ഉത്തമഗീതം

ഹെബ്രായ-ബൈബിളിൽ, ഒരു യുവാവിന്റേയും യുവതിയുടേയും പ്രേമപരവശത ഭാവനയുടെ ധാരാളിത്വത്തോടെ ചിത്രീകരിക്കുന്ന കവിതയാണ് ഉത്തമഗീതം. ഇംഗ്ലീഷ്: Song of Songs. (ഹീബ്രു: שיר השירים‬, Shir ha-Shirim) യഹൂദരുടെ വിശുദ്ധഗ്രന്ഥസംഹിതയായ തനക്കിലെ 'കെത്തുവിം' എന്ന അന്തിമഭാഗത്തെ ലഘുഗ്രന്ഥങ്ങളുടെ ഉപവിഭാഗത്തിലെ ആദ്യഗ്രന്ഥമാണിത്. മൂലകൃതിക്ക് ഹെബ്രായ ഭാഷയിൽ പാട്ടുകളുടെ പാട്ട് എന്ന് അർത്ഥം വരുന്ന ഷിർ-ഹ-ഷിരിം എന്നാണ് പേര്. മലയാളത്തിലും ഇതിനെ പാട്ടുകളുടെ പാട്ട് എന്ന് വിളിക്കാറുണ്ട്. യാഥാസ്ഥിതിക യഹൂദ-ക്രൈസ്തവ വ്യാഖ്യാനം ഈ കൃതിയെ ദൈവവും ദൈവജനവുമായുള്ള ബന്ധത്തിന്റെ പ്രതീകാത്മക ചിത്രീകരണമായി കാണന്നു. ബൈബിളിലെ ഗ്രന്ഥങ്ങളിൽ വിഷയത്തിന്റേയും അവതരണശൈലിയുടേയും പ്രത്യേകത കൊണ്ട് ഇത് വേറിട്ട് നിൽക്കുന്നു.


കൃതിയുടെ ശീർഷകത്തിലും ഉള്ളടക്കത്തിൽ ചിലയിടങ്ങളിലും സോളമൻ രാജാവ് പരാമർശിക്കപ്പെടുന്നതുകൊണ്ട്, അദ്ദേഹമാണ് രചയിതാവ് എന്ന് കരുതപ്പെട്ടിരുന്നെങ്കിലും, സോളമന്റെ കാലത്തിന് അരസഹസ്രാബ്ദം ശേഷം ബാബിലോണിലെ പ്രവാസം കഴിഞ്ഞാണ് ഇതെഴുതപ്പെട്ടതെന്നാണ് ഇപ്പോഴത്തെ പണ്ഡിതമതം.

പുറംചട്ട

മദ്ധ്യയുഗങ്ങളിൽ, ഉത്തമഗീതം എട്ട് അദ്ധ്യായങ്ങളായി വിഭജിക്കപ്പെട്ടെങ്കിലും കൃതിയുടെ സ്വാഭാവിക ഘടനയേയോ അതിലെ ചിന്താപരിണാമങ്ങളേയോ കണക്കിലെടുക്കാത്ത ഈ വിഭജനം അതിന്റെ വിശകലനത്തിന് സഹായകമല്ല. ആശയങ്ങളുടെ ഒഴുക്ക് ബോധധാരാരീതിയെ(Stream of consciousness technique) അനുസ്മരിപ്പിക്കുന്ന ഈ ഗീതത്തിന്റെ മൂലരൂപം ഖണ്ഡങ്ങളായി തിരിക്കപ്പെട്ടിട്ടുള്ളതോ, ഏതുഭാഗം ആരുടെ വാക്കുകളാണെന്ന് വ്യക്തമാക്കുന്നതോ അല്ല. എന്നാൽ ഉള്ളടക്കത്തിലെ സൂചനകളിൽ നിന്ന്, വരികളിൽ ഏറിയകൂറും യുവാവിന്റേതും യുവതിയുടേതും ബാക്കിയുള്ളവ യുവതിയുടെ തോഴിമാരുടേതും ആണെന്ന് മനസ്സിലാക്കാം. ഏതാനും വരികൾ യുവതിയുടെ സഹോദരന്മാരുടേതും ആകാം. [1]പ്രധാനകഥാപാത്രങ്ങളായ യുവാവിന്റേയോ യുവതിയുടേയോ പേര് കൃതിയിൽ ഇല്ല. യുവാവ് ആട്ടിടയനാണ് എന്നതിന് സൂചനകളുണ്ട്. യുവതിയെ, ജന്മസ്ഥലം സൂചിപ്പിച്ചാകണം, ശൂലേംകാരി [ക]എന്ന് വിശേഷിപ്പിക്കുന്നുണ്ട്[2]. അവൾ കറുത്ത നിറമുള്ള സുന്ദരിയായിരുന്നു[3].

ഉള്ളടക്കം

തുടക്കം

നിന്റെ അധരങ്ങൾ എന്നിൽ ചുംബനങ്ങൾ ചൊരിയട്ടെ!
നിന്റെ പ്രേമം വീഞ്ഞിലും മധുരതരം.
നീ പൂശുന്ന തൈലം സുരഭിലം,
നിന്റെ നാമം ലേപനധാര;
തന്മൂലം കന്യകമാർ നിന്നെ സ്നേഹിക്കുന്നു.

എന്നിങ്ങനെ കാമുകനെ പുകഴ്ത്തിക്കൊണ്ടുള്ള പ്രേമഭാജനത്തിന്റെ വാക്കുകളിലാണ് കൃതി തുടങ്ങുന്നത്. ഇതിനുള്ള പ്രതികരണത്തിൽ കാമുകൻ പ്രേമഭാജനത്തെ ഫറവോന്റെ രഥം വലിക്കുന്ന ആൺകുതിരകളുടെ സ്വസ്ഥതകെടുത്തുന്ന പെൺകുതിരയോടാണുപമിച്ചത്.[ഖ]


തുടർ‍ന്നൊരിടത്ത് അയാൾ, പ്രസിദ്ധമായ ഈ വരികളാൽ, തന്നെ പ്രേമസല്ലാപത്തിന് ക്ഷണിക്കുന്നത് കാമുകി കേൾക്കുന്നു:-

എന്റെ പ്രിയേ, എഴുന്നേൽക്കൂ,
എന്റെ സുന്ദരീ, വന്നാലും;
നോക്കൂ, തണുപ്പുകാലം കഴിഞ്ഞു,
മഴയും നിലച്ചുപോയി. പൂവുകൾ ഭൂമിയിൽ പ്രത്യക്ഷപ്പെടുന്നു,
പാട്ടുകാലം വന്നെത്തി.
മാടപ്രാവുകളുടെ കൂജനം നാട്ടിലെങ്ങും കേട്ടുതുടങ്ങി.
അത്തിക്കായ്കൾ പഴുക്കുന്നു,
മുന്തിരിവള്ളികൾ പൂവണിയുന്നു;
അവ പരിമളം പരത്തുന്നു.
എഴുന്നേൽക്കൂ, എന്റെ പ്രിയേ, എന്റെ സുന്ദരീ, വന്നാലും.
പാറയുടെ പിളർപ്പുകളിലും ചെങ്കുത്തായ മലയുടെ മറവിലും ഇരിക്കുന്ന എന്റെ പ്രാവേ,
ഞാൻ നിന്റെ മുഖമൊന്നു കാണട്ടെ,
നിന്റെ സ്വരമൊന്നു കേൾക്കട്ടെ.
നിന്റെ സ്വരം മധുരവും നിന്റെ മുഖം മനോജ്ഞവുമല്ലോ.[4]

കാമ്പ്

കഥാപ്രാത്രങ്ങൾ പരസ്പരം അന്വേഷിച്ചുപോകുന്നത് വിവരിക്കുന്ന, സ്വപ്നമോ യാഥാർഥ്യമോ എന്ന് തിരിച്ചറിയാൻ പറ്റാത്ത, രണ്ടു ഭാഗങ്ങൾ കൃതിയിലുണ്ട്. ആദ്യത്തേത് ഇങ്ങനെയാണ്:-

എന്റെ ആത്മപ്രിയനെ രാത്രിയിൽ ഞാൻ എന്റെ ശയ്യയിൽ തെരഞ്ഞു;
ഞാൻ അയാളെ വിളിച്ചു എന്നാൽ ഉത്തരം ലഭിച്ചില്ല;
ഞാൻ എഴുന്നേറ്റു നഗരത്തിൽ ചെന്ന്, തെരുവുകളിലും കവലകളിലും അന്വേഷിക്കും;
ഞാൻ അയാളെ അന്വേഷിച്ചു, എന്നാൽ കണ്ടെത്തിയില്ല.
നഗരത്തിൽ ചുറ്റിനടക്കുന്ന കാവൽക്കാർ എന്നെ കണ്ടു.
"എന്റെ ആത്മപ്രിയനെ നിങ്ങൾ കണ്ടുവോ?"
അവരെ കടന്നുപോകുംമുമ്പുതന്നെ എന്റെ ആത്മപ്രിയനെ ഞാൻ കണ്ടു.
ഞാൻ അയാളെ പിടികൂടി, വിടാതെ,
എന്റെ അമ്മയുടെ ഗൃഹത്തിൽ, എന്നെ ഗർഭം ധരിച്ചവളുടെ കിടപ്പറയിൽ കൊണ്ടുവന്നു.[5]

രണ്ടാമത്തേത് കുറേക്കൂടി സങ്കീർണമാണ്. അതിന്റെ തുടക്കത്തിൽ കാമുകി, ഉറങ്ങുകയായിരുന്നെങ്കിലും അവളുടെ ഹൃദയം ഉണർന്നിരിക്കുകയായിരുന്നു. അപ്പോൾ, പ്രിയൻ വാതിൽക്കൽ‍ മുട്ടി വിളിച്ചു.

കാമുകൻ:-

എന്റെ സോദരീ, എന്റെ പ്രിയേ, എന്റെ അരിപ്രാവേ,
എന്റെ സർ‌വസമ്പൂർണേ, എനിക്കു വാതിൽ തുറന്നു തരൂ;
എന്റെ ശിരസ്സു മഞ്ഞുകൊണ്ടും,
എന്റെ കുറുനിര രാത്രിയിലെ തുഷാരബിന്ദുക്കൾ കൊണ്ടും നനഞ്ഞിരിക്കുന്നു.

