തനക്ക്

എബ്രായബൈബിളിലെ ഗ്രന്ഥങ്ങളുടെ അംഗീകൃതസംഹിതയെ സൂചിപ്പിക്കാൻ യഹൂദർ ഉപയോഗിക്കുന്ന പേരാണ് തനക്ക്. "മസോറട്ടിക് പാഠം", "മിക്രാ" എന്നീ പേരുകളിലും അതറിയപ്പെടുന്നു. തനക്ക് എന്ന ചുരുക്കപ്പേര് മസോറട്ടിക് പാഠത്തിന്റെ പരമ്പാരാഗതമായ മൂന്നു ഉപവിഭാഗങ്ങളുടെ പേരിന്റെ ആദ്യാക്ഷരങ്ങൾ ചേർന്നുണ്ടായതാണ്: പഞ്ചഗ്രന്ഥി എന്നുകൂടി അറിയപ്പെടുന്ന നിയമസംഹിതയായ തോറാ, പ്രവചനഗ്രന്ഥങ്ങളായ നെവീം, പ്രബോധനപരമായ ലിഖിതങ്ങൾ ചേർന്ന കെതുവിം എന്നിവയാണ് ആ ഉപവിഭാഗങ്ങൾ. തനക്ക് എന്ന പേര് തോറാ, നെവീം, കെതുവിം എന്നീ ഗ്രന്ഥസമുച്ചയങ്ങളെ സൂചിപ്പിക്കുന്നു. 'വായിക്കപ്പെടുന്നത്' എന്നർത്ഥമുള്ള "മിക്രാ" (מקרא), എന്ന പേര് തനക്കിനു പകരമായി ഉപയോഗിക്കുന്ന ഒരു എബ്രായ നാമമാണ്. ബൈബിളിന്റെ പുരാതന ഗ്രീക്കു പരിഭാഷയായ സെപ്ത്വജിന്റ്, യഹൂദരുടെ അംഗീകൃതപാഠത്തിൽ ഇല്ലാത്ത ചില ഭാഗങ്ങൾ ഉൾക്കൊള്ളുന്നു. ഈ ഭാഗങ്ങൾ വ്യത്യസ്ത അളവുകളിൽ അടങ്ങുന്ന തനക്കിന്റെ ക്രിസ്തീയപാഠങ്ങൾ പൊതുവേ പഴയനിയമം എന്നറിയപ്പെടുന്നു. സെപ്ത്വജിന്റും മസോറട്ടിക് പാഠവും തമ്മിൽ ഉള്ളടക്കത്തിൽ ഗണ്യമായ വ്യത്യാസമുണ്ട്. "നിയമത്തേയും പ്രവാചകന്മാരേയും" പുതിയനിയമം പലവട്ടം വേർതിരിച്ചു പറയുന്നുണ്ടെങ്കിലും, പഴയനിയമം, യഹൂദബൈബിളിലെ പരമ്പരാഗത ഉപവിഭാഗങ്ങളെ പിന്തുടരുന്നില്ല.[1]

താൽമുദിൽ രേഖപ്പെടുത്തിയിരിക്കുന്ന ഒരു യഹൂദപാരമ്പര്യം അനുസരിച്ച്[2] എബ്രായ ബൈബിൾ സംഹിത, യഹൂദമഹാസഭയിലെ മനീഷികൾ ക്രി.മു. 450-ഓടു കൂടി ക്രോഡീകരിച്ച് അന്നുമുതൽ മാറ്റമില്ലാതെ തുടർന്നതാണ്. എന്നാൽ എബ്രായബൈബിളിന്റെ കാനോനികസംഹിതയുടെ വികാസം ക്രി.മു. 200-നും ക്രി.വ. 200-നും ഇടയ്ക്കു നടന്നു എന്നാണ് മിക്കവാറും ആധുനിക പണ്ഡിതന്മാർ കരുതുന്നത്.

യഹൂദ ബൈബിളിന്റെ എബ്രായഭാഷയിലെ മൂല ലിഖിതരൂപം ചില സ്വരാക്ഷരങ്ങൾ മാത്രം ചേർന്ന് മിക്കവാറും വ്യഞ്ജനമാത്രമായ(abjad) പാഠമായിരുന്നു. മദ്ധ്യയുഗങ്ങളിൽ, മസോറട്ടുകൾ എന്നറിയപ്പെടുന്ന ഒരുകൂട്ടം പണ്ഡിതന്മാർ, ഈ മൂലപാഠത്തോട് സ്വരങ്ങൾ ചേർക്കാനുള്ള ഒരു ഏകീകൃത വ്യവസ്ഥ രൂപപ്പെടുത്തി. തനക്കിന്റെ വായനാപാരമ്പര്യം പിന്തുടർന്ന് ഈ വ്യവസ്ഥ രൂപപ്പെടുത്തിയത് തിബേരിയസ് പാഠശാലയിലെ റബൈ അഹറോൻ ബെൻ മോസസ് ബെൻ അഷെർ ആണ്. അതിനാൽ ഇത് "തിബേരിയൻ സ്വരപദ്ധതി"(Tiberian vocalization) എന്നറിയപ്പെടുന്നു. യഹൂദമനീഷിയായ ബെൻ നഫ്‌താലിയുടേയും ബാബിലോണിയൻ പാഠശാലകളിലേയും ആശയങ്ങളും ഈ വ്യവസ്ഥയുടെ വികാസത്തെ സഹായിച്ചു.[3] ഈ ക്രമീകരണം താരതമ്യേന അടുത്തകാലത്തുണ്ടായതാണെങ്കിലും, അതിലെ സ്വരപദ്ധതി മോശെയ്ക്ക് സീനായ് മലയിൽ കിട്ടിയ ദൈവവെളിപാടിന്റെ തന്നെ ഭാഗമായിരുന്നു എന്നു ചില പരമ്പരാഗത രേഖകളും യാഥാസ്ഥിതിക യഹൂദരും അവകാശപ്പെടുന്നു. ഉച്ചാരണ, വിരാമവ്യവസ്ഥകളില്ലാതെ മൂലപാഠത്തിന്റെ വായന സാധ്യമാകുമായിരുന്നില്ല എന്ന യുക്തിയെയാണ് ഈ വാദം ആശ്രയിക്കുന്നത്. പാഠം (מקרא മിക്ര), ഉച്ചാരണം (ניקוד നിഗ്ഗുദ്) വായന (טעמים തെ-ആമിം) എന്നിവയുടെ ചേർച്ച വായനക്കാരനെ, തനക്കിന്റെ ലളിതാർത്ഥവും, വാക്‌ധാരയുടെ സൂക്ഷ്മാർത്ഥങ്ങളും ഗ്രഹിക്കാൻ സഹായിക്കുന്നു.

Entire Tanakh scroll set
സമ്പൂർണ്ണ തനക്ക് ചുരുളുകൾ

അവലംബം

  1. For example, "the law of Moses, the prophets, and the psalms" in Luke 24:44–45
  2. Bava Basra 14b-15a, Rashi to Megillah 3a, 14a
  3. The Masorah of Biblia Hebraica Stuttgartensia, (ISBN 0-8028-4363-8, p. 20)
ഉൽപ്പത്തിപ്പുസ്തകം

എബ്രായ ബൈബിളിലേയും ക്രിസ്ത്യാനികളുടെ പഴയനിയമത്തിലേയും ആദ്യഗ്രന്ഥമാണ് ഉല്പത്തിപ്പുസ്തകം. പഞ്ചഗ്രന്ഥി എന്നു കൂടി പേരുള്ള യഹൂദനിയമഗ്രന്ഥമായ തോറായിലെ അഞ്ചുഗ്രന്ഥങ്ങളിൽ ആദ്യത്തേതും ഇതാണ്.ബി.സി. ഒമ്പത് -ആറ് ശതകങ്ങളിൽ രചിക്കപ്പെട്ടതും അഞ്ചാം ശതകത്തിൽ സങ്കലനം ചെയ്യപ്പെട്ടതുമായ ഉത്പത്തി പുസ്തകത്തിന് ഒരു ആദ്യകാലസാഹിത്യഗ്രന്ഥമെന്ന നിലയിലും പ്രാധാന്യമുണ്ട് .

