ആരിയനിസം

യേശുവും ദൈവവുമായുള്ള പാരസ്പര്യത്തെ സംബന്ധിച്ച്, നാലാം നൂറ്റാണ്ടിൽ ആരിയൂസ് എന്ന പുരോഹിതൻ അവതരിപ്പിച്ച സിദ്ധാന്തവും അതു പിന്തുടരുന്ന വിശ്വാസധാരയുമാണ് ആരിയനിസം എന്നറിയപ്പെടുന്നത്. മനുഷ്യാവതാരം ചെയ്ത ദൈവവചനമായി വിശ്വസിക്കപ്പെടുന്ന യേശു, ദൈവികത്രിത്വത്തിലെ ആളുകളിലൊന്നും ദൈവപിതാവുമായി ഏകസത്ത പങ്കിടുന്നവനുമാണെന്ന വാദം തള്ളിയ ആരിയൂസ്, ദൈവവുമായി സമാനസത്ത പങ്കിടുന്നവനെങ്കിലും ദൈവത്തിനു കീഴുള്ളവനും ദൈവത്തിന്റെ ആദ്യസൃഷ്ടിയുമാണ് യേശുവെന്ന് വാദിച്ചു. യേശുവിനെ, സൃഷ്ടിക്കപ്പെടാത്തവനും അനാദിയുമായി കരുതുന്ന മുഖ്യധാരാക്രിസ്തീയതകൾ എല്ലാം തന്നെ ആരിയനിസത്തെ 'പാഷണ്ഡത' (വേദവ്യതിചലനം) ആയി കണക്കാക്കുന്നു. കത്തോലിക്കാ, ഓർത്തഡോക്സ്, പ്രൊട്ടസ്റ്റന്റ് ക്രിസ്തീയതകൾ ഈ സിദ്ധാന്തത്തെ തിരസ്കരിക്കുന്നു. എങ്കിലും മോർമോണുകൾ, യഹോവയുടെ സാക്ഷികൾ തുടങ്ങിയ മതപ്രസ്ഥാനങ്ങളുടെ വിശ്വാസസംഹിതകൾ ആരിയനിസത്തോട് ചേർന്നു നിൽക്കുന്നു.

Constantine burning Arian books
കോൺസ്റ്റന്റൈൻ ചക്രവർത്തി ആരിയൻ പുസ്തകങ്ങൾ കത്തിച്ചുകളയുന്നു.

തുടക്കം

ഈജിപ്തിലെ ബൗക്കാളിസ് പട്ടണത്തിൽ ജനിച്ച ആരിയൂസ് ലിബിയൻ പശ്ചാത്തലമുള്ളവനായിരുന്നു. അലക്സാണ്ട്രിയയിലെ മുതിർന്ന പുരോഹിതന്മാരിൽ ഒരാളായിരുന്ന അദ്ദേഹത്തിന്റെ തൂലികാചിത്രം ഫ്രെഞ്ച് കത്തോലിക്കാ ചരിത്രകാരനായ ലൂയി ഡ്യുക്കെസ്നെ ഈ വിധം അവതരിപ്പിക്കുന്നു:-

നീണ്ടു മെലിഞ്ഞ ശരീരമുള്ളവനും വിഷാദപ്രകൃതിയുമായ ആരിയൂസിന്റെ ദേഹം അദ്ദേഹം അനുഷ്ഠിച്ചിരുന്ന തപശ്ചര്യകളുടെ സൂചനകൾ സംവഹിച്ചു. താപസനായി അറിയപ്പെട്ടിരുന്ന അദ്ദേഹം കൈയ്യില്ലാത്ത ചെറിയ ഉള്ളുടുപ്പും മേൽവസ്ത്രവും ധരിച്ചിരുന്നു. അദ്ദേഹത്തിന്റെ സംസാരരീതി സൗമ്യവും, സംഭാഷണം ആത്മാർത്ഥത തോന്നിക്കുന്നതും ആയിരുന്നു. അലക്സാണ്ട്രിയായിൽ ഏറെയുണ്ടായിരുന്ന വൃതനിഷ്ഠരായ വിശുദ്ധകന്യകകൾ അദ്ദേഹത്തെ ഏറെ മതിച്ചിരുന്നു; പൗരോഹിത്യത്തിൽ ഉന്നതപദവികളിൽ പെട്ടവർക്കിടയിലും അദ്ദേഹത്തിന് ഏറെ അനുയായികൾ ഉണ്ടായിരുന്നു.[1]

റോമാ സാന്മ്രാജ്യത്തിൽ ക്രിസ്തുമതത്തിനു നിയമസാധുത കിട്ടി അധികം താമസിയാതെയാണ് ആരിയൂസ്, ക്രിസ്തീയതയുടെ ചരിത്രത്തിലെ എറ്റവും വലിയ വിശ്വാസവ്യതിയാനമായി കണക്കാക്കപ്പെടുന്ന[1][2] തന്റെ സിദ്ധാന്തം അവതരിപ്പിച്ചത്. അലക്സാണ്ട്രിയയിലെ മെത്രാൻ അലക്സാണ്ടറെ, ദേവാലയപ്രസംഗത്തിനിടെ ദൈവവും യേശുവുമായുള്ള സംബന്ധിച്ച തന്റെ ബോദ്ധ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ഖണ്ഡനവാദമുന്നയിച്ച് ആരിയൂസ്, തടസ്സപ്പെടുത്തിയതോടെയാണ് ദീർഘമായ ഈ തർക്കം ആരംഭിച്ചത്. തന്നെ അനുകൂലിച്ച മറ്റു പുരോഹിതന്മാരുടെ പിന്തുണയോടെ അലസ്കാണ്ടർ ആരിയൂസിനെ സഭാഭ്രഷ്ടനാക്കി.[3]