കാമുകി:-

ഞാൻ എന്റെ അങ്കി ഊരിവച്ചിരുന്നു,
എങ്ങനെയാണ് അതു വീണ്ടും ധരിക്കുക?
ഞാൻ എന്റെ കാലുകൾ കഴുകിയിരുന്നു,
എങ്ങനെ അവയെ മലിനപ്പെടുത്തും?
എന്റെ പ്രിയൻ താക്കോൽ പഴുതിലൂടെ കൈ നീട്ടി,
അതോടെ എന്റെ ഹൃദയം ത്രസിച്ചു.
ഞാൻ എന്റെ പ്രിയനു വാതിൽ തുറന്നുകൊടുക്കാൻ എഴുന്നേറ്റു.
എന്റെ കരങ്ങളിൽ നിന്നു മീറാ, എന്റെ വിരലുകളിൽ നിന്നു മീറാത്തൈലം,
സാക്ഷയിൽ ഇറ്റിറ്റു വീണു.
ഞാൻ എന്റെ പ്രിയനു വാതിൽ തുറന്നു.
എന്നാൽ എന്റെ പ്രിയൻ തിരിച്ചുപൊയ്ക്കഴിഞ്ഞിരുന്നു.[6]

ഒടുവിൽ കാമുകി, പൊയ്ക്കഴിഞ്ഞ കാമുകനെ അന്വേഷിച്ച് വീണ്ടും ഇറങ്ങുന്നു. എന്നാൽ ഇത്തവണ വഴിയിൽ കണ്ടുമുട്ടിയ കാവൽക്കാരിൽ നിന്ന് മർദ്ദനവും അപമാനവുമേറ്റ് അവൾക്ക് മടങ്ങേണ്ടി വന്നു. ഈ ഖണ്ഡങ്ങൾ രണ്ടും ഉറക്കവുമായി ബന്ധപ്പെട്ടിരിക്കുന്നു. സ്വപ്നത്തിനും യാഥാർഥ്യത്തിനും ഇടയിലുള്ള അനുഭവമാണ് വിവരിക്കപ്പെടുന്നത് എന്ന പ്രതീതി രണ്ടും തരുന്നു. ഒട്ടേറെ സമാനതകളുള്ള ഈ ഖണ്ഡങ്ങളിൽ ഉത്തമഗീതത്തിന്റെ കാതൽ (Central core) കാണുന്നവരുണ്ട്.[7]

സമാപനം

ഗ്രന്ഥാവസാനത്തിനടുത്തൊരിടത്ത്, പ്രേമസാഫല്യത്തിലേക്കുള്ള വഴിയിലെ സാമൂഹ്യവിലക്കുകളെക്കുറിച്ച് കാമുകി പരിതപിക്കുന്നത് "ഏന്റെ അമ്മ[ഗ] മുലയൂട്ടി വളർത്തിയ ഒരു സഹോദരനെപ്പോലെ ആയിരുന്നു എനിക്കു നീ എങ്കിൽ, വെളിയിൽ വച്ചെങ്ങാനും കണ്ടുമുട്ടിയാൽ ഞാൻ നിന്നെ ചുംബിക്കുമായിരുന്നു, അപ്പോൾ ആരും എന്നെ പഴിക്കുകയില്ല" എന്നാണ്. ഇത്തരം ചിന്ത കുട്ടിത്തമാണെന്ന് സൂചിപ്പിക്കാനാകണം അവളുടെ സഹോദരന്മാർ "നമുക്കൊരു കുഞ്ഞു സഹോദരിയുണ്ട്, അവളുടെ സ്തനങ്ങൾ വളർന്നിട്ടില്ല. നമ്മുടെ സഹോദരിക്കു വേണ്ടി വിവാഹാലോചന വരുമ്പോൾ‍ നമ്മൾ എന്തു ചെയ്യും?" എന്നു ചോദിച്ച് അവളെ കളിയാക്കുന്നത്. [8] കവിത സമാപിക്കുന്നത്, "സുഗന്ധദ്രവ്യങ്ങളുടെ പർ‌വതങ്ങളിലെ ഇളമാനെയും കലമാൻ കുട്ടിയെയും പോലെ" പ്രിയൻ വരുന്നത് കാമുകി കാത്തിരിക്കുമ്പോഴാണ്.

സങ്കോചമില്ലാത്ത ശൈലി

ബൈബിളിലെ ഇതര ഗ്രന്ഥങ്ങൾ ആസ്വദിക്കുന്ന സം‌വേദനശീലം ഉത്തമഗീതത്തിന്റെ ആസ്വാദനത്തിന് മതിയാവില്ല. ഈ കൃതിയെ ബൈബിളിലെ മറ്റു ഗ്രന്ഥങ്ങളിൽ നിന്ന് മാറ്റിനിർത്തുന്നതും അതിനെ കൂടുതൽ ശ്രദ്ധേയമാക്കുന്നതും ആയ സവിശേഷതകളിൽ ഒന്ന്, ആശയങ്ങളുടേയും പ്രതീകങ്ങളുടേയും തെരഞ്ഞെടുപ്പിൽ തീരെ സങ്കോചം കാട്ടാത്ത അതിന്റെ രചനാശൈലിയാണ്. പ്രേമത്തിന്റേയും സൗന്ദര്യത്തിന്റേയും തീവ്രത വർണ്ണിക്കുമ്പോൾ രതിസ്മൃതിയുണർത്തുന്ന ഭാഷ അത് ധാരാളമായി ഉപയോഗിക്കുന്നു. കാമുകിക്ക് കാമുകൻ സ്തനങ്ങൾക്കിടയിലെ മീറാപ്പൊതിയാണ്[9]; അവളുടെ സ്തനങ്ങൾ ഇരട്ടപിറന്ന മാൻകിടാങ്ങളെപ്പോലെയും പനം‌പഴക്കുലകൾ പോലെയും ആണ്; സുഗന്ധദ്രവ്യങ്ങൾ ചേർത്ത വീഞ്ഞ് എപ്പോഴുമുള്ള, വൃത്താകാര‍മായ പാനപാത്രമാണ് നാഭി; ലില്ലിപ്പൂക്കളാൽ ചുറ്റപ്പെട്ട കോതമ്പുകൂനയാണ് ഉദരം; ഹെശ്ബ്ബോനിലെ ബാത്‌റബീം കവാടത്തിന്നരികെയുള്ള ജലാശയങ്ങൾപോലെയാണു കണ്ണുകൾ[10] എന്നും മറ്റുമുള്ള വർണ്ണനകൾ ഭാഷയുടെ പ്രയോഗത്തിൽ അത് പ്രകടിപ്പിക്കുന്ന സ്വാതന്ത്ര്യത്തിന് ഉദാഹരണമാണ്.

പ്രേമഭാജനത്തെ സംബോധന ചെയ്യാൻ ഉത്തമഗീതത്തിന്റെ ഹീബ്രൂ മൂലത്തിൽ ഒൻപതുവട്ടം ഉപയോഗിച്ചിരിക്കുന്ന 'റായതി' (ra'yati - my darling) എന്ന പദം, ബൈബിളിൽ മറ്റൊരിടത്തും കാണാത്തതാണ് എന്നു ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. വിവരണത്തിന് സസ്യ-ജന്തുലോകങ്ങളിൽ നിന്നുള്ള ബിംബങ്ങൾ സമൃദ്ധമായി ഉപയോഗിച്ചിരിക്കുന്നു. ഇരുപത്തഞ്ചോളം സസ്യവർഗങ്ങളും പത്ത് ജന്തുവർഗങ്ങളും പരാമർശിക്കപ്പെട്ടിട്ടുണ്ടെന്നാണ് ഒരു കണക്ക്.[11]

വിലയിരുത്തൽ

ബൈബിളിലെ ഒരു ഗ്രന്ഥമെന്ന അതിന്റെ നില പരിഗണിക്കാതിരുന്നാൽ, ഉത്തമഗീതത്തെ അസാമാന്യ സൗന്ദര്യമുള്ള ഒരു പ്രണയഗീതമായേ കണക്കാക്കാനൊക്കൂ. എന്നാൽ രണ്ടു പ്രധാന മതങ്ങളുടെ വിശുദ്ധഗ്രന്ഥങ്ങളിലെ അംഗീകൃതഖണ്ഡമായതുകൊണ്ട്, സാധാരണ വായനയിൽ തോന്നുന്നതിലപ്പുറം അർത്ഥം അതിനുണ്ടായിരിക്കണം എന്ന വിശ്വാസം, ആ ഗ്രന്ഥത്തിന്റെ അസ്വാദനത്തെ എന്നും പിന്തുടർന്നു. അതിൽ‍ വിവരിക്കപ്പെടുന്ന പ്രണയം ദൈവവും ദൈവജനവുമായുള്ളതാണെന്നും ശൂലേംകാരി യുവതിയും അട്ടിടയനും പ്രതീകങ്ങൾ മാത്രമാണെന്നും യഹുദചിന്തയിലെ അതികായന്മാരായ ഒന്നാം നൂറ്റാണ്ടിലെ അഖീവായേയും പതിനൊന്നാം നൂറ്റാണ്ടിലെ അബെൻ എസ്രായേയും പോലുള്ളവർ വാദിച്ചു. അഖീവയുടെ ഇടപെടലാണ് ഇതിനു എബ്രായ ബൈബിൾ സംഹിതയിൽ ഇടം നേടിക്കൊടുത്തതെന്ന ഒരു പാരമ്പര്യമുണ്ട്.[12] ആദ്യകാല ക്രൈസ്തവസഭാപിതാക്കന്മാരായ ഒരിജൻ, നിസ്സായിലെ ഗ്രിഗറി, ജെറോം, അഗസ്റ്റിൻ എന്നിവരും ഈ കൃതിയെ ക്രിസ്തുവും സഭയുമായുള്ള ബന്ധത്തിന്റെ പ്രതീകാത്മകചിത്രീകരണമായാണ് കണ്ടത്. ഇത്തരം വ്യാഖ്യാനം വഴിമാത്രമേ ഈ കൃതിയിലെ പരസ്പരബന്ധമില്ലാത്തവയെന്നു തോന്നിക്കുന്ന വർണ്ണനകളെയും രംഗങ്ങളെയും കൂട്ടിയിണക്കി അതിന്റെ അഖണ്ഡത നിലനിർ‍ത്താനും വിശുദ്ധഗ്രന്ഥത്തിലെ അതിന്റെ സ്ഥാനത്തിനും പാട്ടുകളുടെ പാട്ടെന്ന പേരിനും നീതീകരണം കണ്ടെത്താനും സാധ്യമാവൂ എന്ന് ഈ നിലപാടെടുക്കുന്നവർ വാദിക്കുന്നു.[13]


എന്നാൽ ആധുനിക വ്യാഖ്യാതാക്കാൾ മിക്കവരും ഈ കൃതിയെ, ഒട്ടേറെ സമാനതകളുള്ള കുറേ പ്രേമഗീതങ്ങളുടെ സമാഹാരമായാണ് കണക്കാക്കുന്നത്. അത് പ്രബോധനം ലക്‌ഷ്യമാക്കി എഴുതപ്പെട്ട കൃതിയല്ല. വായിക്കുന്നവരുടെ ഹൃദയത്തെ സ്പർശിച്ച് അനന്ദിപ്പിക്കുകയും പുളകം കൊള്ളിക്കുകയും ചെയ്യുകയെന്നതാണ് അതിന്റെ ലക്‌ഷ്യം.[14] അതിന്റെ ഊന്നൽ മതപരമോ ആത്മീയമോ ആണെന്ന് പറയുന്നത് ശരിയായിരിക്കുകയില്ല. അതേസമയം പ്രേമത്തേയും ലൈംഗികതയേയും ദൈവനിഷേധവുമായി കൂട്ടിക്കുഴക്കുന്നവർക്കു മാത്രമേ അതിൽ മതനിരാസമോ, മതവിരുദ്ധതയോ കണ്ടെത്താൻ കഴിയൂ. [ഘ]