ഒബാദിയായുടെ പുസ്തകം

എബ്രായബൈബിളിന്റേയും ക്രിസ്ത്യാനികളുടെ പഴയനിയമത്തിന്റേയും ഭാഗമായ ഒരു ലഘുഗ്രന്ഥമാണ് ഒബാദിയായുടെ പുസ്തകം. 21 വാക്യങ്ങളിൽ ഒരേയൊരദ്ധ്യായം മാത്രമുള്ള ഈ രചന, എബ്രായ ബൈബിളിലെ ഏറ്റവും ചെറിയ പുസ്തകമാണ്. ഗ്രന്ഥനാമത്തിൽ സൂചിപ്പിക്കുന്ന രചയിതാവിന്റെ 'ഒബാദിയ' എന്ന പേരിന് "ദൈവദാസൻ", "ദൈവാരാധകൻ" എന്നൊക്കെയാണർത്ഥം. ദൈർഘ്യം കുറഞ്ഞ 12 പ്രവചന ഗ്രന്ഥങ്ങൾ ചേർന്ന "ചെറിയ പ്രവാചകന്മാർ" എന്ന വിഭാഗത്തിൽ ആമോസിന്റേയും യോനായുടേയും പുസ്തകങ്ങൾക്കിടയിലാണ്, മിക്കവാറും ബൈബിൾ സംഹിതകളിൽ ഇതിന്റെ സ്ഥാനം. ഇസ്രായേലിന്റെ പൂർവബന്ധുക്കളും ഒപ്പം പരമ്പരാഗതശത്രുക്കളുമായി തെക്കു കിഴക്ക് യോർദ്ദാൻ നദിയ്ക്കക്കരെ ഉണ്ടായിരുന്ന ഏദോം എന്ന ദേശത്തിനെതിരെയുള്ള പരാതികളും പ്രവചനങ്ങളുമാണ് ഈ രചനയുടെ ഉള്ളടക്കം. ഇസ്രായേലിലെ പന്ത്രണ്ടു ഗോത്രങ്ങളുടെ പൂർവപിതാവായി കരുതപ്പെടുന്ന യാക്കോബിന്റെ ഇരട്ട സഹോദരൻ എസ്സാവിന്റെ വംശത്തിൽ പെട്ടവരായിരുന്നു ഏദോമിയർ.

ജോയേലിന്റെ പുസ്തകം

എബ്രായ ബൈബിളിന്റേയും പഴയനിയമം എന്നു ക്രിസ്ത്യാനികൾ വിളിക്കുന്ന ലിഖിതസഞ്ചയത്തിന്റേയും ഭാഗമായ ഒരു ഗ്രന്ഥമാണ് ജോയേലിന്റെ പുസ്തകം. മിക്കവാറും ബൈബിൾ സംഹിതകളിൽ, 'ചെറിയ പ്രവാചകന്മാരുടെ' 12 ഗ്രന്ഥങ്ങളിൽ രണ്ടാമതായി, ഹോസിയായുടേയും ആമോസിന്റേയും പുസ്തകങ്ങൾക്കിടയിലാണ് ഇതിന്റെ സ്ഥാനം. മൂന്നദ്ധ്യായങ്ങൾ മാത്രമുള്ള ഈ കൃതിയുടെ പാഠത്തിൽ അതിന്റെ രചനാകാലത്തെക്കുറിച്ചോ രചയിതാവിന്റെ പശ്ചാത്തലത്തെക്കുറിച്ചോ സൂചനകളൊന്നുമില്ല. ക്രി.മു. എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നതായികരുതപ്പെടുന്ന ഹോസിയായുടേയും ആമോസിന്റേയും രചനകൾക്കിടെയുള്ള സ്ഥാനം കണക്കിലെടുത്ത് അക്കാലത്തെ രചനയായി ഇതും കരുതപ്പെട്ടിരുന്നു. എന്നാൽ, രാജവാഴ്ചയില്ലാതെ പുരോഹിതന്മാരുടെ നേതൃത്വത്തിലുള്ള ക്ഷേത്രാരാധനയിൽ കേന്ദ്രീകരിച്ച് ജീവിക്കുന്ന ഒരു ചെറിയ സമൂഹത്തെ സങ്കല്പിക്കുന്ന ഈ ഗ്രന്ഥത്തെ, ഈ ക്രി.മു. 5-4 നൂറ്റാണ്ടുകളിൽ, ഇസ്രായേലിനു മേലുള്ള പേർഷ്യൻ ആധിപത്യകാലത്തെ സൃഷ്ടിയായാണ് ആധുനിക ബൈബിൾ പണ്ഡിതന്മാർ കണക്കാക്കുന്നത്.

ഈ പുസ്തകത്തിന്റെ ആദ്യപകുതി, ദേശത്തിനു നേരിടേണ്ടി വന്ന ഭീകരമായ വെട്ടുക്കിളി ആക്രമണത്തിന്റേയും തുടർന്നുണ്ടായ വരൾച്ചയുടേയും വിവരണമാണ്. ആ അത്യാഹിതത്തിൽ, "വിട്ടിൽ ശേഷിപ്പിച്ചതു വെട്ടുക്കിളിയും, വെട്ടുക്കിളി ശേഷിപ്പിച്ചതു പച്ചക്കുതിരയും, പച്ചക്കുതിര ശേഷിപ്പിച്ചതു കമ്പിളിപ്പുഴുവും തിന്നു". സിംഹത്തിന്റെ പല്ലുകളും സിംഹിയുടെ ദംഷ്ട്രകളുമായി വരുന്ന സംഖ്യാതീതമായ ഒരു ജനതയുടെ ആക്രമണമായി പ്രവാചകൻ ഈ ദുരന്തത്തെ കാണുന്നു. ഈ വിവരണം ഇവ്വിധമുള്ള യഥാർത്ഥ സംഭവങ്ങളെയോ സൈനികവും രാഷ്ട്രീയവുമായ കോളിളക്കങ്ങളെയോ സൂചിപ്പിക്കുന്നതെന്നു വ്യക്തമല്ല. ഏതായാലും തന്റെ നീതി സ്ഥാപിക്കാൻ വേണ്ടിയുള്ള കർത്താവിന്റെ വരവിന്റെ മുൻസൂചനകളായി അവയെ കണുന്ന പ്രവാചകൻ, ജനങ്ങളെ പശ്ചാത്താപത്തിനായി ആഹ്വാനം ചെയ്യുന്നു.