നിഖ്യാ

Arius
അരിയൂസ്

സഭാഭ്രഷ്ടനാക്കപ്പെട്ട ആരിയൂസ് തന്റെ നിലപാട് കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ തീരുമാനത്തിനു സമർപ്പിച്ചു. സൈനിക പശ്ചാത്തലമുള്ളവനും പ്രായോഗികബുദ്ധിയുമായ ചക്രവർത്തി, ദൈവികരഹസ്യങ്ങളുടെ പേരിലുള്ള ഈ തർക്കത്തെ ധാർമ്മികചൈതന്യത്തിനു ചേരാത്തതും ബാലിശവുമായി വിലയിരുത്തി. എങ്കിലും ആരിയൂസിന്റെ സിദ്ധാന്തം സൃഷ്ടിച്ച ചേരിതിരിവ്, സാമ്രാജ്യത്തിന്റെ ഐക്യത്തെ തന്നെ അപകടപ്പെടുത്തിയേക്കാം എന്നു കരുതിയ അദ്ദേഹം തർക്കം പരിഹരിക്കാൻ ഒരു സഭാസമ്മേളനം വിളിച്ചു കൂട്ടാൻ തീരുമാനിച്ചു.

തുടർന്ന് പൊതുവർഷം 325-ൽ ഏഷ്യാമൈനറിലെ നിഖ്യായിൽ, ചക്രവർത്തിയുടെ പ്രവിശ്യാഹർമ്മ്യത്തിൽ മുന്നൂറിലധികം സഭാനേതാക്കന്മാർ സമ്മേളിച്ചു. നിഖ്യാ സൂനഹദോസ്, ഒന്നാം സാർവലൗകിക സൂനഹദോസ് എന്നീ പേരുകളിൽ എന്നറിയപ്പെടുന്ന ഈ സമ്മേളനം ആരിയൂസിന്റെ നിലപാടിനെ ശപിച്ചുതള്ളി. യേശു ഇല്ലാതിരുന്ന ഒരു കാലം ഉണ്ടായിരുന്നെന്നും, അവൻ ഇല്ലായ്മയിൽ നിന്നു സൃഷ്ടിക്കപ്പെട്ടവനാണെന്നും ദൈവപിതാവുമായി ഏകസത്തയല്ലാതെ സമാനസത്ത മാത്രമാണെന്നും മറ്റുമുള്ള ആരിയൂസിന്റെ വാദങ്ങളെ സൂനദോസ് പ്രത്യേകം തള്ളിപ്പറഞ്ഞു. പിതാവിൽ നിന്നു ജനിച്ചവനെങ്കിലും പിതാവിന്റെ സൃഷ്ടിയല്ല ("begotten, not made") യേശു എന്നായിരുന്നു തീരുമാനം. സമ്പൂർണ്ണദൈവവും സമ്പൂർണ്ണമനുഷ്യനുമായ യേശുവിൽ ദൈവ-മനുഷ്യസ്വഭാവങ്ങൾ അവയുടെ പൂർണ്ണതയിൽ ഉണ്ട് എന്ന സൂനഹദോസിന്റെ വിധി, ഇക്കാലം വരെ ക്രിസ്തീയമുഖ്യധാരയുടെ വിശ്വാസമായിരിക്കുന്നു.[4]

അലക്സാണ്ട്രിയയിലെ അലക്സാണ്ടർ മെത്രാന്റെ സെക്രട്ടറിയായിരുന്ന അത്തനാസിയൂസ് എന്ന യുവാവ്, അക്കാലത്ത് ശെമ്മാശൻ (ഡീക്കൻ) മാത്രമായിരുന്നെങ്കിലും സൂനഹദോസിൽ പങ്കെടുക്കുകയും ആരിയൂസ് വിരുദ്ധപക്ഷത്തിന്റെ ശക്തനായ വക്താവെന്ന നിലയിൽ സുപ്രാധാനമായ ആ സഭാസമ്മേളനത്തിന്റെ തീരുമാനങ്ങളെ നിർണ്ണായകമായി സ്വാധീനിക്കുകയും ചെയ്തു. പ്രസിദ്ധ സഭാചരിത്രകാരൻ കേസറിയായിലെ യൂസീബിയൂസും ഈ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. തർക്കത്തിൽ പൊതുവേ നിഷ്പക്ഷ നിലപാട് സ്വീകരിക്കുകയും ഇരുപക്ഷവും തമ്മിൽ അനുരജ്ഞനത്തിനു വഴിയന്വേഷിക്കുകയുമാണ് യൂസീബിയൂസ് ചെയ്തത്.