മലയാളത്തിൽ

മഹാകവി ചങ്ങമ്പു‍ഴയുടെ 'ദിവ്യഗീതം' ഉത്തമഗീതത്തിൻറെ മലയാളപരിഭാഷയാണ്. 'ഗീതങ്ങളുടെ ഗീതം ശോശന്നയുടേത്' എന്ന പേരിൽ എൻ. പി. ചന്ദ്രശേഖരൻ ഉത്തമഗീതത്തിൻറെ പുനരാവിഷ്കാരം നിർവഹിച്ചിട്ടുമുണ്ട്. (റാസ്ബെറി ബുക്സ്, കോ‍ഴിക്കോട്)

കുറിപ്പുകൾ

ക. ^ ശൂലേംകാരിയെന്നത് ശൂനേംകാരിയെന്നാണ് വായിക്കേണ്ടതെന്നും, വാർദ്ധക്യത്തിൽ ദാവീദുരാജാവിനെ പരിചരിക്കാൻ ഏ‍ർപ്പെടുത്തപ്പെട്ട ശൂനേംകാരി അബീശഗ് എന്ന പെൺകുട്ടിയാണ് [15] ഉത്തമഗീതത്തിലെ നായിക എന്നും വാദിക്കുന്നവരുണ്ട്.[16]ശൂലേംകാരി, സോളമന്റെ വിജ്ഞാനത്തെക്കുറിച്ചറിഞ്ഞുവന്ന ശേബയിലെ രാജ്ഞിയായിരുന്നെന്നും, ഫറവോന്റെ പുത്രിയായിരുന്നെന്നും ഒക്കെ വാദമുണ്ട്.[17]

ഖ. ^ You, my love, excite men as a mare excites the stallions of Pharoah's chariots.[18]

ഗ. ^ ഈ കാവ്യത്തിലൊരിടത്തും 'അച്ഛൻ' കടന്നുവരുന്നില്ല എന്നത് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. "ഈ കാവ്യത്തിലൊരിടത്തും പിതൃബിംബമില്ല. അമ്മയും സഹോദരനും സഹോദരിയുമാണ് അതിലെ ചെറുകുടുംബത്തിലെ അംഗങ്ങൾ.("Its nuclear family consists of mother, brother and sister.") [19]

ഘ. ^ There is nothing particularly religious in Song of songs. One must hasten to add that neither is there anything irreligious or antireligious, except to those prurient minds who identify sensual love with impiety. [20]

അവലംബം

 1. ഉത്തമഗീതം - കെ.സി.ബി.സി.ബൈബിൾ കമ്മീഷൻ തയ്യാറാക്കിയ ബൈബിൽ വിവർത്തനം
 2. ഉത്തമഗീതം 7:1
 3. ഉത്തമഗീതം 1:5-6
 4. ഉത്തമഗീതം 2:10-14 - ഓശാന മലയാളം ബൈബിൾ
 5. ഉത്തമഗീതം 3:1-4 - ഓശാന മലയാളം ബൈബിൾ
 6. ഉത്തമഗീതം 5:2-6 - ഓശാന മലയാളം ബൈബിൾ
 7. Cambridge Companion to the Bible
 8. ഉത്തമഗീതം 8:8 - കെ.സി.ബി.സി.ബൈബിൾ കമ്മീഷൻ തയ്യാറാക്കിയ ബൈബിൽ വിവർത്തനം
 9. ഉത്തമഗീതം 1:13
 10. ഉത്തമഗീതം: അദ്ധ്യായം 7
 11. Oxford Companion to the Bible - Song of Solomon
 12. "....tradition has it that the Song of Songs was saved by the advocacy of Aquiba, as a religious allegory". The Canon, Frank Kermode, The Literary Guide to the Bible(പുറം 601)
 13. Catholic Encyclopedia - Canticle of Canticles
 14. "Composed not to teach, but to touch, to please, and to delight" - Oxford Companion to the Bible - Song of Solomon
 15. പഴയനിയമത്തിലെ രാജാക്കന്മാരുടെ ഒന്നാം പുസ്തകം 1:3-4
 16. Early Jewish Writings - Information on Song of Solomon - http://www.earlyjewishwritings.com/song.html
 17. The Song of Songs Revealed - Chapter 1 - http://www.rakkav.com/song/pages/song01.htm
 18. Song of Songs 1:9 - Good News Bible(American Bible Society)
 19. ഉത്തമഗീതം, ഫ്രാൻസിസ് ലാൻഡി, The Literary Guide to the Bible(പുറം 314) (Edited by Robert Alter and Frank Kermode)
 20. Early Jewish Writings - Information on Song of solomon - ലിങ്ക് മുകളിൽ
ഉൽപ്പത്തിപ്പുസ്തകം

എബ്രായ ബൈബിളിലേയും ക്രിസ്ത്യാനികളുടെ പഴയനിയമത്തിലേയും ആദ്യഗ്രന്ഥമാണ് ഉല്പത്തിപ്പുസ്തകം. പഞ്ചഗ്രന്ഥി എന്നു കൂടി പേരുള്ള യഹൂദനിയമഗ്രന്ഥമായ തോറായിലെ അഞ്ചുഗ്രന്ഥങ്ങളിൽ ആദ്യത്തേതും ഇതാണ്.ബി.സി. ഒമ്പത് -ആറ് ശതകങ്ങളിൽ രചിക്കപ്പെട്ടതും അഞ്ചാം ശതകത്തിൽ സങ്കലനം ചെയ്യപ്പെട്ടതുമായ ഉത്പത്തി പുസ്തകത്തിന് ഒരു ആദ്യകാലസാഹിത്യഗ്രന്ഥമെന്ന നിലയിലും പ്രാധാന്യമുണ്ട് .

ഒബാദിയായുടെ പുസ്തകം

എബ്രായബൈബിളിന്റേയും ക്രിസ്ത്യാനികളുടെ പഴയനിയമത്തിന്റേയും ഭാഗമായ ഒരു ലഘുഗ്രന്ഥമാണ് ഒബാദിയായുടെ പുസ്തകം. 21 വാക്യങ്ങളിൽ ഒരേയൊരദ്ധ്യായം മാത്രമുള്ള ഈ രചന, എബ്രായ ബൈബിളിലെ ഏറ്റവും ചെറിയ പുസ്തകമാണ്. ഗ്രന്ഥനാമത്തിൽ സൂചിപ്പിക്കുന്ന രചയിതാവിന്റെ 'ഒബാദിയ' എന്ന പേരിന് "ദൈവദാസൻ", "ദൈവാരാധകൻ" എന്നൊക്കെയാണർത്ഥം. ദൈർഘ്യം കുറഞ്ഞ 12 പ്രവചന ഗ്രന്ഥങ്ങൾ ചേർന്ന "ചെറിയ പ്രവാചകന്മാർ" എന്ന വിഭാഗത്തിൽ ആമോസിന്റേയും യോനായുടേയും പുസ്തകങ്ങൾക്കിടയിലാണ്, മിക്കവാറും ബൈബിൾ സംഹിതകളിൽ ഇതിന്റെ സ്ഥാനം. ഇസ്രായേലിന്റെ പൂർവബന്ധുക്കളും ഒപ്പം പരമ്പരാഗതശത്രുക്കളുമായി തെക്കു കിഴക്ക് യോർദ്ദാൻ നദിയ്ക്കക്കരെ ഉണ്ടായിരുന്ന ഏദോം എന്ന ദേശത്തിനെതിരെയുള്ള പരാതികളും പ്രവചനങ്ങളുമാണ് ഈ രചനയുടെ ഉള്ളടക്കം. ഇസ്രായേലിലെ പന്ത്രണ്ടു ഗോത്രങ്ങളുടെ പൂർവപിതാവായി കരുതപ്പെടുന്ന യാക്കോബിന്റെ ഇരട്ട സഹോദരൻ എസ്സാവിന്റെ വംശത്തിൽ പെട്ടവരായിരുന്നു ഏദോമിയർ.

ജോയേലിന്റെ പുസ്തകം

എബ്രായ ബൈബിളിന്റേയും പഴയനിയമം എന്നു ക്രിസ്ത്യാനികൾ വിളിക്കുന്ന ലിഖിതസഞ്ചയത്തിന്റേയും ഭാഗമായ ഒരു ഗ്രന്ഥമാണ് ജോയേലിന്റെ പുസ്തകം. മിക്കവാറും ബൈബിൾ സംഹിതകളിൽ, 'ചെറിയ പ്രവാചകന്മാരുടെ' 12 ഗ്രന്ഥങ്ങളിൽ രണ്ടാമതായി, ഹോസിയായുടേയും ആമോസിന്റേയും പുസ്തകങ്ങൾക്കിടയിലാണ് ഇതിന്റെ സ്ഥാനം. മൂന്നദ്ധ്യായങ്ങൾ മാത്രമുള്ള ഈ കൃതിയുടെ പാഠത്തിൽ അതിന്റെ രചനാകാലത്തെക്കുറിച്ചോ രചയിതാവിന്റെ പശ്ചാത്തലത്തെക്കുറിച്ചോ സൂചനകളൊന്നുമില്ല. ക്രി.മു. എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നതായികരുതപ്പെടുന്ന ഹോസിയായുടേയും ആമോസിന്റേയും രചനകൾക്കിടെയുള്ള സ്ഥാനം കണക്കിലെടുത്ത് അക്കാലത്തെ രചനയായി ഇതും കരുതപ്പെട്ടിരുന്നു. എന്നാൽ, രാജവാഴ്ചയില്ലാതെ പുരോഹിതന്മാരുടെ നേതൃത്വത്തിലുള്ള ക്ഷേത്രാരാധനയിൽ കേന്ദ്രീകരിച്ച് ജീവിക്കുന്ന ഒരു ചെറിയ സമൂഹത്തെ സങ്കല്പിക്കുന്ന ഈ ഗ്രന്ഥത്തെ, ഈ ക്രി.മു. 5-4 നൂറ്റാണ്ടുകളിൽ, ഇസ്രായേലിനു മേലുള്ള പേർഷ്യൻ ആധിപത്യകാലത്തെ സൃഷ്ടിയായാണ് ആധുനിക ബൈബിൾ പണ്ഡിതന്മാർ കണക്കാക്കുന്നത്.