ദാനിയേലിന്റെ പുസ്തകം

എബ്രായബൈബിളിന്റേയും ക്രിസ്ത്യാനികളുടെ പഴയനിയമത്തിന്റേയും ഭാഗമായ ഒരു ഗ്രന്ഥമാണ് ദാനിയേലിന്റെ പുസ്തകം. നബുക്കെദ്നസ്സർ രാജാവിന്റെ കാലത്ത് (ക്രി.മു. 605 - 562) ബാബിലോണിൽ പ്രവാസിയായിരുന്ന ദാനിയേൽ എന്ന യഹൂദയുവാവ് രാജസേവനത്തിൽ ഉന്നതസ്ഥാനം കൈവരിക്കുന്നതിന്റെ കഥയും അദ്ദേഹത്തിനു ലഭിച്ചതായ ദർശനങ്ങളുടേയും പ്രവചനങ്ങളുടേയും വിവരണവുമാണ് ഈ കൃതി. ക്രി.മു. ആറാം നൂറ്റാണ്ടിലെ ബാബിലോൺ പ്രവാസകാലത്തെ ദൈവജ്ഞാനികളിൽ ഒരാളായി സങ്കല്പിക്കപ്പെട്ട ദാനിയേലിനെപ്പറ്റി മുൻനൂറ്റാണ്ടുകളിൽ പ്രചരിച്ചിരുന്ന കഥകൾ ക്രി.മു. രണ്ടാം നൂറ്റാണ്ടിൽ ലിഖിതരൂപത്തിൽ സമാഹരിക്കപ്പെട്ടത്, യഹൂദരെ നിർബ്ബന്ധപൂർവം യവനീകരിക്കാൻ സെല്യൂക്കിഡ് സാമ്രാട്ടായ അന്തിയോക്കസ് എപ്പിഫാനസ് നടത്തിയ ശ്രമം മൂലമുണ്ടായ മക്കബായ കലാപത്തിനിടെയാണ്. ഇതിന്റെ രചനാകാലം അന്തിയോക്കസ് രാജാവിന്റെ ക്രി.മു. 164-ലെ മരണത്തിനു തൊട്ടുമുൻപായിരിക്കുമെന്നാണ് മിക്കവാറും ആധുനിക ബൈബിൾ പണ്ഡിതന്മാരുടേയും മതം.എബ്രായബൈബിളിലെ ഗ്രന്ഥങ്ങളിൽ, ഗണ്യമായൊരു ഭാഗം മറ്റൊരു ഭാഷയിൽ എഴുതപ്പെട്ടിരിക്കുന്നത് എന്ന നിലയേൽ ദാനിയേലിന്റെ പുസ്തകം വ്യത്യസ്തത പുലർത്തുന്നു. ഇതിൽ ഉപയോഗിച്ചിരിക്കുന്ന രണ്ടാമത്തെ ഭാഷ അരമായ ആണ്. എബ്രായ ഭാഷയിൽ തുടങ്ങുന്ന പുസ്തകം രണ്ടാം അദ്ധ്യായം നാലാം വാക്യത്തിന്റെ രണ്ടാം ഭാഗം മുതൽ ഏഴാം അദ്ധ്യായത്തിന്റെ അവസാനം വരെ (2:4b-7:28) അരമായ ഭാഷയിലാണ്. ഇതിലെ ആദ്യത്തെ ആറദ്ധ്യായങ്ങൾ മറ്റൊരാൾ പറയുന്ന രീതിയിലുള്ള ആറ് ആഖ്യാനങ്ങളാണ്. തുടർന്നു വരുന്ന ആറദ്ധ്യായങ്ങൾ പ്രവാചകൻ സ്വയം നടത്തുന്ന വിവരണമാണ്. ദാനിയേലിന്റേയും സുഹൃത്തുക്കളുടേയും വിശ്വാസദൃഢത തെളിയിക്കുന്ന കൊട്ടാരം കഥകളും (അദ്ധ്യായങ്ങൾ 1, 3, 6), രാജസ്വപ്നങ്ങൾക്കും ദർശനങ്ങൾക്കും ദാനിയേൽ നൽകുന്ന വ്യാഖ്യാനവുമാണ് (അദ്ധ്യായങ്ങൾ 2, 5) ആദ്യാദ്ധ്യായങ്ങളിൽ. രണ്ടാം ഭാഗത്ത് ദാനിയേലിന്റെ തന്നെ സ്വപ്നങ്ങളും ഗബ്രിയേൽ മാലാഖ അവയ്ക്കു നൽകുന്ന വ്യാഖ്യാനവുമാണ്.

നിയമാവർത്തനം

എബ്രായ ബൈബിളിലേയും പഴയനിയമം എന്നു ക്രിസ്ത്യാനികൾ വിളിക്കുന്ന ലിഖിതസമുച്ചയത്തിലേയും അഞ്ചാമത്തെ ഗ്രന്ഥമാണ് നിയമാവർത്തനം. പഞ്ചഗ്രന്ഥി എന്നു കൂടി പേരുള്ള യഹൂദനിയമസംഹിതയായ തോറായിലെ അഞ്ചു ഗ്രന്ഥങ്ങളിൽ അവസാനത്തേതും ഇതു തന്നെയാണ്. പോയ നാല്പതു വർഷം മരുഭൂമിയിൽ അലഞ്ഞുതിരിയേണ്ടി വന്നപ്പോഴത്തെ അനുഭവങ്ങൾ വിലയിരുത്തിയും കടന്നുചെല്ലാൻ പോകുന്ന വാഗ്ദത്തഭൂമിയിലെ ഭാവിയിലേക്ക് ഉറ്റുനോക്കിയും മോശെ നടത്തിയ മൂന്നു ദീർഘപ്രഭാഷണങ്ങളാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കത്തിന്റെ വലിയൊരു ഭാഗം. വാഗ്ദത്തഭൂമിയിൽ ഇസ്രായേൽക്കാരുടെ ജീവിതത്തിനു വഴികാണിക്കാനുദ്ദേശിച്ചുള്ള വിശദമായൊരു നിയമസംഹിതയാണ് അതിന്റെ കാതൽ.

ദൈവശാസ്ത്രപരമായി നോക്കുമ്പോൾ, ദൈവമായ യഹോവയും ഇസ്രായേൽ മക്കളും തമ്മിലുള്ള ഉടമ്പടിയുടെ നവീകരണമാണ് ഈ കൃതി. ഇതിലെ ഏറ്റവും പ്രാധാന്യമുള്ള ഭാഗം ആറാമത്തെ അദ്ധ്യായത്തിലെ ഷെമാ എന്ന പേരിൽ അറിയപ്പെടുന്ന നാലാം വാക്യമാണ്. യഹൂദരുടെ ഏകദൈവവിശ്വാസത്തിന്റേയും, ദേശീയതയുടെ തന്നെയും പ്രഘോഷണമെന്ന നിലയിൽ പ്രസിദ്ധമായ ആ വാക്യം ഇതാണ്: "ഇസ്രായേലേ കേട്ടാലും: കർത്താവായ യഹോവയാണ് നമ്മുടെ ദൈവം; കർത്താവ് ഏകനാണ്."

മോശെയ്ക്ക് ദൈവത്തിൽ നിന്നു ലഭിച്ച വചനങ്ങളുടെ രേഖയായി ഈ ഗ്രന്ഥത്തെ പാരമ്പര്യം ഘോഷിക്കുന്നു. എങ്കിലും ആധുനിക പണ്ഡിതന്മാർ ഇതിനെ പലർ ചേർന്ന് എഴുതിയ ഗ്രന്ഥമായും, യൂദയാ ഭരിച്ച ജോഷിയാ രാജാവിന്റെ ഭരണകാലത്തു നടന്ന മതപരമായ നവീകരണവുമായി ബന്ധപ്പെട്ട് രൂപപ്പെട്ടിരിക്കാവുന്നതായും കണക്കാക്കുന്നു.

നെഹമിയയുടെ പുസ്തകം

എബ്രായ ബൈബിളിലേയും ക്രിസ്ത്യാനികളുടെ പഴയനിയമത്തിലേയും ഒരു ഗ്രന്ഥമാണ് നെഹമിയായുടെ പുസ്തകം. പേർഷ്യൻ രാജധാനിയിലെ ഒരുദ്യോഗസ്ഥനായിരുന്ന നെഹമിയ, താറുമാറായിക്കിടന്ന യെരുശലേമിന്റെ നഗരഭിത്തി പുനർനിർമ്മിക്കുന്നതും നഗരത്തേയും ജനങ്ങളേയും യഹൂദ ധാർമ്മികനിയമത്തിനു പുനർസമർപ്പിക്കുന്നതുമാണ് ഇതിന്റെ ഉള്ളടക്കം. നെഹമിയയുടെ സ്മരണകളുടെ രൂപത്തിലാണ് ഇതിന്റെ രചന. ഇതിൽ വിവരിച്ചിരിക്കുന്ന സംഭവങ്ങൾ ക്രി.മു. അഞ്ചാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ നടന്നവയാണ്. സ്മരണകളുടെ രൂപത്തിലുള്ള ഈ പുസ്തകത്തിന്റെ കേന്ദ്രഖണ്ഡം, ക്രി.മു. 400-നടുത്ത് എസ്രായുടെ പുസ്തകത്തിന്റെ ഉള്ളടക്കവുമായി സംയോചിപ്പിക്കപ്പെട്ടിരിക്കണം. അങ്ങനെ രൂപപ്പെട്ട സംയോജിതഗ്രന്ഥമായ എസ്രാ-നെഹമിയായുടെ സംശോധനം പേർഷ്യൻ വാഴ്ചയ്ക്കു ശേഷം വന്ന ഗ്രീക്കു ഭരണകാലത്ത് തുടർന്നു. എസ്രായുടേയും, നെഹമിയയുടേയും പുസ്തകങ്ങൾ വേർതിരിക്കപ്പെട്ടതു ക്രിസ്തുവർഷത്തിന്റെ ആദ്യനൂറ്റാണ്ടുകളിലെന്നോ ആണ്.

