ഈജിയൻ കടൽ

മദ്ധ്യധരണ്യാഴിയുടെ ഗ്രീസിനും തുർക്കിക്കും മധ്യേയുള്ള ഭാഗമാണ് ഈജിയൻ കടൽ. ബാൾക്കൻ മുനമ്പിനും അനത്തോളിയ മുനമ്പിനും ഇടയിലാണിത് സ്ഥിതി ചെയ്യുന്നത്. വടക്ക് ദിക്കിൽ മർമറ കടലിനോടും ബോസ്ഫോറസ് കടലിടുക്ക് വഴി കരിങ്കടലിനോടും ബന്ധപ്പെട്ടിരിക്കുന്നു.

Aegean Sea map
ഈജിയൻ കടൽ
Location Aegean Sea
ലോകഭൂപടത്തിൽ ഈജിയൻ കടലിന്റെ സ്ഥാനം
Aegean Sea map bathymetry-fr
Topographical and bathymetric map

പേരിന് പിന്നിൽ

പഴയകാലത്ത് ആർക്കിപെലാഗോ (ഗ്രീക്ക് ഭാഷയിൽ കടലുകളുടെ നേതാവ് എന്നർത്ഥം) എന്നറിയപ്പെട്ടിരുന്നു. ഈ വാക്ക് ഇംഗ്ലീഷ് ഭാഷയിൽ ദ്വീപസമൂഹം എന്ന അർത്ഥത്തിൽ പ്രയോഗിക്കപ്പെട്ടു പോരുന്നു. ഈജിയൻ എന്ന പേരിന് പണ്ട് മുതൽക്കു തന്നെ പല വിശദീകരണങ്ങളുമുണ്ട്. ഏയ്ഗേയ് എന്ന ഗ്രീക്ക് പട്ടണത്തിന്റെ പേരിൽ നിന്ന് രൂപം കൊണ്ടതാണെന്ന് ഒരു വിശ്വാസമുണ്ട്. ഈ കടലിൽ മുങ്ങിമരിച്ച ഈജിയ എന്നു പേരായ ആമസോണിയൻ രാജ്ഞി, മകൻ മരിച്ചുവെന്നു കരുതി ഈ കടലിൽ ചാടി ആത്മഹത്യചെയ്ത, തിസ്യൂസിന്റെ പിതാവായ ഈജിയസ്[1] എന്നിവരുടെ പേരുകളുമായി ചേർത്തും ഈജിയൻ അറിയപ്പെടുന്നു. ബൾഗേറിയൻ, സെർബിയൻ മാസിഡോണിയൻ ഭാഷകളിൽ വെളുത്ത കടൽ എന്നർത്ഥമുള്ള പേരിലാണ് ഈജിയൻ കടൽ അറിയപ്പെടുന്നത്.

ഭൂമിശാസ്ത്രം

ഏകദേശം 214,000 ചതുരശ്ര കിലോമീറ്ററാണ് ഈജിയൻ കടലിന്റെ വിസ്തീർണ്ണം. രേഖാംശത്തിന് സമാന്തരമായി 610 കിലോമീറ്ററും അക്ഷാംശത്തിന് സമാന്തരമായി 300 കിലോമീറ്ററുമാണ് ഇതിന്റെ അളവുകൾ. ക്രീറ്റ് ദ്വീപിനു കിഴക്കുഭാഗത്തായി 3,513 മീറ്റർ താഴ്ചയിലാണ് ഏറ്റവും ആഴമുള്ള ഭാഗം. അടിത്തട്ടിന്റെ ഘടനക്ക് അഗ്നിപർവതപ്രക്രിയകൾ മൂലം മാറ്റങ്ങൾ സംഭവിക്കാറുണ്ട്. പാറകൾ കൂടുതലും ചുണ്ണാമ്പ് കല്ലുകൾ ആണ്. തെക്കൻ ഈജിയനിലെ ഥീരാ, മിലോസ് ദ്വീപുകൾക്ക് സമീപം അടിത്തട്ടിൽ കടും നിറങ്ങളിലുള്ള അവസാദങ്ങൾ കാണപ്പെടുന്നു.

ഈജിയൻ കടലിലെ ദ്വീപുകൾ മിക്കവയും ഗ്രീസിന്റെ അധീനതയിലാണ്. ഇവയെ ഏഴ് കൂട്ടങ്ങളായി തിരിച്ചിരിക്കുന്നു.

 1. വടക്കുകിഴക്കൻ ഈജിയൻ ദ്വീപുകൾ
 2. യൂബോ
 3. വടക്കൻ സ്പൊറാഡിസ്
 4. സൈക്ലാഡിസ്
 5. സാരോണിക്
 6. ഡോഡികെനീസ്
 7. ക്രീറ്റ്

വൻകരയിലെ പർവ്വതനിരകളുടെ കടലിലേയ്ക്കുള്ള തുടർച്ചയാണ് ഇതിൽ പല ദ്വീപുകളും.