ഈ പുസ്തകത്തിന്റെ ആദ്യപകുതി, ദേശത്തിനു നേരിടേണ്ടി വന്ന ഭീകരമായ വെട്ടുക്കിളി ആക്രമണത്തിന്റേയും തുടർന്നുണ്ടായ വരൾച്ചയുടേയും വിവരണമാണ്. ആ അത്യാഹിതത്തിൽ, "വിട്ടിൽ ശേഷിപ്പിച്ചതു വെട്ടുക്കിളിയും, വെട്ടുക്കിളി ശേഷിപ്പിച്ചതു പച്ചക്കുതിരയും, പച്ചക്കുതിര ശേഷിപ്പിച്ചതു കമ്പിളിപ്പുഴുവും തിന്നു". സിംഹത്തിന്റെ പല്ലുകളും സിംഹിയുടെ ദംഷ്ട്രകളുമായി വരുന്ന സംഖ്യാതീതമായ ഒരു ജനതയുടെ ആക്രമണമായി പ്രവാചകൻ ഈ ദുരന്തത്തെ കാണുന്നു. ഈ വിവരണം ഇവ്വിധമുള്ള യഥാർത്ഥ സംഭവങ്ങളെയോ സൈനികവും രാഷ്ട്രീയവുമായ കോളിളക്കങ്ങളെയോ സൂചിപ്പിക്കുന്നതെന്നു വ്യക്തമല്ല. ഏതായാലും തന്റെ നീതി സ്ഥാപിക്കാൻ വേണ്ടിയുള്ള കർത്താവിന്റെ വരവിന്റെ മുൻസൂചനകളായി അവയെ കണുന്ന പ്രവാചകൻ, ജനങ്ങളെ പശ്ചാത്താപത്തിനായി ആഹ്വാനം ചെയ്യുന്നു.

ജ്ഞാനം (ബൈബിൾ)

ബൈബിളിലെ ഉത്തരകാനോനിക ഗ്രന്ഥങ്ങളിൽ (അപ്പോക്രിഫ) ഒന്നാണ് ജ്ഞാനം. വിജ്ഞാനം, സോളമന്റെ വിജ്ഞാനം എന്നീ പേരുകളിലും ഈ ഗ്രന്ഥം അറിയപ്പെടുന്നു. യഹൂദവേദസഞ്ചയത്തിന്റെ പ്രാചീന ഗ്രീക്കു പരിഭാഷയായ സെപ്ത്വജിന്റിൽ ഉൾപ്പെട്ടിട്ടുള്ള ഏഴു ജ്ഞാനപ്രബോധന രചനകളിൽ (sapiential writings) ഒന്നാണിത്. ഈ വിഭാഗത്തിൽ പെടുന്ന ഇതരരചനകൾ ഇയ്യോബിന്റെ പുസ്തകം, സങ്കീർത്തനങ്ങൾ, സുഭാഷിതങ്ങൾ, സഭാപ്രസംഗി, ഉത്തമഗീതം, സിറാക്കിന്റെ വിജ്ഞാനം എന്നിവയാണ്. യഹൂദരും പ്രൊട്ടസ്റ്റന്റുകളും ഒരു സന്ദിഗ്ദ്ധരചനായി കണക്കാക്കുന്ന ഈ കൃതിയെ കത്തോലിക്കാ സഭയും മിക്കവാറും ഓർത്തഡോക്സ് സഭകളും കാനോനികമായി മാനിക്കുന്നു.രണ്ടാം നൂറ്റാണ്ടിൽ യഹൂദരും ക്രിസ്ത്യാനികളും ഒരു പോലെ ഈ രചനയെ കാനോനികമായി കരുതിയിരുന്നെന്ന് സാർദിസിലെ മെത്രാനായിരുന്ന വിശുദ്ധ മെലിത്തോ സാക്ഷ്യപ്പെടുത്തുന്നു. ഈ രചനയുടെ ഒരു എബ്രായപരിഭാഷയുടെ കാര്യം പതിമൂന്നാം നൂറ്റാണ്ടിലെ യഹൂദമനീഷി നഹ്മാനിഡിസ് തന്റെ പഞ്ചഗ്രന്ഥിവ്യാഖ്യാനത്തിന്റെ ആമുഖത്തിൽ പറയുന്നുണ്ട്.

ബിസി ഒന്നാം നൂറ്റാണ്ടിലോ എഡി ഒന്നാം നൂറ്റാണ്ടിലോ അലക്സാണ്ഡ്രിയയിലെ ഒരു യവനീകൃത യഹൂദൻ എഴുതിയതാകാം ഇത്. നഗരത്തിലെ സംസ്കാരവൈവിദ്ധ്യത്തിന്റെ പശ്ചാത്തലത്തിൽ ജീവിച്ചിരുന്ന സ്വമതസ്ഥരെ, പരമ്പാരാഗത ധാർമ്മികതയോടു വിശ്വസ്തത പുലർത്താൻ പ്രബോധിപ്പിക്കുക എന്നതായിരുന്നിരിക്കാം രചനാലക്ഷ്യം.യഹൂദസങ്കല്പത്തിലെ ദൈവികജ്ഞാനത്തെ യവനചിന്തയിലെ ദാർശനികജ്ഞാനത്തിനു പകരമായി അവതരിപ്പിക്കുന്ന ഗ്രന്ഥകാരൻ യവനദർശനത്തിലെ തന്നെ 'നിർഗ്ഗളനസിദ്ധാന്തം' (theory of emanations), 'മാതൃകകളുടെയും ആദിരൂപങ്ങളുടേയും (Types and Archetypes) സിദ്ധാന്തം' എന്നിവയും, യവനപശ്ചാത്തലമുള്ള ഒട്ടേറെ രൂപകങ്ങളും കടമെടുക്കുന്നു. ചുറ്റുമുള്ള സംസ്കാരത്തിന്റെ തിരസ്കാരത്തിന് യഹൂദരെ ആഹ്വാനം ചെയ്യുന്നതിന് ഗ്രന്ഥകാരൻ ആയുധമാക്കുന്നത് ആ സംസ്കാരത്തിന്റെ തന്നെ ഭാഷയും, പ്രസംഗകതയും, വാദമുഖങ്ങളുമാണ്. അതിനാൽ ഈ കൃതിയുടെ മികവും തികവും, ഗ്രെക്കോ-റോമൻ സംസ്കാരത്തിന്റേയും യഹൂദമതത്തിന്റേയും സഹവാസം എത്ര കെട്ടുപിണഞ്ഞതും വിഷമകരവും ആയിരുന്നെന്നു കൂടി കാട്ടിത്തരുന്നതായി കേംബ്രിഡ്ജ് ബൈബിൾ സഹകാരി ചൂണ്ടിക്കാട്ടുന്നു.ബിസി രണ്ടാം നൂറ്റാണ്ടിൽ എബ്രായഭാഷയിൽ എഴുതപ്പെട്ട് പിന്നീട് ഗ്രീക്കു പരിഭാഷയിൽ മാത്രം ലഭ്യമായിത്തീർന്ന മറ്റൊരു ഉത്തരകാനോനിക രചനയായ സിറാക്കിന്റെ വിജ്ഞാനത്തിൽ നിന്ന് ഈ രചനയെ വേർതിരിച്ചു കാണേണ്ടതുണ്ട്.

ദാനിയേലിന്റെ പുസ്തകം

എബ്രായബൈബിളിന്റേയും ക്രിസ്ത്യാനികളുടെ പഴയനിയമത്തിന്റേയും ഭാഗമായ ഒരു ഗ്രന്ഥമാണ് ദാനിയേലിന്റെ പുസ്തകം. നബുക്കെദ്നസ്സർ രാജാവിന്റെ കാലത്ത് (ക്രി.മു. 605 - 562) ബാബിലോണിൽ പ്രവാസിയായിരുന്ന ദാനിയേൽ എന്ന യഹൂദയുവാവ് രാജസേവനത്തിൽ ഉന്നതസ്ഥാനം കൈവരിക്കുന്നതിന്റെ കഥയും അദ്ദേഹത്തിനു ലഭിച്ചതായ ദർശനങ്ങളുടേയും പ്രവചനങ്ങളുടേയും വിവരണവുമാണ് ഈ കൃതി. ക്രി.മു. ആറാം നൂറ്റാണ്ടിലെ ബാബിലോൺ പ്രവാസകാലത്തെ ദൈവജ്ഞാനികളിൽ ഒരാളായി സങ്കല്പിക്കപ്പെട്ട ദാനിയേലിനെപ്പറ്റി മുൻനൂറ്റാണ്ടുകളിൽ പ്രചരിച്ചിരുന്ന കഥകൾ ക്രി.മു. രണ്ടാം നൂറ്റാണ്ടിൽ ലിഖിതരൂപത്തിൽ സമാഹരിക്കപ്പെട്ടത്, യഹൂദരെ നിർബ്ബന്ധപൂർവം യവനീകരിക്കാൻ സെല്യൂക്കിഡ് സാമ്രാട്ടായ അന്തിയോക്കസ് എപ്പിഫാനസ് നടത്തിയ ശ്രമം മൂലമുണ്ടായ മക്കബായ കലാപത്തിനിടെയാണ്. ഇതിന്റെ രചനാകാലം അന്തിയോക്കസ് രാജാവിന്റെ ക്രി.മു. 164-ലെ മരണത്തിനു തൊട്ടുമുൻപായിരിക്കുമെന്നാണ് മിക്കവാറും ആധുനിക ബൈബിൾ പണ്ഡിതന്മാരുടേയും മതം.എബ്രായബൈബിളിലെ ഗ്രന്ഥങ്ങളിൽ, ഗണ്യമായൊരു ഭാഗം മറ്റൊരു ഭാഷയിൽ എഴുതപ്പെട്ടിരിക്കുന്നത് എന്ന നിലയേൽ ദാനിയേലിന്റെ പുസ്തകം വ്യത്യസ്തത പുലർത്തുന്നു. ഇതിൽ ഉപയോഗിച്ചിരിക്കുന്ന രണ്ടാമത്തെ ഭാഷ അരമായ ആണ്. എബ്രായ ഭാഷയിൽ തുടങ്ങുന്ന പുസ്തകം രണ്ടാം അദ്ധ്യായം നാലാം വാക്യത്തിന്റെ രണ്ടാം ഭാഗം മുതൽ ഏഴാം അദ്ധ്യായത്തിന്റെ അവസാനം വരെ (2:4b-7:28) അരമായ ഭാഷയിലാണ്. ഇതിലെ ആദ്യത്തെ ആറദ്ധ്യായങ്ങൾ മറ്റൊരാൾ പറയുന്ന രീതിയിലുള്ള ആറ് ആഖ്യാനങ്ങളാണ്. തുടർന്നു വരുന്ന ആറദ്ധ്യായങ്ങൾ പ്രവാചകൻ സ്വയം നടത്തുന്ന വിവരണമാണ്. ദാനിയേലിന്റേയും സുഹൃത്തുക്കളുടേയും വിശ്വാസദൃഢത തെളിയിക്കുന്ന കൊട്ടാരം കഥകളും (അദ്ധ്യായങ്ങൾ 1, 3, 6), രാജസ്വപ്നങ്ങൾക്കും ദർശനങ്ങൾക്കും ദാനിയേൽ നൽകുന്ന വ്യാഖ്യാനവുമാണ് (അദ്ധ്യായങ്ങൾ 2, 5) ആദ്യാദ്ധ്യായങ്ങളിൽ. രണ്ടാം ഭാഗത്ത് ദാനിയേലിന്റെ തന്നെ സ്വപ്നങ്ങളും ഗബ്രിയേൽ മാലാഖ അവയ്ക്കു നൽകുന്ന വ്യാഖ്യാനവുമാണ്.