സൂസായിലെ കൊട്ടാരത്തിൽ പേർഷ്യൻ രാജാവിന്റെ പാനപാത്രവാഹകനായിരുന്ന നെഹമിയ യെരുശലേമിന്റെ നഗരഭിത്തികൾ താറുമാറായിക്കിടക്കുന്നതറിഞ്ഞ്, അതിനെ പുനരുദ്ധരിക്കാൻ നിശ്ചയിക്കുന്നതിലാണ് പുസ്തകത്തിന്റെ തുടക്കം. രാജാവ് നെഹമിയയെ യെരുശലേമിന്റെ പ്രവിശ്യാധികാരിയായി നിയോഗിക്കുന്നതോടെ അദ്ദേഹം അവിടേക്കു പോകുന്നു. യെരുശലേമിൽ അദ്ദേഹം ഇസ്രായേലിന്റെ ശത്രുക്കളുടെ എതിർപ്പിനെ നേരിട്ട് നഗരഭിത്തി പുനർനിർമ്മിക്കുകയും ജനസമൂഹത്തെ മോശെയുടെ നിയമത്തിനനുസരിച്ച് നവീകരിക്കുകയും ചെയ്യുന്നു. ഇടയ്ക്ക് സൂസാ സന്ദർശിച്ചു മടങ്ങി വന്ന നെഹമിയ, താൻ ഏർപ്പെടുത്തിയ നവീകരണങ്ങൾ ഉപേക്ഷിച്ച് ജനം പിന്നോക്കം പോയതായും അവർ യഹൂദേതര ഭാര്യമാരെ സ്വീകരിച്ചിരിക്കുന്നതായും കാണുന്നു. അതോടെ, അദ്ദേഹം യഹുദനിയമം നടപ്പാക്കാനായി യെരുശലേമിൽ സ്ഥിരതാമസമാക്കുന്നു.

ന്യായാധിപന്മാരുടെ പുസ്തകം

എബ്രായബൈബിളിലേയും ക്രിസ്ത്യാനികളുടെ പഴയനിയമത്തിലേയും ഒരു ഗ്രന്ഥമാണ് ന്യായാധിപന്മാരുടെ പുസ്തകം. അതിന്റെ മൂലം എബ്രായഭാഷയിലാണ് എഴുതപ്പെട്ടത്. ഇസ്രായേൽ ജനത ഈജിപ്തിനിൽ നിന്നുള്ള പ്രയാണത്തിനൊടുവിൽ കാനാൻ ദേശത്ത് ആധിപത്യം സ്ഥാപിക്കുന്നതിനും ഇസ്രായേലിലെ രാജവംശത്തിന്റെ സ്ഥാപനത്തിനും ഇടക്കുള്ള കാലത്തെ ചരിത്രമാണ് അതിന്റെ വിഷയം. ഇസ്രായേലിന് രാജാക്കന്മാരോ, സർവ്വസമ്മതരായ ജനനേതാക്കളോ ഇല്ലാതിരുന്നതിനാൽ ഒരോരുത്തനും തനിക്ക് ഇഷ്ടമുള്ളതു ചെയ്തിരുന്ന കാലമായിരുന്നു അത്. അക്കാലത്തെ പ്രതിസന്ധികൾക്കിടയിൽ നേതൃത്വഗുണവും ധൈര്യവും പ്രകടിപ്പിച്ച ഗോത്രവീരന്മാരായിരുന്നു ഈ കൃതിയിലെ രക്ഷകരായ "ന്യായാധിപന്മാർ".

പുറപ്പാട്

എബ്രായ ബൈബിളിലേയും ക്രിസ്ത്യാനികളുടെ പഴയനിയമത്തിലേയും രണ്ടാമത്തെ ഗ്രന്ഥമാണ് പുറപ്പാട്. പഞ്ചഗ്രന്ഥി എന്നു കൂടി അറിയപ്പെടുന്ന യഹൂദനിയമഗ്രന്ഥമായ തോറയിലെ അഞ്ചുഗ്രന്ഥങ്ങളിൽ രണ്ടാമത്തേതും ഇതാണ്. ഈജിപ്തിലെ അടിമത്തത്തിൽ നിന്നുള്ള എബ്രായജനതയുടെ മോചനത്തിന്റേയും മരുഭൂമിയിലൂടെ ദൈവത്തിന്റെ പർവതമായ സീനായ് മലവരെ മോശെ അവരെ നയിക്കുന്നതിന്റെയും കഥയാണ് ഇതു പറയുന്നത്. സീനായ് പർവതത്തിൽ ദൈവമായ യഹോവ എബ്രായജനതയ്ക്ക് അവരുടെ നിയമസംഹിത നൽകുകയും അവരുമായി ഒരുടമ്പടിയിൽ ഏർപ്പെടുകയും ചെയ്തു. യഹോവയോടു ജനത വിശ്വസ്തരായിരുന്നാൽ കാനാൻ ദേശം അവർക്ക് അവകാശമായി കൊടുക്കുമെന്നായിരുന്നു ഉടമ്പടി. മരുഭൂമിയിൽ ജനതയുടെ സഞ്ചരിക്കുന്ന ആരാധനാലയമായിരുന്ന ദൈവകൂടാരത്തിന്റെ (Tabernacle) നിർമ്മിതിയിലാണ് പുറപ്പാട് പുസ്തകം സമാപിക്കുന്നത്.

പുറപ്പാട് ഉൾപ്പെടെയുള്ള പഞ്ചഗ്രന്ഥിയിലെ അഞ്ചു പുസ്തകങ്ങളുടേയും കർത്താവ് മോശെ ആണെന്നാണ് പാരമ്പര്യം. ഈ കൃതി എങ്ങനെ അതിന്റെ അന്തിമരൂപത്തിൽ എത്തിച്ചേർന്നു എന്നതിനെക്കുറിച്ച് ആധുനിക ബൈബിൾ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായൈക്യമില്ല. പുറപ്പാട് ഒന്നിലേറെപ്പേരുടെ രചനയാണെന്നും ക്രി.മു. ആറും അഞ്ചും നൂറ്റാണ്ടുകളിലെ ബാബിലോണിയ പ്രവാസകാലത്തും പേർഷ്യൻ ഭരണകാലത്തുമാണ് അതു രൂപപ്പെട്ടതെന്നും വിശ്വസിക്കപ്പെടുന്നു.

ബാറൂക്കിന്റെ പുസ്തകം

റോമൻ കത്തോലിക്ക സഭയും ഓർത്തഡോക്സ് സഭകളും മാത്രം അംഗീകരിക്കുന്ന ബൈബിൾ പഴയനിയമത്തിലെ ഒരു ഗ്രന്ഥമാണ് ബാറൂക്കിന്റെ പുസ്തകം. ഗ്രന്ഥകർത്താവ് ബാറൂക്ക്‌ ജറെമിയായുടെ ഗുമസ്‌തനായിരുന്നുവെന്ന് കരുതപ്പെടുന്നു. ഗ്രന്ഥത്തിലെ തന്നെ സൂചനപ്രകാരം ബാറൂക്ക്‌ ബാബിലോണിൽ വച്ച്‌ എഴുതുകയും, ഗ്രന്ഥം പിന്നീട് ജറുസലെമിലേക്ക്‌ അയച്ചുകൊടുക്കുകയും ചെയ്തിട്ടുള്ളതാണ്. എന്നാൽ ഈ ഗ്രന്ഥ രചനയിൽ പല വ്യക്തികൾ ഉൾപ്പെട്ടിരുന്നുവെന്നും, അതിനാൽ ഇതൊരു ഗ്രന്ഥ സമാഹാരമാണെന്നും വിവിധങ്ങളായ അഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്. ഇതിലെ ഉള്ളടക്കം ആറ് അദ്ധ്യായങ്ങളിലായി വിവരിച്ചിരിക്കുന്നു.

