റിസിസം" എന്ന വാക്കുണ്ടായത്. പൗരാണികയവന ചിന്തയെ ക്രിസ്തീയ ദൈവശാസ്ത്രവുമായി സമന്വയിപ്പിക്കാനുള്ള ശ്രമത്തിൽ നിന്നാണ്‌ സ്കൊളാസ്റ്റിസിസത്തിന്റെ തുടക്കം. പ്രത്യേകമായ ഒരു തത്ത്വചിന്തയോ ദൈവശാസ്ത്രമോ എന്നതിനു പകരം സം‌വാദാത്മകയുക്തിയിലൂടെയുള്ള വിജ്ഞാനസമ്പാദനത്തിന്റെ ഉപകരണമോ രീതിയോ ആയിരുന്നു അത്. ചോദ്യങ്ങൾക്കു ഉത്തരം കണ്ടെത്തുകയും വൈപരീത്യങ്ങളെ സമന്വയിപ്പിക്കുകയും ചെയ്യുകയെന്നതായിരുന്നു അതിന്റെ അടിസ്ഥാന ലക്ഷ്യം. മദ്ധ്യകാലദൈവശാസ്ത്രത്തിലെ പ്രയോഗത്തിന്റെ പേരിലാണ്‌ സ്കൊളാസ്റ്റിസിസം ഏറ്റവും കൂടുതൽ അറിയപ്പെടുന്നതെങ്കിലും, മറ്റു വിജ്ഞാനമേഖലകളിലും അത് പ്രയോഗിക്കപ്പെട്ടിട്ടുണ്ട്.

യവനദർശനത്തിന്റേയും ക്രിസ്തീയസിദ്ധാന്തങ്ങളുടേയും സം‌യോഗത്തിലാണ്‌ സ്കൊളാസ്റ്റിസിസത്തിന്റെ കാതൽ. ക്രിസ്തീയസഭയുടെ വിശ്വാസരഹസ്യങ്ങളേയും സിദ്ധാന്തങ്ങളേയും, തത്ത്വചിന്തയുടേയും തത്ത്വികയുക്തിയുടേയും സഹായത്തോടെ വിശദീകരിക്കാനുള്ള അംബ്രോസിന്റേയും ആഗസ്തീനോസിന്റേയും ശ്രമത്തിൽ സ്കൊളാസ്റ്റിസിസത്തിന്റെ ആദിരൂപം കാണാം. ക്രിസ്തീയഭാവുകതയെ യവനദർശനവുമായി കൂട്ടിയിണക്കാൻ ശ്രമിച്ച രണ്ട് ആദ്യകാല സഭാപിതാക്കളായിരുന്നു ഇവർ. പീറ്റർ അബലാർഡ്, വലിയ അൽബർത്തോസ്, ജോൺ ഡൺസ് സ്കോട്ടസ്, ഓക്കമിലെ വില്യം, ബൊനവന്തുര, എല്ലാവർക്കുമുപരി തോമസ് അക്വീനാസ്, എന്നിവരായിരുന്നു ഈ പ്രസ്ഥാനത്തിന്റെ നായകന്മാർ. ഗ്രീക്ക് ദർശനത്തിന്റേയും ക്രിസ്തീയ സിദ്ധാന്തങ്ങളുടേയും സമഗ്രസമന്വയം ലക്ഷ്യമാക്കിയ അക്വീനാസിന്റെ സുമ്മാ തിയോളജിയാ, സ്കോളാസ്റ്റിക് പാരമ്പര്യത്തിലെ ഏറ്റവും പ്രധാന രചനയാണ്‌.

സ്വതന്ത്ര ഇച്ഛ

മനുഷ്യനുൾപ്പെടെയുള്ള ജീവികൾക്ക് സ്വതന്ത്ര ഇച്ഛ ഉണ്ടോ എന്നുള്ളത് ശാസ്ത്രലോകത്തും തത്വശാസ്ത്രരംഗത്തും ഇപ്പൊഴും തർക്കവിഷയമാണ്. വിവിധഘടകങ്ങൾ നമ്മുടെ പ്രവൃത്തികളേയും തീരുമാനങ്ങളെയും എത്രത്തോളം സ്വാധീനിക്കുന്നു എന്നതാണ് ഇവിടെയുള്ള അടിസ്ഥാനചോദ്യം.

ഉദാഹരണത്തിന്, T എന്ന സമയത്ത് നാം ഒരു തീരുമാനമെടുത്തു എന്ന് കരുതുക. അതിന് തൊട്ടുമുൻപുവരെയുണ്ടായ വിവിധ ഘടകങ്ങൾ ആ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ടാവും എന്നത് എല്ലാ തത്ത്വശാസ്ത്രങ്ങളും അംഗീകരിക്കുന്നതാണ്. എന്നാൽ ആ തീരുമാനം അതിന് തൊട്ടമുൻപുവരെയുള്ള ഘടകങ്ങളുടെ ആകെ സ്വാധീനത്തിന്റെ പ്രതിഫലനം മാത്രമാണോ, അതോ ഈ ഘടകങ്ങളിൽ നിന്നെല്ലാം വേർപെട്ട നമ്മുടെ ഒരു സ്വതന്ത്ര ഇച്ഛയുടെ കൂടെ സ്വാധീനം അതിലുണ്ടോ എന്നതാണ് തർക്ക വിഷയം.

ഇതരഭാഷകളിൽ

This page is based on a Wikipedia article written by authors (here).
Text is available under the CC BY-SA 3.0 license; additional terms may apply.
Images, videos and audio are available under their respective licenses.