നിയമാവർത്തനം

എബ്രായ ബൈബിളിലേയും പഴയനിയമം എന്നു ക്രിസ്ത്യാനികൾ വിളിക്കുന്ന ലിഖിതസമുച്ചയത്തിലേയും അഞ്ചാമത്തെ ഗ്രന്ഥമാണ് നിയമാവർത്തനം. പഞ്ചഗ്രന്ഥി എന്നു കൂടി പേരുള്ള യഹൂദനിയമസംഹിതയായ തോറായിലെ അഞ്ചു ഗ്രന്ഥങ്ങളിൽ അവസാനത്തേതും ഇതു തന്നെയാണ്. പോയ നാല്പതു വർഷം മരുഭൂമിയിൽ അലഞ്ഞുതിരിയേണ്ടി വന്നപ്പോഴത്തെ അനുഭവങ്ങൾ വിലയിരുത്തിയും കടന്നുചെല്ലാൻ പോകുന്ന വാഗ്ദത്തഭൂമിയിലെ ഭാവിയിലേക്ക് ഉറ്റുനോക്കിയും മോശെ നടത്തിയ മൂന്നു ദീർഘപ്രഭാഷണങ്ങളാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കത്തിന്റെ വലിയൊരു ഭാഗം. വാഗ്ദത്തഭൂമിയിൽ ഇസ്രായേൽക്കാരുടെ ജീവിതത്തിനു വഴികാണിക്കാനുദ്ദേശിച്ചുള്ള വിശദമായൊരു നിയമസംഹിതയാണ് അതിന്റെ കാതൽ.

ദൈവശാസ്ത്രപരമായി നോക്കുമ്പോൾ, ദൈവമായ യഹോവയും ഇസ്രായേൽ മക്കളും തമ്മിലുള്ള ഉടമ്പടിയുടെ നവീകരണമാണ് ഈ കൃതി. ഇതിലെ ഏറ്റവും പ്രാധാന്യമുള്ള ഭാഗം ആറാമത്തെ അദ്ധ്യായത്തിലെ ഷെമാ എന്ന പേരിൽ അറിയപ്പെടുന്ന നാലാം വാക്യമാണ്. യഹൂദരുടെ ഏകദൈവവിശ്വാസത്തിന്റേയും, ദേശീയതയുടെ തന്നെയും പ്രഘോഷണമെന്ന നിലയിൽ പ്രസിദ്ധമായ ആ വാക്യം ഇതാണ്: "ഇസ്രായേലേ കേട്ടാലും: കർത്താവായ യഹോവയാണ് നമ്മുടെ ദൈവം; കർത്താവ് ഏകനാണ്."

മോശെയ്ക്ക് ദൈവത്തിൽ നിന്നു ലഭിച്ച വചനങ്ങളുടെ രേഖയായി ഈ ഗ്രന്ഥത്തെ പാരമ്പര്യം ഘോഷിക്കുന്നു. എങ്കിലും ആധുനിക പണ്ഡിതന്മാർ ഇതിനെ പലർ ചേർന്ന് എഴുതിയ ഗ്രന്ഥമായും, യൂദയാ ഭരിച്ച ജോഷിയാ രാജാവിന്റെ ഭരണകാലത്തു നടന്ന മതപരമായ നവീകരണവുമായി ബന്ധപ്പെട്ട് രൂപപ്പെട്ടിരിക്കാവുന്നതായും കണക്കാക്കുന്നു.

നെഹമിയയുടെ പുസ്തകം

എബ്രായ ബൈബിളിലേയും ക്രിസ്ത്യാനികളുടെ പഴയനിയമത്തിലേയും ഒരു ഗ്രന്ഥമാണ് നെഹമിയായുടെ പുസ്തകം. പേർഷ്യൻ രാജധാനിയിലെ ഒരുദ്യോഗസ്ഥനായിരുന്ന നെഹമിയ, താറുമാറായിക്കിടന്ന യെരുശലേമിന്റെ നഗരഭിത്തി പുനർനിർമ്മിക്കുന്നതും നഗരത്തേയും ജനങ്ങളേയും യഹൂദ ധാർമ്മികനിയമത്തിനു പുനർസമർപ്പിക്കുന്നതുമാണ് ഇതിന്റെ ഉള്ളടക്കം. നെഹമിയയുടെ സ്മരണകളുടെ രൂപത്തിലാണ് ഇതിന്റെ രചന. ഇതിൽ വിവരിച്ചിരിക്കുന്ന സംഭവങ്ങൾ ക്രി.മു. അഞ്ചാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ നടന്നവയാണ്. സ്മരണകളുടെ രൂപത്തിലുള്ള ഈ പുസ്തകത്തിന്റെ കേന്ദ്രഖണ്ഡം, ക്രി.മു. 400-നടുത്ത് എസ്രായുടെ പുസ്തകത്തിന്റെ ഉള്ളടക്കവുമായി സംയോചിപ്പിക്കപ്പെട്ടിരിക്കണം. അങ്ങനെ രൂപപ്പെട്ട സംയോജിതഗ്രന്ഥമായ എസ്രാ-നെഹമിയായുടെ സംശോധനം പേർഷ്യൻ വാഴ്ചയ്ക്കു ശേഷം വന്ന ഗ്രീക്കു ഭരണകാലത്ത് തുടർന്നു. എസ്രായുടേയും, നെഹമിയയുടേയും പുസ്തകങ്ങൾ വേർതിരിക്കപ്പെട്ടതു ക്രിസ്തുവർഷത്തിന്റെ ആദ്യനൂറ്റാണ്ടുകളിലെന്നോ ആണ്.

സൂസായിലെ കൊട്ടാരത്തിൽ പേർഷ്യൻ രാജാവിന്റെ പാനപാത്രവാഹകനായിരുന്ന നെഹമിയ യെരുശലേമിന്റെ നഗരഭിത്തികൾ താറുമാറായിക്കിടക്കുന്നതറിഞ്ഞ്, അതിനെ പുനരുദ്ധരിക്കാൻ നിശ്ചയിക്കുന്നതിലാണ് പുസ്തകത്തിന്റെ തുടക്കം. രാജാവ് നെഹമിയയെ യെരുശലേമിന്റെ പ്രവിശ്യാധികാരിയായി നിയോഗിക്കുന്നതോടെ അദ്ദേഹം അവിടേക്കു പോകുന്നു. യെരുശലേമിൽ അദ്ദേഹം ഇസ്രായേലിന്റെ ശത്രുക്കളുടെ എതിർപ്പിനെ നേരിട്ട് നഗരഭിത്തി പുനർനിർമ്മിക്കുകയും ജനസമൂഹത്തെ മോശെയുടെ നിയമത്തിനനുസരിച്ച് നവീകരിക്കുകയും ചെയ്യുന്നു. ഇടയ്ക്ക് സൂസാ സന്ദർശിച്ചു മടങ്ങി വന്ന നെഹമിയ, താൻ ഏർപ്പെടുത്തിയ നവീകരണങ്ങൾ ഉപേക്ഷിച്ച് ജനം പിന്നോക്കം പോയതായും അവർ യഹൂദേതര ഭാര്യമാരെ സ്വീകരിച്ചിരിക്കുന്നതായും കാണുന്നു. അതോടെ, അദ്ദേഹം യഹുദനിയമം നടപ്പാക്കാനായി യെരുശലേമിൽ സ്ഥിരതാമസമാക്കുന്നു.

ന്യായാധിപന്മാരുടെ പുസ്തകം

എബ്രായബൈബിളിലേയും ക്രിസ്ത്യാനികളുടെ പഴയനിയമത്തിലേയും ഒരു ഗ്രന്ഥമാണ് ന്യായാധിപന്മാരുടെ പുസ്തകം. അതിന്റെ മൂലം എബ്രായഭാഷയിലാണ് എഴുതപ്പെട്ടത്. ഇസ്രായേൽ ജനത ഈജിപ്തിനിൽ നിന്നുള്ള പ്രയാണത്തിനൊടുവിൽ കാനാൻ ദേശത്ത് ആധിപത്യം സ്ഥാപിക്കുന്നതിനും ഇസ്രായേലിലെ രാജവംശത്തിന്റെ സ്ഥാപനത്തിനും ഇടക്കുള്ള കാലത്തെ ചരിത്രമാണ് അതിന്റെ വിഷയം. ഇസ്രായേലിന് രാജാക്കന്മാരോ, സർവ്വസമ്മതരായ ജനനേതാക്കളോ ഇല്ലാതിരുന്നതിനാൽ ഒരോരുത്തനും തനിക്ക് ഇഷ്ടമുള്ളതു ചെയ്തിരുന്ന കാലമായിരുന്നു അത്. അക്കാലത്തെ പ്രതിസന്ധികൾക്കിടയിൽ നേതൃത്വഗുണവും ധൈര്യവും പ്രകടിപ്പിച്ച ഗോത്രവീരന്മാരായിരുന്നു ഈ കൃതിയിലെ രക്ഷകരായ "ന്യായാധിപന്മാർ".