പിൽക്കാലം

നിഖ്യാക്കു ശേഷം കോൺസ്റ്റന്റൈനും അദ്ദേഹത്തിന്റെ പിൻഗാമികളായ റോമൻ ചക്രവർത്തിമാരിൽ പലരും ആരിയനിസത്തോടു സഹമതി കാട്ടിയതിനാൽ സൂനഹദോസിലെ തിരസ്കാരത്തിനു ശേഷവും അത് അപ്രത്യക്ഷമായില്ല. നിഖ്യാ സൂനഹദോസിൽ ആരിയൂസ് വിരുദ്ധപക്ഷത്തിന്റെ മുഖ്യവക്താവായിരുന്ന അത്തനാസിയൂസ് ജീവിതകാലമത്രയും അതിനെതിരായ യാഥാസ്ഥിതികപക്ഷത്തിന്റെ സമരത്തിനു നേതൃത്വം കൊടുത്തു. തർക്കത്തിൽ ആരിയൂസ് വിരുദ്ധപക്ഷത്തെ വിജയിപ്പിച്ച് ത്രിത്വാധിഷ്ഠിത ക്രിസ്തുശാസ്ത്രത്തിനു സാർവലൗകികമായ അംഗീകാരം നേടുന്നതിൽ ഏറ്റവും പ്രധാനമായ പങ്ക് അത്തനാസിയൂസിന്റേതായിരുന്നു. അത്തനാസിയൂസിന്റെ നാടായ ഈജിപ്തും പാശ്ചാത്യദേശങ്ങളും ആരിയനിസത്തെ പൊതുവേ തിരസ്കരിച്ചപ്പോൾ പൗരസ്ത്യദേശങ്ങളിൽ അതിന് ഏറെ പിന്തുണകിട്ടി. എങ്കിലും പൊതുവർഷം 379-ൽ ചക്രവർത്തിയായ തിയൊഡോഷ്യസ് ആരിയനിസത്തിനെതിരെ നിലയുറപ്പിച്ചതോടെ അതു ക്ഷയിച്ചു. എന്നാൽ പിന്നീടു റോമിനെ ആക്രമിച്ച 'പ്രാകൃത' ഗോത്രങ്ങളായ ഗോത്തുകളും, വാൻഡലുകളും ആരിയൻ ക്രിസ്തീയതയിൽ പെട്ടവരായിരുന്നു. അങ്ങനെ പശ്ചിമയൂറോപ്പിൽ ആരിയനിസത്തിനു പുനർജ്ജന്മം ലഭിച്ചു.

അന്ത്യം

ഈ വിശ്വാസധാരക്കെതിരെയുള്ള യാഥാസ്ഥിതികതയുടെ അന്തിമമായ സമഗ്രവിജയത്തിനു വഴിയൊരുക്കിയത് ബൈസാന്തിയൻ ചക്രവർത്തി ജസ്റ്റിനിയന്റേയും, പശ്ചിമയൂറോപ്പിൽ പിൽക്കാലത്ത് ആധിപത്യം നേടിയ ഫ്രാങ്ക് ഗോത്രങ്ങളുടേയും യാഥാസ്ഥിതികത ആയിരുന്നു.[5] വിശ്വാസഭേദങ്ങൾ തമ്മിലുള്ള ഈ ദീർഘമത്സരത്തിൽ വിജയം ആരിയനിസത്തിനാണെന്നു പോലും ഒരു ഘട്ടത്തിൽ തോന്നിയിരുന്നു. എങ്കിലും ദൈവികരഹസ്യങ്ങളെ ചൊല്ലിയുള്ള സംവാദങ്ങളുടേയും അക്രമത്തിന്റേയും യുദ്ധങ്ങളുടേയും അന്ത്യത്തിൽ ആരിയൂസ്-വിരുദ്ധപക്ഷത്തിന്റെ ത്രിത്വാധിഷ്ഠിതസമവാക്യത്തിന് (trinitarian formula) ക്രൈസ്തവലോകം മുഴുവന്റേയും അംഗീകാരം കിട്ടി. അംഗീകൃതവിശ്വാസത്തിന്റെ സംഗ്രഹിച്ചുള്ള പ്രഖ്യാപനം അത്തനാസിയൂസിന്റെ വിശ്വാസപ്രമാണം എന്നറിയപ്പെടുന്നു.[6]

വിലയിരുത്തൽ

PalatiumTheodoricMosaicDetail
ആരിയൂസ് വിരുദ്ധപക്ഷത്തിന്റെ സമഗ്രവിജയത്തിനു ശേഷം ആരിയൻ വിശ്വാസധാരയുടെ സൂചനകൾ കഴിയുന്നിടത്തോളം തുടച്ചു മാറ്റപ്പെട്ടു. ഇറ്റലിയിൽ രവെണായിലെ ഭദ്രാസനപ്പള്ളിയിൽ ആരിയൂസ് പക്ഷക്കാരനായ തിയോഡോറിക് രാജാവിന്റെ ചിത്രം നീക്കപ്പെട്ടെങ്കിലും അതിന്റെ കൈകളിലൊന്ന് തൂണിൽ അവശേഷിക്കുന്നു