ചരിത്രം

Aegean Sea by Piri Reis
ഓട്ടോമൻ അഡ്മിറൽ പിരി റെയിസ് തയ്യാറാക്കിയ ഈജിയൻ കടലിന്റെ ഭൂപടം (15-ആം നൂറ്റാണ്ട്)

ഈജിയൻ കടലിന്റെ തീരപ്രദേശം ഇന്നത്തെ രീതിയിൽ രൂപപ്പെട്ടത് 4000 ബി.സി.യിലാണ്. ഹിമയുഗത്തിൽ(16000 ബി.സി.യിൽ) ഇവിടെ ജലനിരപ്പ് 130 മീ. താഴെയായിരുന്നു. ആവാസം തുടങ്ങിയ കാലത്തും ഇന്നത്തെ പല ദ്വീപുകളും കരയോട് ബന്ധപ്പെട്ട് കിടന്നിരുന്നതായി കരുതപ്പെടുന്നു[2].

ഈ പ്രദേശത്ത് രൂപം കൊണ്ട രണ്ട് ആദിമസംസ്കാരങ്ങളാണ് ക്രീറ്റിലെ മിനോവൻ സംസ്കാരവും പെലോപ്പൊന്നീസിലെ മൈസീനിയൻ സംസ്കാരവും[3]. ഈജിയൻ സംസ്കാരം എന്നറിയപ്പെടുന്നത് വെങ്കലയുഗത്തിലെ ഗ്രീക്ക് സംസ്കാരത്തോടനുബന്ധിച്ച് രൂപം കൊണ്ടതാണ്. "കുളത്തിനു ചുറ്റും തവളകൾ എന്ന് പോലെയാണ് ഈജിയൻ കടലിനു ചുറ്റും ഗ്രീക്കുകാർ" എന്ന് പ്ലേറ്റോ പ്രസ്താവിച്ചിട്ടുണ്ട്[4]. ആദ്യകാല ജനാധിപത്യവ്യവസ്ഥകൾ പലതും ഈജിയൻ മേഖലയിൽ രൂപം കൊണ്ടവയാണ്. ഇതിലെ ജലഗതാഗത മാർഗ്ഗങ്ങൾ കിഴക്കൻ മദ്ധ്യധരണ്യാഴിയിലെ വിവിധ സംസ്കാരങ്ങളെ ബന്ധിപ്പിച്ചു.

കടലിൽ താണുപോയി എന്നു കരുതപ്പെടുന്ന അറ്റ്ലാന്റിസ് എന്ന നിഗൂഢദ്വീപിനെ കുറിച്ചുള്ള സൂചനകൾ ഥീരാ ദ്വീപിന് പരിസരങ്ങളിൽ നിന്ന് ലഭിച്ചത് 1970-കളിൽ ലോകശ്രദ്ധയാകർഷിച്ചിരുന്നു[5].

തർക്കങ്ങൾ

ഈ മേഖലയിൽ ഗ്രീസ്, തുർക്കി എന്നീ രാജ്യങ്ങൾ തമ്മിൽ പല തർക്കങ്ങളും ഉണ്ടായിട്ടുണ്ട്. 1970 മുതൽ ഇവ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധങ്ങളേയും ബാധിച്ചു തുടങ്ങി. 1987-ലും 1996-ലും ഈ പ്രശ്നങ്ങൾ സൈനികനടപടിയിലേക്ക് നീങ്ങിയേക്കാവുന്ന അവസ്ഥ വരെയായി. പ്രധാനമായും സമുദ്രാതിർത്തി, വ്യോമാതിർത്തി, ഈ മേഖലയിലൂടെയുള്ള യുദ്ധവിമാനങ്ങളുടെ പറക്കൽ, പ്രത്യേക സാമ്പത്തിക മേഖല മുതലായ വിഷയങ്ങളിലാണ് തർക്കങ്ങൾ[6][7] .

അവലംബം

 1. "തിസ്യൂസ് അഡ്വെഞ്ചേഴ്സ്". ഗ്രീക്ക്മിഥോളജി.കോം. ശേഖരിച്ചത് 2013 നവംബർ 26.
 2. Tjeerd H. van Andel and Judith C. Shackleton (Winter, 1982). Late Paleolithic and Mesolithic Coastlines of Greece and the Aegean]. 9, . Journal of Field Archaeology. pp. 445–454. Check date values in: |date= (help)
 3. Tracey Cullen, Aegean Prehistory: A Review (American Journal of Archaeology. Supplement, 1); Oliver Dickinson, The Aegean Bronze Age (Cambridge World Archaeology).
 4. John F. Cherry, Despina Margomenou, and Lauren E. Talalay. The familiar phrase giving rise to the title Prehistorians Round the Pond: Reflections on Aegean Prehistory as a Discipline.CS1 maint: Multiple names: authors list (link)
 5. "ഥീരാ എക്സ്പെഡിഷൻ". www.uri.edu. ശേഖരിച്ചത് 2013 നവംബർ 29.
 6. "Aegean Sea Continental Shelf (Greece v. Turkey)". www.icj-cij.org. അന്താരാഷ്ട്ര നീതിന്യായ കോടതി. ശേഖരിച്ചത് 2013 നവംബർ 26.
 7. ഓർട്ടോലാന്റ്, ഡിഡിയർ. "The Greco-Turkish dispute over the Aegean Sea : a possible solution ?". ഡിപ്ലോവെബ്.കോം. ശേഖരിച്ചത് 2013 November 26.