പഴയ നിയമം

ഇസ്രായേൽ ജനതയുടെ മതപരമായ രേഖകളെയും ചരിത്രത്തിനെയും ക്രിസ്ത്യാനികൾ വിവക്ഷിക്കുന്നത് പഴയ നിയമം എന്നാണ്. ക്രിസ്ത്യാനികളും യഹൂദരും ഇതിനെ പാവനമായി കാണുന്നു. ഇതിലെ പുസ്തകങ്ങളുടെ എണ്ണത്തിൽ വിവിധ ക്രിസ്ത്യൻ സഭകൾ തമ്മിൽ കാര്യമായ അന്തരമുണ്ട്. പ്രൊട്ടസ്റ്റന്റ് സഭ ഹീബ്രൂ ബൈബിളിനെ അംഗീകരിക്കുന്നുവെങ്കിലും അതിനെ 39 പുസ്തകങ്ങളായി തരം തിരിക്കുന്നു. കതോലിക്കർ, കിഴക്കൻ ഓർത്തഡോക്സ് സഭ, അലക്സാണ്ട്രിയയിലെ കോപ്റ്റിക് ഓർത്തഡോക്സ് സഭ, എത്യോപ്യൻ സഭ എന്നിവർ താരതമ്യേന വലിയ ഒരു കൂട്ടം പുസ്തകങ്ങളെയാണ് പഴയനിയമമായി കണക്കാക്കുന്നത്. പുസ്തകങ്ങളെ പൊതുവിൽ ദൈവം ഇസ്രായേൽ ജനതയെ തിരഞ്ഞെടുത്തതെങ്ങനെ എന്ന് വിവരിക്കുന്ന പെന്റാട്യൂക്ക്; ഇസ്രായേൽ ജനത കനാൻ കീഴടക്കിയതു മുതൽ ബാബിലോണിലേക്ക് നാടു കടത്തപ്പെടും വരെയുള്ള ചരിത്രം പറയുന്ന പുസ്തകങ്ങൾ; നൈതികതയെയും നല്ലതിനെയും ചീത്തയെയും പറ്റിയുള്ള ജ്ഞാനത്തെയും മറ്റും പറ്റി ചർച്ച ചെയ്യുന്ന പുസ്തകങ്ങൾ; ദൈവത്തിൽ നിന്നകന്നു പോകുന്നതിന്റെ അനന്തരഭലങ്ങളെപ്പറ്റി താക്കീത് നൽകുന്ന പ്രവാചകരുടെ പുസ്തകങ്ങൾ എന്നിങ്ങനെ നാലായി തിരിക്കാം. ഈ പുസ്തകങ്ങളുടെ യധാർത്ഥ രചയിതാക്കളും വായനക്കാരുമായിരുന്ന ഇസ്രായേൽ ജനതയെ സംബന്ധിച്ചിടത്തോളം ഇവയുടെ ഉള്ളടക്കം അവരും ദൈവവും തമ്മിലുള്ള സമാനതകളില്ലാത്ത ബന്ധത്തിനെയും, അവർക്ക് യഹൂദരല്ലാത്തവരോടുള്ള ബന്ധത്തിനെയും പറ്റിയായിരുന്നു.

മനുഷ്യരാശിയുടെ രക്ഷകന്റെ വരവ് എന്ന തത്ത്വത്തിൽ അധിഷ്ടിതമായ ക്രിസ്തുമതം പഴയനിയമപുസ്തകങ്ങളെ പുതിയനിയമത്തിന്റെ (ക്രിസ്തുമത വേദപുസ്തകത്തിന്റെ രണ്ടാം ഭാഗം) വരവിനായുള്ള തയാറെടുപ്പായാണ് കാണുന്നത്.

പുറപ്പാട്

എബ്രായ ബൈബിളിലേയും ക്രിസ്ത്യാനികളുടെ പഴയനിയമത്തിലേയും രണ്ടാമത്തെ ഗ്രന്ഥമാണ് പുറപ്പാട്. പഞ്ചഗ്രന്ഥി എന്നു കൂടി അറിയപ്പെടുന്ന യഹൂദനിയമഗ്രന്ഥമായ തോറയിലെ അഞ്ചുഗ്രന്ഥങ്ങളിൽ രണ്ടാമത്തേതും ഇതാണ്. ഈജിപ്തിലെ അടിമത്തത്തിൽ നിന്നുള്ള എബ്രായജനതയുടെ മോചനത്തിന്റേയും മരുഭൂമിയിലൂടെ ദൈവത്തിന്റെ പർവതമായ സീനായ് മലവരെ മോശെ അവരെ നയിക്കുന്നതിന്റെയും കഥയാണ് ഇതു പറയുന്നത്. സീനായ് പർവതത്തിൽ ദൈവമായ യഹോവ എബ്രായജനതയ്ക്ക് അവരുടെ നിയമസംഹിത നൽകുകയും അവരുമായി ഒരുടമ്പടിയിൽ ഏർപ്പെടുകയും ചെയ്തു. യഹോവയോടു ജനത വിശ്വസ്തരായിരുന്നാൽ കാനാൻ ദേശം അവർക്ക് അവകാശമായി കൊടുക്കുമെന്നായിരുന്നു ഉടമ്പടി. മരുഭൂമിയിൽ ജനതയുടെ സഞ്ചരിക്കുന്ന ആരാധനാലയമായിരുന്ന ദൈവകൂടാരത്തിന്റെ (Tabernacle) നിർമ്മിതിയിലാണ് പുറപ്പാട് പുസ്തകം സമാപിക്കുന്നത്.

പുറപ്പാട് ഉൾപ്പെടെയുള്ള പഞ്ചഗ്രന്ഥിയിലെ അഞ്ചു പുസ്തകങ്ങളുടേയും കർത്താവ് മോശെ ആണെന്നാണ് പാരമ്പര്യം. ഈ കൃതി എങ്ങനെ അതിന്റെ അന്തിമരൂപത്തിൽ എത്തിച്ചേർന്നു എന്നതിനെക്കുറിച്ച് ആധുനിക ബൈബിൾ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായൈക്യമില്ല. പുറപ്പാട് ഒന്നിലേറെപ്പേരുടെ രചനയാണെന്നും ക്രി.മു. ആറും അഞ്ചും നൂറ്റാണ്ടുകളിലെ ബാബിലോണിയ പ്രവാസകാലത്തും പേർഷ്യൻ ഭരണകാലത്തുമാണ് അതു രൂപപ്പെട്ടതെന്നും വിശ്വസിക്കപ്പെടുന്നു.

ബാറൂക്കിന്റെ പുസ്തകം

റോമൻ കത്തോലിക്ക സഭയും ഓർത്തഡോക്സ് സഭകളും മാത്രം അംഗീകരിക്കുന്ന ബൈബിൾ പഴയനിയമത്തിലെ ഒരു ഗ്രന്ഥമാണ് ബാറൂക്കിന്റെ പുസ്തകം. ഗ്രന്ഥകർത്താവ് ബാറൂക്ക്‌ ജറെമിയായുടെ ഗുമസ്‌തനായിരുന്നുവെന്ന് കരുതപ്പെടുന്നു. ഗ്രന്ഥത്തിലെ തന്നെ സൂചനപ്രകാരം ബാറൂക്ക്‌ ബാബിലോണിൽ വച്ച്‌ എഴുതുകയും, ഗ്രന്ഥം പിന്നീട് ജറുസലെമിലേക്ക്‌ അയച്ചുകൊടുക്കുകയും ചെയ്തിട്ടുള്ളതാണ്. എന്നാൽ ഈ ഗ്രന്ഥ രചനയിൽ പല വ്യക്തികൾ ഉൾപ്പെട്ടിരുന്നുവെന്നും, അതിനാൽ ഇതൊരു ഗ്രന്ഥ സമാഹാരമാണെന്നും വിവിധങ്ങളായ അഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്. ഇതിലെ ഉള്ളടക്കം ആറ് അദ്ധ്യായങ്ങളിലായി വിവരിച്ചിരിക്കുന്നു.

മലാക്കിയുടെ പുസ്തകം

എബ്രായബൈബിളിന്റേയും ക്രിസ്ത്യാനികളുടെ പഴയനിയമത്തിന്റേയും ഭാഗമായ ഒരു രചനയാണ് മലാക്കിയുടെ പുസ്തകം. ദൈർഘ്യം കുറഞ്ഞ 12 പ്രവചനഗ്രന്ഥങ്ങൾ അടങ്ങിയ "ചെറിയ പ്രവാചകന്മാർ" എന്ന വിഭാഗത്തിലെ അവസാനഗ്രന്ഥമായാണ് മിക്കവാറും ബൈബിൾ സംഹിതകളിൽ ഇതു കാണുന്നത്. ബാബിലോണിലെ പ്രവാസത്തിനു ശേഷം യെരുശലേമിൽ യഹൂദരുടെ രണ്ടാം ദേവാലയത്തിന്റെ നിർമ്മാണം കഴിഞ്ഞ് ക്രി.മു. അഞ്ചാം നൂറ്റാണ്ടിലെങ്ങോ ഇതിന്റെ രചന നടന്നതായി കരുതപ്പെടുന്നു. അനുഷ്ഠാനപരമായ മതാത്മകതയ്ക്കും മതവിശ്വാസത്തിന്റെ സാമൂഹികമാനത്തിനും തുല്യപ്രാധാന്യം കല്പിച്ച പ്രവാസാനന്തര യഹൂദപ്രവാചകപാരമ്പര്യത്തിന്റെ മാതൃകയായി ഈ രചന കണക്കാക്കപ്പെടുന്നു.

റൂത്തിന്റെ പുസ്തകം

ഈജിപ്തിൽ നിന്നുള്ള ഹെബ്രായ ജനതയുടെ തിരിച്ചുവരവ് നടന്നതായി സങ്കല്പിക്കപ്പെടുന്ന കാലത്തിനും ഇസ്രായേലിലെ രാജവാഴ്ചയുടെ സ്ഥാപനത്തിനും ഇടക്കുള്ള കാലം പശ്ചാത്തലമാക്കി എഴുതപ്പെട്ട ഹൃദയഹാരിയായ ഒരു കഥയാണ് റൂത്തിന്റെ പുസ്തകം (ഇംഗ്ലീഷ്: Book of Ruth). കഥയുടെ ഈ ചരിത്രപശ്ചാത്തലം കണക്കിലെടുത്ത്, പഴയനിയമത്തിന്റെ പ്രാചീന ഗ്രീക്ക് പരിഭാഷയായ സെപ്ത്വജിന്തിൽ ഈ പുസ്തകം, ന്യായാധിപൻ‌മാരുടെ പുസ്തകത്തിനും ഇസ്രായേലിലെ രാജഭരണസ്ഥാപനത്തിന്റെ കഥ പറയുന്ന ശമുവേലിന്റെ ഒന്നാം പുസ്തകത്തിനും ഇടക്കാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ജെറോമിന്റെ ലത്തീൻ പരിഭാഷയടക്കമുള്ള ക്രിസ്തീയ പരിഭാഷകൾ ഈ ക്രമീകരണം ഇന്നും പിന്തുടരുന്നു. എന്നാൽ യഹൂദരുടെ വിശുദ്ധഗ്രന്ഥസംഹിതയായ തനക്കിൽ, കെത്തുബിം എന്ന അന്തിമഭാഗത്തിന്റെ ഉപ‌വിഭാഗങ്ങളിലൊന്നിൽ, മറ്റു നാലുലഘുഗ്രന്ഥങ്ങളായ ഉത്തമഗീതം, വിലാപങ്ങൾ, സഭാപ്രസംഗകൻ, എസ്തേർ എന്നിവയോടൊപ്പമാണ് ഇതിന് സ്ഥാനം നൽകിയിരിക്കുന്നത്.