യേശു ദൈവപിതാവിന്റെ 'ഏകസത്ത' (homoousios) ആണന്ന യാഥാസ്ഥിതിക നിലപാടിന്റെയും 'സമാനസത്ത' (homoiousios) ആണെന്ന ആരിയൻ പക്ഷത്തിന്റേയും സൂചകശബ്ദങ്ങൾ തമ്മിലുണ്ടായിരുന്നത് ഒരു 'i' യുടെ വ്യത്യാസമായിരുന്നു. ഗ്രീക്ക് അക്ഷരമാലയിലെ ഒരു 'ഇരട്ടമാത്ര' (diphthong) ആണ് ക്രിസ്തുമതത്തിൽ ഛിദ്രമുണ്ടാക്കിയതെന്ന് ഡിക്ലൈൻ ആൻഡ് ഫാൾ ഓഫ് ദ റോമൻ എമ്പയർ എഴുതിയ എഡ്‌വേഡ് ഗിബ്ബൺ പരിഹസിച്ചിട്ടുണ്ട്[7] എങ്കിലും ഈ തർക്കത്തിലെ പക്ഷപാതികളുടെ പെരുമാറ്റം പരസ്പരമുള്ള തീവ്രവിദ്വേഷം പ്രകടമാക്കി. അഞ്ചാം നൂറ്റാണ്ടിലെ സഭാചരിത്രകാരൻ സോക്രട്ടീസ് സ്കൊളാസ്റ്റിക്കസ് അവതരിപ്പിക്കുന്ന ആരിയൂസിന്റെ മരണത്തിന്റെ കരുണാരഹിതമായ 'വിവരണം' തന്നെ, ഈ സംവാദം ഉയർത്തിയ വിദ്വേഷത്തിന്റെ തീവ്രത കാട്ടിത്തരുന്നു.

അയാളുടെ കടുത്ത കുറ്റങ്ങൾക്കുള്ള ദൈവപ്രതികാരം വന്നെത്തി. അംഗരക്ഷകന്മാരായി കൂടെച്ചെന്ന ഒരുപറ്റം യൂസേബിയൂസ് പക്ഷക്കാർക്കൊപ്പം കൊട്ടാരത്തിനു വെളിയിൽ വന്ന അയാൾ, എല്ലാവരുടേയും ശ്രദ്ധ പിടിച്ചുപറ്റിക്കൊണ്ട് നഗരമദ്ധ്യത്തിലൂടെ അഹങ്കാരപൂർവം മുന്നേറി. കോൺസ്റ്റൈന്റെ സഭാവേദി എന്നറിയപ്പെട്ടിരുന്ന സ്ഥലമായപ്പോൾ, മനഃസാക്ഷിയുടെ അനുതാപത്തിൽ നിന്നുളവായ ഭീതിയുടെ പിടിയിൽ അയാൾക്ക് വയറ്റയവുണ്ടായി. സൗകര്യമുള്ള സ്ഥലം തേടിയ അയാൾ സഭാവേദിക്കു പുറകിലേക്കോടി. വൈകാതെ തലചുറ്റൽ അനുഭവപ്പെട്ട അയാൾക്ക് വയറ്റിളക്കമുണ്ടായി. കണക്കില്ലാത്ത ചോരക്കൊപ്പം പിൻകുടലും കരളിന്റെയും പ്ലീഹയുടേയും ഭാഗങ്ങളും പുറത്തു ചാടി അയാൾ തൽക്ഷണം മരിച്ചു. ഈ അത്യാഹിതം നടന്ന സ്ഥാനം കോൺസ്റ്റാന്റിനോപ്പിളുകാർ, സ്തംഭനിരയുടെ അവശിഷ്ടങ്ങൾക്കു പിന്നിൽ ഇപ്പോഴും കാട്ടിത്തരും. വഴിനടക്കുന്നവരെല്ലാം അവിടേക്കു വിരൽചൂണ്ടുന്നതിനാൽ വിചിത്രമായ ഈ മരണത്തിന്റെ സ്മരണ ശാശ്വതമായിരിക്കുന്നു.[8]

യാഥാസ്ഥികപക്ഷത്തിന്റെ മുഖ്യപോരാളിയായിരുന്ന അത്തനാസിയൂസിനെപ്പോലുള്ളവർ, വിരോധികൾക്കെതിരെ പലപ്പോഴും ഉപയോഗിച്ചത് സംയമരഹിതമായ അധിക്ഷേപത്തിന്റെ ഭാഷ ആയിരുന്നു. ആരിയന്മാരെ അദ്ദേഹം പിശാചുക്കൾ, അന്തിക്രിസ്തുമാർ, കിറുക്കന്മാർ, ജൂതന്മാർ, ബഹുദേവാരാധകർ, നാസ്തികന്മാർ, നായ്ക്കൾ, ചെന്നായ്ക്കൾ, സിംഹങ്ങൾ, മുയലുകൾ, മരയോന്തുകൾ, ജലസർപ്പങ്ങൾ, മനഞ്ഞിലുകൾ, കണവാകൾ, കീടങ്ങൾ, വണ്ടുകൾ, തേരട്ടകൾ തുടങ്ങിയ പേരുകൾ വിളിച്ചിട്ടുള്ളതായി പറയപ്പെടുന്നു.[9]