ബൈബിൾ

ക്രിസ്ത്യാനികളുടെയും യഹൂദരുടെയും വിശുദ്ധ ഗ്രന്ഥമാണ് ബൈബിൾ. ഹീബ്രു ഭാഷയിലുള്ള പഴയനിയമം മാത്രമാണ് യഹൂദർക്ക് ബൈബിൾ. എന്നാൽ പഴയ നിയമവും പുതിയ നിയമവും ചേർന്നതാണ് ക്രിസ്ത്യാനികളുടെ ബൈബിൾ. ചെറിയ പുസ്തകം എന്നർത്ഥം വരുന്ന ബിബ്ലിയ എന്ന ഗ്രീക്ക് വാക്കിൽ നിന്നാണ് ബൈബിൾ എന്ന പദം പ്രയോഗത്തിലെത്തിയത്. ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ രേഖയായും ദൈവവചനമായുമൊക്കെയാണ് വിശ്വാസികൾ ബൈബിളിനെ കരുതിപ്പോരുന്നത്. എന്നാൽ ബൈബിളിനെ സാഹിത്യ സൃഷ്ടിയായോ ചരിത്ര രേഖയായോ സമീപിക്കുന്നവരുമുണ്ട്.

ലോകത്തിൽ ഏറ്റവും കൂടുതൽ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിരിക്കുന്ന ഗ്രന്ഥമാണ് ബൈബിൾ. 469 ഭാഷകളിൽബൈബിൾ പ്രസിദ്ധീകൃതമായിട്ടുണ്ട്. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടിരുന്ന ഗ്രന്ഥവും ഇതുതന്നെ. അഞ്ഞൂറ് കോടിയിലേറെ പ്രതികൾ പലഭാഷകളിലായി വിറ്റഴിക്കപ്പെട്ടിട്ടുണ്ട്.

മലാക്കിയുടെ പുസ്തകം

എബ്രായബൈബിളിന്റേയും ക്രിസ്ത്യാനികളുടെ പഴയനിയമത്തിന്റേയും ഭാഗമായ ഒരു രചനയാണ് മലാക്കിയുടെ പുസ്തകം. ദൈർഘ്യം കുറഞ്ഞ 12 പ്രവചനഗ്രന്ഥങ്ങൾ അടങ്ങിയ "ചെറിയ പ്രവാചകന്മാർ" എന്ന വിഭാഗത്തിലെ അവസാനഗ്രന്ഥമായാണ് മിക്കവാറും ബൈബിൾ സംഹിതകളിൽ ഇതു കാണുന്നത്. ബാബിലോണിലെ പ്രവാസത്തിനു ശേഷം യെരുശലേമിൽ യഹൂദരുടെ രണ്ടാം ദേവാലയത്തിന്റെ നിർമ്മാണം കഴിഞ്ഞ് ക്രി.മു. അഞ്ചാം നൂറ്റാണ്ടിലെങ്ങോ ഇതിന്റെ രചന നടന്നതായി കരുതപ്പെടുന്നു. അനുഷ്ഠാനപരമായ മതാത്മകതയ്ക്കും മതവിശ്വാസത്തിന്റെ സാമൂഹികമാനത്തിനും തുല്യപ്രാധാന്യം കല്പിച്ച പ്രവാസാനന്തര യഹൂദപ്രവാചകപാരമ്പര്യത്തിന്റെ മാതൃകയായി ഈ രചന കണക്കാക്കപ്പെടുന്നു.

മസോറട്ടിക് പാഠം

തനക്ക് എന്ന് യഹൂദരും പഴയനിയമം എന്ന് ക്രിസ്ത്യാനികളും വിളിക്കുന്ന എബ്രായ ബൈബിളിന്റെ പഴയ വ്യഞ്ജനമാത്രമായ പാഠത്തോട് സ്വരങ്ങളുടേയും ഉച്ചാരണത്തിലെ ബലഭേദങ്ങളുടേയും(accents) ഛിഹ്നങ്ങളും ഓരക്കുറിപ്പുകളും(marginal notes) കൂട്ടിച്ചേർത്ത് മദ്ധ്യയുഗങ്ങളിൽ രൂപപ്പെടുത്തി നിശ്ചിതമാക്കി, കാലക്രമത്തിൽ ആധികാരികത നൽകപ്പെട്ട പാഠമാണ് മസോറട്ടിക് പാഠം. ക്രി.മു. ഒന്നാം നുറ്റാണ്ടിലെ ലഭ്യമായ കൈയെഴുത്തുപ്രതികളുമായി വളരെ യോജിപ്പിലായതിനാൽ, റാബൈനിക ബൈബിളുകളുടെ അടിസ്ഥാനമായ ഈ പാഠത്തെ ആധുനിക പഴയനിയമപഠനങ്ങളും മുഖ്യമായി ആശ്രയിക്കുന്നു.

മസോറട്ടിക് പാഠത്തിന് ആധാരമായിരുന്ന എബ്രായബൈബിൾമൂലം, ഈജിപ്തിലും പലസ്ഥീനയിലും പ്രചരിച്ചിരുന്നതും പുതിയനിയമലേഖകന്മാർ ആശ്രയിച്ചതുമായ പഴയനിയമത്തിന്റെ പുരാതന ഗ്രീക്ക് പരിഭാഷയായ സെപ്ത്വജിന്റ് ആശ്രയിച്ച മൂലത്തിൽ നിന്ന് വ്യത്യസ്തമായിരുന്നതുകൊണ്ട്, മസോറട്ടിക് പാഠം സെപ്ത്വജന്റിൽ നിന്ന് വ്യത്യസ്തമായിരിക്കുന്നു. എന്നാൽ ഈ വ്യത്യാസങ്ങൾ ഒട്ടുമിക്കപോഴും ആശയപരമായല്ല, മറിച്ച് വ്യാകരണപരമായ അർത്ഥവ്യതിയാനങ്ങളാണ്.

'മസോറ' എന്ന എബ്രായ വാക്ക്, എസക്കിയേൽ പ്രവാചകന്റെ പുസ്തകത്തിലെ "ഞാൻ നിങ്ങളെ എന്റെ വടികൊണ്ട് തൊട്ട് എണ്ണും; എന്റെ ഉടമ്പടിയുടെ ചങ്ങലക്ക് വിധേയരാക്കും" എന്ന വാക്യത്തിലെ ചങ്ങല എന്ന വാക്കുമായി ബന്ധപ്പെട്ട് ഉത്ഭവിച്ചതാണ്. ബൈബിൾ പാഠത്തെ നിശ്ചിതമാക്കുന്നത് വഴിവിട്ട വ്യാഖ്യാനത്തെ തടയുന്ന ചങ്ങലയാണെന്നാണ് വിവക്ഷ. എന്നാൽ കാലക്രമത്തിൽ 'മസോറ' എന്നതിന് പാരമ്പര്യത്തിന്റെ പകർന്നുനൽകൽ എന്ന് അർത്ഥമായി. ആ രീതിയിൽ അതിന്റെ വിപുലമായ അർത്ഥം യഹൂദപാരമ്പര്യത്തെ മുഴുവൻ സൂചിപ്പിക്കുന്നു. എന്നാൽ മസോറട്ടിക് പാഠത്തിന്റെ സന്ദർഭത്തിൽ കുറേക്കൂടി പരിമിതമായ അർത്ഥമാണ് അതിനുള്ളത്. അവിടെ അത്, ബൈബിൾ പാഠത്തെ നിശ്ചിതമാക്കാൻ ചേർക്കപ്പെട്ട സ്വരങ്ങളുടേയും ഉച്ചാരണഭേദങ്ങളുടേയും ഛിഹ്നങ്ങളേയും, സംശയമുള്ള വാക്കുകളുടെ കൃത്യമായ അക്ഷരച്ചേരുവയും മറ്റും സൂചിപ്പിക്കാൻ ഓരങ്ങളിൽ എഴുതിച്ചേർക്കപ്പെട്ട കുറിപ്പുകളേയും പരാമർശിക്കുന്നു.

മസോറട്ടിക് പാഠത്തിന്റെ ലഭ്യമായവയിൽ ഏറ്റവും പഴയ ശകലങ്ങൾ ഒൻപതാം നൂറ്റാണ്ടിനടുത്ത കാലത്തുള്ളതാണ്. പഴയനിയമത്തിന്റെ മസോറട്ടിക് പാഠത്തിന്റെ ലഭ്യമായവയിൽ ഏറ്റവും പഴയപ്രതിയായ ആലപ്പോ പുസ്തകമാവട്ടെ ക്രി.വ. പത്താം നൂറ്റാണ്ടിലേതാണ്. ഇതിലെ പഞ്ചഗ്രന്ഥി ഭാഗം 1947-ൽ കാണാതായി.