ലേവ്യർ

എബ്രായ ബൈബിളിലേയും ക്രിസ്ത്യാനികളുടെ പഴയനിയമത്തിലേയും മൂന്നാമത്തെ പുസ്തകമാണ് ലേവ്യർ അല്ലെങ്കിൽ ലേവ്യപുസ്തകം (ഇംഗ്ലീഷ്: Book of Leviticus). പഞ്ചഗ്രന്ഥി എന്നു കൂടി അറിയപ്പെടുന്ന യഹൂദനിയമഗ്രന്ഥമായ തോറയിലെ അഞ്ചു പുസ്തകങ്ങളിൽ മൂന്നാമത്തേതും ഇതാണ്. ആരാധനാവിധികളും പൗരോഹിത്യമുറകളുമാണ് ഇതിന്റെ ഉള്ളടക്കം. എങ്കിലും വിപുലമായ അർത്ഥത്തിൽ, ദൈവവും ഇസ്രായേലുമായി ഉള്ളതായി ഉല്പത്തി, പുറപ്പാട് പുസ്തകങ്ങളിൽ പറയുന്ന ഉടമ്പടിബന്ധത്തിന്റെ പ്രയോഗവശമാണ് ഈ കൃതി വിവരിക്കുന്നത്. പഞ്ചഗ്രന്ഥിയുടെ സമഗ്രമായ ദർശനത്തിൽ, യഹോവയുമായി വിശേഷബന്ധത്തിൽ ഏർപ്പെടുന്നതു വഴി ഏറ്റെടുക്കുന്ന ഉത്തരവാദിത്തങ്ങളുടെ നിർവഹണത്തിനുള്ള മാർഗ്ഗരേഖകളായായി ഇതിലെ നിയമങ്ങളെ കാണാം. ഈ ഉത്തരവാദിത്തങ്ങളെ സാമൂഹ്യബന്ധങ്ങളുടേയും പെരുമാറ്റമര്യാദകളുടേയും രൂപത്തിലാണ് പുസ്തകം അവതരിപ്പിക്കുന്നത്.

ആദ്യത്തെ 16 അദ്ധ്യായങ്ങളും അവസാനത്തെ അദ്ധ്യായവും വിശുദ്ധീകരണച്ചടങ്ങുകളുടേയും, പരിഹാരക്കാഴ്ചകളുടേയും, പ്രായശ്ചിത്തദിനങ്ങളുടേയും നിയമങ്ങൾ ചേർന്ന പുരോഹിതനിഷ്ഠയാണ്. ഇതിന്റെ ഭാഗമായി 12-ആം ആദ്ധ്യായത്തിലാണ്, പുരുഷന്മാർക്ക് അഗ്രചർമ്മഛേദനം നിഷ്കർഷിച്ചിരിക്കുന്നത്. 17 മുതൽ 26 വരെ അദ്ധ്യായങ്ങളിലുള്ള വിശുദ്ധിനിയമങ്ങളിൽ "നിന്നെപ്പോലെ നിന്റെ അയൽക്കാരനേയും സ്നേഹിക്കുക" എന്ന "ഏറ്റവും വലിയ കല്പന"-യും ഉൾപ്പെടുന്നു. "മ്ലേച്ഛതകൾ"(abominations) എന്നു വിശേഷിക്കപ്പെട്ട ചില പെരുമാറ്റങ്ങൾക്കുള്ള വിലക്കുകളാണ് ഗ്രന്ഥത്തിന്റെ വലിയൊരു ഭാഗം. ഇവയിൽ മിക്കവയും പാന-ഭോജനങ്ങളും ലൈംഗികതയും ആയി ബന്ധപ്പെട്ടിരിക്കുന്നു. ഈ നിയമങ്ങൾ പൊതുവേ ഇസ്രായേൽക്കാരെ മാത്രം ലക്ഷ്യമാക്കുന്നവയാണെങ്കിലും ചിലതിന്റെയൊക്കെ പരിധിയിൽ "ഇസ്രായേലിൽ യാത്രചെയ്യുന്ന പരദേശികളേയും" ഉൾപ്പെടുത്തിയിട്ടുണ്ട്.

യഹൂദ-ക്രൈസ്തവപാരമ്പര്യങ്ങൾ അനുസരിച്ച്, പഞ്ചഗ്രന്ഥിയിലെ ഇതര ഗ്രന്ഥങ്ങൾ എന്ന പോലെ ലേവ്യരുടെ പുസ്തകവും മോശ യഹോവയിൽ നിന്നു കേട്ടെഴുതിയതാണ്. ലേവരുടെ പുസ്തകത്തിന്റെ കർതൃത്ത്വത്തെ സംബന്ധിച്ച് ആധുനിക പണ്ഡിതന്മാർക്കിടയിൽ വ്യത്യസ്തമായ അഭിപ്രായങ്ങൾ നിലവിലുണ്ട്.

ശമുവേലിന്റെ പുസ്തകങ്ങൾ

എബ്രായ ബൈബിളിലും പഴയനിയമം എന്നു ക്രിസ്ത്യാനികൾ വിളിക്കുന്ന രചനാസമുച്ചയത്തിലും ഉൾപ്പെടുന്ന രണ്ടു ഗ്രന്ഥങ്ങളാണ് ശമുവേലിന്റെ പുസ്തകങ്ങൾ. എബ്രായ ഭാഷയിലാണ് ഇതിന്റെ മൂലം രചിക്കപ്പെട്ടത്. ഇസ്രായേലിൽ ന്യായാധിപന്മാരെന്നറിയപ്പെട്ടിരുന്ന ഗോത്രനേതാക്കളുടെ ഭരണത്തിന്റെ അവസാനഘട്ടത്തിൽ ആരംഭിച്ച് രാജവാഴ്ചയുടെ സ്ഥാപനത്തിലൂടെ പുരോഗമിച്ച്, ആദ്യരാജാവായ സാവൂളിന്റേയും ഇസ്രായേലിന്റെ ചരിത്രത്തിലെ ഏറ്റവും പ്രസിദ്ധനായ രാജാവ് ദാവീദിന്റേയും കഥ പറയുന്ന ഈ കൃതി, ദാവീദിന്റെ വയോവൃദ്ധാവസ്ഥയിൽ സമാപിക്കുന്നു. ശമുവേലിന്റെ പുസ്തകം എന്ന ഗ്രന്ഥനാമത്തിന്, ഇസ്രായേലിന്റെ അവസാനത്തെ ന്യായാധിപനും രാജവാഴ്ചയിലേക്കുള്ള ഗോത്രങ്ങളുടെ പരിവർത്തനത്തിൽ നിർണ്ണായക പങ്കുവഹിച്ചവനുമായ ശമുവേലിന്റെ പേരുമായാണ് ബണ്ഡം. ഈ കൃതിയിൽ ഏറെ പ്രാധാന്യത്തോടെ പ്രത്യക്ഷപ്പെടുന്ന ഒരു കഥാപാത്രമാണ് ശമുവേൽ.

ശമുവേൽ ഒന്നാം പുസ്തകം, രണ്ടാം പുസ്തകം എന്നിങ്ങനെ വിഭജിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഈ കൃതി യഥർത്ഥത്തിൽ ഒരു പുസ്തകം തന്നെയാണ്. രണ്ടു ഭാഗങ്ങളായുള്ള വിഭജനം ആദ്യം സ്വീകരിച്ചത് പുരാതന ഗ്രീക്ക് പരിഭാഷയായ സെപ്ത്വജിന്റിലാണ്. ക്രി.വ. നാലാം നൂറ്റാണ്ടിൽ ക്രിസ്തീയ ബൈബിൾ സമുച്ചയത്തിന്റെ ലത്തീൻ പരിഭാഷയായ വുൾഗാത്ത സൃഷ്ടിച്ച ജെറോം സെപ്ത്വജിന്റിലെ വിഭജന രീതി സ്വീകരിച്ചതോടെ അതിനു പ്രചാരം കിട്ടി. ഗ്രീക്ക്, ലത്തീൻ പരിഭാഷകളിൽ ശമുവേലിന്റെ പുസ്തകങ്ങൾ പ്രത്യക്ഷപ്പെടുന്നത് അവയെ തുടർന്നു വരുന്ന രാജാക്കന്മാരുടെ പുസ്തകങ്ങൾ കൂടി ചേർന്ന് നാലു പുസ്തകങ്ങൾ ഉൾപ്പെട്ട ഒരു പരമ്പരയുടെ ഭാഗമായാണ്. ഈ പരമ്പരയിൽ ശമുവേലിന്റെ പുസ്തകം രാജാക്കന്മാരുടെ ഒന്നും രണ്ടു പുസ്തകങ്ങളും, ഒന്നായിരുന്ന രാജാക്കന്മാരുടെ പുസ്തകം, രാജാക്കന്മാർ മൂന്നും നാലും പുസ്തകങ്ങളും ആയിത്തീർന്നു. പതിനാറാം നൂറ്റാണ്ടിൽ വെനീസിൽ മുദ്രണം ചെയ്യപ്പെട്ട ദാനിയേൽ ബോംബെർഗിന്റെ യഹൂദ ബൈബിൾ പോലും ഈ ക്രമീകരണം സീകരിച്ചു.

സങ്കീർത്തനങ്ങൾ

എബ്രായ ബൈബിളിലേയും ക്രിസ്ത്യാനികളുടെ പഴയനിയമത്തിലേയും ഒരു ഗ്രന്ഥമാണ് സങ്കീർത്തനങ്ങൾ. യഹൂദധാർമ്മികതയുടെ സമൃദ്ധിയേയും വൈവിദ്ധ്യത്തേയും പ്രതിനിധാനം ചെയ്യുന്ന 150 വിശുദ്ധഗീതങ്ങളുടെ ശേഖരമാണിത്. സമാഹാരത്തിന്റെ 'തെഹില്ലിം' (תְהִלִּים) എന്ന എബ്രായ നാമത്തിന് സ്തുതികൾ, പുകഴ്ചകൾ എന്നൊക്കെയാണർത്ഥം. യഹൂദവിശുദ്ധഗ്രന്ഥങ്ങളുടെ പുരാതന ഗ്രീക്കു പരിഭാഷയായ സെപ്ത്വജിന്റിൽ ഇതിനു 'സാമോയി' (Psalmoi) എന്നാണു പേര്. തന്തികളുള്ള വീണ, തംബുരു മുതലായ സംഗീതോപകരണങ്ങളിൽ പാടുന്ന പാട്ട് എന്നായിരുന്നു ഈ പേരിന്റെ മൂലാർത്ഥം. സമാഹാരത്തിനു പൊതുവായുള്ള ഈ പേരിനു പുറമേ, പല സങ്കീർത്തനങ്ങളുടേയും ശീർഷകഭാഗത്ത് സംഗീതസംബന്ധിയായ സൂചനകളും നിർദ്ദേശങ്ങളും, ആദിമ വിശ്വാസി സമൂഹങ്ങൾക്കു പരിചിതമായിരുന്നിരിക്കാവുന്ന രാഗങ്ങളും ചേർത്തിരിക്കുന്നതു കാണാം .