പൗരോഹിത്യത്തിലേയും ദൈവവിജ്ഞാനീയത്തിലേയും ഉന്നതന്മാരെ മാത്രമല്ല സാധാരണജനങ്ങളേയും ഈ തർക്കത്തിന്റെ ഉദ്വേഗം ബാധിച്ചുവെന്ന് സഭാപിതാവായ നിസ്സായിലെ ഗ്രിഗറി സൂചിപ്പിക്കുന്നുണ്ട്. ആരിയൂസ് പക്ഷത്തു നിന്ന കോൺസ്റ്റാന്റിനോപ്പിൾ നഗരത്തിലെ അനുഭവമാണ് അദ്ദേഹം വിവരിക്കുന്നത്:-

(ചന്തയിൽ) ഒരാളോട് ചില്ലറ ചോദിച്ചാൽ അയാൾ ജനിപ്പിക്കപ്പെട്ടവനും അല്ലാത്തവനും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് വാചകമടിക്കാൻ തുടങ്ങും; അപ്പത്തിന്റെ വില ചോദിച്ചാൽ പിതാവ് പുത്രനേക്കാൾ വലിയവനാണെന്ന് സ്ഥാപിക്കാൻ ശ്രമിക്കും; സ്നാനഘട്ടത്തിലെ ക്രമീകരണങ്ങളെ പ്രശംസിച്ചാൽ അവിടത്തെ കാര്യസ്ഥൻ, പുത്രൻ ഇല്ലായ്മയിൽ നിന്ന് സൃഷ്ടിക്കപ്പെട്ടവനാണെന്ന് തുറന്നടിക്കും"[10][11]

അവലംബം

 1. 1.0 1.1 വിൽ ഡുറാന്റ്, "സീസറും ക്രിസ്തുവും", സംസ്കാരത്തിന്റെ കഥ, മൂന്നാം ഭാഗം (പുറങ്ങൾ 658-62)
 2. കേരളത്തിൽ സെക്കന്ററി ക്ലാസുകളിലെ വേദപഠനസഹായിയായി പാലാ രൂപതയുടെ പാഠപുസ്തകസമിതി അംഗീകരിച്ച് 1966-ൽ പ്രസിദ്ധീകരിച്ച 'തിരുസഭാചരിത്രസംഗ്രഹം' (പുറങ്ങൾ 17-18)
 3. ചാൾസ് ഫ്രീമാൻ, "ദ ക്ലോസിങ്ങ് ഓഫ് ദ വെസ്റ്റേൺ മൈൻഡ് (പുറങ്ങൾ 163-65)
 4. ജോൺ എ. ഹച്ചിസൻ, Paths of Faith (പുറങ്ങൾ 441-42)
 5. ബെർട്രാൻഡ് റസ്സൽ, പാശ്ചാത്യ തത്ത്വചിന്തയുടെ ചരിത്രം (പുറങ്ങൾ 333-34)
 6. എച്ച്.ജി. വെൽസ്, എ ഷോർട്ട് ഹിസ്റ്ററി ഓഫ് ദ വേൾഡ് (പുറം 150)
 7. ".....the furious contests which the difference of a single diphthong excited between the Homoousians and the Homoiousians"എഡ്‌വേഡ് ഗിബ്ബൺ, ഡിക്ലൈൻ ആൻഡ് ഫാൾ ഓഫ് ദ റോമൻ എമ്പയർ (അദ്ധ്യായം 21)
 8. Socrates and Sozomenus Ecclesiastical Histories, Chapter XXXVIII, Christian Classics Ethereal Library
 9. A Stanley, Lecture on the History of the Eastern Church (പുറം 246), എസ്. രാധാകൃഷ്ണൻ പൗരസ്ത്യമതങ്ങളും പാശ്ചാത്യചിന്തയും എന്ന കൃതിയിൽ (പുറം 325) ഇത് ഉദ്ധരിച്ചിട്ടുണ്ട്
 10. ചാൾസ് ഫ്രീമാന്റെ Closing of the Western Mind-ൽ ഉദ്ധരിച്ചിരിക്കുന്നത് - പുറം 195
 11. Vivian Green, എ ന്യൂ ഹിസ്റ്ററി ഓഫ് ക്രിസ്റ്റ്യാനിറ്റി (പുറം 32)
അത്തനാസിയൂസ്