യഹൂദമതം

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മതങ്ങളിലൊന്നാണ്‌ ജൂതമതം അഥവാ യഹൂദമതം. മൂന്ന് പ്രമുഖ അബ്രഹാമികമതങ്ങളിൽ ഒന്നുമാണത്. ദൈവം ഏകനാണെന്നും,യഹൂദർ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട വിശുദ്ധജനമാണെന്നുമുള്ള വിശ്വാസമാണ്‌ യഹൂദധാർമ്മികതയുടെ കാതൽ. യഹോവ (YHWH) എന്ന ചതുരക്ഷരി (Tetragrammaton) ഇവരുടെ പൂജ്യമായ ദൈവനാമമാണ്. തെക്കൻ മെസപ്പൊത്തേമിയയിലെ കൽദായരുടെ ഉറിൽ നിന്ന് (Ur of the Chaldees) ഹാരാൻ വഴി, ദൈവികമായ തെരഞ്ഞെടുപ്പിലൂടെ വാഗ്ദത്തഭൂമിയായ ഇസ്രായേലിലെത്തിയവനും "എല്ലാ വിശ്വാസികളുടേയും പിതാവുമായ" അബ്രഹാമിന്റെ ധാർമ്മികപാരമ്പര്യത്തിൽ പെട്ടവരായി യഹൂദർ സ്വയം കണക്കാക്കുന്നു. അബ്രഹാമിന്റെ പേരക്കിടാവായ യാക്കോബിന്റെ പന്ത്രണ്ടു മക്കളിൽ ഒരാളായ യഹൂദയുടെ പേരിലാണ് ഈ മതം ഇന്നറിയപ്പെടുന്നത്. 'യഹൂദ' എന്ന പേരാകട്ടെ 'യഹോവ' എന്ന ദൈവനാമവുമായും ബന്ധപ്പെട്ടിരിക്കുന്നു.എബ്രായബൈബിൾ അനുസരിച്ച് ഈജിപ്തിൽ അടിമകളാക്കപ്പെട്ട യാക്കോബിന്റെ സന്തതികൾ മോശയുടെ നേതൃത്വത്തിൽ വിമോചിതരായി വാഗ്ദത്തഭൂമിയിൽ മടങ്ങിയെത്തി. 450 വർഷത്തെ അടിമത്തത്തിനു ശേഷമുള്ള ഈ വിമോചനവും, മരുഭൂമിയിലൂടെയുള്ള മടക്കയാത്രയും യഹൂദവിശ്വാസപാരമ്പര്യത്തിലെ കേന്ദ്രസംഭവങ്ങളിൽ പെടുന്നു. 40 വർഷം ദീർഘിച്ച മടക്കയാത്രയുടെ തുടക്കത്തിൽ വിമോചകനായ മോശയ്ക്ക്, സീനായ് മലമുകളിൽ വച്ച് ദൈവം, നിയമസാരാംശമായ പത്ത് കല്പനകൾ സ്വന്തം വിരൽ കൊണ്ട് കൽപലകകളിൽ എഴുതി നൽകിയതായി യഹൂദർ കരുതുന്നു.എബ്രായ ബൈബിൾ അഥവാ തനക്ക് ആണ് യഹൂദമതസ്ഥരുടെ വിശുദ്ധഗ്രന്ഥം. തനക്കിന്റെ മൂന്നു ഖണ്ഡങ്ങളിൽ എറ്റവും പ്രധാനം ആദ്യഖണ്ഡവും നിയമസമാഹാരവുമായ 'തോറ' ആണ്. പിൽക്കാലത്തു മുഖ്യധാരയായി മാറിയ റാബൈനിക യഹൂദത, ദൈവദത്തമായ അലിഖിതനിയമങ്ങളുടേയും അവയുടെ വ്യാഖ്യാനങ്ങളുടേയും രേഖ എന്ന നിലയിൽ പിൽക്കാലരചനയായ താൽമുദിനേയും തോറയ്ക്കൊപ്പം മാനിക്കുന്നു.

ലേവ്യർ

എബ്രായ ബൈബിളിലേയും ക്രിസ്ത്യാനികളുടെ പഴയനിയമത്തിലേയും മൂന്നാമത്തെ പുസ്തകമാണ് ലേവ്യർ അല്ലെങ്കിൽ ലേവ്യപുസ്തകം (ഇംഗ്ലീഷ്: Book of Leviticus). പഞ്ചഗ്രന്ഥി എന്നു കൂടി അറിയപ്പെടുന്ന യഹൂദനിയമഗ്രന്ഥമായ തോറയിലെ അഞ്ചു പുസ്തകങ്ങളിൽ മൂന്നാമത്തേതും ഇതാണ്. ആരാധനാവിധികളും പൗരോഹിത്യമുറകളുമാണ് ഇതിന്റെ ഉള്ളടക്കം. എങ്കിലും വിപുലമായ അർത്ഥത്തിൽ, ദൈവവും ഇസ്രായേലുമായി ഉള്ളതായി ഉല്പത്തി, പുറപ്പാട് പുസ്തകങ്ങളിൽ പറയുന്ന ഉടമ്പടിബന്ധത്തിന്റെ പ്രയോഗവശമാണ് ഈ കൃതി വിവരിക്കുന്നത്. പഞ്ചഗ്രന്ഥിയുടെ സമഗ്രമായ ദർശനത്തിൽ, യഹോവയുമായി വിശേഷബന്ധത്തിൽ ഏർപ്പെടുന്നതു വഴി ഏറ്റെടുക്കുന്ന ഉത്തരവാദിത്തങ്ങളുടെ നിർവഹണത്തിനുള്ള മാർഗ്ഗരേഖകളായായി ഇതിലെ നിയമങ്ങളെ കാണാം. ഈ ഉത്തരവാദിത്തങ്ങളെ സാമൂഹ്യബന്ധങ്ങളുടേയും പെരുമാറ്റമര്യാദകളുടേയും രൂപത്തിലാണ് പുസ്തകം അവതരിപ്പിക്കുന്നത്.

ആദ്യത്തെ 16 അദ്ധ്യായങ്ങളും അവസാനത്തെ അദ്ധ്യായവും വിശുദ്ധീകരണച്ചടങ്ങുകളുടേയും, പരിഹാരക്കാഴ്ചകളുടേയും, പ്രായശ്ചിത്തദിനങ്ങളുടേയും നിയമങ്ങൾ ചേർന്ന പുരോഹിതനിഷ്ഠയാണ്. ഇതിന്റെ ഭാഗമായി 12-ആം ആദ്ധ്യായത്തിലാണ്, പുരുഷന്മാർക്ക് അഗ്രചർമ്മഛേദനം നിഷ്കർഷിച്ചിരിക്കുന്നത്. 17 മുതൽ 26 വരെ അദ്ധ്യായങ്ങളിലുള്ള വിശുദ്ധിനിയമങ്ങളിൽ "നിന്നെപ്പോലെ നിന്റെ അയൽക്കാരനേയും സ്നേഹിക്കുക" എന്ന "ഏറ്റവും വലിയ കല്പന"-യും ഉൾപ്പെടുന്നു. "മ്ലേച്ഛതകൾ"(abominations) എന്നു വിശേഷിക്കപ്പെട്ട ചില പെരുമാറ്റങ്ങൾക്കുള്ള വിലക്കുകളാണ് ഗ്രന്ഥത്തിന്റെ വലിയൊരു ഭാഗം. ഇവയിൽ മിക്കവയും പാന-ഭോജനങ്ങളും ലൈംഗികതയും ആയി ബന്ധപ്പെട്ടിരിക്കുന്നു. ഈ നിയമങ്ങൾ പൊതുവേ ഇസ്രായേൽക്കാരെ മാത്രം ലക്ഷ്യമാക്കുന്നവയാണെങ്കിലും ചിലതിന്റെയൊക്കെ പരിധിയിൽ "ഇസ്രായേലിൽ യാത്രചെയ്യുന്ന പരദേശികളേയും" ഉൾപ്പെടുത്തിയിട്ടുണ്ട്.