പുറത്തേയ്ക്കുള്ള കണ്ണികൾ

 • "Cultural Portal of the Aegean Archipelago". Foundation of the Hellenic World. ശേഖരിച്ചത് 9 July 2012.
 • "ഈജിയൻ". www.ancient.eu.com (ഏൻഷ്യന്റ് ഹിസ്റ്ററി എൻസൈക്ലോപ്പീഡിയ). ശേഖരിച്ചത് 2013 November 28.
അറബിക്കടൽ

ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭാഗമാണ് അറബിക്കടൽ (Arabian Sea). അറേബ്യൻ ഭൂപ്രദേശങ്ങളെ സ്പർശിക്കുന്നതിനാലാണ് ഈ പേരുവന്നത്. 2400 കിലോ മീറ്ററോളം വീതിയുള്ള ഈ കടലിന്റെ കിഴക്കു ഭാഗത്ത് ഇന്ത്യയും, വടക്ക് പാകിസ്താനിലെ ബലൂചിസ്ഥാൻ, സിന്ധ് പ്രവിശ്യകളും, വടക്കു പടിഞ്ഞാറ് അറേബ്യൻ രാജ്യങ്ങളും, പടിഞ്ഞാറ് ആഫ്രിക്കൻ വൻ‌കരയിലെ സൊമാലിയയും നിലയുറപ്പിക്കുന്നു. വേദ കാലഘട്ടങ്ങളിൽ സിന്ധു സാഗരം എന്നാണറിയപ്പെട്ടിരുന്നത്. അറബിക്കടലിന്റെ പരമാവധി ആഴം 4652 മീറ്ററാണ്. ഇന്ത്യക്കും അറേബ്യൻ ഉപദ്വീപിനും ഇടയിൽ കിടക്കുന്ന, ഇന്ത്യൻ മഹാസമുദ്രത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗം. 3862000 ച.കി.മി വിസ്തീർണവും ശരാശരി 2734 മീറ്റർ ആഴവുമുണ്ട്. ഒമാൻ ഉൾക്കടൽ ഇതിനെ പേർഷ്യൻ ഉൾക്കടലുമായി ഹോർമുലസ് കടലിടുക്കു വഴി ബന്ധിപ്പിക്കുമ്പോൾ ഏഡൻ ഉൾക്കടൽ, ബാസൽ മൻഡേബ് വഴി ഇതിനെ ചെങ്കടലുമായി ബന്ധിപ്പിക്കുന്നു. നൂറ്റാണ്ടുകളോളം ഇന്ത്യക്കും യൂറോപ്പിനും ഇടയിലെ പ്രധാനകച്ചവടമാർഗ്ഗത്തിന്റെ ഭാഗമായിരുന്നു ഈ കടൽ.

സിന്ധു നദിയാണ് അറബിക്കടലിലേക്ക് നേരിട്ടൊഴുകിയെത്തുന്ന പ്രധാന നദി. നർമദ, തപ്തി, മാഹി എന്നിവയും കേരളത്തിലെ ഒട്ടനവധി നദികളും ഒഴുകിയെത്തുന്നത് ഇവിടേക്കാണ്. ഇന്ത്യ, ഇറാൻ, ഒമാൻ, പാകിസ്താൻ, യെമൻ, സൊമാലിയ മാലദ്വീപുകൾ എന്നീ രാജ്യങ്ങൾ അറബിക്കടലിന്റെ തീരഭൂമി പങ്കിടുന്നു. മുംബൈ, സൂററ്റ്, മംഗലാപുരം,കോഴിക്കോട്, കൊച്ചി(ഇന്ത്യ), കറാച്ചി, ഗ്വദാർ(പാകിസ്താൻ), ഏദൻ(യെമൻ) എന്നിവയാണ് അറബിക്കടൽ തീരങ്ങളിലെ പ്രധാന നഗരങ്ങൾ. മാലദ്വീപ്, ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപ് എന്നിവ പൂർണ്ണമായും അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന ദ്വീപുകളുടെ സഞ്ചയമാണ്. കൊച്ചി, മുംബൈ, കറാച്ചി, ഏഡൻ എന്നിവയാണ് അറബിക്കടലിലെ മുഖ്യ തുറമുഖങ്ങൾ.

ആർട്ടിക് സമുദ്രം

ഭൂമിയിലെ അഞ്ച് പ്രധാന സമുദ്രങ്ങളിൽ ഏറ്റവും ചെറുതും ആഴം കുറഞ്ഞതുമായ സമുദ്രമാണ് ഉത്തര മഹാ സമുദ്രം(artic ocean). ഉത്തരാർദ്ധഗോളാത്തിൽ പ്രധാനമായും ഉത്തരധ്രുവ പ്രദേശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇന്റർനാഷണൽ ഹൈഡ്രോഗ്രാഫിക് ഓർഗനൈസേഷൻ (IHO) ഇതിനെ ഒരു സമുദ്രമായി അംഗീകരിച്ചിട്ടുണ്ട്. എന്നാൽ ചില ഓഷ്യാനോഗ്രാഫർമാർ ഇവയെ അറ്റ്ലാന്റിക് സമുദ്രത്തിലെ ഒരു മെഡിറ്ററേനിയൻ കടലായി മാത്രമേ കണക്കാക്കുന്നുള്ളൂ. ആർട്ടിക് മെഡിറ്ററേനിയൻ കടലെന്നോ ആർട്ടിക് കടലെന്നോ ആണ് അവർ ഇതിനെ വിളിക്കാറ്. ലോക സമുദ്രത്തിന്റെ ഏറ്റവും ഉത്തര ഭാഗമായും ഇതിനെ കണക്കാക്കാം.