ക്രി.വ. നാലാം നൂറ്റാണ്ടിൽ (ജീവിച്ചിരുന്ന ക്രൈസ്തവ സഭാ പിതാവായിരുന്നു അത്തനേഷ്യസ് അഥവാ അത്തനാസിയൂസ് 396-373). ഇംഗ്ലീഷ്:Athanasius. ഈജിപ്തിൽ അലക്സാണ്ഡ്രിയയിലെ മെത്രാനായിരുന്നു അദ്ദേഹം. ദൈവശാസ്ത്രകാരൻ, നാലാം നൂറ്റാണ്ടിലെ അറിയപ്പെടുന്ന ഈജിപ്ഷ്യൻ നേതാവ് എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനാണ്. യേശു ദൈവപുത്രന്റെ മനുഷ്യാവതാരമായിരുന്നു എന്ന വിശ്വാസത്തെ കേന്ദ്രീകരിച്ച്, യേശുവും പിതാവായ ദൈവവും തമ്മിലുള്ള ബന്ധത്തെപ്പറ്റി നടന്ന നീണ്ട തർക്കങ്ങളിലെ കേന്ദ്രനായകനായിരുന്നു അദ്ദേഹം. വിവാദനായകനും സ്വന്തം ജീവിതകാലത്തു ഒട്ടേറെ വിമർശനങ്ങൾക്കു പാത്രവുമായിരുന്നുവെങ്കിലും, പിൽക്കാലങ്ങളിൽ ക്രിസ്ത്വവതാരത്തെക്കുറിച്ചുള്ള അത്തനാസിയൂസിന്റെ നിലപാടുകൾക്ക് സഭയിൽ പൂർണ സ്വീകാര്യത കിട്ടിയതു മൂലം ഇന്ന് അദ്ദേഹത്തെ വിശ്വാസത്തിന്റെ വലിയ രക്ഷകനെന്ന് മുഖ്യധാരാ ക്രൈസ്തവ സഭകളെല്ലാം ഘോഷിക്കുന്നു.

അരിയൂസ്

അരിയൂസ് .Arius (Ἄρειος, AD 250 or 256 – 336) അലക്സാണ്ട്രിയയിലെ ക്രിസ്ത്യൻ പുരോഹിതനായിരുന്നു അരിയൂസ്. ദൈവം ഏകനാണെന്നും ദൈവത്തിന് പിതാവോ പുത്രനോ ഇല്ലെന്നുമായിരുന്നു അരിയൂസിന്റെ പ്രധാന വാദം. അരിയൂസിന്റെ ഉപദേശങ്ങൾ ആരിയനിസം എന്നറിയപ്പെടുന്നു. ക്രി വ 325-ൽ കൂടിയ നിഖ്യാ കൗൺസിൽ അരിയൂസിന്റെ വാദങ്ങൾ തള്ളുകയും ദൈവത്തിന് പുത്രനുണ്ടെന്നും ആ പുത്രൻ യേശുവാണെന്നുമുള്ള വിശ്വാസപ്രമാണം അംഗീകരിക്കുകയും ചെയ്തു.

കപ്പദോച്ചിയൻ പിതാക്കന്മാർ

ക്രൈസ്തവസഭയുടെ ഭാഗധേയങ്ങളേയും നിലപാടുകളേയും രൂപപ്പെടുത്തുന്നതിൽ വലിയ പങ്കു വഹിച്ച മൂന്ന് ആദ്യകാല സഭാപിതാക്കന്മാർ. സഹോദരങ്ങളായിരുന്ന കേസറിയായിലെ ബാസിലും നിസ്സായിലെ ഗ്രിഗറിയും പിന്നെ നസിയാൻസസിലെ ഗ്രിഗറിയും ചേർന്ന ഈ മൂവർ സംഘം നാലാം നൂറ്റാണ്ടിലാണ് ജീവിച്ചിരുന്നത്. അവരുടെ സംരംഭങ്ങൾക്കു താങ്ങായി ബാസിലിന്റേയും ഗ്രിഗറിയുടെയും മൂത്ത സഹോദരിയായ മക്രീനായും ഉണ്ടായിരുന്നു.

തിയൊഡോറിക്

പശ്ചിമ യൂറോപ്പിലെ ഓസ്ട്രോഗോത്തുകളുടെ രാജാവും (എ.ഡി. 471-526) ഇറ്റലിയിലെ ഭരണാധിപനു(എ.ഡി. 493-526)മായിരുന്നു തിയൊഡോറിക്. ഓസ്ട്രോഗോത്തു രാജ്ഞിയായിരുന്ന അമലസുന്ത ഇദ്ദേഹത്തിന്റെ പുത്രിയായിരുന്നു.

ത്രിത്വം

മുഖ്യധാരാ ക്രൈസ്തവസഭകളുടെ ദൈവസങ്കല്പത്തിന്റെ കേന്ദ്രസിദ്ധാന്തമാണ് ത്രിത്വം. ഏകനായ ദൈവത്തിൽ, വ്യതിരിക്തമായി, പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നിങ്ങനെ മൂന്ന് ആളുകൾ അടങ്ങിയിരിക്കുന്നു എന്ന വിശ്വാസമാണ് ഈ സിദ്ധാന്തത്തിന്റെ കാതൽ.

പാഷണ്ഡത

നിലവിൽ പ്രചാരത്തിലുള്ള മതവിശ്വാസത്തിൽ നിന്ന് വേറിട്ട വിശ്വാസപ്രമാണത്തെയോ ഊഹത്തെയോ ആണ് പാഷണ്ഡത (Heresy) അല്ലെങ്കിൽ വേദവ്യതിചലനം എന്ന് വിവക്ഷിക്കുന്നത്. ഇടത്തൂട്ട്, ശീശ്മ എന്നീ വാക്കുകളും ക്രിസ്തുമതപശ്ചാത്തലത്തിൽ ഇതേ അർത്ഥത്തിൽ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഇത്തരം വിശ്വാസം വച്ചുപുലർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവരെ പാഷണ്ഡികൾ എന്നാണ് ഭൂരിപക്ഷാഭിപ്രായക്കാർ വിളിക്കുന്നത്.