യഹൂദ-ക്രൈസ്തവപാരമ്പര്യങ്ങൾ അനുസരിച്ച്, പഞ്ചഗ്രന്ഥിയിലെ ഇതര ഗ്രന്ഥങ്ങൾ എന്ന പോലെ ലേവ്യരുടെ പുസ്തകവും മോശ യഹോവയിൽ നിന്നു കേട്ടെഴുതിയതാണ്. ലേവരുടെ പുസ്തകത്തിന്റെ കർതൃത്ത്വത്തെ സംബന്ധിച്ച് ആധുനിക പണ്ഡിതന്മാർക്കിടയിൽ വ്യത്യസ്തമായ അഭിപ്രായങ്ങൾ നിലവിലുണ്ട്.

ശമുവേലിന്റെ പുസ്തകങ്ങൾ

എബ്രായ ബൈബിളിലും പഴയനിയമം എന്നു ക്രിസ്ത്യാനികൾ വിളിക്കുന്ന രചനാസമുച്ചയത്തിലും ഉൾപ്പെടുന്ന രണ്ടു ഗ്രന്ഥങ്ങളാണ് ശമുവേലിന്റെ പുസ്തകങ്ങൾ. എബ്രായ ഭാഷയിലാണ് ഇതിന്റെ മൂലം രചിക്കപ്പെട്ടത്. ഇസ്രായേലിൽ ന്യായാധിപന്മാരെന്നറിയപ്പെട്ടിരുന്ന ഗോത്രനേതാക്കളുടെ ഭരണത്തിന്റെ അവസാനഘട്ടത്തിൽ ആരംഭിച്ച് രാജവാഴ്ചയുടെ സ്ഥാപനത്തിലൂടെ പുരോഗമിച്ച്, ആദ്യരാജാവായ സാവൂളിന്റേയും ഇസ്രായേലിന്റെ ചരിത്രത്തിലെ ഏറ്റവും പ്രസിദ്ധനായ രാജാവ് ദാവീദിന്റേയും കഥ പറയുന്ന ഈ കൃതി, ദാവീദിന്റെ വയോവൃദ്ധാവസ്ഥയിൽ സമാപിക്കുന്നു. ശമുവേലിന്റെ പുസ്തകം എന്ന ഗ്രന്ഥനാമത്തിന്, ഇസ്രായേലിന്റെ അവസാനത്തെ ന്യായാധിപനും രാജവാഴ്ചയിലേക്കുള്ള ഗോത്രങ്ങളുടെ പരിവർത്തനത്തിൽ നിർണ്ണായക പങ്കുവഹിച്ചവനുമായ ശമുവേലിന്റെ പേരുമായാണ് ബണ്ഡം. ഈ കൃതിയിൽ ഏറെ പ്രാധാന്യത്തോടെ പ്രത്യക്ഷപ്പെടുന്ന ഒരു കഥാപാത്രമാണ് ശമുവേൽ.

ശമുവേൽ ഒന്നാം പുസ്തകം, രണ്ടാം പുസ്തകം എന്നിങ്ങനെ വിഭജിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഈ കൃതി യഥർത്ഥത്തിൽ ഒരു പുസ്തകം തന്നെയാണ്. രണ്ടു ഭാഗങ്ങളായുള്ള വിഭജനം ആദ്യം സ്വീകരിച്ചത് പുരാതന ഗ്രീക്ക് പരിഭാഷയായ സെപ്ത്വജിന്റിലാണ്. ക്രി.വ. നാലാം നൂറ്റാണ്ടിൽ ക്രിസ്തീയ ബൈബിൾ സമുച്ചയത്തിന്റെ ലത്തീൻ പരിഭാഷയായ വുൾഗാത്ത സൃഷ്ടിച്ച ജെറോം സെപ്ത്വജിന്റിലെ വിഭജന രീതി സ്വീകരിച്ചതോടെ അതിനു പ്രചാരം കിട്ടി. ഗ്രീക്ക്, ലത്തീൻ പരിഭാഷകളിൽ ശമുവേലിന്റെ പുസ്തകങ്ങൾ പ്രത്യക്ഷപ്പെടുന്നത് അവയെ തുടർന്നു വരുന്ന രാജാക്കന്മാരുടെ പുസ്തകങ്ങൾ കൂടി ചേർന്ന് നാലു പുസ്തകങ്ങൾ ഉൾപ്പെട്ട ഒരു പരമ്പരയുടെ ഭാഗമായാണ്. ഈ പരമ്പരയിൽ ശമുവേലിന്റെ പുസ്തകം രാജാക്കന്മാരുടെ ഒന്നും രണ്ടു പുസ്തകങ്ങളും, ഒന്നായിരുന്ന രാജാക്കന്മാരുടെ പുസ്തകം, രാജാക്കന്മാർ മൂന്നും നാലും പുസ്തകങ്ങളും ആയിത്തീർന്നു. പതിനാറാം നൂറ്റാണ്ടിൽ വെനീസിൽ മുദ്രണം ചെയ്യപ്പെട്ട ദാനിയേൽ ബോംബെർഗിന്റെ യഹൂദ ബൈബിൾ പോലും ഈ ക്രമീകരണം സീകരിച്ചു.

സങ്കീർത്തനങ്ങൾ

എബ്രായ ബൈബിളിലേയും ക്രിസ്ത്യാനികളുടെ പഴയനിയമത്തിലേയും ഒരു ഗ്രന്ഥമാണ് സങ്കീർത്തനങ്ങൾ. യഹൂദധാർമ്മികതയുടെ സമൃദ്ധിയേയും വൈവിദ്ധ്യത്തേയും പ്രതിനിധാനം ചെയ്യുന്ന 150 വിശുദ്ധഗീതങ്ങളുടെ ശേഖരമാണിത്. സമാഹാരത്തിന്റെ 'തെഹില്ലിം' (תְהִלִּים) എന്ന എബ്രായ നാമത്തിന് സ്തുതികൾ, പുകഴ്ചകൾ എന്നൊക്കെയാണർത്ഥം. യഹൂദവിശുദ്ധഗ്രന്ഥങ്ങളുടെ പുരാതന ഗ്രീക്കു പരിഭാഷയായ സെപ്ത്വജിന്റിൽ ഇതിനു 'സാമോയി' (Psalmoi) എന്നാണു പേര്. തന്തികളുള്ള വീണ, തംബുരു മുതലായ സംഗീതോപകരണങ്ങളിൽ പാടുന്ന പാട്ട് എന്നായിരുന്നു ഈ പേരിന്റെ മൂലാർത്ഥം. സമാഹാരത്തിനു പൊതുവായുള്ള ഈ പേരിനു പുറമേ, പല സങ്കീർത്തനങ്ങളുടേയും ശീർഷകഭാഗത്ത് സംഗീതസംബന്ധിയായ സൂചനകളും നിർദ്ദേശങ്ങളും, ആദിമ വിശ്വാസി സമൂഹങ്ങൾക്കു പരിചിതമായിരുന്നിരിക്കാവുന്ന രാഗങ്ങളും ചേർത്തിരിക്കുന്നതു കാണാം .

ഈ ഗാനങ്ങളിൽ പലതും കൃതജ്ഞതാസ്തോത്രങ്ങൾ(30-ആം സങ്കീർത്തനം), സ്തുതിഗീതങ്ങൾ(117-ആം സങ്കീർത്തനം), കിരീടധാരണം, വിവാഹം തുടങ്ങിയവയുമായി ബന്ധപ്പെട്ട രാജഗീതങ്ങൾ എന്നീ വകുപ്പുകളിൽ പെടുന്നു. ചില സങ്കീർത്തനങ്ങൾ പ്രാർത്ഥനകളാണെന്ന സൂചന അവയുടെ പാഠത്തിൽ തന്നെയുണ്ട്: ഉദാഹരണമായി 72-ആം സങ്കീർത്തനം തീരുന്നത് "ജെസ്സേയുടെ പുത്രനായ ദാവീദിന്റെ പ്രാർത്ഥന ഇവിടെ സമാപിക്കുന്നു" എന്നാണ്. യഹൂദമതത്തിലേയും വിവിധ ക്രിസ്തീയ വിഭാഗങ്ങളുടേയും പ്രാർത്ഥനാശ്രൂഷകളിൽ ഇവ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. എന്നാൽ പ്രത്യേകം സൂചിപ്പിക്കപ്പെടുന്നില്ലെങ്കിലും, സങ്കീർത്തങ്ങളിലെ ഏറ്റവും വലിയ വിഭാഗം, ദൈവത്തോടുള്ള പരാതികളും യാചനകളും അടങ്ങിയ വിലാപഗീതങ്ങളാണ് (laments). പല സങ്കീർത്തനങ്ങളും യഹൂദനിയത്തെ പരാമർശിക്കുന്നതിനാൽ(ഉദാ: സങ്കീർത്തനങ്ങൾ 1, 119), ഈ സമാഹാരത്തിന് പ്രബോധനപരമായ ലക്ഷ്യവും ഉണ്ടായിരുന്നിരിക്കാം.