ഇസ്മിർ, തുർക്കി

ഇസ്മിർ (തുർക്കിഷ് ഉച്ചാരണം: [ˈizmiɾ]) തുർക്കിയിലെ പടിഞ്ഞാറൻ അനറ്റോളിയ മേഖലയിലുള്ള ഒരു മെട്രോപോളിറ്റൻ പട്ടണമാണ്. ഈ പട്ടണം ഇസ്താംബൂളും അങ്കാറയും കഴിഞ്ഞാൽ തുർക്കിയിലെ മൂന്നാമത്തെ ജനസാന്ദ്രതയുള്ള പട്ടണമാണ്. ഏതൻസ്, ഗ്രീസ് എന്നിവ കഴ്ഞ്ഞാൽ ഈജിയൻ കടൽ മേഖലയിലെ രണ്ടാമത്തെ ജനസാന്ദ്രതയുള്ള പട്ടണവും കൂടിയാണ്. 2014 ലെ കണക്കുകളനുസരിച്ച് ഇസ്മിർ പട്ടണത്തിലെ ജനസംഖ്യ 2,847,691 ഉം ഇസ്മിൽ പ്രോവിൻസിലെ മുഴുവൻ ജനസംഖ്യ4,113,072. എന്നിങ്ങനെയാണ്. ഈ മെട്രോപോളിറ്റൻ മേഖല ഗൾഫ് ഓഫ് ഇസ്മിർ വരെയും വടക്കേ ദിക്കിലേയ്ക്ക് ജെഡിസ് റിവർ ഡെൽറ്റ വരെയും പരന്നു കിടക്കുന്നു. കിഴക്കുഭാഗത്ത് İ അല്ലൂവിയൽ സമതലത്തിനു സാമാന്തരമായും കിടക്കുന്നു.

ഏഡൻ ഉൾക്കടൽ

അറബിക്കടലിനും ചെങ്കടലിനും ഇടയിൽ സ്ഥിതിചെയ്യുന്ന ഒരു ചെറുകടലാണ് ഏഡൻ ഉൾക്കടൽ . യെമനിലെ ഏഡൻ പട്ടണത്തിൽ നിന്നുമാണ് ഈ പേര് വന്നത്. സൊക്കോട്ര ദ്വീപുമായും സോമാലിയയുമായും അതിരിടുന്നു.

കടൽ

സമുദ്രവുമായി ബന്ധപ്പെട്ട് കിടക്കുന്ന ലവണ ജലത്തിന്റെ പരപ്പിനേയാണ് കടൽ എന്നു പറയുന്നത്. ജലത്തിന് പുറത്തേക്ക് കടക്കാൻ വഴികളില്ലാത്തതും വലുതും മിക്കവാറും ലവണ ജലം നിറഞ്ഞതുമായ തടാകങ്ങളേയും കടൽ എന്ന് പറയുന്നു. കാസ്പിയൻ കടൽ, ചാവ് കടൽ തുടങ്ങിയവ ഉദാഹരണം. സമുദ്രം എന്ന വാക്കിന് പര്യായമായും കടൽ എന്ന പദം ഉപയോഗിക്കാറുണ്ട്. സമുദ്രത്തിൽ നിന്നുമുള്ള കാറ്റ് മൂലം പ്രവാഹങ്ങളുണ്ടാകുന്ന കടലുകളെ മാർജിനൽ കടലുകളെന്നും ലവണത്വത്തിന്റെയും താപനിലയുടേയും വ്യതിയാനം മൂലം പ്രവാഹങ്ങളുണ്ടാകുന്ന കടലുകളെ മെഡിറ്ററേനിയൻ കടലുകൾ എന്നും പറയുന്നു.

കടലിലുണ്ടാകാറുള്ള ഒരു പ്രതിഭാസമാണു് കീഴ്ത്തലം പൊങ്ങൽ (Upwelling). കടലിലെ താഴെ തട്ടിലുള്ള തണുത്ത വെള്ളം മുകളിലേക്കുയരുന്ന പ്രതിഭാസമാണിതു്. മത്സ്യങ്ങൾക്കു് വളരാൻ അനുകൂല അവസ്ഥ ഇതുമൂലമുണ്ടാകുന്നു