ഇതിൽ നിന്ന് വ്യത്യസ്തമായി ദേവനിന്ദ മതത്തോടുള്ള ബഹുമാനമില്ലായ്മയാണ്. അപോസ്റ്റസി, എന്നാൽ മതതത്വങ്ങളെ തള്ളിപ്പറയലാണ്.

ഫ്രാൻസിസ് സേവ്യർ

നവാരെ രാജ്യത്ത് (ഇപ്പോൾ സ്പെയിൻ-ഫ്രാൻസ്) ജനിച്ച ഒരു റോമൻ കത്തോലിക്ക മിഷനറിയും ഈശോസഭയുടെ സ്ഥാപകരിൽ ഒരാളും ആണ് ഫ്രാൻസിസ് സേവ്യർ (7 ഏപ്രിൽ 1506 – 3 ഡിസം.1552) . അദ്ദേഹം വിശുദ്ധ ഇഗ്നേഷ്യസ് ലെയോളയുടെ അനുയായിയും 1534-ൽ മോണ്ട്മാർട്രെയിൽ വച്ച് സമർപ്പിതരായ ഈശോസഭയിലെ ഏഴു പ്രാരംഭകരിൽ ഒരാളും ആയിരുന്നു ഏഷ്യയിൽ, മുഖ്യമായും പോർച്ചുഗീസ് ആധിപത്യത്തിൻ കീഴിലിരുന്ന പ്രദേശങ്ങളിൽ, നിർവഹിച്ച പ്രേഷിതവേലയുടെ പേരിലാണ് ഫ്രാൻസിസ് സേവ്യർ മുഖ്യമായും അറിയപ്പെടുന്നത്. ഇന്ത്യയിൽ കത്തോലിക്കാ വിശ്വാസത്തിന്റെ പ്രചാരണത്തിൽ അദ്ദേഹത്തിന്റെ പങ്കു പ്രധാനമായി. ഇന്ത്യക്ക് പുറമേ ജപ്പാൻ, മൊളൊക്കസ്, ബോർണിയോ എന്നിങ്ങനെ, ക്രിസ്ത്യൻ മിഷനറികൾ അധികം കടന്നു ചെന്നിട്ടില്ലാത്ത മറ്റു നാടുകളിലും അദ്ദേഹം വേദപ്രചാരകനായി എത്തി.

ഭാഷാപരവും മറ്റുമായ പരിമിതികൾ മൂലം ഇന്ത്യയൊഴിച്ചുള്ള നാടുകളിൽ ആദ്യത്തെ ക്രിസ്തീയ വേദപ്രചാരകനായെത്തിയ അദ്ദേഹത്തിന് പരിമിതമായ വിജയം മാത്രമേ നേടാനായുള്ളു. എങ്കിലും പൊതുവേ പറഞ്ഞാൽ, കേവലം പത്തു വർഷം മാത്രം ദീർഘിച്ച ആ പ്രേഷിത സംരംഭത്തിന്റെ സാഹസികതയും വൈപുല്യവും വേദപ്രചരണദൗത്യങ്ങളുടെ ചരിത്രത്തിൽ അസാധാരണമായിരുന്നു.

വുൾഫില

യൂറോപ്പിലെ ജർമ്മാനിക ഗോത്രവർഗ്ഗമായ ഗോത്തുകൾക്കിടയിൽ ക്രി.വ. നാലാം നൂറ്റാണ്ടിൽ(310-383) ജീവിച്ചിരുന്ന വേദപ്രചാരകനും മെത്രാനും ബൈബിൾ പരിഭാഷകനും ആയിരുന്നു വുൾഫില (Ulfila, Ulfilas, Wulfila). "ഗോത്തുകളുടെ അപ്പസ്തോലൻ" എന്നറിയപ്പെടുന്ന വുൾഫിലയാണ്‌ ഗോത്തുകൾ ഉൾപ്പെടെയുള്ള യൂറോപ്പിലെ ജർമ്മാനിക ഗോത്രങ്ങളുടെ ക്രൈസ്തവീകരണത്തിന്‌ വഴിതെളിച്ചത്. വുൾഫില എന്ന പേരിന്‌ ഗോത്ത് ഭാഷയിൽ "കൊച്ചു ചെന്നായ്" (little wolf) എന്നാണർത്ഥം. അദ്ദേഹം ഭാഗികമായി ഗോത്തു ഗോത്രജൻ ആയിരുന്നിരിക്കാമെങ്കിലും വുൾഫിലയുടെ പൂർ‌വികർ, ഇന്നത്തെ മദ്ധ്യതുർക്കിയിൽ പെടുന്ന കപ്പദോക്കിയയിൽ നിന്നുള്ള ക്രിസ്തുമതവിശ്വാസികളായിരുന്നു. അശ്വാരൂഢരായ ഗോത്ത് ആക്രമണകാരികൾ കപ്പദോക്കിയയിൽ നിന്ന് തട്ടിയെടുത്ത് ഡാന്യൂബിനപ്പുറം കൊണ്ടുപോയ ഒരു കുടുംബത്തിൽ മൂന്നാം തലമുറക്കാരനായാണ്‌ വുൾഫില ജനിച്ചത്. അങ്ങനെ ഗോത്തുകൾക്കിടയിൽ ഡാന്യൂബ് നദിയുടെ ഉത്തരതീരത്ത് വളർന്നുവന്നെങ്കിലും ഗ്രീക്ക്, ലത്തീൻ ഭാഷകളിലും ക്രിസ്തുമതത്തിലും അടിയുറച്ച പരിശീലനം ചെറുപ്പത്തിൽ വുൾഫിലയ്ക്കു ലഭിച്ചു.