ഇവയുടെ രചനാകാലത്തെക്കുറിച്ചു തീർപ്പു പറയുക മിക്കവാറും ദുഷ്കരവും, പലപ്പോഴും അസാദ്ധ്യവും ആണ്. പല സങ്കീർത്തനങ്ങളും ഇസ്രായേലിന്റെ ആദിമയുഗത്തിൽ എഴുതപ്പെട്ടതായി തോന്നിക്കുമ്പോൾ, ചിലതൊക്കെ പിൽക്കാലത്ത്, ബാബിലോണിലെ പ്രാവാസത്തിനു ശേഷം എഴുതിയതാണ്. യഹൂദരുടെ ദൈവനിയമമായ പഞ്ചഗ്രന്ഥിയിലെ അഞ്ചു പുസ്തകങ്ങളുടെ മാതൃകയിൽ, ഇവയെ പഴയ കാലത്തു തന്നെ അഞ്ചു ഗണങ്ങളായി തിരിച്ചിട്ടുള്ളത് ബൈബിൾ പണ്ഡിതന്മാർ ശ്രദ്ധിച്ചിട്ടുണ്ട്. എന്നാൽ ഈ വേർതിരിവിന്റെ യുക്തി അവ്യക്തമായിരിക്കുന്നു. പല സങ്കീർത്തനങ്ങളുടേയും കർത്താവ് ദാവീദു രാജാവാണെന്ന അവകാശവാദം ഉണ്ടെങ്കിലും, ഈ ഗാനങ്ങളുടെ കർതൃത്വം അജ്ഞാതമായിരിക്കുന്നു.

സഭാപ്രസംഗകൻ

എബ്രായബൈബിളിലേയും ക്രിസ്ത്യാനികളുടെ പഴയനിയമത്തിലേയും ഒരു ഗ്രന്ഥമാണ് സഭാപ്രസംഗകൻ. എബ്രായ ബൈബിളിലെ ജ്ഞാനസാഹിത്യജനുസ്സിൽ പെട്ട ഗ്രന്ഥങ്ങളിൽ ഒന്നാണിത്. എബ്രായഭാഷയിൽ ഇതിന് 'കൊഹെലെത്ത്' എന്നാണു പേര്. 'സഭാപ്രസംഗകൻ' എന്ന പേര്, പുരാതന ഗ്രീക്കു പരിഭാഷയായ സെപ്ത്വജിന്റിൽ ഇതിനുള്ള 'എക്ക്ലീസിയാസ്റ്റീസ്' (èkklesiastés) എന്ന പേരിനെ ആശ്രയിച്ച് സ്വീകരിച്ചതാണ്.

സെഫാനിയായുടെ പുസ്തകം

എബ്രായ ബൈബിളിലും ക്രിസ്ത്യാനികളുടെ പഴയനിയമത്തിലും കാണപ്പെടുന്ന ഒരു ഗ്രന്ഥമാണ് സെഫാനിയായുടെ പുസ്തകം. ദൈർഘ്യം കുറഞ്ഞ 12 പ്രവചനഗ്രന്ഥങ്ങൾ ചേർന്ന "ചെറിയ പ്രവാചകന്മാർ" എന്ന വിഭാഗത്തിൽ എട്ടാമതായി, ഹബക്കുക്കിന്റേയും ഹഗ്ഗായിയുടേയും ഗ്രന്ഥങ്ങൾക്കിടയിലാണ് മിക്കവാറും ബൈബിൾ സംഹിതകളിൽ ഇതിന്റെ സ്ഥാനം. പ്രവാചകഗ്രന്ഥങ്ങളിലെ സാധാരണവിഷയങ്ങൾ തന്നെയാണ് ഇതിലും കൈകാര്യം ചെയ്യപ്പെടുന്നത്. അധർമ്മത്തിന്റേയും അന്യദൈവാരാധനയുടേയും പേരിൽ ഇസ്രായേൽ ജനത്തിനുള്ള വിമർശനവും വിനാശപ്രവചനവും ഇതിന്റെ ഭാഗമാണ്. അതിനൊപ്പം, ഇസ്രായേലിനെ ഔദ്ധത്യത്തോടെ പീഡിപ്പിച്ചതിന് ഇതരജനതകളുടെ നാശവും പ്രവചിക്കപ്പെടുന്നു. യെരുശലേമിന്റെ വിനാശത്തിന്റെ ദീർഘദർശനവും ഇതിൽ കാണാമെങ്കിലും വിനീതരും ധർമ്മിഷ്ടരുമായ ഒരു ജനത്തിന്റെ നിവാസസ്ഥാനമായുള്ള അതിന്റെ പുനരുദ്ധാരണത്തിന്റെ സദ്വാർത്ത പ്രവചിച്ചാണ് ഗ്രന്ഥം സമാപിക്കുന്നത്. യൂദയായിലെ യോശിയാ രാജാവിന്റെ കീഴിൽ ക്രി.മു.621-ൽ ആരംഭിച്ച മതനവീകരണത്തിനു തൊട്ടു മുൻപുള്ള ദശകമായിരിക്കാം ഈ പ്രവചനഗ്രന്ഥത്തിന്റെ പശ്ചാത്തലം.

ഹബക്കുക്കിന്റെ പുസ്തകം

എബ്രായ ബൈബിളിന്റേയും ക്രിസ്ത്യാനികളുടെ പഴയനിയമത്തിന്റേയും ഭാഗമായ ഒരു ഗ്രന്ഥമാണ് ഹബക്കുക്കിന്റെ പുസ്തകം. ദൈർഘ്യം കുറഞ്ഞ 12 പ്രവാചകഗ്രന്ഥങ്ങൾ ചേർന്ന "ചെറിയ പ്രവാചകന്മാർ" എന്ന വിഭാഗത്തിൽ എട്ടാമത്തേതായാണ് ഇതു മിക്കവാറും ബൈബിൾ സംഹിതകളിൽ കാണാറ്. യെരുശലേമിലെ യഹൂദരുടെ ഒന്നാം ദേവാലയത്തിന്റെ നശീകരണത്തിനു ഏതാനും വർഷം മുൻപ് ക്രി.മു. 610-600 കാലത്തെ രചനയായി ഇതു കരുതപ്പെടുന്നു."നീതിമാൻ വിശ്വാസം കൊണ്ടു ജീവിക്കും" എന്ന ഈ കൃതിയിലെ കേന്ദ്രസന്ദേശം പിൽക്കാലത്തു ക്രിസ്തീയചിന്തയെ ഗണ്യമായി സ്വാധീനിച്ചു. ആ പ്രഖ്യാപനം, പുതിയനിയമത്തിലെ റോമാക്കാർക്കെഴുതിയ ലേഖനം (1:17) ഗലാത്തിയർക്കുള്ള ലേഖനം( 3:11), എബ്രായർക്കുള്ള ലേഖനം (10:38) എന്നിവയിൽ വിശ്വാസത്തിന്റെ പ്രാരംഭസങ്കല്പമായി അവതരിപ്പിക്കപ്പെടുന്നു.

ഇതരഭാഷകളിൽ

This page is based on a Wikipedia article written by authors (here).
Text is available under the CC BY-SA 3.0 license; additional terms may apply.
Images, videos and audio are available under their respective licenses.