കരിങ്കടൽ

യൂറോപ്പിനും ഏഷ്യയ്ക്കും ഇടയിൽ സ്ഥിതിചെയ്യുന്ന കരിങ്കടൽ(Black Sea)‍ യുക്രൈൻ, റഷ്യ, ജോർജിയ, തുർക്കി, ബൾഗേറിയ, റൊമാനിയ എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നു. 465000 ച. കി. മീ. വിസ്ത്യതിയുള്ള ഇതിന്റെ പരമാവധി ആഴം2210 മീറ്റർ ആണ്. ഡാന്യൂബ്, നീസ്റ്റർ, ബ്യൂഗ്, നിപ്പർ, കുബാൻ, കിസിൽ, ഇർമാക്ക്,സകാര്യ എന്നിവയുൾപ്പെട്ട ധാരാളം നദികൾ കരിങ്കടലിൽ പതിക്കുന്നുണ്ട്. ഏഷ്യാമൈനറിന്റെ ഘടനാപരമായ ഉയർന്നുപൊങ്ങലുകൾ മൂലം കാസ്പിയൻ തടാകം, മെഡിറ്ററേനിയൻ കടലിൽ നിന്ന് വേർപെട്ടപ്പോൾ രൂപം കൊണ്ട കരിങ്കടൽ ക്രമേണ ഒറ്റപ്പെട്ടതായി മാറി. കടുത്ത മലിനീകരണം ബാധിച്ചുകൊണ്ടിരിക്കുന്ന ഈ കടൽ ലോകത്തിലെ തന്നെ പ്രധാന ടൂറിസ്റ്റുകേന്ദ്രമാണ്.

കരീബിയൻ കടൽ

പശ്ചിമാർദ്ധഗോളത്തിലെ ഒരു ഉഷ്ണമേഖലാ കടലാണ് കരീബിയൻ കടൽ. അറ്റ്ലാന്റിക് സമുദ്രത്തിന്റെ ഭാഗമാണിത്. മെക്സിക്കൻ ഉൾക്കടലിന്റെ തെക്ക് കിഴക്ക് ഭാഗത്താണ് ഈ കടൽ സ്ഥിതി ചെയ്യുന്നത്. തെക്ക് ഭാഗത്ത് തെക്കേ അമേരിക്കയും പടിഞ്ഞാറും തെക്കും ഭാഗങ്ങളിൽ മെക്സിക്കോയും മദ്ധ്യ അമേരിക്കയും വടക്കും കിഴക്കും ഭാഗങ്ങളിൽ ആന്റിൽസുമാണ് (ഗ്രേറ്റർ ആന്റിൽസ് ദ്വീപുകളായ ക്യൂബ, ഹിസ്പാനിയോള, ജമൈക്ക, പോർട്ടോ റിക്കോ എന്നിവ വടക്ക് ഭാഗത്തും ലെസ്സർ ആന്റിൽസ് ദ്വീപുകൾ കിഴക്ക് ഭാഗത്തും) ഇതിന്റെ അതിരുകൾ. കരീബിയൻ കടൽ മുഴുവനും പല തീരങ്ങളും വെസ്റ്റ് ഇൻഡീസിലെ പല ദ്വീപുകളും കരീബിയൻ എന്നാണ് അറിയപ്പെടുന്നത്.

ലോകത്തിലെ ഏറ്റവും വലിയ ലവണ ജല കടലുകളിലൊന്നാണ് കരീബിയൻ. 2,754,000 km² (1,063,000 ചതുരശ്ര മൈൽ) ആണ് ഇതിന്റെ വിസ്തീർണം. സമുദ്രനിരപ്പിൽനിന്ന് 7,686 മീറ്റർ (25,220 അടി) താഴ്ചയുള്ള കേമാൻ ട്രോഹ് ആണ് ഈ കടലിലെ ഏറ്റവും ആഴമേറിയ ഭാഗം.

ഗ്രീൻലാൻഡ് കടൽ

ആർട്ടിക് സമുദ്രത്തിലെ ഒരു കടലാണ് ഗ്രീൻലാൻഡ് കടൽ (Greenland Sea) sometimes as part of the Atlantic Ocean.പടിഞ്ഞാറ് ഗ്രീൻലാൻഡ് കിഴക്ക് സ്വാൽബാഡ് ദ്വീപസമൂഹം, ഫ്രാം കടലിടുക്ക് വടക്ക് ആർട്ടിക് സമുദ്രം തെക്ക് നോർവീജിയൻ കടൽ ഐസ്‌ലാന്റ് എന്നിവയ്ക്കിടയിൽ സ്ഥിതിചെയ്യുന്നു.

ചെങ്കടൽ

അറേബ്യൻ ഉപദ്വീപിനും വടക്കേ ആഫ്രിക്കയ്ക്കുമിടയിൽ ഉള്ളിലേക്ക് കയറിക്കിടക്കുന്ന ഇടുങ്ങിയ കടലാണ്‌ ചെങ്കടൽ. തെക്കുകിഴക്കായി, ഈജിപ്‌ത്തിലെ സൂയസ്സിൽ നിന്ന് ഉദ്ദേശം 1930 കി.മി, നീളത്തിൽ ബാബ്-എൽ മൻഡേബ് വരെയുള്ള ചെങ്കടലിനെ ഏഡൻ ഉൾക്കടൽ അറബിക്കടലുമായി ബന്ധിപ്പിക്കുന്നു.ഈജിപ്ത്, സുഡാൻ, എറിത്രിയ സമുദ്രതീരങ്ങളെ ഈ കടൽ സൗദി അറേബ്യയിൽ നിന്നും യെമനിൽ നിന്നും വേർതിരിക്കുന്നു. ലോകത്തിലെ ഏറ്റവുമധികം ചൂടുള്ളതും ഏറ്റവും കൂടുതൽ ഉപ്പുരസമുള്ളതുമായ കടലുകളിലൊന്നാണിത്. സൂയസ് കനാൽ വഴി മെഡിറ്ററേനിയൻ കടലുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ യൂറോപ്പിനും ഏഷ്യക്കുമിടയിലുള്ള യാത്രമാർഗ്ഗമെന്ന നിലയ്ക്ക് ലോകത്തിൽ ഏറ്റവും കൂടുതൽ തിരക്കുള്ള ജലപാതകളിലൊന്നണ്.