ഹിൽഡെഗാർഡ് വോൺ ബിൻജെൻ

പന്ത്രണ്ടാം നൂറ്റാണ്ടിലെ ഒരു ക്രൈസ്തവസന്യാസിനിയും എഴുത്തുകാരിയും ബഹുമുഖപ്രതിഭയുമായിരുന്നു ബിഞ്ചനിലെ ഹിൽഡഗാർഡ് അഥവാ വിശുദ്ധ ഹിൽഡഗാർഡ് (1098 – 17 സെപ്തംബർ 1179). ഇന്നത്തെ ജർമ്മനിയുടെ ഭാഗമായ റൈൻ പ്രദേശത്തെ ബിഞ്ചനിൽ ജീവിച്ചിരുന്ന ഹിൽഡഗാർഡിന് "റൈനിനെ പ്രവാചിക" (Sibyl of the Rhine) എന്നും പേരുണ്ട്. സംഗീതവിന്യാസം (composing), തത്ത്വചിന്ത, മിസ്റ്റിസിസം, സസ്യശാസ്ത്രം, ചികിത്സാശാസ്ത്രം എന്നീ മേഖലകളിലും അവർ പ്രാഗല്ഭ്യം കാട്ടി. ക്രിസ്തുമതത്തിലെ ആദ്യത്തെ ദൈവശാസ്ത്രജ്ഞ എന്ന് ഹിൽഡഗാർഡ് വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. 1136-ൽ സഹസന്യാസിനികൾ അവരെ ആശ്രമാധിപയായി തെരഞ്ഞെടുത്തു. തടർന്ന് അവർ 1150-ൽ റൂപേർട്ട്സ്ബെർഗ്ഗിലും 1165-ൽ ഐബിഞ്ചനിലും അവർ പുതിയ ആശ്രമങ്ങൾ സ്ഥാപിച്ചു.

'ഓർഡോവിർച്ചുറ്റം' (Ordo Virtutum) എന്ന ഹിൽഡഗാർഡിന്റെ കൃതി, നാടകീയപ്രാർത്ഥന (liturgical drama) എന്ന സാഹിത്യശാഖയുടെ ആദ്യമാതൃകകളിലൊന്നും ലഭ്യമായതിൽ ഏറ്റവും പുരാതനമായ സന്മാർഗ്ഗനാടകവും(Morality Play) ആണ്. അവരുടെ സാഹിത്യസഞ്ചയത്തിൽ ദൈവശാസ്ത്രം, സസ്യശാസ്ത്രം വൈദ്യം, തുടങ്ങിയ വിഷയങ്ങളിലെ രചനകൾക്കു പുറമേ മാർപ്പാമാരും ചക്രവർത്തിമാരും ഉൾപ്പെടെയുള്ള ഉന്നതന്മാർക്കെഴുതിയ ഉൾപ്പെടെയുള്ളതടക്കം സ്വകാര്യകത്തുകളുടെ ഒരു വൻശേഖരം, പ്രാർത്ഥനാഗാനങ്ങൾ, കവിതകൾ, എന്നിവ ഉൾപ്പെടുന്നു. 'സിവിയാസ്' (Scivias) എന്ന ആദ്യരചനയുടെ റൂപേർട്ട്സ്ബർഗ്ഗ് കൈയ്യെഴുത്തുപതിപ്പിനുള്ള ചിത്രങ്ങൾ അവരുടെ മേൽനോട്ടത്തിൽ വരച്ചവയായിരുന്നു.

ഹിൽഡഗാർഡിന്റെ വിശുദ്ധപദവിയുടെ ചരിത്രം സങ്കീർണ്ണമാണെങ്കിലും റോമൻ കത്തോലിക്കാസഭയുടെ പല ശാഖകളിലും നൂറ്റാണ്ടുകളായി അവർ വിശുദ്ധയായി വണങ്ങപ്പെട്ടിരുന്നു. 2012 ഒക്ടോബർ 7-ന് ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ അവരെ വേദപാരംഗതയായി (Doctor of the Church) പ്രഖ്യാപിച്ചതോടെ കത്തോലിക്കാ സഭയിലെ നാലു വേദപാരംഗതകളിൽ ഒരുവളായിത്തീർന്നു ഹിൽഡെഗാർഡ്.

ഇതരഭാഷകളിൽ

This page is based on a Wikipedia article written by authors (here).
Text is available under the CC BY-SA 3.0 license; additional terms may apply.
Images, videos and audio are available under their respective licenses.