ഈ ഗാനങ്ങളിൽ പലതും കൃതജ്ഞതാസ്തോത്രങ്ങൾ(30-ആം സങ്കീർത്തനം), സ്തുതിഗീതങ്ങൾ(117-ആം സങ്കീർത്തനം), കിരീടധാരണം, വിവാഹം തുടങ്ങിയവയുമായി ബന്ധപ്പെട്ട രാജഗീതങ്ങൾ എന്നീ വകുപ്പുകളിൽ പെടുന്നു. ചില സങ്കീർത്തനങ്ങൾ പ്രാർത്ഥനകളാണെന്ന സൂചന അവയുടെ പാഠത്തിൽ തന്നെയുണ്ട്: ഉദാഹരണമായി 72-ആം സങ്കീർത്തനം തീരുന്നത് "ജെസ്സേയുടെ പുത്രനായ ദാവീദിന്റെ പ്രാർത്ഥന ഇവിടെ സമാപിക്കുന്നു" എന്നാണ്. യഹൂദമതത്തിലേയും വിവിധ ക്രിസ്തീയ വിഭാഗങ്ങളുടേയും പ്രാർത്ഥനാശ്രൂഷകളിൽ ഇവ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. എന്നാൽ പ്രത്യേകം സൂചിപ്പിക്കപ്പെടുന്നില്ലെങ്കിലും, സങ്കീർത്തങ്ങളിലെ ഏറ്റവും വലിയ വിഭാഗം, ദൈവത്തോടുള്ള പരാതികളും യാചനകളും അടങ്ങിയ വിലാപഗീതങ്ങളാണ് (laments). പല സങ്കീർത്തനങ്ങളും യഹൂദനിയത്തെ പരാമർശിക്കുന്നതിനാൽ(ഉദാ: സങ്കീർത്തനങ്ങൾ 1, 119), ഈ സമാഹാരത്തിന് പ്രബോധനപരമായ ലക്ഷ്യവും ഉണ്ടായിരുന്നിരിക്കാം.

ഇവയുടെ രചനാകാലത്തെക്കുറിച്ചു തീർപ്പു പറയുക മിക്കവാറും ദുഷ്കരവും, പലപ്പോഴും അസാദ്ധ്യവും ആണ്. പല സങ്കീർത്തനങ്ങളും ഇസ്രായേലിന്റെ ആദിമയുഗത്തിൽ എഴുതപ്പെട്ടതായി തോന്നിക്കുമ്പോൾ, ചിലതൊക്കെ പിൽക്കാലത്ത്, ബാബിലോണിലെ പ്രാവാസത്തിനു ശേഷം എഴുതിയതാണ്. യഹൂദരുടെ ദൈവനിയമമായ പഞ്ചഗ്രന്ഥിയിലെ അഞ്ചു പുസ്തകങ്ങളുടെ മാതൃകയിൽ, ഇവയെ പഴയ കാലത്തു തന്നെ അഞ്ചു ഗണങ്ങളായി തിരിച്ചിട്ടുള്ളത് ബൈബിൾ പണ്ഡിതന്മാർ ശ്രദ്ധിച്ചിട്ടുണ്ട്. എന്നാൽ ഈ വേർതിരിവിന്റെ യുക്തി അവ്യക്തമായിരിക്കുന്നു. പല സങ്കീർത്തനങ്ങളുടേയും കർത്താവ് ദാവീദു രാജാവാണെന്ന അവകാശവാദം ഉണ്ടെങ്കിലും, ഈ ഗാനങ്ങളുടെ കർതൃത്വം അജ്ഞാതമായിരിക്കുന്നു.

സഭാപ്രസംഗകൻ

എബ്രായബൈബിളിലേയും ക്രിസ്ത്യാനികളുടെ പഴയനിയമത്തിലേയും ഒരു ഗ്രന്ഥമാണ് സഭാപ്രസംഗകൻ. എബ്രായ ബൈബിളിലെ ജ്ഞാനസാഹിത്യജനുസ്സിൽ പെട്ട ഗ്രന്ഥങ്ങളിൽ ഒന്നാണിത്. എബ്രായഭാഷയിൽ ഇതിന് 'കൊഹെലെത്ത്' എന്നാണു പേര്. 'സഭാപ്രസംഗകൻ' എന്ന പേര്, പുരാതന ഗ്രീക്കു പരിഭാഷയായ സെപ്ത്വജിന്റിൽ ഇതിനുള്ള 'എക്ക്ലീസിയാസ്റ്റീസ്' (èkklesiastés) എന്ന പേരിനെ ആശ്രയിച്ച് സ്വീകരിച്ചതാണ്.

സെഫാനിയായുടെ പുസ്തകം

എബ്രായ ബൈബിളിലും ക്രിസ്ത്യാനികളുടെ പഴയനിയമത്തിലും കാണപ്പെടുന്ന ഒരു ഗ്രന്ഥമാണ് സെഫാനിയായുടെ പുസ്തകം. ദൈർഘ്യം കുറഞ്ഞ 12 പ്രവചനഗ്രന്ഥങ്ങൾ ചേർന്ന "ചെറിയ പ്രവാചകന്മാർ" എന്ന വിഭാഗത്തിൽ എട്ടാമതായി, ഹബക്കുക്കിന്റേയും ഹഗ്ഗായിയുടേയും ഗ്രന്ഥങ്ങൾക്കിടയിലാണ് മിക്കവാറും ബൈബിൾ സംഹിതകളിൽ ഇതിന്റെ സ്ഥാനം. പ്രവാചകഗ്രന്ഥങ്ങളിലെ സാധാരണവിഷയങ്ങൾ തന്നെയാണ് ഇതിലും കൈകാര്യം ചെയ്യപ്പെടുന്നത്. അധർമ്മത്തിന്റേയും അന്യദൈവാരാധനയുടേയും പേരിൽ ഇസ്രായേൽ ജനത്തിനുള്ള വിമർശനവും വിനാശപ്രവചനവും ഇതിന്റെ ഭാഗമാണ്. അതിനൊപ്പം, ഇസ്രായേലിനെ ഔദ്ധത്യത്തോടെ പീഡിപ്പിച്ചതിന് ഇതരജനതകളുടെ നാശവും പ്രവചിക്കപ്പെടുന്നു. യെരുശലേമിന്റെ വിനാശത്തിന്റെ ദീർഘദർശനവും ഇതിൽ കാണാമെങ്കിലും വിനീതരും ധർമ്മിഷ്ടരുമായ ഒരു ജനത്തിന്റെ നിവാസസ്ഥാനമായുള്ള അതിന്റെ പുനരുദ്ധാരണത്തിന്റെ സദ്വാർത്ത പ്രവചിച്ചാണ് ഗ്രന്ഥം സമാപിക്കുന്നത്. യൂദയായിലെ യോശിയാ രാജാവിന്റെ കീഴിൽ ക്രി.മു.621-ൽ ആരംഭിച്ച മതനവീകരണത്തിനു തൊട്ടു മുൻപുള്ള ദശകമായിരിക്കാം ഈ പ്രവചനഗ്രന്ഥത്തിന്റെ പശ്ചാത്തലം.

ഹബക്കുക്കിന്റെ പുസ്തകം

എബ്രായ ബൈബിളിന്റേയും ക്രിസ്ത്യാനികളുടെ പഴയനിയമത്തിന്റേയും ഭാഗമായ ഒരു ഗ്രന്ഥമാണ് ഹബക്കുക്കിന്റെ പുസ്തകം. ദൈർഘ്യം കുറഞ്ഞ 12 പ്രവാചകഗ്രന്ഥങ്ങൾ ചേർന്ന "ചെറിയ പ്രവാചകന്മാർ" എന്ന വിഭാഗത്തിൽ എട്ടാമത്തേതായാണ് ഇതു മിക്കവാറും ബൈബിൾ സംഹിതകളിൽ കാണാറ്. യെരുശലേമിലെ യഹൂദരുടെ ഒന്നാം ദേവാലയത്തിന്റെ നശീകരണത്തിനു ഏതാനും വർഷം മുൻപ് ക്രി.മു. 610-600 കാലത്തെ രചനയായി ഇതു കരുതപ്പെടുന്നു."നീതിമാൻ വിശ്വാസം കൊണ്ടു ജീവിക്കും" എന്ന ഈ കൃതിയിലെ കേന്ദ്രസന്ദേശം പിൽക്കാലത്തു ക്രിസ്തീയചിന്തയെ ഗണ്യമായി സ്വാധീനിച്ചു. ആ പ്രഖ്യാപനം, പുതിയനിയമത്തിലെ റോമാക്കാർക്കെഴുതിയ ലേഖനം (1:17) ഗലാത്തിയർക്കുള്ള ലേഖനം( 3:11), എബ്രായർക്കുള്ള ലേഖനം (10:38) എന്നിവയിൽ വിശ്വാസത്തിന്റെ പ്രാരംഭസങ്കല്പമായി അവതരിപ്പിക്കപ്പെടുന്നു.

പഴയ നിയമ ഗ്രന്ഥങ്ങൾ
(കൂടുതൽ വിവരങ്ങൾക്ക് ബൈബിൾ കാണുക)
യഹൂദ ബൈബിൾ അഥവാ തനക്ക്
സാധാരണയായി യഹൂദമതത്തിലും
ക്രിസ്തുമതത്തിലും ഉപയോഗിക്കുന്നു
റോമൻ കത്തോലിക്ക സഭയും ഓർത്തഡോക്സ് സഭകളും മാത്രം അംഗീകരിക്കുന്നവ:
ഗ്രീക്ക് & സ്ലാവോണിക് ഓർത്തഡോക്സ് സഭകൾ മാത്രം അംഗീകരിക്കുന്നവ:
 • 1 എസ്ദ്രാസ്
 • 3 മക്കബായർ
 • മനെശ്ശെയുടെ പ്രാർത്ഥന
 • സങ്കീർത്തനം 151
ജോർജ്ജിയൻ ഓർത്തഡോക്സ് സഭാ മാത്രം അംഗീകരിക്കുന്നവ:
എത്യോപ്യൻ ഓർത്തഡോക്സ് സഭ മാത്രം അംഗീകരിക്കുന്നവ:
സുറിയാനി പെശീത്താ ബൈബിളിൽ ചേര്ത്തിരിക്കുന്നവ:
 • സങ്കീർത്തനം 152–155
 • 2 ബാറുക്ക് (Apocalypse of Baruch)
 • ബാറുക്കിന്റെ കത്ത് (ചിലപ്പോൾ 2 ബാറുക്കിന്റെ ഭാഗം)

ഇതരഭാഷകളിൽ

This page is based on a Wikipedia article written by authors (here).
Text is available under the CC BY-SA 3.0 license; additional terms may apply.
Images, videos and audio are available under their respective licenses.