ജാവാ കടൽ

ജാവ കടൽ (ഇന്തോനേഷ്യൻ: ലൗട്ട് ജാവ) സുന്ദ ഷെൽഫിൽ വിപുലമായിക്കിടക്കുന്ന ഒരു ആഴംകുറഞ്ഞ കടലാണ്. വടക്കുഭാഗത്ത് ബോർണിയോ, തെക്കുഭാഗത്ത് ജാവ, പടിഞ്ഞാറ് സുമാത്രാ, കിഴക്ക് സുലവേസി എന്നീ ഇന്തോനേഷ്യൻ ദ്വീപുകൾക്കിടയിലായാണ് ഈ കടലിന്റെ സ്ഥാനം.

ഡേവിസ് കടലിടുക്ക്

ഡേവിഡ് കടലിടുക്ക് (ഫ്രഞ്ച്: Détroit de Davis), ലാബ്രഡോർ കടലിൻറെ വടക്കൻ ശാഖയാണ്. ഇത് മദ്ധ്യ-പടിഞ്ഞാറൻ ഗ്രീൻലാൻറിനും കാനഡയുടെ ബാഫിൻ ദ്വീപിലെ നൂനാവട്ടിനും ഇടയിലാണു സ്ഥിതിചെയ്യുന്നത്. നോർത്ത്‍വെസ്റ്റ് പാസേജിൻറെ അന്വേഷണത്തിലേർപ്പെട്ടിരുന്ന ഇംഗ്ലീഷ് പര്യവേക്ഷകനായിരുന്ന ജോൺ ഡേവിസിൻറെ (1550-1605) പേരിലാണ് ഈ കടലിടുക്ക് അറിയപ്പെടുന്നത്. 1650 കളിൽ കടലിടുക്ക് തിമിംഗിലവേട്ടക്കായി ഉപയോഗപ്പെടുത്തിയിരുന്നു.

തുർക്കിയിലെ ദ്വീപുകളുടെ പട്ടിക

ഇത് 'തുർക്കി ദ്വീപുകളുടെ പട്ടികയാണ്. തുർക്കിയുടെ കടലിൽ ഏകദേശം 500 ദ്വീപുകളും ദ്വീപസമൂഹങ്ങളും കാണപ്പെടുന്നു

പെലപ്പൊനേഷ്യൻ യുദ്ധം

പുരാതന ഗ്രീസിൽ, ആഥൻസിന്റെ സാമ്രാജ്യമായി പരിണമിച്ചിരുന്ന ഡീലിയൻ സഖ്യവും സ്പാർട്ടയുടെ നേതൃത്വത്തിലുള്ള പെലപ്പൊന്നേഷൻ സഖ്യവും തമ്മിൽ നടന്ന യുദ്ധമാണ് പെലോപൊനേഷ്യൻ യുദ്ധം (ബിസി 431-404). യവനലോകത്ത് അതു കൈവരിച്ചിരുന്ന രാഷ്ട്രീയമേധാവിത്വവും ഈജിയൻ കടൽ പ്രദേശത്തെ വാണിജ്യമേൽക്കോയ്മയും നിലനിർത്താനുള്ള ഏഥൻസിന്റെ നിശ്ചയവും അതിനോട് മറ്റു നഗരരാഷ്ട്രങ്ങൾ പ്രകടിപ്പിച്ച എതിർപ്പുമാണ് ഈ യുദ്ധത്തിനു കാരണമായത്. ഗ്രീക്കു ലോകത്തെ സമൂലം ഉടച്ചുവാർത്ത ഈ പോരാട്ടം പെരിക്ലീസിന്റെ ഭരണകാലത്തെ കേന്ദ്രമാക്കിയുള്ള ഗ്രീസിന്റെ വിഖ്യാതമായ സുവർണ്ണയുഗത്തിന്റെ അന്ത്യം സൂചിപ്പിച്ചു. "ഗ്രീസിന്റെ ആത്മഹത്യ" (the suicide of Greece) എന്നു പോലും ഈ യുദ്ധം വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.

പേർഷ്യൻ ഗൾഫ്

ഇറാന്റെയും അറേബ്യൻ മുനമ്പിന്റെയും ഇടയിലുള്ള കടലിടുക്കിനാണ് പേർഷ്യൻ ഗൾഫ് എന്നു പറയുന്നത്. ഗൾഫ് എന്നു പറഞ്ഞാൽ കടലിടുക്ക് എന്നാണു അർത്ഥം. ഇതിന്റെ തീരത്തുള്ള അറബ് നാടുകളുമായി പൗരാണിക കാലം മുതൽ തന്നെ ഇന്ത്യക്കാർക്ക് സുദൃഡഃമായ ബന്ധമാണുളത്. ഗണിത ശാസ്ത്രത്തിലെ പ്രാചീന ഭാരതീയ കണ്ടുപിടിത്തങ്ങൾ പുറം ലോകത്തെത്തിയത് അറബികളിലൂടെയാണ്.

ബംഗാൾ ഉൾക്കടൽ

ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ കിഴക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന ഉൾക്കടലാണ് ബംഗാൾ ഉൾക്കടൽ. ഇന്ത്യ, ബംഗ്ലാദേശ്, മ്യാന്മാർ എന്നീ രാജ്യങ്ങളുമായി കടൽത്തീരം പങ്കുവയ്കുന്നു. ഇന്ത്യൻ നദികളിൽ ഗംഗ, കൃഷ്ണ, ഗോദാവരി, ബ്രഹ്മപുത്ര തുടങ്ങിയവയെല്ലാം ബംഗാൾ ഉൾക്കടലിൽ പതിക്കുന്നവയാണ്. വർഷംതോറും രൂപം കൊണ്ട് ഒറീസ്സാതീരത്തേക്കു വീശുന്ന ചക്രവാതങ്ങളും(സൈക്ലോൺസ്), വംശനാശ ഭീഷിണി നേരിടുന്ന ഒലിവ് റെഡ്‌ലി ആമകളും ബംഗാൾ ഉൾക്കടലിലേക്കു ശ്രദ്ധ ആകർഷിക്കുന്നു.

ബാൾട്ടിക് കടൽ

വടക്കൻ യൂറോപ്പിലെ ഒരു ഉൾക്കടലാണ് ബാൾട്ടിക് കടൽ. ഇത് സ്കാൻഡിനേകിയൻ ഉപദ്വീപ്, യൂറോപ്പിന്റെ ഉത്തരഭാഗം ഡാനിഷ് ദ്വീപുകൾ എന്നിവയാൽ വലയം ചെയ്യപ്പെട്ടിരിക്കുന്നു. ഏറിസൺ, ഗ്രേറ്റ് ബെൽറ്റ്, ലിറ്റിൽ ബെൽറ്റ് എന്നിവ വഴി ഈ കടൽ കറ്റെഗാട്ടിൽ ചെന്ന് ചേരുന്നു. കറ്റെഗാട്ട്, സ്കാഗെറാക്ക് വഴി നോർത്ത് കടലിലും തുടർന്ന് അറ്റ്ലാന്റിക് സമുദ്രത്തിലും ചെന്ന് ചേരുന്നു. വൈറ്റ് കടലുമായി വൈറ്റ് കടൽ കനാൽ, നോർത്ത് കടലുമായി കിയേൽ കനാൽ എന്നീ മനുഷ്യ നിർമിത കനാലുകൾ മുഖേന ബാൾട്ടിക്ക് കടൽ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. വടക്ക് ദിശയിൽ ബൊത്നിയ ഉൾക്കടലും വടക്ക് കിഴക്കൻ ദിശയിൽ ഫിൻലാന്റ് ഉൾക്കടലും കിഴക്ക് ദിശയിൽ റിഗ ഉൾക്കടലുമാണ് ഇതിന്റെ അതിരുകൾ.

മഞ്ഞക്കടൽ

വടക്കുകിഴക്കൻ ചൈനക്കും കൊറിയ മുനമ്പിനും ഇടയ്ക്കുള്ള പശ്ചിമ പസഫിക്ക് സമുദ്രത്തിലെ ഉൾക്കടലാണ് മഞ്ഞക്കടൽ (Yellow Sea ). മത്സ്യബന്ധനത്തിന് പേരുകേട്ട ഈ കടൽ തെക്കുഭാഗത്ത് ചൈനാകടലുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു. പടിഞ്ഞാറുനിന്ന് ഷാഡോൺ ഉപദ്വീപ് മഞ്ഞക്കടലിലേക്ക് തള്ളിനിൽക്കുന്നു. ഏകദേശം 466200 ച. കി. മി. വ്യാപ്തിയുണ്ട്. ഹ്വാങ്, ചാങ്, ലിയാവോ എന്നീ നദികളിൽ നിന്നൊഴുകിയെത്തുന്ന ചെളി നിറഞ്ഞവെള്ളം കൊണ്ടാണ് ഈ കടലിന്‌ മഞ്ഞക്കടലെന്ന പേരുണ്ടായത്. ചൈനയിലെ ഷാ‍ങ്ഹായി, ട്വാൻജിൻ, ദക്ഷിണകൊറിയയിലെ ഇൻ‌കോൺ, ഉത്തരകൊറിയയിലെ നാപോ എന്നിവ ഈ കടലിലെ പ്രധാന തുറമുഖങ്ങളാണ്.

ആംഗലേയത്തിൽ നിറങ്ങളുടെ പേരിലുള്ള നാലു സമുദ്രങ്ങളിൽ ഒന്നാണു മഞ്ഞക്കടൽ. ചുവപ്പുകടൽ,കറുപ്പുകടൽ,വെള്ളക്കടൽ എന്നിവയാണു മറ്റുള്ളവ.

മദ്ധ്യധരണ്യാഴി

യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ എന്നിവയാൽ ചുറ്റപ്പെട്ട ഉൾക്കടൽ ആണ് മധ്യധരണ്യാഴി അഥവാ മെഡിറ്ററേനിയൻ കടൽ(Mediterranean Sea ).

കിഴക്കേയറ്റം മുതൽ പടിഞ്ഞാറേയറ്റം വരെ 3700 കി. മി. നീളമുള്ള ഇതിന്റെ വിസ്ത്രുതി ഏകദേശം 2512000 ച. കി. മി. ആണ്. 5150 മീറ്റർ പരമാവധി ആഴമുള്ള ഇതിനെ പടിഞ്ഞാറുഭാഗത്ത് ജിബ്രാൾട്ടർ കടലിടുക്ക് അറ്റ്ലാന്റിക് മഹാസമുദ്രവുമായി ബന്ധിപ്പിക്കുന്നു. വടക്കുകുഴക്കുഭാഗത്ത് മാർമരകടൽ, ഡാർഡനല്ലസ്സ്, ബോസ്ഫറസ് കടലിടുക്കുകൾ കരിങ്കടലുമായും തെക്കുകിഴക്കുഭാഗത്ത് സൂയസ് കനാൽ ചെങ്കടലുമായും ഇതിനെ ബന്ധിപ്പിക്കുന്നു.

സിസിലിക്കും ആഫ്രിക്കയ്ക്കും ഇടയിലുള്ള ഒരു സമുദ്രാന്തർ തിട്ട ഈ കടലിനെ പൂർവ്വ പശ്ചിമഭാഗങ്ങളായി വിഭജിക്കുന്നു. ഇവ വീണ്ടും അഡ്രിയാറ്റിക്, ഏജിയൻ, ടിറേനിയൻ, അയോണിയൻ, ലിലൂറുയൻ എന്നീ കടലുകളായി വിഭജിക്കപ്പെട്ടിരിക്കുന്നു.

മജോർക്ക, കോഴ്സിക്ക, സാർഡീനിയ, സിസിലി, ക്രീറ്റ്, സൈപ്രസ്, റോഡ്‌സ് എന്നിവയാണ് ഇതിലുള്ള പ്രധാന ദ്വീപുകൾ.

റോൺപോ, നൈൽ എന്നീ പ്രശസ്ത നദികൾ മെഡിറ്ററേനിയൻ കടലിലാണ് പതിക്കുന്നത്.

‘ലൈറ്റ്‌ഹൌസ് ഓഫ് മെഡിറ്ററേനിയൻ’ എന്നറിയപ്പെടുന്നത് സ്‌ട്രോംബോലി അഗ്നിപർവ്വതമാണ്.

സരഗാസോ കടൽ

ഉത്തര അറ്റ്‌ലാന്റിക് സമുദ്രത്തിലെ ജലസമൂഹം. അണ്ഡാകൃതിയിലുള്ള കടലിൽ സർഗോസം ഗണത്തിൽപ്പെട്ട തവിട്ടുനിറത്തിലുള്ള കടൽസസ്യം (algae ) നിറഞ്ഞുപൊങ്ങിക്കിടക്കുന്നു. ഉത്തര അക്ഷാംശം 20 ഡിഗ്രിക്കും 35 ഡിഗ്രിക്കും ഇടയിലും പശ്ചിമ രേഖാശം 70 ഡിഗ്രിക്കും ഇടയിലായി സ്ഥിതിചെയ്യുന്ന ഇത് ബർമുഡാദ്വീപുകൾക്കു വലയം ചെയ്തു കിടക്കുന്നു. 1492-ൽ ഇത് മുറിച്ചുകടന്ന ക്രിസ്റ്റഫർ കൊളംബസ് ആണ് ഈ പ്രദേശത്തെക്കുറിച്ച് ആദ്യമായി പറയുന്നത്. കടൽ സസ്യത്തിന്റെ സാന്നിധ്യം കര അടുത്തുണ്ടെന്ന് സൂചിപ്പിക്കുകയും ഇത് യാത്ര തുടരാൻ കൊളബസിനെ പ്രേരിപ്പിക്കുകയും ചെയ്തു എന്ന് പറയപ്പെടുന്നു. ഈ പ്രത്യേക തരം കടൽ സസ്യങ്ങൾ ഉഷ്ണമേഖലാ കാലാവസ്ഥയിൽ സ്വതന്ത്രമായി പൊങ്ങിക്കിടക്കുന്നു. സർഗാസം നാറ്റൻസ് എന്ന ആൽഗെ ( കടൽ സസ്യം )‌ ആണ് ഈ കടലിൽ ഭൂരിഭാഗവും കണ്ടുവരുന്നത്. ലോകത്ത് കപ്പൽ പാത ഇല്ലാത്ത ഒരേയൊരു സമുദ്ര ഭാഗമാണിത്.

ആർട്ടിക് സമുദ്രം
അറ്റ്‌ലാന്റിക് മഹാസമുദ്രം
ഇന്ത്യൻ മഹാസമുദ്രം
ശാന്തസമുദ്രം
ദക്ഷിണ സമുദ്രം
കരയാൽ ചുറ്റപ്പെട്ട കടലുകൾ

ഇതരഭാഷകളിൽ

This page is based on a Wikipedia article written by authors (here).
Text is available under the CC BY-SA 3.0 license; additional terms may apply.
Images, videos and audio are available under their respective licenses.